നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ബീരാനിക്കാക്കും പണികിട്ടി. പണി എന്നു വച്ചാല്‍ സാധാരണ പണിയൊന്നുമല്ല നല്ല സൂപ്പര്‍ പണി തന്നെ നമ്മുടെ സൂപ്പര്‍സ്റ്റാറിനു കിട്ടി. സാധാരണ ഒരു പ്രേക്ഷകനും വിശ്വസിക്കാന്‍ പറ്റില്ല സൂപ്പര്‍സ്റ്റാര്‍ ബീരാനിക്കാക്കു പണി കിട്ടി എന്നു കേട്ടാല്‍. കാരണം സരസനും നിഷ്കളങ്കനും സര്‍വോപരി ഒരു പ്രശ്നങ്ങള്‍ക്കും ചെന്നു തലയിടാത്ത ഒരു പാവത്താനുമാണു നമ്മുടെ സൂപ്പര്‍സ്റ്റാര്‍ ബീരാര്‍. സിനിമാ ലോകത്ത് ബീരാനെ പോലെ ബീരാന്‍ മാത്രമെ കാണു. കേരളത്തിന്റെ തനതു കലയായ ഓട്ടന്തുള്ളല്‍ രംഗത്തു നിന്നും സിനിമയില്‍ എത്തി സൂപ്പര്‍സ്റ്റാര്‍ ആയ ആദ്യത്തെ കലാകാരന്‍ ആണ് ബീരാനിക്ക. ബീരാനിക്കായുടെ പ്രശസ്തി കൊച്ചു കേരളത്തില്‍ മാത്രം ഒതുങ്ങിയില്ല ചെക്ക്പോസ്റ്റും കടന്ന് തമിഴ് നാട്ടിലും എത്തി. അവിടുത്തെ ജനങ്ങളും സൂപ്പര്‍സ്റ്റാര്‍ ബീരാനെ രണ്ടുകയ്യും നീട്ടി അങ്ങു സ്വീകരിച്ചു. അതോടെ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തിളങ്ങാന്‍ നമ്മുടെ ബീരാനിക്കാക്കു കഴിഞ്ഞു. ബീരാനിക്കാടെ പേരില്‍ ഒരു അമ്പലം വരെ കെട്ടാന്‍ നമ്മുടെ അണ്ണാച്ചിമാര്‍ പരിപാടി ഇട്ടു. തല്‍ക്കാലം അമ്പലം ഇല്ലാത്തത് കൊണ്ട് ദിവസവും ലിറ്ററു കണക്കിനു പാല്‍ ആണ് ബീരാനിക്കായുടെ ഫെക്സ്ബോറ്ഡില്‍ ഒഴിച്ചു കളയുന്നത്. വീട്ടിക്കെടക്കണ പിള്ളേരു പാലു കുടിച്ചില്ലേലെന്താ ബീരാനിക്കാടെ ഫ്ലക്സ് കുടിക്കുന്നുണ്ടല്ലൊ !

പക്ഷെ അങ്ങനെയുള്ള ബീരാനിക്കായെയണ് നമ്മുടെ അണ്ണാച്ചിമാര്‍ എല്ലാം കൂടെ ഇപ്പൊ തെറി കൊണ്ടഭിഷേകം നടത്തുന്നത്. കാരണം മറ്റൊന്നുമല്ല ബീരാനിക്ക ഒരു സംസഥാനത്തെ മൊത്തം ലേഡീസിനേം ഒന്നടങ്കം അധിക്ഷേപിച്ചു പോലും. പാവം നമ്മുടെ ബീരാനിക്ക ഇപ്പൊ ഓടി നടന്നു മാപ്പു പറച്ചിലിലാണ്. കാരണം നടക്കുന്നത് ഇങ്ങനെ –

ബീരാനിക്കടെ എറ്റവും പുതിയ മലയാളം സിനിമയാണ് ‘’പുയ്യാപ്ലമാര്‍ സന്തോഷത്തില്‍’‘. പടം ഇറങ്ങിയതും ഒടുക്കത്തെ ഹിറ്റ്. അപ്പൊപ്പിന്നെ നമ്മുടെ ചാനലുകാര്‍ ചുമ്മാതെ ഇരിക്കുമൊ, ഡെയ്ലി സിനിമയിലെ നടന്മാരെയും നടിമാരെയും സംഘടിപ്പിച്ച് പരിപാടികള്‍. അങ്ങനെ ഒരു ചാനലില്‍ നടന്ന ടോക് ഷോയില്‍ കഷ്ടകാലത്തിനു നമ്മുടെ ബീരാനിക്കയും പങ്കെടുത്തു. സിനിമയില്‍ നമ്മുടെ ബീരാനിക്ക ഭാര്യ ഇല്ലാത്ത സമയത്ത് വീട്ടിലെ വേലക്കാരിയെ കയറി പിടിക്കുന്ന ഒരു രംഗം ഉണ്ടത്രെ. സിനിമയില്‍ രസകരമായ ഈ രംഗത്തെക്കുറിച്ച് നമ്മുടെ അഭിനവ കേരള അവതാരക മങ്ക ഒരു ചോദ്യം അങ്ങു ചോദിച്ചു നമ്മുടെ സൂപ്പര്‍സ്റ്റാറിനോട്.


‘’ ചേറ്റാ സിന്മേലെ പോലെ വീറ്റിലെ വേലക്കാരിയെ ചേറ്റന്‍ ചേറ്റന്റെ വൈഫ് ഇല്ലാതെ നേറ്ത്ത് കേരി പിടിക്കാറുണ്ടോ ?.’‘ എന്നിട്ട് അവതാര മങ്ക കോഴി കൊക്കുന്ന പൊലെ കിടന്നു ചിരിക്കാനും തുടങ്ങി ഏതാണ്ട് ഒടുക്കത്തെ കോമഡി അടിച്ച മാതിരി.

പക്ഷെ നമ്മുടെ പാവം, നിഷ്കളങ്കനായ ബീരാനിക്ക ആ ചോദ്യത്തിനു കൊടുത്ത മറുപടിയും നിറ്ദ്ദോഷമായ ഒരു കോമഡിയായിരുന്നു പണ്ട് ഓട്ടന്‍ തുള്ളലിന്റെ ഇടക്കു പ്രേക്ഷകരെ രസിപ്പിക്കാന്‍ ഇറക്കുന്ന കോമഡി നമ്പറ് പോലെ ഒരു ചെറിയ നമ്പര്‍ അങ്ങു ഇറക്കി. ‘’ അതെങ്ങനെ പറ്റും, സൂറാബി 24 മണീക്കൂറും വീട്ടിത്തന്നെ കാണും. പിന്നെ പിടിക്കാനൊക്കെ എങ്ങനെ പറ്റും. അതുമാത്രമല്ല കൊച്ചെ, വീട്ടില്‍ നിക്കുന്ന വേലക്കാരി കൊച്ചിനാണെങ്കില്‍ പത്തുനാപ്പത്തഞ്ചു വയസ്സൊക്കെയുണ്ട്. കറുത്തു തടിച്ച് എരുമയെപ്പോലെ ഇരിക്കുന്ന ഒരു തമിഴത്തിയാണ് വീട്ടില്‍ നില്ക്കുന്നത് ‘’.

സംഗതി കേട്ട് എല്ലാരും ചിരിച്ചു. നമ്മുടെ അവതാരക മങ്കയാണെങ്കില്‍ ചിരി നിറുത്തുന്നില്ല. അങ്ങനെ ആ ടോക് ഷൊ ഒരു കോമഡി സിനിമയായി അവിടെ തീര്‍ന്നു. പക്ഷെ ഈ സംഗതി നമ്മുടെ തമിഴ് നാട്ടില്‍ റിലീസ് ആയത് ഒരു ട്രാജഡി സിനിമ ആയിട്ടാണ്. ഇതു കേട്ട ഏതൊ ദുഷ്ട ശക്തികള്‍ നമ്മുടെ ബീരാന്‍ സകല തമിഴ് പെണ്ണുങ്ങളെയും എരുമ എന്നു വിളിച്ചു എന്നങ്ങു വരുത്തി തീര്‍ത്തു. തമിഴ്നാട്ടിലാണെങ്കില്‍ ഒരു സിനിമയില് അഭിനയിച്ച നടനും എതേലും സിനിമക്കു ക്ലാപ്പടിച്ചവനും വരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉണ്ട്. അങ്ങനെയുള്ള ഒരു സിനിമാക്കരന്റെ രാഷ്ടീയ സംഘടന ഈ എരുമ വിളിയെ അങ്ങ് ഏറ്റെടുത്തു. ആകെ സംഘടനയില്‍ ഉള്ള പത്തു പേരുമായി അങ്ങു പ്രകടനം തുടങ്ങി. അതോടെ രംഗം കൂടുതല്‍ വഷളായി. അഭിമാനത്തിനു ക്ഷതം തട്ടിയതും തട്ടാത്തതുമയ എല്ലാ തമിഴ് മക്കളും ഒരുമിച്ച് കൂടി പാവം ബീരാന്റെ കോലം കത്തിച്ചു. പിന്നെ നല്ല തമിഴ് മുദ്രാവക്യം വിളിച്ചു തുടങ്ങി. തമിഴ് മുദ്രാവാക്യം വിളിച്ചു വിളിച്ചു അവസാനം നല്ല അരുമയാന തെറികളില്‍ എത്തി. സംഭവം വഷളാകുന്നത് കണ്ട് തമിഴ് നാട് പോലീസ് ബീരാന്റെ വീട്ടിനു ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. മലവെള്ളം വരുന്ന പോലെ വരുന്ന ജനങ്ങളെ നേരിടാനായി നാലു പോലീസുകാരെ അങ്ങു കാവലിനും ഇട്ടു.

ദോഷം പറയരുതല്ലൊ പ്രകടനക്കാര് വരുന്നതു കണ്ട് നമ്മുടെ പോലീസ് ഏമാന്മറ് നേരെ അടുത്തുള്ള മുറുക്കാന്‍ കടയില് ചെന്നു സോഡയും മേടിച്ചു കുടിച്ചു കൊണ്ടു നിന്നു. അല്ലെങ്കിലും നാലു പേരുകൂട്ടം ചേറ്ന്നു വന്നാ പിന്നെ ഡാം പൊട്ടി ഒഴുകുന്ന മാതിരി മൂത്രമൊഴിക്കുന്ന പോലീസാ കാവലിനു നിന്നത്, നൂറുപേരെയൊക്കെ ഒറ്റക്കു നിന്നു അടിക്കും (!) നമ്മടെ അണ്ണ സിനിമയില് അതു കണ്ട് കയ്യടിക്കാനെ നമ്മക്കു പറ്റു.  പ്രകടനക്കാരു നേരെ ബീരാന്റെ വീടിന്റെ മുന്നില്‍ കിടന്ന കാര്‍ അങ്ങ് തല്ലി തകറ്ത്തു. പിന്നെ ജനാലചില്ലൊക്കെ എറിഞ്ഞുടച്ചു. നോക്കിയപ്പൊ ദാ വരുന്നു നമ്മടെ കഥാ നായിക നാല്‍പ്പ്പത്തഞ്ചിനു മുകളില്‍ പ്രായമുള്ള വേലക്കാരിക്കുട്ടി, കടയില് നിന്നും എതാണ്ട് സാധനവും മേടിച്ചു കൊണ്ടാണ് വരവ്. പ്രകടനക്കാര്‍ നായികയെ നല്ല നാലു തെറികൊണ്ടങ്ങ് അഭിഷേകം നടത്തി. എന്നിട്ടു ഒരു വിരട്ടും ‘’ കേറിപ്പോങ്കടി എരുമേ വീട്ടുക്കുള്ളെ ‘’. അതോടെ നായിക അപ്രത്യക്ഷം. സൂറാബി എന്തായാലും നേരത്തെ കയറി കതകടച്ചതു കോണ്ട് രക്ഷപ്പെട്ടു. അരിശം തീരാത്ത പ്രകടനക്കാറ് വീട്ടിനകത്ത് തീകത്തിച്ചിട്ടു. പാവം ബീരാനു അഭിനയിച്ചു കിട്ടിയ ചില അവാറ്ഡ്കളും അങ്ങനെ തീ കൊണ്ട് പോയി. പത്തു പന്ത്രണ്ട് മിനിറ്റ് ദപ്പാങ്കൂത്തു നടത്തിയ പ്രകടനക്കാറ് പല വഴികളിലായി പോയി.

പാവം ബീരാനിക്ക ഇതറിഞ്ഞു നേരെ ചെന്നൈലേക്കു വച്ചു പിടിച്ചു. കണ്ണില് കണ്ട സകല അണ്ണാച്ചിമാരുടെയും കാലില് വീഴാന് തുടങ്ങി. ‘’ അണ്ണൈ മന്നിച്ചിടുങ്കൊ, നാങ്ക സുമ്മ സൊന്നത്, സുമ്മ കോമഡിക്കാക സൊന്നത്. എന്നോട പസങ്ക തമിഴ് സ്കൂളിലെ പഠിക്കിറത്. അവങ്ക നല്ലപടിയ തമിഴ് പേസുവാങ്കള് (എന്നെ പോലെ അല്ല). എന്നൊട ഉമ്മ തമിഴ് മങ്ക. ബാപ്പക്കു തമിഴ് എന്ന രൊമ്പപ്പുടിക്കും. നമ്മ ഊരുമൊത്തമാ തമിഴ് നാട്ടൊടെ അരിയെ സാപ്പിടുവാങ്ക. കടവുള് സത്യം നാങ്ക ഇപ്പടിയെല്ലാം സൊല്ലമാട്ട. നിജമാ സൊല്ലമാട്ട ‘’.

പക്ഷെ കഥ അവിടെ തീരുന്നൊ ഇല്ല..

ഇങ്ങു കേരളത്തിലും അങ്ങ് തമിഴ് നാട്ടിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു..

ബീരാനു പണികൊടുത്തത് ആര് ?..

ബീരാനു അങ്ങനെ പറയാന്‍ കൊള്ളാമൊ ?...

കേരളത്തിലെ സിനിമാ മാഫിയകള്‍ക്ക് ഈ പ്രശ്നത്തില്‍ പങ്കുണ്ടൊ ?...

മുല്ലപ്പെരിയാറ് പ്രശ്നവും ബീരാന്റെ എരുമപ്രയോഗവും തമ്മില്‍ എന്താണു ബന്ധം .?

ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്, എന്തെങ്കിലും തീരുമാനം ആകാതെ ഇരിക്കില്ല..

പക്ഷെ ഈ കാര്യത്തില്‍ ഉട്ടോപ്പ്യനും താരത്തിനും ഒരു അഭിപ്രായമെ ഉള്ളു.

എന്റെ പൊന്നു ബീരാനിക്ക. ചാനലില് കെടന്നു വെരക്കുന്ന ലവളുമാര്‍ക്ക് എന്ത് ചോദ്യവും ചോദിക്കാം, നല്ല തൊലിക്കട്ടിയാണ്. പക്ഷെ അവളുമാരു ചോദിക്കുന്ന അന്തമില്ലാത്ത ചോദ്യത്തിനു വിവരമുള്ള ബീരാനിക്കയെ പോലത്തെ ആള്‍ക്കാര്‍ തലയും വാലുമില്ലാതെ കോമഡി അടിക്കാന്‍ നിന്നാല്‍ അവസാന സീനില് ഇങ്ങനെ ട്രാജഡി ആയി പോകും.  ഇനിയിപ്പൊ തമിഴ് നാട്ടുകാര് ഈ സംഭവം പ്രശ്നമാക്കിയില്ല എന്നിരിക്കട്ടെ,  നമ്മുടെ ചാനല്‍ വേന്ദ്രന്മാറ് തന്നെ പിറ്റെ ദിവസം ‘ സൂപ്പര്‍‍സ്റ്റാര്‍ ബീരാന്റെ വംശിയാധിക്ഷേപം, തമിഴ് ജനതക്കു നേരെ ‘ എന്നു വാറ്ത്ത കൊടുത്തെനെ.
ഇതിപ്പൊ കാര്യങ്ങള്‍ ഇത്രയില്‍ ഒതുങ്ങി എന്നു സാമാധാനിക്കാം………….