ഒരു പേനയുടെ വിലാപം.

നിങ്ങള്‍ക്കെന്നെ അറിയാമൊ ?. എന്നെ നിങ്ങള്‍                  ഓര്‍ക്കുന്നുണ്ടോ?. എത്രയൊ തവണ നിങ്ങളുടെ   ഹൃദയത്തോട് ഞാന്‍ സല്ലപിച്ചിരിക്കുന്നു. നിങ്ങളുടെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ എനിക്കു  തോന്നിയിരുന്നത് ഞാന്‍  നിങ്ങള്‍ തന്നെ ആയിരുന്നു എന്നാണ്. അതിന്റെ ഗര്‍വ് എപ്പോഴും  എനിക്കുണ്ടായിരുന്നു. നെഞ്ചു വിരിച്ച് സമൂഹത്തില്‍ നിങ്ങള്‍ നടക്കുമ്പോഴും സമൂഹം എന്റെ പേരു  ചേര്‍ത്ത് നിങ്ങളിലെ വിപ്ലവ വീര്യത്തെ അഭിനന്ദിക്കുമ്പോഴും നിങ്ങളുടെ പടവാളായി മാറിയതില്‍ ഞാന്‍  അഹങ്കരിച്ചിരുന്നു.     ജീവിതത്തിലേക്കു പിച്ച വയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, അവരുടെ കണ്ണുകളില്‍ ഞാന്‍  എന്നും ഒരു അദ്ഭുത വസ്തുവായിരുന്നവല്ലൊ. അവരുടെ കുഞ്ഞു മനസ്സിലെ ചിന്തകള്‍ വെറും  വരകളായും പൊട്ടുകളായും തുണ്ടു പേപ്പറുകളിലും വീടിന്റെ ഭിത്തികളിലും പതിക്കുമ്പോഴും,   നഷ്ടമാകുന്ന എന്റെ ജീവനെയോര്‍ത്ത് ഞാന്‍ തേങ്ങിയിരുന്നില്ല. പകരം വരും കാലത്ത് സമൂഹത്തില്‍  വിപ്ലവം സൃഷ്ടിക്കാന്‍ എന്റെ തലമുറയിലെതന്നെ ഒരുവനെ ആയുധമാക്കി ഇറങ്ങാന്‍ പോകുന്ന  വിപ്ലവകാരികളെ ഞാന്‍ ആ കുട്ടികളില് കണ്ടിരുന്നു.  ജീവന്റെ അവസാന കണ്ണി എന്നില്‍ നിന്നും അറ്റു  പോകുമ്പോഴും ചവറ്റു കുട്ടയില് എന്റെ ഭൌതിക ശരീരം വലിച്ചെറിയുമ്പോഴും എന്റെ   സ്വപ്നവും  അതായിരുന്നു, ‘നല്ലൊരു നാളെ’….

സൌഹൃതം എന്ന സ്നേഹ ഭാവം.


അടുത്തകാലത്ത് ഞാനും ഒരു സുഹൃത്തും തമ്മിൽ ചെറിയ ഒരു തർക്കം നടന്നുതർക്കം എന്നു വച്ചാൽ, പല സ്നേഹബന്ധങ്ങളും നിലനിൽക്കുന്നത് വ്യക്തികളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ചില ആഗ്രഹങ്ങൾ മൂലം ആണെന്ന് ഞാൻ പറഞ്ഞു സുഹൃത്ത് അതിനെ എതിർത്തുതർക്കം നീണ്ട് നീണ്ട് ഒടുവിൽ ദൈവത്തിലും വിശ്വാസത്തിലും വരെ എത്തിസുഹൃത്തിന് എന്റെ സംസാരം വളരെ അരോചകമായി തന്നെ തോന്നി അദ്ദേഹം എന്നോട് പറഞ്ഞു  ‘’നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലാത്തതു കൊണ്ടാണ്ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് ‘’.  ഞാൻ പറഞ്ഞു ‘’ ശരിയാണ്പേടി എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ഒരു കള്ളൻ പോലീസിനെ പേടിക്കുന്നത് പോലെയാണെങ്കിൽ പേടി എനിക്കില്ലഞാൻ ദൈവത്തെ കാണുന്നത് ഒരു സുഹൃത്തിനെ പോലെയാണ് ‘’.  

അല്‍ മല്ലു സിനിമാ ഖൊയ്ത

‘’ നമസ്കാരം .. ന്യൂസ് മിനിറ്റിലേക്ക് സ്വാഗതം.. ഈ മിനിറ്റിലെ ചൂടന്‍വാര്‍ത്തകളുമായി നിങ്ങളൊടൊപ്പം സാബു  കൊഞ്ഞനം കുത്തി…. കുട്ടിക്കാനത്ത് ‘’ആത്മഹത്യ’‘ എന്ന സിനിമയുടെ  ലൊക്കേഷനില്‍ അണുബോംബ് സ്ഫോടനം.(വേള്‍ഡ് ട്രേഡ് സെന്റര്‍ കത്തുന്ന സീന്‍ കാണിക്കുന്നു) …. സ്ഫോടനത്തിനു പിന്നില് ലഷ്കറെ ത്വയ്ബ എന്നു സംശയം.(താടി നീട്ടി വളര്‍ത്തിയ ഒരു അപ്പൂപ്പന്റെ പടം കാണിക്കുന്നു) …. ആളപായം എത്രയെന്നു അറിവായിട്ടില്ല (ഏതൊ ഒരു ലാത്തി ചാര്‍ജിന്റെ സീന്‍ കാണിക്കുന്നു)….. നൂറുകണക്കിനു കാറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നതായി റിപ്പൊര്‍ട്ട് (തകര്‍ന്നുകിടക്കുന്ന കുറെ കാറുകളുടെ സീന്‍ കാണിക്കുന്നു…. സൂപ്പര്‍സ്റ്റാര്‍ തളത്തില്‍ ദിനേശന്‍ നായകാനായി അഭിനയിക്കുന്ന ചിത്രമാണ് ‘’ആത്മഹത്യ’‘(തളത്തില്‍ ദിനേശന്റെ പടം കാണിക്കുന്നു). ദിവസങ്ങള്‍ക്ക് മുന്പ് തളത്തില്‍ ദിനേശനും സൂപ്പര്‍ താരം സര്‍വം ഗോപിയും തമ്മില്‍ സിനിമാ താരങ്ങള്‍ ടീവിയില്‍ വരുന്നതിനെക്കുറിച്ച് വാക്കേറ്റം നടന്നിരുന്നു (തളത്തില്‍ ദിനേശനും സറ്വം ഗോപിയും തമ്മിലുള്ള സിനിമയിലെ ഒരു സംഘട്ടന രംഗം കാണിക്കുന്നു) 



‘’ വിശദമായ വാര്‍ത്തലഭിക്കുന്നതിനായി… കുട്ടിക്കാനത്ത് സംഭവം നടന്ന സ്ഥലത്ത് നിന്നും നമ്മുടെ റിപ്പോര്‍ട്ടര്‍ ബിജു കൂട്ടത്തി ചവിട്ടി ലൈനിലുണ്ട് നമുക്ക് ബിജുവിനോട് തന്നെ സംഭവത്തെ കുറിച്ച് ചോദിക്കാം…. ബിജു.. കേള്‍ക്കുന്നുണ്ടൊ…(ചെറിയ സ്ക്രീനില്‍ ബിജുവിനെ കാണിക്കുന്നു. എന്തൊ ഭയങ്കര സംഭവം പറയാന്‍ പോകുന്ന ആക്രാന്തം മുഖത്ത് വരുത്തി വച്ചിരിക്കുന്നു. പറഞ്ഞു കഴിഞ്ഞിട്ട് വേണം കക്കൂസില്‍ പോകാന്‍ എന്ന ഭാവം ശരീര ചലനങ്ങളില്‍ നിന്നു മനസിലാക്കാം).

ലളിത് മോഡിക്കൊരു തുറന്ന കത്ത് (കവര്‍ ഒട്ടിക്കാതെ തന്നെ അയക്കുന്നു)

പ്രിയപ്പെട്ട മോഡി സാര്‍,

               സാറിന്റെ പേരിലുള്ള പഴയ ആ മോടി ഇപ്പൊ ഉണ്ടൊ എന്നെനിക്കറിയില്ല.  അതെന്ത് കുന്തമായാലും എന്റെ മോടി മൊത്തം പോയിക്കിട്ടി. ഞാന്‍ താങ്കളുടെ ഒരു ആരാധകനായിരുന്നു. ആരാധന മൂത്തു മൂത്തു  താങ്കള്‍ ചെയ്യുന്ന പൊലെയൊക്കെ ചെയ്തു  അവസാനം താങ്കളെപ്പോലെതന്നെ ആയി തീര്‍ന്ന ഒരു മഹത് വ്യക്തിയാണ് ഞാനും. താങ്കളെപ്പോലെ തന്നെ  ഇന്ത്യയില്‍ വിനോദ ബിസിനസ്സിനു മാത്രമെ സാധ്യതയുള്ളു എന്നു മനസിലാക്കിയ ഒരു വ്യക്തിയാണ് ഈ ഞാനും. അങ്ങനെ പാവപ്പെട്ടവരുടെ വിനോദത്തിനായി ഞാന്‍ കള്ളു കച്ചവടം തുടങ്ങി. കൊടുക്കുന്ന  സാധനത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താനായും കസ്റ്റമേഴ്സിന്റെ സാറ്റിസ്ഫാക്ഷന്‍  നിലനിര്‍ത്താനും വേണ്ടി സാധനം ഞാന്‍ തന്നെ വാറ്റാന്‍ തുടങ്ങി. പക്ഷെ നാട്ടിലെ ഒരു പഞ്ചായത്ത്  മെമ്പര്‍ ബാബുവും വേറെ ചില കുബുദ്ധികളും ചേര്‍ന്ന് എന്നെ ഒറ്റികൊടുത്തു. വിനോദത്തിനായി വാറ്റുചാരായം വില്‍ക്കുന്നത് നിയമവിരുദ്ധമാണത്രെ !  എന്ത് വൃത്തികെട്ട നിയമങ്ങളാണ് സാര്‍ നമ്മുടെ നാട്ടില്‍ എഴുതി വച്ചിരിക്കുന്നത് ?.. പക്ഷെ ഞാന്‍  കുലുങ്ങിയില്ല എന്റെ തന്നെ പോലീസിലുള്ള ചില കസ്റ്റമേഴ്സിനെ ചാക്കിട്ട് ഞാന് ജയിലില്‍ നിന്നും പുറത്ത് ചാടി.

              വീണ്ടും വാറ്റാന് പോകാതെ വേറെ ചില പരിപാടികളുമായി അങ്ങ് കൂടി. അദ്രമാനിക്കാടെ  റേഷന്‍ കടയിലെ കസ്റ്റമറ് സാറ്റിസ്ഫാക്ഷന് ആന്റ് വേയിംഗ് മെഷിന്‍ കണ്ടോളറായി  ജോലി നൊക്കി.  പക്ഷെ അതില്‍ എനിക്കു വലിയ സാറ്റിസ്ഫാക്ഷ തോന്നിയില്ല. അതു കഴിഞ്ഞു മുക്കണാംകുഴി ഫിഷ്  മാര്‍ക്കറ്റില്‍ ഫിഷ് സെയിത്സ് ആന്റ് പ്രൊമോഷന് വിങിലും പണി നോക്കി. പക്ഷെ എന്റെ മനസില്‍  വിനോദം കിടന്നു തിളച്ചിരുന്നത് കൊണ്ട് അതിലും ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവസാനം വീട്ടില്‍ തന്നെ  കുത്തിയിരിപ്പായി.  ഭാര്യ മറ്റുവീടുകളുടെ ഹൌസ് കീപ്പിങ് അന്റ് ക്ലീനിംഗ് സെക്ഷന്റെ  ചീഫ് ആയതു  കൊണ്ട് കഞ്ഞി കുടിമുട്ടിയില്ല.

                   അങ്ങനെയിരിക്കെ താങ്കള്‍ ഐ.പി.എല്‍ എന്ന വിനോദം ഇറക്കി എന്റെ മനസ്സിനെ വീണ്ടും ഇളക്കി. ഞാനും താങ്കളുടെ പാത പിന്തുടര്‍ന്ന് ഞങ്ങളുടെ പഞ്ചായത്തിലും ഒരു എം.പി.എല് (മുക്കണാംകുഴി പഞ്ചായത്ത് ലീഗ്) അങ്ങ് തുടങ്ങി. താങ്കളുടെ അതെ മാതൃകയില്‍ തന്നെയാണ് ഞാനും കളികള്‍ രൂപീകരിച്ചത്. എന്നെപ്പോലെ വിനോദത്തില്‍ വിശ്വസിച്ചിരുന്ന കഞ്ഞിക്കുഴി തോമ, ഇടിവെട്ട് വേലായുധന്‍, റൌഡി ഭാര്‍ഗവന്‍, റിപ്പര്‍ മൊയ്തു, തുടങ്ങിയ  സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തികള്‍ ടീമുകള്‍ രൂപീകരിച്ചു മുന്നോട്ടു വന്നു. ഈ മഹാന്മാരെ എന്റെ എം പി എല്ലിലേക്ക്  ആകര്‍ഷിച്ചത് കളിയോടനുബന്ധിച്ച് നടത്തി വന്ന മറ്റു പരിപാടികളായിരുന്നു. താങ്കളുടെ ഐ പി എല്‍ പോലെ തന്നെ
 ആയിരുന്നു ഇതും. ചിയര്‍ ലീഡേഴ്സായി മുക്കണാംകുഴി ശാന്ത, ചാല മറിയ, കൂത്താട്ടുകുളം ലീലാമണി, ഓട്ടൊസ്റ്റാന്റ് സബിയ എന്നീ സുന്ദരികളെ അറേഞ്ച് ചെയ്തു. അവര്‍ക്ക് പുറമെ ഓരൊ ടീമും  അവരുടെ നാട്ടിലെ അറിയപ്പെടുന്ന ചിയര്‍ ലീഡേഴ്സിനെയും കൊണ്ട് വരും. കൂടാതെ കളികഴിഞ്ഞാല്‍ ഞാന്‍ തന്നെ തയാറാക്കുന്ന വാറ്റും അതിനോടൊപ്പം കപ്പ,മത്തി തുടങ്ങിയ വിശിഷ്ട വിഭവങ്ങള്‍ അടങ്ങിയ സല്‍ക്കാരവും നടത്താന്‍ തുടങ്ങി. കളി നടത്താന്‍ വേണ്ടി  തിരഞ്ഞെടുത്തത് നമ്മുടെ നാട്ടിലെ തന്നെ പൂട്ടിക്കിടക്കുന്ന സര്‍ക്കാര്‍ സ്കൂളിന്റെ ഗ്രൌണ്ടായിരുന്നു. കാലങ്ങളായി പൂട്ടിക്കിടക്കുന്നതിനാല്‍   എന്നെപ്പോലെയുള്ള സാമൂഹിക പരിഷ്-കര്‍ത്താക്കളുടെ     കേളീവിഹാരമായി മാറിയ ആ സ്കൂള്‍ കെട്ടിടം എന്റെ പഞ്ചായത്ത് ലീഗിനു പറ്റിയ സ്ഥലമായിരുന്നു. കളിയോടനുബന്ധിച്ച് തന്നെ പന്നിമലത്ത്, കുലുക്കി കുത്ത് തുടങ്ങിയ വിനോദ പരിപാടികളും നടത്തുന്നുണ്ടായിരുന്നു.

               തുടങ്ങിയ കാലം തൊട്ടു എന്റെ എം.പി.എല്ലിനു നല്ല  ചാകരയായിരുന്നു. വീടുകളില്‍ ഭാര്യമാരുടെ പീഡനങ്ങളില്‍പ്പെട്ട്  
  നട്ടം തിരിഞ്ഞിരുന്ന പാവം ഭര്‍ത്താക്കന്മാര്‍ എം പി എല്‍ കാണാന്‍ കൂട്ടത്തോടെ വന്നു തുടങ്ങി. ക്രിക്കറ്റ് കളിയെക്കാളും അതു കഴിഞ്ഞുള്ള കളികള്‍ക്കായിരുന്നു കൂടുതല്‍ ആള്‍ക്കാറ്ക്കും പ്രിയം. പിള്ളേരു കിടന്നു ക്രിക്കറ്റ് കളിക്കും. നമ്മള്‍ അതിന്റെ ഭാഗമായി മറ്റു പരിപാടികളും നടത്തും. വരുമാനം കുമിഞ്ഞു കൂടാന്‍ തുടങ്ങി. പ്രധാന വരുമാന മാര്‍ഗം കളി കഴിഞ്ഞുള്ള സല്‍ക്കാരവും പിന്നെ ചിയര്‍ ലീഡേഴ്സിന്റെ വരുമാനവുമായിരുന്നു.  ചിയര്‍ ലീഡേഴ്സ്  അവരുടെ ഡെയിലി വരുമാനത്തിന്റെ  25% വും, അതു കൂടാതെ പന്നിമലത്ത് കുലുക്കി കുത്ത് തുടങ്ങിയ ഇനങ്ങള് അവതരിപ്പിക്കാനായി തറവാടകയിനത്തില്‍ ഒരു സംഖ്യയും
 എം പി എല് ന്റെ ഫണ്ടിലേക്ക് അടയ്ക്കണം എന്നായിരുന്നു വ്യവസ്ഥ.    മാമാ പണിയായി ആള്‍ക്കാര്‍ക്ക് തോന്നുമെങ്കിലും എന്നെ
സംബന്ധിച്ച് കിട്ടിയിരുന്ന വരുമാനത്തെ ഞാന്‍ വിളിക്കുന്നത് സ്വെറ്റ് ഷെയര്‍ എന്നാണ്.  

                 എന്റെ എം പി എല്ലിന്റെ വിജയം കണ്ടിട്ട് പല പഞ്ചായത്തുകളില്‍ നിന്നും പുതിയ പുതിയ ടീമുകളെ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഉയര്‍ന്ന് വന്നു. താങ്കളെപ്പോലെ ഞാനും അങ്ങനെ പുതുതായി രണ്ട്  ടീമുകളെക്കൂടി ഉള്‍പ്പെടുത്താന്‍  തീരുമാനിച്ചു. എന്റെ കഷ്ടകാലത്തിനു (താങ്കള്‍ക്ക് പറ്റിയ പോലെ)  നമ്മുടെ  നാട്ടിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുടെ ടീം  പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ബന്ധപ്രകാരം എന്റെ എം പി  എല്ലില്‍ ചേര്‍ക്കേണ്ടി വന്നു. ഇതിനു പിന്നില്‍ കളിച്ചത് എന്റെ ആജന്മ ശത്രുവായ മെമ്പര്‍ ബാബുവായിരുന്നു. അവരുടെ ടീം വന്നാല്‍ എന്റെ ബിസിനസ്സ് പൊളിച്ചടുക്കും എന്നെനിക്കറിയാമായിരുന്നു. അതു   കൊണ്ട് പഞ്ചായത്ത് മെമ്പര്‍ ബാബുവിനെതിരെ ഞാന് പോസ്റ്റര്‍  ആക്രമണം ആരംഭിച്ചു (പഞ്ചായത്തില്‍ ട്വീറ്റര്‍ ചെലവാകത്തില്ല).
 ആ സ്കൂളിലെ തൂപ്പുകാരി ജാനുവും മെമ്പര്‍ ബാബുവും തമ്മില്‍  അവിഹിത ബന്ധമുണ്ടെന്നു നാടു മൊത്തം പോസ്റ്റര്‍ എഴുതി ഒട്ടിച്ചു.  കൂടാതെ ബാബുവിന് സ്കൂള്ടീമില്‍ ഓഹരി ഉണ്ടെന്നും വച്ചു കാച്ചി.  മുക്കണാം കുഴി പഞ്ചായത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കിട്ടിയ ആയുധം എടുത്ത് അലക്കി. അതോടെ മെമ്പര്‍ ബാബു രാജി വച്ചു.  പക്ഷെ ആ തെണ്ടി രാജി വച്ചെങ്കിലും സംഗതി അവിടെ തീര്‍ന്നില്ല.  ക്രിക്കറ്റ് കഴിഞ്ഞുള്ള കലാപരിപാടികളെ കുറിച്ച് എതൊ മഹാപാപികള്‍ ബാബുവിന് പറഞ്ഞു കൊടുത്തു. ബാബു  രജിവച്ചിട്ട്  പിറ്റെ ദിവസം കവലയില്‍ ഇറങ്ങി മൈക്കും പിടിച്ച് എന്റെ എം പി എല്ലിനെതിരെ പ്രസംഗിച്ചു. ഇതു കേട്ടതും ഞാനും താങ്കളെപ്പോലെ വിളിച്ചു പറഞ്ഞു ‘’ ഐ വില്‍ ഫിനിഷ് ഹിസ് അജണ്ട ‘’. പക്ഷെ  നാട്ടിലെ വിവരദോഷികള്‍ ഈ അജണ്ട എന്ന വാക്കു എന്തൊ തെറിയായിട്ട് വ്യഖ്യാനിച്ചു. ബാബുവിന്റെ എന്തൊ  ഒരു സംഭവം  ഞാന്‍ വെട്ടിയെടുക്കും എന്നു വെല്ലു വിളിച്ചു എന്നാക്കി ഞാന്‍  പറഞ്ഞതിനെ ആള്‍ക്കാര്‍ മാറ്റി.

                 ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു എന്നെ എം പി എല്ലില്‍ നിന്നും  ഒഴിവാക്കണം എന്ന്.   ഞാന്‍ തിരിച്ചു  അങ്ങേരോട് ചോദിച്ചു വൈകുന്നേരം ഒഴിക്കാനുള്ള സാധനം തന്റെ  അപ്പന്‍  ഉണ്ടാക്കുമൊ എന്ന്. ഞാനില്ലെങ്കില്‍ എം പി എല്‍ ഇല്ല എന്നു ഓട്ടൊസ്റ്റാന്റ് സബിയയും  കൂത്താട്ടുകുളം ലീലാമണിയും പറഞ്ഞു കഴിഞ്ഞു. കൂടാതെ റിപ്പര്‍ മൊയ്തു റൌഡി ഭാര്‍ഗവന്‍ തുടങ്ങിയ  പ്രമുഖര്‍ എനിക്കു പിന്തുണയുമായി മുന്നില്‍ തന്നെയുണ്ട്. പക്ഷെ  വൃത്തികെട്ട പോലീസ് മൊത്തം കൊളമാക്കി. അവരു റെയ്ഡ് തുടങ്ങി. വാറ്റിനായി ഉപയോഗിച്ചിരുന്ന കലം ചട്ടി കൂടാതെ  പന്നിമലത്തിനായിട്ടുള്ള ഉപകരണങ്ങള്‍ എല്ലാം പോലീസ് കൊണ്ട് പോയി. മുക്കണാം കുഴി ശാന്തയുടെ ബുദ്ധിപരമായ ഇടപെടല്‍
 കൊണ്ട് വാറ്റിനായി വച്ചിരുന്ന സ്പിരിറ്റ് പോലീസ് വരുന്നതിനു മുന്പ് സ്ഥലം മാറ്റി. അതൊടെ നാട്ടുകാരു മൊത്തം ഞാന്‍ മാറണം എന്നു പറയാന്‍ തുടങ്ങി. ചില കുബുദ്ധികള്‍ പറയുന്നു ഞാന്‍ തൃശൂര്‍ പൂരം നടക്കുന്ന സ്ഥലത്ത് ബോംബ് വച്ചു എന്ന്. അതിനായി അവര്‍  പറയുന്ന ന്യായം തൃശൂര്‍ പൂരം തൃശൂരില്‍ നിന്നുമാറ്റി              മുക്കണാംകുഴിയില്‍ വച്ചു നടത്തണം എന്നു ഞാന്‍ ഇടയ്ക്കിടയ്ക്ക്  
 പറയുമായിരുന്നു എന്നാണ്.  യഥാര്‍‍ത്ഥത്തില്‍ തൃശൂര്‍പൂരം 
  കാണാനായി മുക്കണാംകുഴി ശാന്തയും ചാല മറിയയുമായി ഞാന്‍  പോയി എന്നതു സത്യമാണ്. ബാക്കി നാട്ടുകാരു പറയുന്നത് തികച്ചും  അസത്യം മാത്രമാണ്. വരുന്ന തിങ്കളാഴ്ച ഞാന്‍ എം പി എല്ലില്‍  വേണമൊ വേണ്ടയൊ എന്നതിന്റെ മീറ്റിംഗ് പഞ്ചായത്തില്‍ നടക്കുന്നുണ്ട്. ഇനി ഞാന്‍ എന്താണ് ചെയ്യുക ?. ഈ മീറ്റിംഗിനു എന്തെങ്കിലും നിയമ സാധുത ഉണ്ടൊ ?. ഞാന്‍ തുടങ്ങിയ എം പി  എല്ലില്‍ നിന്നും എന്നെ മാറ്റാന്‍ പഞ്ചായത്ത് പ്രസിഡന്റിനു അധികരമുണ്ടൊ ?. ഇനി അഥവാ മാറ്റിയാലും പഞ്ചായത്ത്  പ്രസിഡന്റിന്റെ കസേര തെറിപ്പിക്കാന്‍ ഞാന്‍ എന്ത് പ്രമേയമാണ് പാസ്സാക്കേണ്ടത് ? തുടങ്ങിയ വിവരങ്ങളെക്കുറിച്ച് താങ്കള്‍ എനിക്ക്  എഴുതുക. ഞാന്‍ ഈ കത്ത് എഴുതുന്നത് എന്റെ തന്നെ സ്വന്തം  ആഡംബര ഹൌസ് ബോട്ടില്‍ രണ്ട് സീരിയല്‍ നടിമാരുടെ ഇടയില്‍  കിടന്നു കൊണ്ടാണ്. അതുകൊണ്ടാവും കത്ത് കുറച്ച് നീണ്ടു  പോയത്.  ക്ഷമിക്കുക..



എന്നു സന്തം

ആനമയക്കി വാസു മോടി.

സിംഹാസനം എന്ന ആസനം

ലോകത്ത് നാടകം എന്ന സംഗതി കാണാതെയും അതെന്താണെന്ന് അറിയാതെയും നാടകത്തിനു കഥ എഴുതിയ വ്യക്തി ആരാണെന്നു ഏതെങ്കിലും പരീക്ഷയ്ക്ക് ചോദിച്ചാല്‍ ധൈര്യമായിട്ട് എന്റെ പേരു പറയുക.  കാരണം ഈ സംഗതി നടപ്പില്‍ വരുത്തിയ ആദ്യത്തെ വ്യക്തി   നിങ്ങളുടെ സ്വന്തം ഈ ഞാന്‍ തന്നെയാണ്.  സംഗതിടക്കുന്നത് എന്റെ വിജയകരമായ അഞ്ചാം ക്ലാസ് ജീവിതത്തിലാണ്.  സ്കൂള്‍ ആനിവേഴ്സറിക്ക് ഒരു നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു.  പക്ഷെ തീരുമാനിച്ച ഞങ്ങള്‍ ഒറ്റ ഒരാളുപോലും നാടകം എന്ന ആഹാരം തിന്നിട്ടേയില്ലായിരുന്നു.  അത് കിട്ടുന്ന ഹോട്ടല്‍ ഞങ്ങള്‍ക്കാര്‍ക്കും അറിഞ്ഞു കൂടായിരുന്നു.  പിന്നെ വലിയ അണ്ണന്മാരോടൊക്കെ ചോദിച്ച് നോക്കിയപ്പൊ നാടകം എന്നു വച്ചാല്‍ സിനിമ പോലത്തെ ഒരു സംഭവം ആണെന്നു  പിടികിട്ടി.  അതില്‍ ആള്‍ക്കാര്‍ അഭിനയിക്കണം എന്നൊക്കെ മനസിലാക്കി.  ആഹാ, ഇതായിരുന്നൊ നാടകം !.  എന്നാപ്പിന്നെ എഴുതിക്കളയാം എന്നു ഞാനും എന്റെ  സുഹൃത്ത് ജാനിയും തീരുമാനിച്ചു.  കഥ എഴുതുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ കാസ്റ്റിംഗ് അങ്ങു നടത്തി.  ഒരുപക്ഷെ നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ ഇന്നത്തെ സിനിമകളില്‍ കഥയ്ക്കു മുന്‍പ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന പരിപാ‍ടി ഞങ്ങളെ കണ്ട് പഠിച്ചതാവും ഇന്നത്തെ സിനിമാക്കാര്‍.  കഥാപാത്രങ്ങള്‍ ഇങ്ങനെ; ഞാന്‍ എസ്.ഐ,  ജാനി പാവപ്പെട്ട നായകന്‍ (അന്ന് ഞാന്‍ കണ്ട സിനിമകളിലൊന്നും പണക്കാര്‍ നായകരായി വന്നിട്ടില്ല)  പിന്നെ അഫ്സല്‍ എന്നൊരു സുഹൃത്ത് പണക്കാരനായ വില്ലന്‍ (കണ്ടാ ! കഥ പോണ പോക്കുകണ്ടാ !)  പിന്നെ ഒരു ജഡ്ജി.   ഇങ്ങനെ കുറെ കഥാപാത്രങ്ങളെ  തീരുമാനിച്ചു അങ്ങ് കഥ എഴുതാന്‍ തുടങ്ങി.
            ഒരു പണക്കാരനായ വില്ലനെ കൊന്നു എന്ന കുറ്റത്തിനു അയാളുടെ വീട്ടിലെ പാവപ്പെട്ടവ്നായ ജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.  കോടതി അയാളെ കുറ്റവാളി എന്നു കരുതി തൂക്കികൊല്ലാന്‍ വിധിക്കുമ്പോള്‍ അതാ വരുന്നു നായകന്‍.  ബഹുമാനപ്പെട്ട കോടതി മുന്‍പാകെ  ഈ പാവപ്പെട്ട നായകന്‍ പറയുന്നു അയാളുടെ പാവപ്പെട്ട അനിയനെ പണക്കാരനായ വില്ലന്‍ കൊന്നു കളഞ്ഞു അതിനു പ്രതികാരമായി ആ പണക്കാരനായ വില്ലനെ പാവപ്പെട്ടവനും സര്‍വോപരി നായകനുമായ അയാള്‍ കൊന്നതാ‍ണ് എന്നു.  ഇതു കേട്ട് ജഡ്ജി കോടതിയില്‍ നില്‍ക്കുന്ന എസ്.ഐ യോടു നായകനെ അറസ്റ്റ് ചെയ്യു എന്നു പറയുന്നിടത്ത് നാടകം തീരുന്നു.  എങ്ങനെയുണ്ട് ? സമ്മതിക്കണം അല്ലെ.  ആ കാലഘട്ടത്തില്‍ മമ്മൂക്കയുടെയും റഹ് മാന്റെയും സിനിമയിലെ കഥ ഇതൊക്കെ തന്നെയായിരുന്നു.  മമ്മൂക്ക ചേട്ടന്‍, റഹ്മാന്‍ അനിയന്‍ റഹ്മാനെ ആരൊ തട്ടുന്നു മമ്മൂക്ക പകരം ചോദിക്കുന്നു.  അത്രമാത്രമെ ഞങ്ങളും നാടകം ആക്കിയുള്ളു. നാടകത്തിനു പേരും ഇട്ടു ‘’സിംഹാസനം’‘.  ഈ സിംഹാസനം എന്നു പറയുന്ന സാധനം രാജക്കന്മാറ് ഇരിക്കുന്ന കസേരയാണ് എന്നു ഞങ്ങള്‍ക്ക് മനസിലായത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്.  പേരിനു ഒരു ഗാംഭീര്യം കിട്ടട്ടെ എന്നു കരുതി അന്നു വായില്‍ വന്നത് നാടകത്തിന്റെ പേരാക്കി.      
            നാടകം ഞങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് എഴുതി തീര്‍ത്തു.  പക്ഷെ എഴുതി തീര്‍ന്നു നോക്കിയപ്പൊ നാടകത്തിന്റെ നീളം ആകെ ഒന്നര പേജ്.  ആ നാടകം എങ്ങ്നനെ ഒക്കെ അവതരിപ്പിച്ചാലും അഞ്ച് മിനിറ്റ് പോലും കാണില്ല.  പക്ഷെ എന്ത് ചെയ്യാം കഥ തീര്‍ന്നില്ലെ !.. തീര്‍ന്ന് പോയ കഥയില്‍ ഇനി എന്തോന്നിട്ട് എഴുതാന്‍.  അപ്പൊ ദേണ്ടെ വരുന്നു ദൈവത്തെ പോലെ ഒരു അവതാരം, ഞങ്ങളെ സഹായിക്കനായി.  ആ അവതാരത്തെ ഞങ്ങള്‍ മയ്യനാട് ഷെഫീക്ക് എന്നു വിളിക്കും.  അദ്ദേഹം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനാണ് പിന്നെ ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുമുണ്ട്.  പുള്ളിക്കാരന്‍ ഞങ്ങളുടെ നാടകത്തിന്റെ ദൌത്യം അങ്ങ് ഏറ്റെടുത്തു.  ഞങ്ങള്‍ എഴുതിയ ആ നാടകം അദ്ദേഹം ഒന്നു കൂടി വലുതാക്കി 6 പേജില്‍ എത്തിച്ചു.  പക്ഷെ കഥ നേരത്തെ പറഞ്ഞത് തന്നെ.  അതില്‍ ചെറിയ മിനുക്ക് പണികള്‍ വന്നപ്പോള്‍ സംഗതിയുടെ പേജിന്റെ എണ്ണം അങ്ങ് കൂടി.  അങ്ങനെ ഞങ്ങള്‍ ജീവിത്തതില്‍ ആദ്യമായിട്ട് നാടകം അഭിനയിക്കാന്‍ സ്റ്റേജില്‍ കയറി. 
            ഞങ്ങളുടെ സ്കൂള്‍ ഊട്ടിയിലെ അറിയപ്പെടുന്ന പണക്കാരുടെ ഒരു സ്കൂള്‍ ആയത് കൊണ്ട് കര്‍ട്ടനായി ഇട്ടിരുന്നത് എന്റെയും എന്റെ സുഹൃത്തുക്കളുടേയും അമ്മമാരുടെ സാരികള്‍ ആയിരുന്നു.  സാരികള്‍ ചേര്‍ത്ത് വച്ച് പിന്നുകള്‍ കൊണ്ട് ജോയിന്റ് ചെയ്താണ് കര്‍ട്ടന്‍ ആക്കിയത്.  നാടക ദിവസവും ഞങ്ങളെ സഹായിക്കാ‍ന്‍ വേറെ ഒരു ദൈവം കൂടി എത്തി    ( ഈ ദൈവത്തിനു പേരില്ല ).  കര്‍ട്ടന്‍ കെട്ടാനും പിന്നെ മൊത്തം പരിപാടികള്‍ അനൌന്‍സ് ചെയ്യാനും ഒക്കെയായി അദ്ദേഹം ആ ദിവസം മൊത്തത്തില്‍ അങ്ങ് വിലയ്ക്കെടുത്തു.  പക്ഷെ ഈ ദൈവത്തിനു ഒരു ചെറിയ നിര്‍ബന്ധമുണ്ടായിരുന്നു.  ഏത് പരിപാടി തുടങ്ങിയാലും പുള്ളിക്കാരന്‍ സ്റ്റേജിന്റെ നടുക്ക് കാണും. കര്‍ട്ടന്‍ പൊങ്ങിയാല്‍ അദ്ദേഹം ഓടി സ്റ്റേജിന്റെ സൈഡിലേക്കു പോകുന്നതാണ് കാണികള്‍ ആദ്യം കാണുക.  എന്തായാലും ഞങ്ങളൊക്കെ ആദ്യനാടകാഭിനയത്റ്റിന്റെ ത്രില്ലില്‍ ആയിരുന്നു.  നാടകം തുടങ്ങി. 
            ഞങ്ങളുടെ നാടകത്തിനു കര്‍ട്ടന്‍ വലിക്കാന്‍ വേണ്ടി ഇരുന്നവനു നല്ല പണിയായിരുന്നു.  നാടകം ആകെ ആറ് പേജ് മാത്രമെയുള്ളു പക്ഷെ ഞങ്ങളുടെ നാടകത്തിന്റെ ഓരൊ പേജും നാടകത്തിന്റെ ഓരൊ രംഗങ്ങളായിരുന്നു.  എനിക്കാണെങ്കില്‍ കൂളിംഗ് ഗ്ലാസും ഒരു തോക്കും നിര്‍ബന്ധമായിരുന്നു.  കര്‍ട്ടന്‍ പൊങ്ങിയപ്പൊ മുതല്‍ കണ്ണടയും ഫിറ്റ് ചെയ്ത് തോക്കും പൊക്കിപ്പിടിച്ചാണ് അഭിനയം.  അങ്ങനെ പാവപ്പെട്ട അനിയനെ വില്ലന്‍ കൊല്ലുന്ന രംഗം എത്തി.  അനിയന്‍ കുത്തു കൊണ്ട് തറയില്‍ വീഴുന്നതും കര്‍ട്ടന്‍ വീഴണം.  അനിയന്‍ മരിച്ചു വീണതും ദാണ്ടെ കിടക്കുന്നു കര്‍ട്ടനുംകൂടി.  അതും പൊട്ടി താഴെ വീണു.  ചത്തു കിടന്ന പാവപ്പെട്ട അനിയന്‍ ഒക്കെ ചാടി എഴുന്നേറ്റ് ഓടി.  ആള്‍ക്കാര്‍ ചിരിക്കാന്‍ തുടങ്ങി.  ഉടനെ തന്നെ നേരത്തെ കര്‍ട്ടന്‍ കെട്ടാന്‍ വന്ന ദൈവം രംഗത്തെത്തി വീണ്ടും ചടപടാ കര്‍ട്ടന്‍ കെട്ടാന്‍ തുടങ്ങി.  ഇതിനിടയ്ക്ക് ചത്ത് കിടന്ന അനിയനെ എല്ലാരും വഴക്കു പറയാന്‍ തുടങ്ങി.  എന്തിനാ എഴുന്നേറ്റ് ഓടിയത് എന്ന് പറഞ്ഞു കൊണ്ട് .  അവന്‍ ചോദിച്ചവരോടൊക്കെ മറുപടി പറഞ്ഞു.  ‘’ ഞാന്‍ എത്രനേരം എന്നും പറഞ്ഞാ മരിച്ച പോലെ സ്റ്റേജില്‍ തന്നെ കിടക്കുക ?’‘  എന്തായാലും ആ ചോദ്യത്തിനു ആരും മറുപടി കൊടുത്തില്ല. 
            കര്‍ട്ടന്‍ കെട്ടിക്കഴിഞ്ഞു നമ്മുടെ ദൈവം എല്ലാപേരെയും ബാക്കി ഭാഗം അഭിനയിക്കാന്‍ വിളിച്ചു.  ഞങ്ങള്‍ ചെന്നു കക്ഷി അനൌന്‍സ് ചെയ്തു ‘’നാടകത്തിനിടയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, നാടകം തുടരുന്നു സിംഹാസനം’‘. എന്നിട്ട് കറ്ട്ടന്‍ വലിക്കുന്നവനെ നോക്കി വണ്‍. ടു ത്രി പറഞ്ഞതും പുള്ളിക്കാരന്‍ കര്‍ട്ടന്‍ വലിച്ചു.  പക്ഷെ  കര്‍ട്ടന്‍ കെട്ടുന്നതിന്റെ ഇടയ്ക്ക് ഏതൊ സാമദ്രോഹികള്‍ ഒരു പണിഒപ്പിച്ചു വച്ചിരുന്നു സാരിയുടെ ഒപ്പം നമ്മുടെ ദൈവത്തിന്റെ മുണ്ടും കൂടെ പിന്‍ ചെയ്തു വച്ചു കളഞ്ഞു.  പൊങ്ങിയ കര്‍ട്ടന്റെ ഒപ്പം നമ്മുടെ ദൈവത്തിന്റെ മുണ്ടും മേലോട്ട് പോയി.കര്‍ട്ടന്‍ പൊങ്ങിയപ്പൊള്‍  നാട്ടുകാരു കണ്ടത് നമ്മുടെ അനൌന്‍സ്മെന്റ് ദൈവം തുണി ഇല്ലാതെ ഓടിപ്പോകുന്നതാണ് .  അങ്ങനെ നമ്മുടെ നാടകത്തിന്റെ പേരും  അന്വര്‍ഥമായി    ‘’സിംഹ-ആസനം’‘              

ആള്‍ കേരളാ ഐ.പി.എല്‍ ടീം തൊഴിലാളി സംഘടന.

കേരളത്തിനു ഐ.പി.എല് ടീം കിട്ടി എന്നറിയുമ്പോള്‍ ഞാന്‍ ഡല്‍യില്‍ പുതിയ ഐ.പി.എല്‍ ടീമിനുവേണ്ട സംഘടനയുടെ രൂപീകരണ ചര്‍ച്ചയിലായിരുന്നു. എന്തായാലും അത് സാധിച്ചു. ആ വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.

കേരളത്തിന്റെ സംസ്കാരത്തിനു നിരക്കാത്ത രീതിയില്‍ ഒരു ഐ.പി.എല്‍ കാരും ഇവിടെ കൊച്ചിയില്‍ കാലു കുത്തില്ല. ഗള്‍ഫില്‍ കിടന്നു ബിസിനസ്സ് ചെയ്യുന്ന വിവേക് സാറിനും പിന്നെ ആന്ധ്രയില്‍ കിടക്കുന്ന ഗെയ്ക്ക്വാദ് അണ്ണനുമൊന്നും നമ്മുടെ കേരളത്തിന്റെ സെറ്റപ്പ് അറിയത്തില്ല. എന്തായാലും നമ്മള്‍ ടീമിനു പേരിടുന്നതിനു മുന്‍പെ തന്നെ ടീമില്‍ കളിക്കുന്ന എല്ലാ കളിക്കാരുടെയും ഉന്നമനത്തിനായി ഒരു സംഘടന അങ്ങ് രൂപീകരിച്ചു. ‘ ആള്‍ കേരളാ ഐ.പി.എല്‍ ടീം തൊഴിലാളി സംഘടന ’. ഈ സംഘടനയുടെ ലക്ഷ്യം ഇതില്‍ കളിക്കുന്ന ഓരൊ കളിക്കാരുടെയും ഉന്നമനം മാത്രമാണ്. ക്ഷമിക്കണം, ഈ സംഘടനിലെ നിയമ പ്രകാരം ഇതിന്റെ അംഗങ്ങളെ കളിക്കാര്‍ എന്നല്ല പറയുക പകരം തൊഴിലാളികള്‍ എന്നാണ് വിളിക്കുക. നാലു മണിക്കൂറും പാടത്ത്..ക്ഷമിക്കണം ഗ്രൌണ്ടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍. ഈ പാവപ്പെട്ട തൊഴിലാളികളെ ഒരു കുത്തക മുതലാളിമാരും പീഡിപ്പിക്കാന്‍ ഞങ്ങളുടെ സംഘടന അനുവദിക്കില്ല.

എന്തായാലും ഈ സംഘടനയുടെ ചെയര്‍മാനായ വിനീതനായ ഞാന്‍ വളരെ ചെറുപ്പം മുതലെ ക്രിക്കറ്റ് കളിയില്‍ ഒരു അഗ്രഗണ്യന്‍ ആണെന്നുള്ള പരമാര്‍ഥം ഞാന്‍ ഇവിടെ അദ്യം തന്നെ പ്രഖ്യാപിക്കട്ടെ. നല്ല ഒന്നാന്തരം കവുളി മടലുമായി കണ്ട പടത്തും പറാമ്പിലും ഒക്കെ സ്കൂളില്‍ പോലും പോകാതെ ക്രിക്കറ്റ് കളിച്ചു നടന്ന ഒരു മഹാനാണ് ഈ ഞാന്‍. കളിക്കാന്‍ പോയത് കൊണ്ട് സമയത്ത് പത്താം ക്ലാസ്സ് പരീക്ഷ പോലും എഴുതാന്‍ കഴിഞ്ഞില്ല (അല്ലെങ്കില്‍ തന്നെ നേതാക്കന്മര്‍ക്ക് അമിത വിദ്യാഭ്യാസം പാടില്ല) എന്ന പരമാര്‍ഥം കേവലം ഒരു സത്യം മാത്രമാണ്. അന്നത്തെ ക്രിക്കറ്റ് മൂരാച്ചികളായ കേരള ക്രിക്കറ്റ് സംഘടകര്‍ എന്റെ കഴിവിനെ കാണാന്‍ മിനക്കെട്ടില്ല. ആ വാശി ഞാന്‍ ഈ സംഘടനയിലൂടെ അങ്ങ് തീര്‍ക്കും.

ഞങ്ങളുടെ സംഘടനയുടെ നിയമാവലി എല്ലാ കളിക്കാരുടെയും ടീമിന്റെമുതലാളിമാരുടെയും സകല നാട്ടുകാരുടേയും ശ്രദ്ധയ്ക്കായി ഇവിടെ കാണിക്കുന്നു. ഇനി കണ്ടില്ല കേട്ടില്ല എന്നൊന്നും ആരും പറഞ്ഞേക്കരുത്.

1. ആദ്യമെ തന്നെ എല്ലാ ഐ.പി.എല്‍ ടീമിന്റെയും മുഖ്യ ആകര്‍ഷണമായ ചിയര്‍ ലീഡേഴ്സിന്റെ കാര്യം തന്നെ പറയാം. മറ്റു ടീമുകളിലെ പോലെ സംസ്കാരത്തിനു യോചിക്കാത്ത രീതിയില്‍ ജെട്ടിയും ബ്രായുമിട്ടു വെളിച്ചപ്പട് തുള്ളുന്ന പെണ്ണുങ്ങളെയൊന്നും ടീമിന്റെ ഏഴയലത്തും അടുപ്പിക്കാന്‍ പാടില്ല. പകരം കേരള സംസ്കാരത്തിനു യോചിച്ച രീതിയില്‍ ചിയറ് ലീഡേഴ്സിനെ അവതരിപ്പിച്ചാല്‍ മതി. നമ്മുടെ ഉത്സവപ്പറമ്പുകളില്‍ മയിലാട്ടം നടത്തുന്ന മയിലാട്ട തൊഴിലാളികളെ ഇതിനായി വിനിയോഗിക്കാം. ഓരൊ സിക്സറും അടിക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴും കാതടപ്പിക്കുന്ന ചെണ്ടമേളത്തിനൊപ്പം മയിലാട്ടക്കാര്‍ നൃത്തം ചെയ്യും. ഇതു കണ്ടാല്‍ മതി ക്രിക്കറ്റ് പോലും മറന്നു നമ്മുടെ ആരാധകറ് അവരുടെ കൂടെ തുള്ളൂം. ഇനി അഥവാ ചിയര്‍ ലീഡ്ഴ്സ് തന്നെ വേണം എന്നു നിര്‍ബന്ധമാണെങ്കില്‍ പുറത്തു നിന്നും (മദാമ്മമാരെ) ആള്‍ക്കരെ കൊണ്ട് വരാന്‍ പാടില്ല. നമ്മുടെ സിനിമാ നടിമാരായ ഷക്കീല, മറിയ, രേഷ്മ തുടങ്ങിയ സുന്ദരികളെ ഇതിനായി വിനിയോഗിക്കാം. അവര്‍ കൊച്ച്നിക്കറിട്ട് അഴിഞ്ഞാടി ചടങ്ങ് ഗംഭീരമാക്കും.

2. കേരളത്തില്‍ നടത്തുന്ന ഒരു കളി വളരെ വ്യത്യസ്തമായ രീതിയില്‍ നടത്തണം. എല്ലാ കളികളും സ്റ്റേഡിയങ്ങളില്‍ നടത്തി ആരാധകരായ ഞങ്ങള്‍ ഒക്കെ ആകെ നിരാശരാണ്. അതുകൊണ്ട് കേരളത്തിന്റെ ഒരു കളിയെങ്കിലും കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന കുട്ടനാടന്‍ പുഞ്ചപ്പാടത്ത് നടത്തണം എന്നു സംഘടന ആവശ്യപ്പെടുന്നു. ഇതിലൂടെ കേരളത്തിന്റെ ടൂറിസം മേഖലയെ പരിഭോഷിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

3. തരൂര് സാറ് പറഞ്ഞത് ആറ് കേരള കളിക്കാരെ കളിപ്പിക്കും എന്നാണ്. അങ്ങനെയെങ്കില് ചുമ്മാ ആറ് പെരെയല്ല സംഘടന ഉദ്ധേശിക്കുന്നത്. ഈ ആറു പേരെ തെരഞ്ഞെടുക്കുന്നതും സംവരണ അടിസ്ഥാനത്തില് മതി. എസ്.സി/എസ്.റ്റി വിഭഗത്തില് നിന്നും കുറഞ്ഞത് മൂന്നും മറ്റ് പിന്നോക്ക വിഭാഗത്തില് നിന്നും രണ്ടും പിന്നെ മിച്ചം ഉള്ളത് മുന്നോക്ക വിഭാഗത്തിനായും മാറ്റി വയ്ക്കാം. നമുക്കു കളിയല്ല പ്രധാനം സമൂഹത്തിന്റെ അടിത്തട്ടില് കിടന്നു കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉന്നമനം മാത്രമാണ്.

4. കളിക്കിടയില് പരിക്ക് പറ്റുന്ന കളിക്കാരെ ചികിത്സിക്കാനായി ഒരു ആയുര്‍വേദ ഡോക്ടറെയൊ നാട്ടു വൈദ്യനെയൊ നിയമ്മിക്കേണ്ടതാണ്.

5. കളിക്കാരാരും കൊക്കകോള, പെപ്സി എന്നീ ശീതളപാനീയങ്ങള്‍ കുടിക്കാന് പാടുള്ളതല്ല. പകരം കളിക്കിടയില്‍ നല്ല കരിങ്ങാലി വെള്ളമൊ, തെങ്ങു രോഗമില്ലാത്ത സീസണിലാണെങ്കില്‍ നല്ല കരിക്കിന്‍ വെള്ളമൊ കുടിക്കാം.

6. ക്രിക്കറ്റ് നിയമപ്രകാരം പതിനൊന്നു കളിക്കാരാണ് ഗ്രൌണ്ടില്‍ ഇറങ്ങി കളിക്കേണ്ടത്. ഇതിലൊക്കെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് സംഘടനയ്ക്കുള്ളത്. സംഘടനയില്‍ നിന്നുള്ള ഒരു നേതാവിനെക്കുടി പന്ത്രണ്ടാമനായി കളിപ്പിക്കേണ്ടതാണ്. ഈ കളിക്കാരന്‍ ഗ്രൌണ്ടില്‍ ഇറങ്ങി കളിക്കില്ല പകരം മറ്റു കളിക്കാരുടേയൊപ്പം സൈഡ് ബെഞ്ചില് ഇരിക്കും. മറ്റ് പതിനൊന്നു കളിക്കാരും അടിച്ചെടുക്കുന്ന റണ്സിന്റെയും വിക്കറ്റുകളുടേയും ക്യാചുകളുടേയും പത്ത് ശതമാനം പന്ത്രണ്ടാമനായ ഈ കളിക്കാരന്റെ പേരില് നല്കേണ്ടതാണ്. കൂടാതെ ടീം ജയിക്കുന്ന എല്ലാ കളികളിലും മാന് ഒഫ് ദ മാച്ച് ആയി ഈ കളിക്കാരനെ തെരഞ്ഞെടുക്കേണ്ടതാണ്. മറ്റ് സംഘടനപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ചെയര്മാനായ ഈ ഞാന്‍ തന്നെ പന്ത്രണ്ടാമനായി കളിക്കുന്നതാണ്.

7. കളിക്കാരുടെ ഫീസിനത്തില് ലഭിക്കുന്ന തുകയില് നിന്നും 90% ഓരൊ കളിക്കാരും സംഘടനയുടെ ഫണ്ടിലേക്കായി സംഭാവന നല്കേണ്ടതാണ്. ഓര്‍ക്കുക ! സംഘടനയുടെ ലക്ഷ്യം സമസ്ത സുന്ദരമായ ഒരു കേരളടീമാണ്.

8. ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴും വിക്കറ്റ് വീഴുമ്പോഴും എല്ലാകളിക്കാരും പാര്‍ട്ടിയുടെ മുദ്രാവക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുക. ടീം ജയിച്ചാല്‍ ഉടനെ സംഘടന ചെയര്‍മാന് ജെയ് വിളിക്കുന്നതോടൊപ്പം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെയര്‍മാന്‍ നടത്തുന്ന പരിഷ്കാരങ്ങളെക്കുറിച്ചും വരും കാലങ്ങളില്‍ സംഘടന ക്രിക്കറ്റില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി എല്ലാ കളിക്കാരും ചാനലുകളിലും പത്രങ്ങളിലും പ്രസ്ഥാവന നടത്തേണ്ടതാണ്.

9. കളിക്കുന്ന എല്ലാ കളിക്കാര്ക്കും ബാറ്റിങിനും ബൌളിങിനും അവസരം ഉണ്ടാക്കാന് ഓരൊ കളിക്കാരും ശ്രദ്ധിക്കുക. രണ്ട് ഓവറില് കൂടുതല് ഒരു ബാറ്റ്സ്മാനും ബാറ്റ് ചെയ്യാന് പാടില്ല. (ഇനി അഥവാ ഔട്ട് ആകതെ നില്ക്കുന്ന എമ്പോക്കികളെ കൂടോത്രം ചെയ്ത് ഔട്ടാക്കാന് ഒരു മന്ത്രവാദിയെ പാറ്ട്ടി തന്നെ ഏറ്പ്പാടാക്കും). ഫീല്ഡ് ചെയ്യുന്ന ബാള് ഓരൊ കളീക്കാരുടെയും കൈകളില് എത്തിച്ച ശേഷം മാത്രമെ കീപറുടേയൊ ബൌളറുടെയൊ കൈകളില് എത്താന് പാടുള്ളു.

10. ടീമിന്റെ പേരിനായി ഇനി ആരും ഓടി നടക്കേണ്ടതില്ല. ‘’ ചെല്ലപ്പനാശാന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബ്ബ് ‘’. ഞാന് പണ്ട് കളിക്കാന് പോകുമ്പോള്‍ ചെല്ലപ്പനാശാന്റെ പുരയിടത്തിലാണ് ക്രിക്കറ്റ് കളിച്ചിരുന്നത്. കളിക്കുന്ന സമത്ത് ഞങ്ങളെയൊക്കെ തെറി വിളിക്കുമായിരുന്നെങ്കിലും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ചെല്ലപ്പനാശാന്‍ നല്കിയ സംഭാവന അനവധിയാണ്. അതു കൊണ്ട് ആ മഹാന്റെ ഓറ്മയ്ക്കയി മതി നമ്മുടെ ഐ.പി.എല് ടീമും.

പണം മുടക്കി ടീം ഉണ്ടാക്കുന്ന മുതലാളിമാരുടെ പണി കഴിഞ്ഞു. ഇനി ടീം എങ്ങനെ പ്രവര്ത്തിക്കും എങ്ങനെ കളിക്കും എന്നൊക്കെ നമ്മള് പാറ്ട്ടിക്കാരു തീരുമാനിക്കും. പറയുന്ന കാര്യത്തില് എന്തെങ്കിലും മാറ്റം വന്നാല്‍ അമ്മച്ച്യാണെ മിന്നല്‍ പണിമുടക്ക് കളിനടക്കുന്ന ഗ്രൌണ്ടില്‍ നടത്തും പറഞ്ഞേക്കാം.

ചെയര്‍മാന്‍

ഒപ്പ്. (കുറെ ഒപ്പിക്കും)

സ്വാമിമാരുടെ ഓരോരോ ലീലകളേ……!

എന്തായാലും ആള്‍ക്കാര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ എന്നും വിഷയങ്ങള്‍ അങ്ങനെ കാണ്ഡം കാണ്ഡമായിട്ട് കിട്ടുന്നുണ്ട്. തിലകന്‍ പ്രശ്നം തണുത്തു പഴങ്കഞ്ഞി പോലെ ആയതോടെ എന്നെപ്പോലുള്ള സകല ബ്ളോഗെഴ്ത്തുകാരും മേലോട്ടു നോക്കി ഇരിപ്പായി. രാവിലെ മോര്‍ണിംഗ് വാക്കിനിറങ്ങിയ ദൈവം താഴോട്ട് നോക്കിയപ്പൊ ദാണ്ടെ കിടക്കുന്നു, സകല ലവന്മാരും തന്നെത്തന്നെ നോക്കിക്കോണ്ട് നില്‍ക്കുന്നു. അപ്പൊത്തന്നെ കൊടുത്തു അടുത്ത വിഷയം. അതും സിനിമയും ദൈവഭക്തിയും ഒക്കെ കൂട്ടിക്കുഴച്ച് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങാന്‍ പരുവത്തിനു തന്നെ ‘ നിത്യാനന്ദ രഞ്ചിത ലീലാവിലാസങ്ങള്‍’. ഹൊ.. ഗ്രഹണി പിടിച്ച പശുവിനു ചക്കകൂട്ടാന്‍ കിട്ടിയപോലെ ആയി. വാര്‍ത്ത വായിക്കാതെ ശോധന കിട്ടാത്തവര്‍ക്ക് ന്യൂസ് പേപ്പറും പിടിച്ച് ടൊയിലറ്റില്‍ ഇരുന്നാല്‍ മതി സംഗതി ഒക്കെ നല്ല വെടിപ്പായി പൊയ്ക്കോളും. എന്തായാലും ഞാന്‍ നടന്നു പോകുന്ന വഴിയെ കേട്ട ഒരു തെരിവ് ചര്‍ച്ച ഇവിടെ എന്റെ ബ്ലൊഗില്‍ ഇതാ പിറക്കുന്നു. കഥപാത്രങ്ങളുടെ പേരുകള്‍ ‘ ആളിയനും മച്ചാനും ‘.

അളിയന്‍ : എന്റെ മച്ചാ നമ്മുടെ ലോകം നശിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടില്ലെ സാമിമാരൊക്കെ എന്ത് തന്തയില്ലയ്മയും കാണിക്കും.

മച്ചാന്‍ : ശരിയാ അളിയാ. നീ പറഞ്ഞത് സത്യമാ. ഇതൊക്കെ ലോകാവസാനത്തിന്റെ ആരംഭമാണ്. അല്ലെങ്കില്‍ തന്നെ ഇപ്പോഴത്തെ സാമിമാരെയൊക്കെ ആരു വിശ്വസിക്കും. ഒക്കെ പറ്റീരു ടിംസാണ്.

അളിയന്‍ : സിനിമാനടിമാരുടെ ഒക്കെ പേരു കളയാന്‍ വേണ്ടിമാത്രമാണ് ഈ രഞ്ചിതയെപ്പൊലത്തെ നടിമാര്‍.

മച്ചാന്‍ : അല്ലെങ്കില്‍ തന്നെ ഏത് സിനിമാനടികളാ അളിയാ നല്ലത്. ഒക്കെ ഒന്നാന്തരം അമിട്ടുകള്‍ അല്ലെ. ഇവളുമാരൊക്കെ അഭിനയിക്കുന്ന സിനിമകള്‍ കണ്ട് കയ്യടിക്കുന്ന നമ്മളെയൊക്കെ പറഞ്ഞാല്‍ മതിയല്ലൊ ..

അളിയന്‍ : ഹൊ . നാട്ടുകാരു കേറി കത്തിച്ചെന്നാ കേട്ടാത്. ആ കള്ളസാമീടെ ആശ്രമം. ഹി ഹി..

മച്ചാന്‍ : കത്തിക്കണം. ആ കാമവെറിയന്റെ ആശ്രമം മാത്രമല്ല. പിടിച്ചു നിറുത്തി കൂമ്പിനു നല്ല പെടയും കൊടുത്തു പേട്രോളൊഴിച്ചു കത്തിക്കണം. നാണമില്ലാത്തവന്‍.

അളിയന്‍ : പക്ഷെ മച്ചാ. ഇത് ആ സാമിക്കിട്ട് നല്ല പണി കൊടുത്തതാ. ആ അമിട്ടിനു നല്ല കാശു കിട്ടിക്കാണും. അയാള്‍ടെ തന്നെ ശിഷ്യനാ ഈ വീഡിയൊ പിടിച്ചിരിക്കുന്നത്. കാശിനു വേണ്ടി തുണി ഉരിയുന്ന ഇവളുമാരെയൊക്കെ വേണം മച്ചാ ആദ്യം കത്തിക്കാന്‍. സംസ്കാരമില്ലാത്ത വര്‍ഗ്ഗങ്ങള്‍.

മച്ചാന്‍ : ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി പോലും. നാടിനെ പറയിക്കാന്‍ വേണ്ടി നടക്കുന്ന വേശ്യകള്‍.

അളിയന്‍ : എന്റെ മച്ചാ. നെറ്റിലൊക്കെ ഇത് തന്നെ. നീ കണ്ടൊ യൂറ്റൂബില്‍ ഒക്കെ ഇതിന്റെ വീഡിയൊ ഉണ്ട്. ഞാന്‍ കണ്ടു. സത്യം പറയാം. ലജ്ജിച്ചു പോയി.

മച്ചാന്‍ : ആഹ ! ഉണ്ടൊ. എന്തായിരുന്നു അളിയാ അതില്‍.

അളിയന്‍ : ഹൊ പറായാന്‍ തന്നെ അറാപ്പാവുന്നു. അവളു വരുന്നു.. കാലുഴിയുന്നു.. മരുന്നു കൊടുക്കുന്നു.. പിന്നെ.. അയ്യെ .. ഛെ.. ഛെ..

മച്ചാന്‍ : മതി മതി .. ഇന്നെന്തായാലും കണ്ടിട്ടു തന്നെ കാര്യം.. ഹൊ .. ഇവളുമാരൊക്കെ ഇങ്ങനെയായാല്‍ നമ്മളെപ്പോലെയുള്ള പാവപ്പെട്ടവരൊക്കെ ചീത്തയായി പോകത്തെയുള്ളു. അളിയാ സത്യം പറ എനിക്കു കാണാന്‍ പാകത്തിനു വല്ലതുമൊക്കെ ഉണ്ടൊ ?.

അളിയന്‍ : ആ .. നീ കണ്ടു നോക്കു.. ഒന്നുമില്ലെങ്കിലും ഇവളുമാരടുത്ത് പോവാന്‍ ഒന്നും പറ്റത്തില്ല്ലല്ലൊ .ഹി ഹി.. അപ്പൊപ്പിന്നി ഇങ്ങനെയൊക്കെ കണ്ട് അങ്ങ് ആശ്വസിക്കാം.

മച്ചാന്‍ : അതെ അതെ ദൈവമെ .. അടുത്ത ജന്മം എങ്കിലും ഒരു സ്വാമിയായി ജനിച്ചാ മതി ആയിരുന്നു..

അളിയന്‍ : അതെ അതെ.. ആര്‍മാദിക്കാമായിരുന്നു.







ഭാരതരത്നം ‘’ സച്ചിന്‍ ‘’

സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം ഒരു പുതിയ സൃഷ്ടി നടത്തി ക്രിക്കറ്റ് ലോകത്തില്‍. ഡബിള്‍ സെഞ്ചറി, അതും ഏകദിനത്തില്‍. ഈ അടുത്തകാലം വരെ ഡബിള്‍ സെഞ്ചറി എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു ഏകദിന ക്രിക്കറ്റില്‍. എന്നാല്‍ അദ്ദേഹം ആ സ്വപ്നം യാഥാര്‍ഥ്യമാക്കി മാറ്റിയിരിക്കുന്നു.   പക്ഷെ ആദ്യമായി ഏകദിനത്തില്‍ സെഞ്ചറി അടിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത് സേവാഗ് ആണ്. പക്ഷെ അദ്ദേഹത്തിന്റെ ആ അഗ്രഹപ്രകടനം ജനങ്ങള്‍ ഒരു അഹങ്കാരമായി കണ്ടതെയുള്ളു. കാരണം ഏകദിനത്തില്‍ അങ്ങനെ ഒരു സംഭവത്തെക്കുറിച്ചു ചിന്തിക്കുന്നത് തന്നെ മനുഷ്യന്‍ സൂര്യനില്‍ പോകുന്നത് പോലെയാണ് എന്നായിരുന്നു ആള്‍ക്കരുടെ വിചാരം. എന്നാല്ല് ട്വന്റി ട്വന്റിയുടെ വരവ് ക്രിക്കറ്റ് ചിന്തകളെ മാറ്റിമറിച്ചു. ഏകദിനം കുറച്ചുകൂടി വേഗം കൈവരിച്ചു. അപ്പോള്‍ തന്നെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചറിയുടെ പിറവിക്കായി ക്രിക്കറ്റ് പ്രേമികല്‍ കാത്തിരിപ്പായി. ഒരുപക്ഷെ ക്രിക്കറ്റ് ദൈവവും അതിനുള്ള തയാറെടുപ്പിലായിരുന്നിരിക്കണം. എന്തായാലും ക്രിക്കറ്റ് പ്രേമികളില്‍ ആവേശത്തിന്റെ കൊടുംകാറ്റ് ഉയറ്ത്തിക്കൊണ്ട് ഏകദിനത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ചറി പിറന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിലൂ‍ടെ.

ലോകത്താകമാനമുള്ള ക്രിക്കറ്റ് പ്രേമികളും ക്രിക്കറ്റ് പണ്ഡിതന്മാരും സച്ചില്‍ എന്ന മഹാ വിസ്മയത്തെ വാനോളം പുകഴ്ത്തി. എല്ലാപേരും ഒരെ സ്വരത്തില്‍ തന്നെ പറഞ്ഞു സച്ചിന്‍ അല്ലാതെ ഈ ഒരു നേട്ടത്തില്‍ എത്താന്‍ യോഗ്യനായ മറ്റൊരു വ്യക്തി ഇന്നില്ല. ശരിയാണ് അദ്ദേഹത്തിന്റെ റെക്കോറ്ഡ് പരിശോധിച്ചാല്‍ തന്നെ അതു മനസിലാകും. ഇന്ത്യയില്‍ ക്രിക്കറ്റിനു ഇത്രയും പ്രചാരം വെറും സാധാരണ ജനങ്ങളില്‍ പോലും എത്തിച്ചതില്‍ പ്രധാന പങ്ക് സച്ചിനാണ് എന്നതില്‍ ഒരു സംശയവും ഇല്ല. എന്റെ കുട്ടിക്കാലത്തൊക്കെ ടി.വിയില്‍ കളികാണാന്‍ എത്തുന്ന പ്രായം ചെന്ന ആള്‍കാരൊക്കെ ചോദിക്കുന്നത് ‘’ ആ കുട്ടി ഔട്ട് ആയൊ ?’‘ എന്നാണ്. സച്ചിന്‍ ഔട്ടാകുന്നതോടെ തീരുന്ന ക്രിക്കറ്റ് പ്രേമം ആയിരുന്നു ആ കാലഘട്ടത്തില്‍. അതില്‍ നിന്നും ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ക്രിക്കറ്റ് കമ്പോളവും ക്രിക്കറ്റിന്റെ ധനാഢ്യന്മാരുമാക്കുന്നതില്‍ സച്ചിന്‍ വഹിച്ച പങ്ക് അനിര്‍വചനീയമാണ്. ഇന്ത്യക്കു സച്ചിന്‍ ക്രിക്കറ്റ് ദൈവമാകുന്നത് അങ്ങനെയൊക്കെയാണ്. ഇനി ഒരു പക്ഷെ നിരീശ്വരവാദികള്‍ ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് ‘’ദൈവം‘’ എന്ന പ്രയോഗം ഇഷ്ടമാകുന്നില്ലെങ്കില്‍ ‘’ ക്രിക്കറ്റ് ശാസ്ത്രജ്ഞന്‍‘’ എന്ന് പ്രയോഗിച്ചു കൊള്‍ക. ക്രിക്കറ്റ് ശാസ്ത്രജ്ഞന്‍ ഏകദിനക്രിക്കറ്റില്‍ ഒരു പുതിയ കണ്ടുപിടുത്തം‍ നടത്തി എന്നു തിരുത്തി വായിച്ചാല്‍ മതി.

പക്ഷെ ഞാന്‍ ഇത്രയും പറഞ്ഞതില്‍ എന്താ ഇത്ര പുതുമ എന്നാവും നിങ്ങളുടെ ചോദ്യം. ഇന്ത്യയിലും വിദേശത്തും ഉള്ള എല്ലാ പത്രങ്ങളിലും വാരികകളിലും അദ്ദേഹത്തെ വാഴ്ത്തുന്നത് ആനന്ദ നിര്‍വൃതിയോടെ നാം കണ്ടു അടുത്ത കുറെ ദിവസങ്ങളില്‍. പക്ഷെ അതിനേക്കാളൊക്കെ മുകളില്‍ നമ്മുടെ ഒരു പാര്‍ട്ടി  ഒരു മഹത്തായ ഒരു പ്രഖ്യാപനം നടത്തി നമ്മുടെ വായയുടെ സകല ജോയിന്റുകളൂം കീറിക്കളഞ്ഞു.  ‘സച്ചിന്‍ ടെണ്ടുള്‍ക്കറ്ക്കു ഭാരതരത്നം നല്‍കണം ‘. അതായിരുന്നു ഈ പാര്‍ട്ടിക്കാരുടെ പ്രസ്ഥാവന.  സച്ചിന്‍ എന്നെ വ്യക്തിയോട് ഇത്രയേറെ സ്നേഹം ഉള്ള വേറെ ആരും ഒരുപക്ഷെ ഇന്ത്യയില്‍ കാണില്ല. സച്ചിന്‍ മഹത്തായ ഒരു തെറ്റു പറഞ്ഞപ്പോള്‍ ശാസിക്കാന്‍ ഈ ഒരു പാര്‍ട്ടി മാത്രമെ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളു എന്നു സച്ചിന്‍ മനസ്സിലാക്കണം. രാജ്യസ്നേഹം ഒട്ടുമില്ലാതെ നടന്നിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിനു യഥാര്‍ത്ഥ രജ്യസ്നേഹം എന്തെന്നു കാട്ടിക്കൊടുത്തതും ഈ പാര്‍ട്ടിക്കാരു തന്നെയാണ്. അതിനു സച്ചിന്‍ ഇവരോടൊക്കെ നന്ദി പറയണം.

സച്ചിനു എന്തു രാജ്യസ്നേഹമിരുന്നിട്ടാണ് മണ്ണിന്റെ മക്കള്‍ വാദത്തെ എതിര്‍ത്തു സംസരിച്ചത്. അപ്പോഴാണ് സച്ചിന്റെ കപട രാജ്യസ്നേഹത്തെ ഇതേ പാര്‍ട്ടിക്കാറ് ജനങ്ങളുടെ മുന്നില്‍ കൊണ്ട് വന്നത്. സച്ചിന്‍ പറഞ്ഞത് എന്തായിരുന്നു ‘’ മഹാരാഷ്ട്ര എന്നാല്‍ എല്ലാ ഇന്ത്യക്കാറ്ക്കും അവകാശപ്പെട്ടാതാണ് ‘’. നാണമുണ്ടൊ സച്ചിന്‍ ഇങ്ങനെ പറയാന്‍ ?. താങ്കള്‍ക്ക് ഇന്ത്യ എന്നു വച്ചാല്‍ എന്തറിയാം ?. താങ്കളള്‍ ഗൂഗിള്‍ ചൈനയും ഗൂഗിള്‍ പാക്കിസ്ഥാനും കണ്ടിട്ടുണ്ടൊ ?. അതു പോലെ പല രാജ്യങ്ങളുടെയും ഗൂഗിള്‍ സൈറ്റ് എടുത്തു നോക്കിയാല്‍ മനസ്സിലാവും യഥാര്‍ത്ഥ ഇന്ത്യ എന്താണെന്ന്. ഇന്ത്യ എന്നു വച്ചാല്‍   മഹാരാഷ്ട്ര.  അതു മാത്രമാണ് നമ്മുടെ രാഷ്ട്രം മറാത്തി ഹമാരാ രാഷ്ട്ര ഭാഷാ ഹൈ. അതു കൊണ്ട് കേരളമാണ് തമിഴ്നാടാണ് എന്നൊക്കെ പറഞ്ഞു എതെങ്കിലും കൂതറകള്‍ ഇന്ത്യയില്‍ കാലു കുത്തിയാല്‍ ആ കാലു രാജ്യസ്നേഹികളായ നമ്മുടെ പാര്‍ട്ടിക്കാര്‍ വെട്ടും. അല്ലെങ്കില്‍ തന്നെ ഈ തെലുങ്കന്മാര്‍ക്കും ബംഗാളീസിനുമൊക്കെ ഇന്ത്യയില്‍ എന്തു കാര്യം ?. അതുകൊണ്ട് രാജ്യത്തെക്കുറിച്ച് സച്ചിന്‍ എന്തെങ്കിലും സംസാരിക്കുന്നെങ്കില്‍ അതു ഇന്ത്യയെക്കുറിച്ചു പഠിച്ചിട്ടുമതി. അതു മാത്രമല്ല അന്നു പാര്‍ട്ടിക്കാര്‍ സച്ചിനു ഒരു മുന്നറിയിപ്പ് നൽകാനും മറന്നില്ല ‘’ സച്ചിന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതി. ആല്ലാതെ കളിച്ചു നടക്കുന്ന  പ്രായത്തില്‍ ഭാരിച്ച രാഷ്ട്രീയ കാര്യം ഒന്നും ചര്‍ച്ച ചെയ്യണ്ട ‘’. കൂടാതെ ഒരുപാടു ന്യായവാദങ്ങളും അന്നു നിരത്തി. ‘’ സച്ചിന്‍ ഇന്ത്യക്കു വേണ്ടിയല്ല കളിക്കുന്നത് ബി.സി.സി. ഐക്കുവേണ്ടിയാണ് ''. ഈ ബി.സി.സി. ഐ എവിടുന്നു വന്നതാണ് എന്നു ഇതു വായിക്കുന്ന ആർക്കെങ്കിലും അറിയാമോ ?  പണ്ട് നീല്‍ ആംസ്ടൊംഗ് ചന്ദ്രനില്‍ പോയപ്പൊ അവിടെ നിന്നും എടുത്തു കൊണ്ട് വന്നതാണു ബി.സി.സി.ഐ. അതിനു ഒരുപാട് പരിണാമങ്ങള്‍ വന്നു ഇന്നത്തെ ബി.സി.സി.ഐ ആയി. അങ്ങനെയുള്ളാ ആ ബി.സി.സി.ഐയ്ക്കു വേണ്ടിയാണ് സച്ചിന്‍ കളിക്കുന്നത് അല്ലാതെ ഇന്ത്യക്കു വേണ്ടിയല്ല. സച്ചിന്‍ രാജ്യത്തിനു വേണ്ടി എന്ത് ത്യാഗമാണ് ചെയ്തത് ? ലോകമാന്യ തിലകനൊപ്പം ഒന്നും സച്ചിന്‍ വരില്ല. ഒരു മറാത്തി വിപ്ലവകാരിക്കും തുല്യനല്ല സച്ചിന്‍. റെക്കോഡ് പുസ്തകത്തില്‍ മാത്രമാണ് സച്ചിന്റെ നേട്ടം. ഇതൊക്കെ കേട്ടതും സച്ചിന്‍ റണ്ണൌട്ടായി.

എന്തായാലും പിന്നീട് ഒരു വിവാദത്തിനും അദ്ദേഹം പോയില്ല. പതിവു പോലെ അദ്ദേഹം അതിനുള്ള ചുട്ട മറുപടി വാക്കിലൂടെ നല്‍കാതെ പ്രവര്‍ത്തിച്ചു തന്നെ കാണിച്ചു. നിസ്സാരകാര്യങ്ങള്‍ക്കു പോലും വളരെ വികാരവിക്ഷോഭം പ്രകടിപ്പിക്കുന്ന അല്‍പ്പന്മാരുടെ മുന്നില്‍ ശാന്തതയുടെ പ്രതിരൂപമായി മാറുകയായിരുന്നു അദ്ദേഹം തന്റെ ഇരട്ടസെഞ്ചറി നേട്ടത്തിനു ശേഷം. ദൈവവുമയി അല്പസമയം ഒരു ആശയവിനിമയം, പിന്നീട് ആര്‍ത്തലയ്ക്കുന്ന ജനലക്ഷങ്ങളെ തന്റെ കിരീടവും ചെങ്കോലും ഉയറ്ത്തി ഒരു അഭിവാദനം, കഴിഞ്ഞു അദ്ദേഹത്തിന്റെ ആഹ്ലാദ പ്രകടനം. ഒരു മനുഷ്യന്‍ എങ്ങേനെയാണു മഹാന്‍ അവുന്നതെന്നും, ത്യാഗി അവുന്നതെന്നും ആ ഒരൊറ്റ നിമിഷത്തിലൂടെ അദ്ദേഹം തന്നെ വാഗ്ശരങ്ങള്‍ കൊണ്ട് നേരിട്ടവറ്ക്ക് കാണിച്ചു കൊടുത്തു.

കഥ വീണ്ടും തുടരുകായാണ്. ഇതറിഞ്ഞതും പാര്‍ട്ടിക്കാര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു ‘’ എവന്‍ സത്യത്തില്‍ ഏതു നാട്ടുകാരന്‍ ? ‘’ ഉത്തരം ഉടനെ വന്നു ‘’ സാറന്മാരെ ഈ മനുഷ്യനും മഹാരാഷ്ട്രക്കാരനാ ‘’. ആഹാ ! മഹാരാഷ്ട്രയാണൊ എന്നാല്‍ ഇത്രയും വലിയ ഒരു സംഭവം ഒക്കെ നടത്തിയ ഈ മഹാരാഷ്ട്രക്കാരനു തക്കതായ അംഗീകാരവും കൊടുത്തെ മതിയാവു. നേരെ കേന്ദ്രസര്‍ക്കാരിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും വിളിച്ചങ്ങു പറഞ്ഞു ‘’ സച്ചിന്‍ മഹാരാഷ്ട്രയുടെ അഭിമാനം ഉയര്‍ത്തിയതാണ്. അതുകൊണ്ട് ഭാരത രത്നം കൊടുക്കണം ‘’. ഇതു കേട്ട ഞാന്‍ ഉള്‍പ്പെടുന്ന മഹാജനങ്ങള്‍ മൊത്തം ചിരിച്ചു ചിരിച്ചു മണ്ണു കപ്പി പാവങ്ങളുടെ ഗതികേടു കണ്ടിട്ട്. ഇന്ത്യയിലെ സകലര്‍ക്കും അറിയാം ഈ പറയുന്ന ആള്‍ക്കാര്‍ നിസ്സാരക്കാരല്ല എന്നു. ആടിനെ ആനയാക്കുന്ന ആള്‍ക്കാരാണു. ‘’മൈ നെയിം ഈസ് ഖാന്‍‘’ എന്ന ചിത്രത്തെ ബഹിഷ്കരിക്കാന്‍ ജനങ്ങളോട് ഇതേ പാര്‍ട്ടിക്കാര്‍ ആഹ്വാനം ചെയ്തപ്പൊ ജനങ്ങള്‍ അതു അക്ഷരം പ്രതി അനുസരിച്ചു ഇപ്പൊ കേള്‍ക്കുന്നത് ആ സിനിമ എടുത്ത നിര്‍മാതാവ് മിക്കവാറും ഈ ഒറ്റച്ചിത്രം കൊണ്ട് തന്നെ ബില്‍ ഗേറ്റ്സിക്കാള്‍ വലിയ പണക്കാരന്‍ ആവും എന്നാണ്. എന്തായാലും അപ്പക്കഷണത്തിനു വേണ്ടി കടിപിടി കൂടുന്ന രാഷ്ടീയ പാര്‍ട്ടി‍ക്കാരെല്ലാം സച്ചിനിസം ഒന്നു പഠിക്കുന്നതു നല്ലതാണ്.  സഹിഷ്ണുതയും ത്യാഗസന്നദ്ധതയും അങ്ങനെയെങ്കിലും നമ്മുടെ രാഷ്ടീയ കോമരങ്ങള്‍ക്കു വരട്ടെ..... 

അല്ലയൊ സച്ചിന്‍ അങ്ങ് വാക്കുകള്‍ക്ക് അതീതനാണ്. മഹാനായ അങ്ങ് ഭാരത്തതിന്റെ അമൂല്യമായ രത്നം തന്നെയാണ് ഇനിയും അങ്ങയുടെ സൃഷ്ടികള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു….

തത്ത്വമസി.

‘’ അല്ല ആരായിത് ? അണ്ണനെ കണ്ടിട്ട് കുറെ കാലമായല്ലൊ ? എവിടെയാ ഇപ്പൊ?’‘

‘’ ഓ എന്തരുപറയാന്‍ അപ്പീ. നാട്ടീപ്പൊയിരുന്നു. അപ്പിക്കു സുഖങ്ങളൊക്കെ തന്നെ ?’

‘’ സുഖം തന്നണ്ണാ. അല്ലണ്ണാ ഇപ്പൊ നാട്ടില്‍ ആകെ പുകിലാണല്ലൊ. തിലകന്‍ പ്രശ്നം കാരണം. ‘’

‘’ ഓ എന്തരു പറയാന്‍. എവമ്മരയൊക്കെ കൊണ്ട് തോറ്റടെയ്. ഇത്രേം കാലം നമ്മളൊക്കെ കരുതിയ പോലാണാ എവമ്മാരു ? ഇപ്പക്കെടന്നു വെരകണത് കണ്ടാ ?’‘

‘’ എന്നാലും ഈ തിലകന്‍ ചേട്ടന്‍ ഇങ്ങനെയൊക്കെ ചെയ്തത് ഇത്തിരി കഷ്ടം ആയിപ്പോയി ‘’

‘’ എന്തരു കഷ്ടം. എടെയ് അയാളു പറഞ്ഞതൊക്കെ അല്ലേടെയ് കാര്യങ്ങള്. കോടികള് മേടിക്കണ ലവന്മാരു മാത്രം ജീവിച്ചാ മതിയാടെയ് ? എല്ലാരും ജീവിക്കണ്ടെയ് ?’‘

‘’ ങ്ഹും അതും ശരിയാണ്. എന്നാലും സുകുമാര്‍ അഴിക്കോട് ഒക്കെ പറഞ്ഞത് ഇത്തിരി തെറ്റായിപ്പോയി. എങ്കിലും നല്ല കടുത്ത ഭാഷയില്‍ തന്നെ മോഹനന്‍ലാല്‍ തിരിച്ചു പറഞ്ഞിട്ടുണ്ട്. അഴിക്കോട് തത്ത്വമസി ഒക്കെ എഴുതിക്കാണും എന്നു വച്ച് കേറി ഭരിക്കണ്ട എന്ന് ‘’

‘’ എടെയ് മോഹന്‍ലാല്‍ എന്തറിഞ്ഞിട്ടടെയ് ഈ പറയണത്. ലവനു വെവരം എന്നു പറയണ സാധനം ഒണ്ടാ. തത്ത്വമസി ഒക്കെ അത്ര നിസാരമാണാ ? അതൊക്കെ സാധാരണ ആര്‍ക്കും എഴുതാന്‍ പറ്റത്തില്ല.’‘

‘’ ഓ അങ്ങനെയാണൊ ?, അല്ലണ്ണ എന്തോന്നാ ഈ തത്ത്വമസി എന്നു വച്ചാല്‍. സത്യം പറഞ്ഞാല് എനിക്കും അത്ര അങ്ങോട്ട് പിടികിട്ടിയിട്ടില്ല. ‘’

‘’ തള്ളെ കഷ്ടമെടെയ്. നിങ്ങളെയൊക്കെ എന്തരിനു കൊള്ളാം. എടെയ് അപ്പീ നീ ഗുരുവായൂർ ക്ഷേത്രത്തില് പോയിട്ടൊണ്ടാ ?’‘

‘’ പോയിട്ടുണ്ട് ‘’

‘’ അപ്പീ ക്ഷേത്രത്തിന്റെ മുന്നില്‍  തത്ത്വമസി എന്ന ബൊര്‍ഡ് എഴുതി വച്ച ആളാണ് ഈ പറയുന്ന സുകുമാര്‍ അഴിക്കൊട്. മനസ്സിലായാ ?’‘



കേരളം ഒരു ഭ്രാന്താലയം. - സ്വാമി വിവേകാനന്ദന്‍

എന്തായാലും സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച് അന്നു പറഞ്ഞത് വെറുതെ അല്ല എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്.  കാ‍രണം പത്രം തുറന്നു നോക്കിയാല്‍ കാണാം, മോഹന്‍ലാല്‍ പറയുന്നു ‘’അഴിക്കോടിനു മതിഭ്രമം‘’. അതിനു മറുപടിയായി അഴിക്കോട് പറയുന്നു തന്നെ അയാള്‍ എന്നു വിളിച്ച ‘’മോഹന്‍ലാലിനാണ് മതിഭ്രമ‘’മെന്ന്. (കുറഞ്ഞ പക്ഷം മോഹന്‍ലാല്‍ അഴിക്കോട് സാറിനെ സംബോധന ചെയ്യുമ്പോള്‍ ആ മഹാനുഭാവനു മതിഭ്രമം എന്നു പറയേണ്ടതായിരുന്നു അതാവുമ്പോ ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവുകയുമില്ലായിരുന്നു). അതിനിടയിലാണ് ദേ വന്നൂ  ടി.പത്മനാഭന് സാര്‍.  അദ്ദേഹം പറയുന്നു ‘‘അഴിക്കോടിനു വട്ടാ’’ണ് അല്ലെങ്കില് അറിയാന് പാടില്ലാത്ത കാര്യത്തിനു കയറി അഭിപ്രായം പറയില്ല എന്ന്. ഈ പ്രശ്നമൊക്കെ ഉണ്ടാകുന്നത് നമ്മുടെ തിലകന്‍ സാറില്‍ നിന്നാണ്. മമ്മൂട്ടിക്കു നേരെ തിലകന്‍ ചേട്ടന്ന് ഉന്നയിച്ച ആരോപണങ്ങള്‍ കേട്ട് വട്ടിളകിയ മമ്മൂട്ടി ഫാന്സുകാര് അപ്പോഴെ പറഞ്ഞു ‘’തിലകനു ഭ്രാന്താണ്‘’.

തിലകന്‍ പ്രശ്നം അങ്ങനെ എങ്ങും തൊടാതെ കിടന്നു കറങ്ങുന്നത് കണ്ടപ്പൊ പാവം അഴിക്കോട് സാറിനു സങ്കടം, ഒന്നു തലവച്ചതെ ഓറ്മയുള്ളു പിന്നെ കണ്ണു തുറക്കുമ്പൊ കാണുന്നത് തന്റെ കോലം നിന്നു കത്തുന്നതാണ്. അല്ല ഈ സാറിനു വല്ല കാര്യവുമുണ്ടൊ നമ്മുടെ മോഹന്‍ലാലിനെ കേറി ഞോണ്ടാന്‍ !. അഴിക്കോടു സാറ് പറഞ്ഞത് മോഹന്‍ലാലിന്റെ ഈ പ്രായത്തിലെ പ്രണയരംഗങ്ങള്‍ അശ്ലീലവും അരോചകവുമാണെന്നാണ്. (അതേതു കാലഘട്ടം മുതലാ സാറെ ? തിലകന്‍ പ്രശ്ന യുഗത്തിനു മുന്പോ അതൊ തിലകന്‍ പ്രശ്ന യുഗത്തിനു ശേഷമോ ?.. ഒന്നു തെളിച്ചു പറഞ്ഞിരുന്നെങ്കില്‍ മനസ്സിലായെനെ ) ഇതു കേള്ക്കേണ്ട താമസം ലാല് ഫാന്സിനും വട്ടിളകി. ഉടനെ അഴിക്കോട് സാറിന്റെ ഒരു കോലം ഉണ്ടാക്കി അങ്ങു കത്തിക്കുകയും ചെയ്തു. ലാലേട്ടന്റെ ഫാന്സ് ആരാന്നാ വിചാരം ‘‘ ഒന്നുമില്ലെങ്കില് അഴിക്കോട് സാറിന്റെ കോലത്തെ പച്ചയ്ക്കു കോളുത്തിയിട്ടെ ഫാന്സ് പട ഈ മണ്ണു വിട്ടു പോകൂ. ഹല്ല പിന്നെ, ലാലേട്ടനോടാ കളി !’’.

ഉടനെ തന്നെ അതിനെതിരെ അഴിക്കോട് സാറിന്റെ പ്രതികരണം. കോലം കത്തിക്കുന്തോറും തന്റെ ആയുസ്സ് കൂടി വരികയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഹൊ എത്ര മനോഹരമായ കണ്ടെത്തല്. എന്റെ പൊന്നു സാറെ ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നെണ്കില് മണ്മറഞ്ഞു പോയ മഹാന്മാരുടെ ഒക്കെ കോലം ഉണ്ടാക്കി അന്നെ കത്തിക്കാമായിരുന്നു. അവരൊക്കെ ദീര്ഘായുഷ്മാന്മാരായി ഇരുന്നേനെ. അതു കൂടാതെ കത്തിച്ച ഫാന്സ് കാരോട് അദ്ദേഹം പറഞ്ഞതു നോക്കു ‘’ ചരിത്രത്തിന്റെ പ്രഭാവവും പ്രചോദനവും ഉള്ക്കൊള്ളാത്തവരാണു കോലം കത്തിക്കലുമായി നടക്കുന്നത്. ഹൃദയത്തില് നിന്നുള്ള ഉറവകള് ഇപ്പോള് വറ്റി വരളുകയാണ്. കോലത്തുനാടിന്റെ സംസ്കാരം കോലം കത്തിക്കലല്ല, കോലം കെട്ടലാണ്. ഈ നാട്ടുകാറ്ക്കു കോലം കത്തിക്കല് അപരിചിതമാണ്. ‘’ എങ്ങനെയുണ്ട് ?. വല്ലതും മനസ്സിലായാ ഫാന്സെ ?. കുറച്ചു നേരം ചിന്തിച്ചാല്‍ വട്ടിളകാത്ത എതെങ്കിലും ഫാന്സ്കരന്‍ ബാക്കി ഉണ്ടെങ്കില്‍ അവര്‍ക്കും ഇളകിക്കോളും. എന്തായാലും ഈ നാട്ടുകാരല്ല കോലം കത്തിച്ചത് വേറെ ഏതൊ ഗ്രഹത്തില് നിന്നും ടാക്സി പിടിച്ചു വന്ന ജീവികളാണ് കോലം കത്തിച്ചത് എന്നാണ് അഴിക്കോട് സാറു തന്നെ പറയുന്നത്.. അല്ലാതെ കോലത്തുനാട് കാരോ ...  അയ്യെ ഛേ…

അല്ല സാറന്മാരെ നമ്മുടെ തിലകന് ചേട്ടന് ഇപ്പൊ എവിടെയാ ?. അദ്ദേഹമായിരുന്നല്ലൊ ഇതിന്റെയൊക്കെ മുഖ്യഹേതു. ഇപ്പൊ അദ്ദേഹം പറയുന്നതൊന്നും കേള്ക്കാനില്ലല്ലൊ !. അവസാനമായി അദ്ദേഹം പറഞ്ഞത് ഉപാധികളോടെ ചര്‍ച്ചയ്ക്കു തയാര്‍ എന്നാണെന്നാണ് എന്റെ ഓര്‍മ്മ. ആരെങ്കിലും അതിനെക്കുറിച്ച് സംസാരിച്ചതായി പിന്നീടു കണ്ടില്ല. ഇനി ഈ തര്‍ക്കം ഒന്നു നിറുത്തു എന്നു തിലകന് ചേട്ടന്‍ ആവശ്യപ്പെട്ടാലും തീരുമെന്നു തോന്നുന്നില്ല. അങ്ങനെ ആവശ്യപ്പെട്ടാല്‍ മിക്കവാറും തിലകന്‍ ചേട്ടനു തല്ലു കിട്ടാനാ ചാന്‍സ്. എന്തായാലും കേരളം ഒരു കോമഡി സിനിമയിലെ ക്ലൈമാക്സ് രംഗം പോലെ പരസ്പരം ചീമുട്ട എറിഞ്ഞു കളിക്കുന്നുണ്ട്. ഏറു കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ ദയവു ചെയ്തു ആ ഏറു സദയം മേടിച്ചു സായൂജ്യം അടയു. ഇനി നിങ്ങളും പറയു ‘‘ന്റെ അയലോക്കത്തെ ചേട്ടനു പണ്ടെ ഭ്രാന്താ ‘’ നോക്കാല്ലൊ എന്താ സംഭവിക്കാന്‍ പോകുന്നത് എന്നു.

എന്തായാലും ഈ അവസരം നമ്മുടെ സര്‍ക്കാര്‍ മുതലാക്കണം എന്നു തന്നെയാണ് ഈയുള്ളവന്റെ താഴ്യമായായ അഭിപ്രായം. കേരളത്തില്‍ മൊത്തം എത്ര ഭ്രാന്തന്‍മാര്‍ ഉണ്ടെന്നു ഇപ്പൊ തന്നെ ഒരു സെന്‍സസ് എടുക്കാവുന്നതാണ്. ഒന്നു വേഗം തുടങ്ങു പ്ളീസ്. എന്തായാലും എങ്ങനെ കൂട്ടിയാലും ആകെ മൊത്തം ഒരു മലയാളി എങ്കിലും ബാക്കി കാണും ഭ്രാന്തില്ലാത്തതായിട്ട്. ആരെന്നൊ ?.. സംശയിക്കണ്ട ഈ ഞാന്‍ തന്നെ.. അതിനേയ് .. ഞാനേയ്.. കേരളത്തിലല്ലല്ലോ …. ടങ്ട ടായ് യ് യ്.

ഇനി അഥവാ ആര്‍ക്കെങ്കിലും എന്റെ കോലം കത്തിക്കണൊ ?. ഞാന്‍ കാലു പിടിക്കാം.. ദയവു ചെയ്തു വേഗം കത്തിക്കൂ.. എന്റെ ആയുസ്സ് കൂടിയാല്‍ എനിക്കെന്താ പുളിക്കുമോ ?.....



വാല്‍ക്കഷണം.

‘ ങും ഇപ്പോഴല്ലെ നമ്മുടേ ലീഡര്‍ജീയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം പിടികിട്ടിയത് ’…

ഇനി കുറച്ചു കാശു ചെലവായാലും വേണ്ടില്ല കുറച്ചു ആള്‍ക്കാരെ നാളെ തന്നെ അറേഞ്ചു ചെയ്യണം. ലത് കത്തിക്കാന്..



ചരിത്ര സ്രഷ്ടാക്കള്‍

‘’എടോ താനല്ലെ ഉട്ടൊപ്പ്യന്‍ താരം എന്ന പേരില്‍ ബ്ലോഗ് എഴുതുന്നത് ?. ‘’
‘’ അതെ. ഞാന്‍ തന്നെയാ ‘’. ചോദ്യം കേട്ടു ഞാന്‍ ഒന്നന്തം വിട്ടു. ദൈവമെ ഇത്രപെട്ടെന്നു ഫേമസ് ആയൊ ! പക്ഷെ ചോദിച്ചയാള്‍ നമ്മുടെ കമ്പനിയില്‍ തന്നെ ആയതു കൊണ്ട് അറിയാന്‍ വഴിയുണ്ട്. കാരണം ഇന്റേണല്‍ മെയിലില്‍ എന്റെ മഹത്തായ സൃഷ്ടികള്‍ കിടന്നു കറങ്ങുന്നതു കൊണ്ട് അറിയാന്‍ വഴിയുണ്ട്.

‘’ എടോ താന്‍ ഭഗത് സിംഗിന്റെ ചരമദിനം വാലന്റയിന്‍സ് ദിനത്തിന്റെ അതേ ദിവസമാണ് എന്നു പറഞ്ഞു കൊണ്ടിറങ്ങിയ മെയിലിനെക്കുറിച്ച് എഴുതിയ ബ്ലോഗില്ലെ, അതു സംഗതി കൊള്ളാം. കാരണം ഇങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന ഒരുപാട് മെയിലുകള്‍ ഇറങ്ങുന്നുണ്ട്. എന്തായാലും താന്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയത് നന്നായി.’‘ പുള്ളിക്കാരന്‍ അഭിനന്ദനങ്ങള്‍ അങ്ങ് വാരിച്ചോരിയാന്‍ തുടങ്ങി. ഞാന്‍ എന്താ ചെയ്ക ഒക്കെ അങ്ങ് കേട്ടുകോണ്ട് നിന്നു. അല്ലേങ്കിലും ഞാന്‍ ഒരു പാവമാണല്ലൊ !.

പുള്ളിക്കാരന്‍ ഇതൊക്കെ പറഞ്ഞ് അങ്ങ് പോയി. പക്ഷെ എന്റെ കൂടെ നമ്മുടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. കക്ഷി ഇതൊക്കെ കേട്ടുകോണ്ടു നിള്‍ക്കുകയായിരുന്നു. അഭിനന്ദകന്‍ പോയതും നമ്മുടെ സുഹൃത്ത് ചോദിച്ചു ‘’ അല്ല എന്താ സംഗതി ?’‘
ഞാന്‍ പറഞ്ഞു ‘’ ഭഗത് സിംഗിനെ കുറിച്ചു ഒരു മെയില്‍ വന്നില്ലേ?, വലന്റൈന്‍സ് ദിനത്തിന്റെ അന്ന്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയ ബ്ലോഗിനെക്കുറിച്ചു പറഞ്ഞതാ പുള്ളിക്കാരന്‍.’‘
‘’ ഓ.. അതായിരുന്നോ ?. ശരിയാ ആ മെയില്‍ ഞാനും കണ്ടിരുന്നു. അല്ല എനിക്ക് ഒരു സംശയം. ആരാ ഈ ഭഗത് സിംഗ് ?.. പുള്ളിക്കാരനു എന്താ പറ്റിയത് ? ‘’. നമ്മുടെ സുഹൃത്ത് വളരെ കാര്യമായി തന്നെ എന്നോട് ചോദിച്ചു.

പക്ഷെ ഇതു കേട്ടാതും ഞാന്‍ അമ്പരന്നു. ഇതെന്തു മനുഷ്യന്‍ ! ഭഗത് സിംഗിനെ അറിയാത്ത ഇന്ത്യാ‍ക്കാരനോ ?. ജനിച്ചതും പഠിച്ചതും ഒക്കെ കേരളത്തില്‍, എന്നിട്ടും ഭഗത് സിംഗിനെ അറിയില്ല എന്നു വച്ചാല്‍ ! ചില ഗള്‍ഫ് കുട്ടികള്‍ക്ക് ഒരുപക്ഷെ അറിയില്ല എന്നു പറഞ്ഞാല്‍ നമുക്കങ്ങ് ക്ഷമിക്കാം, അവരു പഠിക്കുന്നതൊക്കെ ഗള്‍ഫില്‍ അല്ലെ. എന്നിരുന്നാലും ആ കുട്ടികള്‍ക്ക് നമ്മുടെ ചരിത്രത്തില്‍ ഒക്കെ നല്ല പിടിയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ കൂടുതലും ഇന്ത്യന്‍ സ്കൂളൂകള്‍ ആയതു കൊണ്ട് അവര്‍ കുറച്ചെങ്കിലും നമ്മുടെ ചരിത്രം മനസ്സിലാക്കുന്നു. പക്ഷെ ഇതു അങ്ങനെയല്ലല്ലൊ, എങ്കിലും വലിയ ഭാവ വ്യത്യാസം കൊടുക്കാതെ ഞാന്‍ പറഞ്ഞു ‘’ ഭഗത് സിംഗ് നമുടെ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അല്ല നീ സ്കൂള്‍ ക്ലാസ്സില്‍ ഒന്നും പഠിച്ചിട്ടില്ലെ ഭഗത് സിംഗിനെക്കുറിച്ച് ? ‘’.



‘’ ഓ.. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നൊ ?. ഞാന്‍ വേറെ എന്തൊ കരുതി.. ചിലപ്പൊ സ്കൂളില്‍ പഠിപ്പിച്ചു കാണും. ഇനി ചിലപ്പൊ ഞാന്‍ സ്കൂളില്‍ ചെല്ലാത്ത ദിവസം വല്ലതുമാവും പഠിപ്പിച്ചത് ‘’. സുഹൃത്ത് അല്പം ചമ്മലോടെ പറഞ്ഞു. ഇതു കേട്ടിട്ട് എനിക്കു ചിരിക്കാതെയിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഈ സംഭവം അവിടെ കഴിഞ്ഞെങ്കിലും ഇതിന്റെ രണ്ടാം ഭാഗം അരങ്ങേറുന്നത് നമ്മുടെ ഓഫീസ്സില്‍ പിറ്റെദിവസം ആയിരുന്നു.



എന്നും വൈകുന്നേരം നമ്മുടെ ഓഫീസില്‍ ഒരു അതിഥി വരും. അതിഥി വന്നാല്‍ കുറച്ചു നേരം എന്തെങ്കിലും ഒക്കെ പറഞ്ഞു സമയം കളയും. പുള്ളിക്കാരനെ ഞങ്ങള്‍ക്കും ഇഷ്ടമാണ്. കക്ഷി എന്തെങ്കിലും ഒക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. കക്ഷി വന്നതും തലേന്നു നടന്ന സംഭവം ഞാന്‍ എടുത്തിട്ടു. പുള്ളിക്കാരന്‍ ഇതു കേട്ടു ചിരിച്ചു ചിരിച്ചു ആകെ വശം കെട്ടു. എന്നിട്ട് നമ്മുടെ സുഹൃത്തിനെ വിളിച്ചു വരുത്തി കളിയാക്കാന്‍ തുടങ്ങി. നമ്മുടെ സുഹൃത്ത് എന്നെ ഒന്നു നോക്കി എടാ ദുഷ്ടാ ഈ ചതി എന്നോടു തന്നെ വേണമായിരുന്നൊ എന്ന ഭാവത്തില്‍. പക്ഷെ തന്നെ കളിയാക്കുനത് സഹിക്ക വയ്യതെ പുള്ളിക്കാരന്‍ തിരിച്ചു ഒരു നമ്പറിട്ടു. ‘’ ഓക്കെ എനിക്കു അറിഞ്ഞു കൂട ആരാ ഭഗത് സിംഗ് എന്നു. എന്നാല്‍ നീ പറ ആരാ ഈ ഭഗത് സിംഗ് ?’‘..



ഇതു കേട്ടപ്പൊ നമ്മുടെ അതിഥി ഒരു വിഞ്ജാന കോശമായിട്ട് പറഞ്ഞു. ‘’ എടോ, മണ്ടശ്ശിരോമണീ ആരെങ്കിലും ചോദിച്ചാല്‍ ഇനിയെങ്കിലും ശരിയായിട്ടു പറയണം. ചുമ്മാ പഠിക്കുന്ന സമയത്ത് പാഠപുസ്തകം മാത്രം വായിച്ചാല്‍ പോര. പുസ്തകം വായിക്കണം, ടി.വി കാണണം. ഭഗത് സിംഗ് ആണു രാമായണം സീരിയലില്‍ ഹനുമാന്റെ വേഷം ചെയ്തത് . മനസിലായാ ?’‘

എന്തായാലും എനിക്കു അപ്പോള്‍ തന്നെ മനസ്സിലായി. ഇനി ഇതു വായിക്കുന്ന നിങ്ങള്‍ക്കോ ?

ഈ മഹാന്മാരെയൊക്കെ ചില്ലു കൂട്ടില്‍ തന്നെ ഇട്ടു വയ്ക്കണം. കാരണം ഇവരൊക്കെയാണു ശരിയായ ചരിത്ര സ്രഷ്ടാക്കള്‍.

അഥിതി ദേവോ ഭവ:

ഒരു ദിവസം കുറെ അഥിതികള്‍ ഉട്ടോപ്പ്യനെ കാണാനെത്തി. വകയിലെ ഒരു അമ്മാവനും പിന്നെ അദ്ധേഹത്തിന്റെ മകളും ഭര്‍ത്താവും. നമ്മുടെ അമ്മാവനാണെങ്കില്‍ അല്‍പ്പം പൊങ്ങച്ചത്തിന്റെ ആളാണ്. ഇപ്പോഴും താന്‍ ഒരു സൂപ്പര്‍മാനാണ് എന്നാണു ഭാവം. അതുകൊണ്ട് പുള്ളിക്കാരന്‍ഇടയ്ക്കിടയ്ക്ക് പുതിയ തലമുറയെ അങ്ങ് കളിയാക്കും. പുള്ളിക്കാരന്റെ അഭിപ്രായത്തില്‍ പുതിയ തലമുറയിലെ ആള്‍ക്കാരൊക്കെ ‘’ബ്രൊയ്ലറ് ചിക്കന്സ്’‘ ആണ്.

             ഉട്ടൊപ്പ്യന് അഥിതികളെ സ്വീകരിച്ചിരുത്തി. ഉട്ടൊപ്പ്യന്റെ മകന് സ്വികരണമുറിയില് ഇരുന്നു കളിക്കുന്നുണ്ടായിരുന്നു അപ്പോള്‍. പക്ഷെ അഥിതികള്‍ വന്നിട്ടൊന്നും ചെക്കനു ഒരു മൈന്‍ഡുമില്ല. സാധാരണ ആരെങ്കിലും ഒക്കെ വന്നാല്‍ അവര്‍ക്ക് ഒരു സ്വൈര്യവും കൊടുക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചു കൊണ്ട് അവരുടെ പിറകെ കാണും. ഇത്തവണ ഒരു അനക്കവുമില്ല. അവരാകട്ടെ കുട്ടിക്കായി ചോക്കളേറ്റ് ഒക്കെ മേടിച്ചു കൊണ്ടു വന്നിരുന്നു അതൊക്കെ കൊടുത്തിട്ടും ഒരു അനക്കവുമില്ല. അവസാനം ഉട്ടോപ്പ്യന് കുട്ടിയോട് ചോദിച്ചു ‘’ ടാ മോനായി, നീ എന്താടാ അങ്കിളിനോട് ഒന്നും മിണ്ടാത്തത് ?’‘.

            അപ്പൊ തന്നെ കുട്ടി നല്ല സത്യസന്ധമായി ഉത്തരം കൊടുത്തു ‘’ ങും എന്നിട്ടു വേണം ഇവരെല്ലാം പോയതിനു ശേഷം, കൊച്ചു വായിലാണോടാ വലിയ വറ്ത്തമാനം പറയുന്നത് എന്നു ചോദിച്ച് പപ്പ എന്നെ വഴക്കു പറയാന് ‘’
                              
       ഉത്തരം കേട്ടപ്പൊ മൂപ്പിലാനു ഭയങ്കര സന്തോഷം. ‘’ എടാ മിടുക്കാ. നീ കൊള്ളാമല്ലൊ. ഇങ്ങോട്ട് വന്നെ അങ്കിള് വിശേഷങ്ങളൊക്കെ ചോദിക്കട്ടെ ‘’. എന്നു പറഞ്ഞു കൊണ്ട് കുട്ടിയെ അടുത്തു വിളിച്ചിരുത്തി. പിന്നെ കുട്ടിയുടെ കൂടെ വേറെ ഒരു കുട്ടിയായി തമാശയും ചിരിയുമൊക്കെ ആയി അങ്ങ് കൂടി. കുറച്ചു സമയം കഴിഞ്ഞ് എല്ലാരും ഭക്ഷണം കഴിക്കാനായിട്ട് ഇരുന്നു. നമ്മുടെ ഉട്ടോപ്പ്യന്‍ നല്ല വിഭവാമൃദ്ദമായ ഭക്ഷണം തന്നെ ഒരുക്കിയിരുന്നു അതിഥികള്‍ക്ക് വേണ്ടി. പ്രധാന വിഭവം ചിക്കനായിരുന്നു. ഉട്ടോപ്പ്യന്‍ ചിക്കന്‍ കഴിക്കില്ല, എങ്കിലും അതിഥികള്‍ക്കായിട്ട് നല്ല ചിക്കന്‍ ഫ്രൈ ഒക്കെ ഉണ്ടാക്കി വച്ചു. പക്ഷെ വന്ന അതിഥികളില്‍ നമ്മുടെ മൂപ്പിലാന്റെ മരുമകന്‍ ചിക്കന്‍ കഴിക്കില്ല, പുള്ളിക്കാരനു ചെറിയ പൈത്സിന്റെ അസ്കിത ഉണ്ടെന്ന്. പിന്നെ മകളാവട്ടെ വറുത്തതും പൊരിച്ചതും ഒന്നു കഴിക്കില്ല ഡയറ്റിങിലാണ് പോലും, ദേഹം തടിച്ചു പോയാല്‍ പിന്നെ ലോ‍കസൌന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലോ ?.

                   ഇതൊക്കെ കണ്ടതും നമ്മുടെ അമ്മവന്റെയുള്ളിലെ  സൂപ്പര്‍മാന്‍ സടകുടഞ്ഞെഴുന്നേറ്റു. മൂപ്പിലാന്‍ എല്ലാരും കേള്‍ക്കെ തന്നെ അങ്ങ് വിളിച്ചു പറഞ്ഞു. ‘’ ഇന്നത്തെ തലമുറയെ എന്തിനു കൊള്ളാം ?  എന്തൊക്കെ നിയന്ത്രണങ്ങളാ ?. അതൊക്കെ നമ്മുടെ തലമുറ. എന്നെ നോക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളാരും ചിക്കന്‍ കഴിക്കണ്ട. ഇതു മൊത്തം ഞാന്‍ തന്നെ തിന്നു തീര്‍ത്തോളാം. എന്റെ ശരീരമെ അങ്ങനെയിങ്ങനെ ഉള്ളതല്ല ഉരുക്കാ ഉരുക്ക്‘’. ഇത്രയും പറഞ്ഞ് മൂപ്പിലാന് പാത്രം നീക്കിവച്ച് ഓരൊ കഷണങ്ങളായി എടുത്ത് തീറ്റയും തുടങ്ങി. മറ്റുള്ളവരും ആ തമാശയില് പങ്കു ചേര്‍ന്നു.

           പക്ഷെ ഇതെല്ലാം കണ്ടുകോണ്ട് ഒരാള്‍ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു, നമ്മുടെ ഉട്ടൊപ്പ്യന്റെ കുട്ടി. അവന്‍ അല്പ നേരം അന്തം വിട്ട് അമ്മവന്റെ തീറ്റ നോക്കി ഇരുന്നു. എന്നിട്ട് അടുക്കളയില്‍ നിന്ന അമ്മയോട് വിളിച്ചു പറഞ്ഞു.

‘’ മമ്മി……, മമ്മിക്കു കഴിക്കാന്‍ മാറ്റി വച്ചിരിക്കുന്ന ചിക്കന്‍ വേഗം എടുത്തു കഴിച്ചൊ, അല്ലെങ്കില്‍ ഈ അമ്മവന്‍ അതും കൂടെ എടുത്തു തിന്നു കളയും. ‘’


അതോടെ ആ അന്തരീക്ഷം അവാര്‍ഡ് പടം പോലെയായി.



കോടതിയിലൂടെ വെടിവഴിപാട്.

    നമ്മുടെ ഹൈക്കോടതി കൊച്ചിന്‍ ദേവസ്വം ബോറ്ഡിനോട് ഒരു ചോദ്യം ചോദിച്ചു ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിവഴിപാടില്‍ ചെറിയ ചില പരിഷ്കാരങ്ങള്‍ അങ്ങ് വരുത്തിക്കൂടെയെന്നു. അതായത് ‘വെടിയൊച്ച എന്ത് കൊണ്ട് റെക്കോര്ഡ് ചെയ്തു കേള്പ്പിച്ചു കൂടാ’, എന്നാണ് കോടതിയുടെ ചോദ്യം. ഒറിജിനല്‍ വെടിയായാലും റെക്കോറ്ഡ് ആയാലും വരുന്നത് രണ്ടും ഒച്ചയല്ലേ ?. ഭഗവാന് ഒച്ചമാത്രം കേട്ടാപ്പൊരെ ഇനിയിപ്പൊ ദേവലോകത്തു നിന്നും സി ബി ഐ യെയൊന്നും അയക്കില്ലല്ലൊ പൊട്ടിച്ചത് ഒറിജിനല്‍ ആണൊ അതൊ ഡ്യുപ്പ്ലിക്കറ്റ് ആണൊ എന്നൊക്കെ അന്വേഷിക്കാന്‍. കാലം പുരോഗമിച്ചിട്ടും ഇപ്പൊഴും നമ്മുടെ ചില കാര്യങ്ങളില്‍ നാം മോഡേണ്‍ ആയിട്ടില്ല. മിമിക്രിക്കരൊക്കെ ഹൈടെക് പൂജകള്‍ ഒക്കെ സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ട് അതു പോലെ എന്ത് കൊണ്ട് വെടിവഴിപാടിലും ഒരു മാറ്റം വരുത്തിക്കൂടാ ?. പക്ഷെ ഇതെഴുതുന്നത് കൊണ്ട് ആരുംവിചാരിക്കണ്ട ഇനി ഉട്ടോപ്പ്യന്‍ കോടതിയെ കളിയാക്കാന്‍ വേണ്ടിയാണ് ഇതെഴുതുന്നതെന്നു. ഇതു വായിച്ചപ്പൊ ഈ ചെറിയ മനസ്സില് വലിയ ചില വിചാരങ്ങള്‍ അങ്ങ് കടന്നു പോയി. അതു നിങ്ങളുമായിട്ട് ഒന്നു പങ്കു വച്ചില്ലേങ്കില്‍ ഇനി ഉറക്കം കിട്ടിയില്ലെങ്കിലോ !.

എന്തായാലും ലോകം മാറിക്കൊണ്ടിരിക്കുന്നു അപ്പൊ അതിനൊത്ത പരിഷ്കരണങ്ങള്ള് എല്ലാ മേഖലയിലും വരട്ടെ. വെടി വഴിപാട് ചില സുപ്രധാന ക്ഷേത്രങ്ങളില്‍ നിറുത്തിയത് ശബ്ദമലിനീകരണവും പിന്നെ ഒരുപാട് ഭക്തജനങ്ങള്‍ വരുന്ന ക്ഷേത്രങ്ങളില്‍ വെടിമരുന്നു കൊണ്ട് ഇനി എന്തെങ്കിലും അപകടം ഉണ്ടായാലൊ എന്നൊക്കെ പേടിച്ച് ആവണം. അതൊക്കെ എന്തായാലും നല്ലതു തന്നെ. എന്നിരിക്കിലും, ദേവസ്വം ബോറ്ഡ് ഇതു വരെ ഇതിനു ഒരു മറുപടി നല്‍കിയതായി പത്രങ്ങളിലൊന്നും കണ്ടില്ല. (ഇനി അഥവാ ആരങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ സവിനയം അറിയിക്കുക). എന്തായാലും അതിനെക്കുറിച്ച് ഒരു അറിവ് ലഭിക്കുന്നത് വരെ ഞാന്‍ ആകെ ഒരു സ്വപ്ന ലോകത്താണ് ഇപ്പോള്‍. കാരണം ഒരുപാട് അമ്പലങ്ങള്‍ ഒക്കെയുള്ള ഒരു നാട്ടിന്‍പുറത്തുകാരനാണ് ഈ ഞാനും. അപ്പൊ ഭാവിയില്‍ അവിടെ വരുന്ന മാറ്റങ്ങളില്‍ നമുക്കും പങ്കുണ്ടാവുമല്ലൊ. നമുക്കും നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം.

ഉട്ടൊപ്പ്യന്റെയും താരത്തിന്റെ അഭിപ്രായത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഈ കാര്യങ്ങളില്‍ നടപ്പിലാക്കാവുന്നതാണ്. അതു മാത്രവുമല്ല റേക്കോഡ് ആവുമ്പോള്‍ അതിനു ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. ‘’ വലിയ വീട്ടില്‍ ഭാറ്ഗവന്‍ പിള്ള ചെറിയ വെടി നാലു, വലിയ വെടി നാല്. ‘’ എന്നു പറയുമ്പോള്‍ തന്നെ വോളിയം കൂട്ടിയും കുറച്ചും വെടിയുടെ വലിപ്പം അഡ്ജസ്റ്റ് ചെയ്യാം. അതു കൂടാതെ ചെറിയ വെടിയുടെ കൂടെ ഇനി മീഡിയം വെടി വേണമെങ്കില്‍ അതിനും റെക്കോഡ് ആണെങ്കില്‍ സ്കോപ്പുണ്ട്.
അല്ലെങ്കില്‍ തന്നെ എത്രകാലമായി പണക്കരെന്നൊ പാവപ്പെട്ടാവരെന്നോ ഭേദമില്ലതെ വേടി വഴിപാടിനും ഒറ്റ റേറ്റ്. ഇനി അതിലും ഒരു മാറ്റം ഒക്കെ വേണ്ടെ ?. അതിനു വേണമെങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താം . ഒന്നു ആലോച്ചിച്ചു നോക്കു. കാശ് കുറഞ്ഞ രീതിയില്‍ വഴിപാട് നടത്തുന്നവറ്ക്കു വേണ്ടി സാധാരണ കാസറ്റില്‍ റെക്കോഡ് ചെയ്തു വച്ച വെടി കെള്‍പ്പിക്കാം. ഇനി കുറച്ചുകൂടി കാശ് ഉള്ളവറ്ക്കു സീഡിയിലൊ ഡി വി ഡിയിലൊ ഒക്കെ നല്ല എഫക്റ്റോടുകൂടി അങ്ങു കേള്‍പ്പിച്ചൂടെ ?. അതു കൂടാതെ കേള്‍പ്പിക്കാന്‍ പോകുന്ന സൌണ്ട് സിസ്റ്റം തന്നെ ഡിജിറ്റല്‍, ഡൊള്‍ബി  സറൌണ്ട് എന്നീ വകഭേദങ്ങളില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. അമ്പലങ്ങളില്‍ വിളിച്ചു പറയുന്നതു തന്നെ കേള്‍ക്കാന്‍ എന്ത് രസമായിരിക്കും. ‘’ വലിയ വീട്ടില്‍ ഭാറ്ഗവന്‍ പിള്ള ഡിജിറ്റല്‍ വെടി മൂന്നു, ഡോള്‍ബി വെടി അഞ്ച് , ലൌഡ് സ്പീക്കറ് വെടി രണ്ട് ‘’ .. ഹയ്യമാ എന്ത് നല്ല രസം.

നമ്മുടെ നാട്ടില്‍ കല്യാണ മമാങ്കം നടത്തുന്ന ധൂര്‍ത്തന്മാര്‍ക്ക് ഈ വെടിവഴിപാടില്‍ കൂടെ എന്തെല്ലാം അവസരങ്ങളാണ് വന്നു ചാടുന്നതെന്നു നോക്കു. അവര്‍ക്ക് ഇനി ഒരു വെടിവഴിപാട് മഹോത്സവം തന്നെ അങ്ങ് ആഘോഷിക്കാം. അവര് നടത്താന്‍ ഉദ്ധേശിക്കുന്ന വെടി വഴിപാട് അവര്‍ക്ക് അവരവരുടെ ഇഷ്ടത്തിനു നടത്താന്‍ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുക. അങ്ങനെ വരുമ്പോള്‍ വെടിശബ്ദത്തോടൊപ്പം തന്നെ ബാക്ഗ്രൌണ്ടില്‍ പഞ്ചാരി മേളമൊ അതു പോരെങ്കില്‍ നല്ല വെസ്റ്റേണ്‍ മ്യൂസിക്കോ കേള്‍പ്പിക്കാം. ഇനി കുറച്ചു കൂടുതല്‍ കാശൊക്കെ ചെലവാക്കാമെങ്കില്‍ അമ്പലത്തിന്റെ മുന്നില്‍ തന്നെ ഒരു വലിയ സ്ക്രീന്‍ വച്ച് അതില്‍ പ്രൊജക്റ്ററില്‍ കൂടെ വെടിപൊട്ടുന്ന സീനുകള്‍ കാണിക്കാം. ശബ്ദത്തോടൊപ്പം തന്നെ മാനത്തു പൊട്ടി വിടരുന്ന അമിട്ടിന്റെ സീനുകള്‍ കണ്ട് ഭക്ത ജനങ്ങള്‍ക്കു ആനന്ദിക്കാം.

നാട്ടിലെ തന്നെ വലിയ പ്രമാണിമാര്‍ക്ക് തങ്ങളുടെ അന്തസ്സിനു യോജിച്ച രീതിയില്‍ വേണമെങ്കില്‍ ഈ സീനുകളില്‍ നല്ല ഒരു റിയാലിറ്റിക്കു വേണ്ടി ചില മാറ്റങ്ങള്‍ ഒക്കെ നടത്താം. വെടിവഴിപാടിനൊപ്പം തന്നെ അനുഗ്രഹം ചൊരിയുന്ന ദേവന്മാരുടെ സീനുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. ഇതിനായി വേണമെങ്കില്‍ ടി.വി സീരിയലുകളില്‍ ദൈവവേഷം അഭിനയിക്കുന്ന നടീ നടന്മാരെ ഉപയോഗിക്കാം. ഇനി ഇതും ശബ്ദ മലിനീകരണം ആയി മാറുകയാണെങ്കില്‍ അതിനും ഒരു മാര്‍ഗം ഉണ്ട്. എത്രയൊ ചാനലുകല്‍ ഉണ്ട് നമുക്ക് അവയിലൂടെ ഈ വെടിവഴിപാട് ലൈവ് ആയി നടത്തിയാല്‍ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകില്ല. രാവിലെ മുതല്‍ എല്ലാ ചാനലുകളും അമ്പലങ്ങളില്‍ നിന്നും ലൈവ് പരിപാടി തുടങ്ങട്ടെ. ആവശ്യക്കാര്‍ ചാനലിലേക്ക് ആവശ്യത്തിനനുസരിച്ചുള്ള വെടി വഴിപാടിനു വേണ്ടി എസ്.എം.എസ് ചെയ്യട്ടെ. സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് ആ വഴിപാട് കാണാം.

ക്ഷമിക്കണം ഇത്രയും വരെ ആയപ്പൊ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു പോയി. അതു കൊണ്ട് സ്വപ്നത്തിന്റെ ബാക്കി കാണാൻ പറ്റിയില്ല. ഇനി അഥവാ ഇതിന്റെ ബാക്കി ഭാഗം ആരെങ്കിലും കണ്ടിട്ടുണ്ടേങ്കിൽ എനിക്കു എസ്.എം.എസ് ചെയ്യുക.. ചെയ്യേണ്ട ഫോർമാറ്റ് ‘’ ഐ.ഒ എന്നെ തല്ലല്ലെ സ്പസ് ഇനി ഞാൻ നന്നായിക്കോളാം’‘..

വാലന്റൈന്‍ ദിനവും ചില മെയിലുകളും.


On this day in 1931 in the morning time legendary BHAGATH SINGH, RAJGURU & SUKHDEV were hanged to their deaths. But today we (Indians) don’t even remember their names. We only celebrate Chocolate day, Hug Day, Kiss day, Valentine day, etc; At least we can pass this message to every Indians & SALUTE THEIR SACRIFICE FOR OUR COUNTRY.


I notice this only when I receive SMS from my previous boss in India.


Regards


ചിലര്‍ക്കു ഭയങ്കര രാജ്യസ്നേഹമാണ്, അതു ചില പ്രത്യേക സന്ദർഭങ്ങളിര്‍ അങ്ങു പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷെ കാണിക്കുന്നതൊ കൂടുതല്‍ പേരും വളരെ സന്തോഷത്തോടെ ഇരിക്കുന്ന സമയത്തായിരിക്കുമെന്നെയുള്ളു. പക്ഷെ രാജ്യ സ്നേഹം കാണിക്കുന്നവരുടെ ആത്മര്‍ത്ഥതയെ ആരും ചോദ്യം ചെയ്യില്ല. കാരണം അങ്ങനെ ചെയ്യുന്നവര്‍ ഒരുപക്ഷെ രാജ്യദ്രോഹികള്‍ ആയി മാറിയാലോ ?. ഫെബ്രുവരി 14, വാലന്റയിന്‍സ് ഡെ ആയി ലോകം മൊത്തം ആഘോഷിക്കുന്നു. പ്രേമിക്കുന്നവര്‍ക്കു വേണ്ടി വര്‍ഷത്തിലെ ഒരു ദിവസം ഇങ്ങനെയും മാറ്റി വച്ചിരിക്കുന്നു. അതിനു വേണ്ടി തിരഞ്ഞെടുത്ത മാസവും പൂര്‍ണ്ണതയില്ലാത ഒരു മാസം. ഒരു പക്ഷെ ശതമാനത്തില്‍ കൂടുതല്‍ പ്രണയങ്ങളും വിവാഹത്തില്‍ കലാശിക്കാത്തത് കൊണ്ടാവും ഇത്. എങ്കിലും എറ്റവും മനോഹരമായ പ്രണയങ്ങളായി കാവ്യങ്ങളില്‍ കൂടിയും കഥകളില്‍ കൂടെയും നാം മനസ്സിലാക്കിയിട്ടുള്ള പ്രണയങ്ങളില്‍ കൂടുതലും വിവാഹത്തില്‍ കലാശിച്ചിട്ടില്ല. അതില്‍ ഏറ്റവും വലുതു രാധാ കൃഷ്ണന്മാരുടെ പ്രണയം തന്നെയാണ്. കൂടാതെ റോമിയൊ ജുലിയറ്റ്, ചന്ദ്രിക രമണന്‍ ഇവയെല്ലാം മനുഷ്യമനസ്സുകളില്‍ ഒരു നൊമ്പരമുണത്തി, പ്രണയമെന്നാല്‍ ത്യാഗം എന്നാണ് എന്ന സന്ദേശത്തോടെ കടന്നു പോയതാണ്.


ഇത്രയൊക്കെ ഞാന്‍ പറയാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടൊ എന്നു ചോദിച്ചാല്‍ ഫോര്‍വെഡ് മെയില്‍ വിദഗ്ദര്‍ ഇന്നു രാവിലെ മുതല്ല് പ്രചരിപ്പിച്ച മുകളില്‍ കാണുന്ന സന്ദേശം ഒന്നു മാത്രമാണ്. ഇന്നത്തെ ദിവസം എന്റെ പല സുഹൃത്തുക്കളിള്‍ നിന്നുമായിട്ട് എനിക്കു ലഭിച്ച മെയിലില്‍ എണ്ണത്തില്‍ കൂടുതല്‍ ഇതായിരുന്നു. അയക്കുന്നവര്‍ക്കെല്ലാം ഒറ്റലക്ഷ്യമേയുള്ളു ‘’ കത്തിജ്വലിക്കുന്ന രാജ്യസ്നേഹം ‘’. ഇതുകാണുമ്പോള്‍ ഉട്ടോപ്പ്യനു തോന്നിയത് കല്ല്യാണത്തിനു വന്നു ചില പ്രകടനം കാഴ്ച വയ്ക്കുന്ന അമ്മാവന്മാരെയും അളിയന്മാരെയുമാണ്. കല്ല്യാണം നടക്കുന്ന വീട്ടിലൊ ആ വീട്ടുകാരോടോ ഒരു ആത്മാര്‍ത്ഥതയും കാണില്ല ഈ സാധനങ്ങള്‍ക്ക് എന്നാലും കല്ല്യാണത്തിന്റെ ആ ദിവസം വീട്ടിലെ കാരണവസ്ഥാനം പുള്ളിക്കാരനായിരിക്കും. പറ്റിയാല്‍ ആ ദിവസം വരന്റെയൊ വധുവിന്റെയൊ ആള്‍ക്കരുമായി ഒരു നല്ല വഴക്കും നടത്തിയിട്ടെ ഈ മഹാന്മാര്‍ പോകാറുള്ളു.


ഒരുപക്ഷെ ഈ ഒരു മെയില്‍ അയച്ചതിന്റെ പിന്നിലും ഈ അമ്മാവന്‍ അളിയന്‍ ബുദ്ധിയുള്ള എതോ മഹാ രാജ്യസ്നേഹി ആവാനെ വഴിയുള്ളു. അമ്മാവന്റെ ലക്ഷ്യവും തല്‍ക്കാലം കുളത്തില്‍ അല്പം വിഷം കലക്കുക. നമ്മക്കൊ പ്രായമായി, ആയ കാലത്തു ലവളൂമാരുടെ പിറകെ നടന്നിട്ട് ഒരുത്തിയും തിരിഞ്ഞു നോക്കിയില്ല. എന്നാപിന്നെ ഒറ്റ ഒരുത്തനും ഈ പ്രണയദിനത്തില്‍ അങ്ങോട്ട് പ്രണയിക്കണ്ട. അതു കൊണ്ട് ഈ ദിനത്തില്‍ എല്ലാ കാമുകീകാമുകന്മാരും രാവിലെ മുതല്‍ ഒരു പത്തു മിനിറ്റ് മൌന ദുഖാചരണം പിന്നീട് മുഷ്ടി ചുരുട്ടി അന്തരീക്ഷത്തില്‍ എറിഞ്ഞു കൊണ്ട് പത്തു മുദ്രാവക്യം അങ്ങ് കാച്ചട്ടെ. വൈകുന്നേരം പറ്റിയാല്‍ ഒരു നാലു റൌണ്ട് വെടിയും പൊട്ടിച്ച് രാജ്യ സ്നേഹം പ്രകടിപ്പിക്കാം. ഇതെ സമയം മെയില്‍ വിദ്വാന്‍ മൂന്നമത്തെ പെഗ്ഗില്‍ ഐസ്ക്യൂബിട്ട് കൊണ്ട് ഒരു പരിഹാസച്ചിരിയില്‍ തന്റെ രാജ്യ സ്നേഹം കണ്ടോടാ പുല്ലന്മാരെ എന്ന ചോദ്യം ഉറക്കെയുറക്കെ ചോദിക്കുന്നുണ്ടാവും.


ഭാരതാംബയെ പ്രണയിച്ച ധീര രക്ത സാക്ഷി ഭഗത് സിംഗ് വീര ചരമം പ്രാപിച്ചത് ഇതെ ഫെബ്രുവരി 14 ആണെന്നണൊ ഈ മെയില്‍ വിദ്വാന്റെ പക്ഷം ?. അതൊ ഇതു പോലെ വിശേഷ ദിവസങ്ങളില്‍ എല്ലാം നമ്മള്‍ നമ്മുടെ മഹരാഥന്മാരെ ഓര്‍ത്തുകൊണ്ട് ഇങ്ങനെയുള്ള വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാന്‍ പാടില്ല എന്നാണൊ ?. അങ്ങനെയാണെങ്കില്‍ ന്യൂ ഇയറിന്റെ പേരില്‍ അടിച്ചു പൂക്കുറ്റിയാകുന്ന നമ്മുടെ അണ്ണന്മാരും അമ്മാവന്മാരും രാജ്യസ്നേഹത്തെക്കുറിച്ച് ഒന്നു ആലോചിക്കുന്നത് നല്ലതായിരിക്കും. എന്തായാലും ചോദിച്ച ഒരു ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടില്ല എന്നു ഉട്ടോപ്പ്യനും അറിയാം. പക്ഷെ വീര ഭഗത് സിംഗ് വീര സ്വര്‍ഗം പൂകിയത് മാര്‍ച്ച് 23, 1931 എന്നാണ് ഈയുള്ളവന്റെ അറിവ്. എന്തായാലും ഇതു വായിക്കുന്നവരും തീര്‍ച്ചയായും ഈ രണ്ട് സൈറ്റുകള്‍ ഒരു ഉറപ്പിനു വേണ്ടി നോക്കുക.


http://www.whereincity.com/india/great-indians/freedom-fighters/bhagat-singh.php


http://en.wikipedia.org/wiki/Bhagat_Singh


എന്തൊക്കെയായാലും അതിരുകടക്കാതെയുള്ള എന്ത് ആഘോഷങ്ങളും എല്ലാ രാജ്യക്കാര്‍ക്കും എതു മതക്കാര്‍ക്കും ആഘോഷിക്കാം. ജീവിതത്തിന്റെ മുക്കാല്പങ്കും ദു:ഖത്തില്‍ മുങ്ങിക്കിടക്കുന്ന ജനതയെ അല്പസമയമെങ്കിലും സന്തോഷത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ക്കു കഴിഞ്ഞാല്‍ അതു വളരെ നല്ല കാര്യം തന്നെയാണ്.










സൂപ്പര്‍ സ്റ്റാര്‍ ബീരാനും എരുമപ്രയോഗവും.

നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ബീരാനിക്കാക്കും പണികിട്ടി. പണി എന്നു വച്ചാല്‍ സാധാരണ പണിയൊന്നുമല്ല നല്ല സൂപ്പര്‍ പണി തന്നെ നമ്മുടെ സൂപ്പര്‍സ്റ്റാറിനു കിട്ടി. സാധാരണ ഒരു പ്രേക്ഷകനും വിശ്വസിക്കാന്‍ പറ്റില്ല സൂപ്പര്‍സ്റ്റാര്‍ ബീരാനിക്കാക്കു പണി കിട്ടി എന്നു കേട്ടാല്‍. കാരണം സരസനും നിഷ്കളങ്കനും സര്‍വോപരി ഒരു പ്രശ്നങ്ങള്‍ക്കും ചെന്നു തലയിടാത്ത ഒരു പാവത്താനുമാണു നമ്മുടെ സൂപ്പര്‍സ്റ്റാര്‍ ബീരാര്‍. സിനിമാ ലോകത്ത് ബീരാനെ പോലെ ബീരാന്‍ മാത്രമെ കാണു. കേരളത്തിന്റെ തനതു കലയായ ഓട്ടന്തുള്ളല്‍ രംഗത്തു നിന്നും സിനിമയില്‍ എത്തി സൂപ്പര്‍സ്റ്റാര്‍ ആയ ആദ്യത്തെ കലാകാരന്‍ ആണ് ബീരാനിക്ക. ബീരാനിക്കായുടെ പ്രശസ്തി കൊച്ചു കേരളത്തില്‍ മാത്രം ഒതുങ്ങിയില്ല ചെക്ക്പോസ്റ്റും കടന്ന് തമിഴ് നാട്ടിലും എത്തി. അവിടുത്തെ ജനങ്ങളും സൂപ്പര്‍സ്റ്റാര്‍ ബീരാനെ രണ്ടുകയ്യും നീട്ടി അങ്ങു സ്വീകരിച്ചു. അതോടെ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തിളങ്ങാന്‍ നമ്മുടെ ബീരാനിക്കാക്കു കഴിഞ്ഞു. ബീരാനിക്കാടെ പേരില്‍ ഒരു അമ്പലം വരെ കെട്ടാന്‍ നമ്മുടെ അണ്ണാച്ചിമാര്‍ പരിപാടി ഇട്ടു. തല്‍ക്കാലം അമ്പലം ഇല്ലാത്തത് കൊണ്ട് ദിവസവും ലിറ്ററു കണക്കിനു പാല്‍ ആണ് ബീരാനിക്കായുടെ ഫെക്സ്ബോറ്ഡില്‍ ഒഴിച്ചു കളയുന്നത്. വീട്ടിക്കെടക്കണ പിള്ളേരു പാലു കുടിച്ചില്ലേലെന്താ ബീരാനിക്കാടെ ഫ്ലക്സ് കുടിക്കുന്നുണ്ടല്ലൊ !

പക്ഷെ അങ്ങനെയുള്ള ബീരാനിക്കായെയണ് നമ്മുടെ അണ്ണാച്ചിമാര്‍ എല്ലാം കൂടെ ഇപ്പൊ തെറി കൊണ്ടഭിഷേകം നടത്തുന്നത്. കാരണം മറ്റൊന്നുമല്ല ബീരാനിക്ക ഒരു സംസഥാനത്തെ മൊത്തം ലേഡീസിനേം ഒന്നടങ്കം അധിക്ഷേപിച്ചു പോലും. പാവം നമ്മുടെ ബീരാനിക്ക ഇപ്പൊ ഓടി നടന്നു മാപ്പു പറച്ചിലിലാണ്. കാരണം നടക്കുന്നത് ഇങ്ങനെ –

ബീരാനിക്കടെ എറ്റവും പുതിയ മലയാളം സിനിമയാണ് ‘’പുയ്യാപ്ലമാര്‍ സന്തോഷത്തില്‍’‘. പടം ഇറങ്ങിയതും ഒടുക്കത്തെ ഹിറ്റ്. അപ്പൊപ്പിന്നെ നമ്മുടെ ചാനലുകാര്‍ ചുമ്മാതെ ഇരിക്കുമൊ, ഡെയ്ലി സിനിമയിലെ നടന്മാരെയും നടിമാരെയും സംഘടിപ്പിച്ച് പരിപാടികള്‍. അങ്ങനെ ഒരു ചാനലില്‍ നടന്ന ടോക് ഷോയില്‍ കഷ്ടകാലത്തിനു നമ്മുടെ ബീരാനിക്കയും പങ്കെടുത്തു. സിനിമയില്‍ നമ്മുടെ ബീരാനിക്ക ഭാര്യ ഇല്ലാത്ത സമയത്ത് വീട്ടിലെ വേലക്കാരിയെ കയറി പിടിക്കുന്ന ഒരു രംഗം ഉണ്ടത്രെ. സിനിമയില്‍ രസകരമായ ഈ രംഗത്തെക്കുറിച്ച് നമ്മുടെ അഭിനവ കേരള അവതാരക മങ്ക ഒരു ചോദ്യം അങ്ങു ചോദിച്ചു നമ്മുടെ സൂപ്പര്‍സ്റ്റാറിനോട്.


‘’ ചേറ്റാ സിന്മേലെ പോലെ വീറ്റിലെ വേലക്കാരിയെ ചേറ്റന്‍ ചേറ്റന്റെ വൈഫ് ഇല്ലാതെ നേറ്ത്ത് കേരി പിടിക്കാറുണ്ടോ ?.’‘ എന്നിട്ട് അവതാര മങ്ക കോഴി കൊക്കുന്ന പൊലെ കിടന്നു ചിരിക്കാനും തുടങ്ങി ഏതാണ്ട് ഒടുക്കത്തെ കോമഡി അടിച്ച മാതിരി.

പക്ഷെ നമ്മുടെ പാവം, നിഷ്കളങ്കനായ ബീരാനിക്ക ആ ചോദ്യത്തിനു കൊടുത്ത മറുപടിയും നിറ്ദ്ദോഷമായ ഒരു കോമഡിയായിരുന്നു പണ്ട് ഓട്ടന്‍ തുള്ളലിന്റെ ഇടക്കു പ്രേക്ഷകരെ രസിപ്പിക്കാന്‍ ഇറക്കുന്ന കോമഡി നമ്പറ് പോലെ ഒരു ചെറിയ നമ്പര്‍ അങ്ങു ഇറക്കി. ‘’ അതെങ്ങനെ പറ്റും, സൂറാബി 24 മണീക്കൂറും വീട്ടിത്തന്നെ കാണും. പിന്നെ പിടിക്കാനൊക്കെ എങ്ങനെ പറ്റും. അതുമാത്രമല്ല കൊച്ചെ, വീട്ടില്‍ നിക്കുന്ന വേലക്കാരി കൊച്ചിനാണെങ്കില്‍ പത്തുനാപ്പത്തഞ്ചു വയസ്സൊക്കെയുണ്ട്. കറുത്തു തടിച്ച് എരുമയെപ്പോലെ ഇരിക്കുന്ന ഒരു തമിഴത്തിയാണ് വീട്ടില്‍ നില്ക്കുന്നത് ‘’.

സംഗതി കേട്ട് എല്ലാരും ചിരിച്ചു. നമ്മുടെ അവതാരക മങ്കയാണെങ്കില്‍ ചിരി നിറുത്തുന്നില്ല. അങ്ങനെ ആ ടോക് ഷൊ ഒരു കോമഡി സിനിമയായി അവിടെ തീര്‍ന്നു. പക്ഷെ ഈ സംഗതി നമ്മുടെ തമിഴ് നാട്ടില്‍ റിലീസ് ആയത് ഒരു ട്രാജഡി സിനിമ ആയിട്ടാണ്. ഇതു കേട്ട ഏതൊ ദുഷ്ട ശക്തികള്‍ നമ്മുടെ ബീരാന്‍ സകല തമിഴ് പെണ്ണുങ്ങളെയും എരുമ എന്നു വിളിച്ചു എന്നങ്ങു വരുത്തി തീര്‍ത്തു. തമിഴ്നാട്ടിലാണെങ്കില്‍ ഒരു സിനിമയില് അഭിനയിച്ച നടനും എതേലും സിനിമക്കു ക്ലാപ്പടിച്ചവനും വരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ട്. അങ്ങനെയുള്ള ഒരു സിനിമാക്കരന്റെ രാഷ്ടീയ സംഘടന ഈ എരുമ വിളിയെ അങ്ങ് ഏറ്റെടുത്തു. ആകെ സംഘടനയില്‍ ഉള്ള പത്തു പേരുമായി അങ്ങു പ്രകടനം തുടങ്ങി. അതോടെ രംഗം കൂടുതല്‍ വഷളായി. അഭിമാനത്തിനു ക്ഷതം തട്ടിയതും തട്ടാത്തതുമയ എല്ലാ തമിഴ് മക്കളും ഒരുമിച്ച് കൂടി പാവം ബീരാന്റെ കോലം കത്തിച്ചു. പിന്നെ നല്ല തമിഴ് മുദ്രാവക്യം വിളിച്ചു തുടങ്ങി. തമിഴ് മുദ്രാവാക്യം വിളിച്ചു വിളിച്ചു അവസാനം നല്ല അരുമയാന തെറികളില്‍ എത്തി. സംഭവം വഷളാകുന്നത് കണ്ട് തമിഴ് നാട് പോലീസ് ബീരാന്റെ വീട്ടിനു ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. മലവെള്ളം വരുന്ന പോലെ വരുന്ന ജനങ്ങളെ നേരിടാനായി നാലു പോലീസുകാരെ അങ്ങു കാവലിനും ഇട്ടു.

ദോഷം പറയരുതല്ലൊ പ്രകടനക്കാര് വരുന്നതു കണ്ട് നമ്മുടെ പോലീസ് ഏമാന്മറ് നേരെ അടുത്തുള്ള മുറുക്കാന്‍ കടയില് ചെന്നു സോഡയും മേടിച്ചു കുടിച്ചു കൊണ്ടു നിന്നു. അല്ലെങ്കിലും നാലു പേരുകൂട്ടം ചേറ്ന്നു വന്നാ പിന്നെ ഡാം പൊട്ടി ഒഴുകുന്ന മാതിരി മൂത്രമൊഴിക്കുന്ന പോലീസാ കാവലിനു നിന്നത്, നൂറുപേരെയൊക്കെ ഒറ്റക്കു നിന്നു അടിക്കും (!) നമ്മടെ അണ്ണ സിനിമയില് അതു കണ്ട് കയ്യടിക്കാനെ നമ്മക്കു പറ്റു.  പ്രകടനക്കാരു നേരെ ബീരാന്റെ വീടിന്റെ മുന്നില്‍ കിടന്ന കാര്‍ അങ്ങ് തല്ലി തകറ്ത്തു. പിന്നെ ജനാലചില്ലൊക്കെ എറിഞ്ഞുടച്ചു. നോക്കിയപ്പൊ ദാ വരുന്നു നമ്മടെ കഥാ നായിക നാല്‍പ്പ്പത്തഞ്ചിനു മുകളില്‍ പ്രായമുള്ള വേലക്കാരിക്കുട്ടി, കടയില് നിന്നും എതാണ്ട് സാധനവും മേടിച്ചു കൊണ്ടാണ് വരവ്. പ്രകടനക്കാര്‍ നായികയെ നല്ല നാലു തെറികൊണ്ടങ്ങ് അഭിഷേകം നടത്തി. എന്നിട്ടു ഒരു വിരട്ടും ‘’ കേറിപ്പോങ്കടി എരുമേ വീട്ടുക്കുള്ളെ ‘’. അതോടെ നായിക അപ്രത്യക്ഷം. സൂറാബി എന്തായാലും നേരത്തെ കയറി കതകടച്ചതു കോണ്ട് രക്ഷപ്പെട്ടു. അരിശം തീരാത്ത പ്രകടനക്കാറ് വീട്ടിനകത്ത് തീകത്തിച്ചിട്ടു. പാവം ബീരാനു അഭിനയിച്ചു കിട്ടിയ ചില അവാറ്ഡ്കളും അങ്ങനെ തീ കൊണ്ട് പോയി. പത്തു പന്ത്രണ്ട് മിനിറ്റ് ദപ്പാങ്കൂത്തു നടത്തിയ പ്രകടനക്കാറ് പല വഴികളിലായി പോയി.

പാവം ബീരാനിക്ക ഇതറിഞ്ഞു നേരെ ചെന്നൈലേക്കു വച്ചു പിടിച്ചു. കണ്ണില് കണ്ട സകല അണ്ണാച്ചിമാരുടെയും കാലില് വീഴാന് തുടങ്ങി. ‘’ അണ്ണൈ മന്നിച്ചിടുങ്കൊ, നാങ്ക സുമ്മ സൊന്നത്, സുമ്മ കോമഡിക്കാക സൊന്നത്. എന്നോട പസങ്ക തമിഴ് സ്കൂളിലെ പഠിക്കിറത്. അവങ്ക നല്ലപടിയ തമിഴ് പേസുവാങ്കള് (എന്നെ പോലെ അല്ല). എന്നൊട ഉമ്മ തമിഴ് മങ്ക. ബാപ്പക്കു തമിഴ് എന്ന രൊമ്പപ്പുടിക്കും. നമ്മ ഊരുമൊത്തമാ തമിഴ് നാട്ടൊടെ അരിയെ സാപ്പിടുവാങ്ക. കടവുള് സത്യം നാങ്ക ഇപ്പടിയെല്ലാം സൊല്ലമാട്ട. നിജമാ സൊല്ലമാട്ട ‘’.

പക്ഷെ കഥ അവിടെ തീരുന്നൊ ഇല്ല..

ഇങ്ങു കേരളത്തിലും അങ്ങ് തമിഴ് നാട്ടിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു..

ബീരാനു പണികൊടുത്തത് ആര് ?..

ബീരാനു അങ്ങനെ പറയാന്‍ കൊള്ളാമൊ ?...

കേരളത്തിലെ സിനിമാ മാഫിയകള്‍ക്ക് ഈ പ്രശ്നത്തില്‍ പങ്കുണ്ടൊ ?...

മുല്ലപ്പെരിയാറ് പ്രശ്നവും ബീരാന്റെ എരുമപ്രയോഗവും തമ്മില്‍ എന്താണു ബന്ധം .?

ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്, എന്തെങ്കിലും തീരുമാനം ആകാതെ ഇരിക്കില്ല..

പക്ഷെ ഈ കാര്യത്തില്‍ ഉട്ടോപ്പ്യനും താരത്തിനും ഒരു അഭിപ്രായമെ ഉള്ളു.

എന്റെ പൊന്നു ബീരാനിക്ക. ചാനലില് കെടന്നു വെരക്കുന്ന ലവളുമാര്‍ക്ക് എന്ത് ചോദ്യവും ചോദിക്കാം, നല്ല തൊലിക്കട്ടിയാണ്. പക്ഷെ അവളുമാരു ചോദിക്കുന്ന അന്തമില്ലാത്ത ചോദ്യത്തിനു വിവരമുള്ള ബീരാനിക്കയെ പോലത്തെ ആള്‍ക്കാര്‍ തലയും വാലുമില്ലാതെ കോമഡി അടിക്കാന്‍ നിന്നാല്‍ അവസാന സീനില് ഇങ്ങനെ ട്രാജഡി ആയി പോകും.  ഇനിയിപ്പൊ തമിഴ് നാട്ടുകാര് ഈ സംഭവം പ്രശ്നമാക്കിയില്ല എന്നിരിക്കട്ടെ,  നമ്മുടെ ചാനല്‍ വേന്ദ്രന്മാറ് തന്നെ പിറ്റെ ദിവസം ‘ സൂപ്പര്‍‍സ്റ്റാര്‍ ബീരാന്റെ വംശിയാധിക്ഷേപം, തമിഴ് ജനതക്കു നേരെ ‘ എന്നു വാറ്ത്ത കൊടുത്തെനെ.
ഇതിപ്പൊ കാര്യങ്ങള്‍ ഇത്രയില്‍ ഒതുങ്ങി എന്നു സാമാധാനിക്കാം………….