ഒരു ദിവസം കുറെ അഥിതികള്‍ ഉട്ടോപ്പ്യനെ കാണാനെത്തി. വകയിലെ ഒരു അമ്മാവനും പിന്നെ അദ്ധേഹത്തിന്റെ മകളും ഭര്‍ത്താവും. നമ്മുടെ അമ്മാവനാണെങ്കില്‍ അല്‍പ്പം പൊങ്ങച്ചത്തിന്റെ ആളാണ്. ഇപ്പോഴും താന്‍ ഒരു സൂപ്പര്‍മാനാണ് എന്നാണു ഭാവം. അതുകൊണ്ട് പുള്ളിക്കാരന്‍ഇടയ്ക്കിടയ്ക്ക് പുതിയ തലമുറയെ അങ്ങ് കളിയാക്കും. പുള്ളിക്കാരന്റെ അഭിപ്രായത്തില്‍ പുതിയ തലമുറയിലെ ആള്‍ക്കാരൊക്കെ ‘’ബ്രൊയ്ലറ് ചിക്കന്സ്’‘ ആണ്.

             ഉട്ടൊപ്പ്യന് അഥിതികളെ സ്വീകരിച്ചിരുത്തി. ഉട്ടൊപ്പ്യന്റെ മകന് സ്വികരണമുറിയില് ഇരുന്നു കളിക്കുന്നുണ്ടായിരുന്നു അപ്പോള്‍. പക്ഷെ അഥിതികള്‍ വന്നിട്ടൊന്നും ചെക്കനു ഒരു മൈന്‍ഡുമില്ല. സാധാരണ ആരെങ്കിലും ഒക്കെ വന്നാല്‍ അവര്‍ക്ക് ഒരു സ്വൈര്യവും കൊടുക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചു കൊണ്ട് അവരുടെ പിറകെ കാണും. ഇത്തവണ ഒരു അനക്കവുമില്ല. അവരാകട്ടെ കുട്ടിക്കായി ചോക്കളേറ്റ് ഒക്കെ മേടിച്ചു കൊണ്ടു വന്നിരുന്നു അതൊക്കെ കൊടുത്തിട്ടും ഒരു അനക്കവുമില്ല. അവസാനം ഉട്ടോപ്പ്യന് കുട്ടിയോട് ചോദിച്ചു ‘’ ടാ മോനായി, നീ എന്താടാ അങ്കിളിനോട് ഒന്നും മിണ്ടാത്തത് ?’‘.

            അപ്പൊ തന്നെ കുട്ടി നല്ല സത്യസന്ധമായി ഉത്തരം കൊടുത്തു ‘’ ങും എന്നിട്ടു വേണം ഇവരെല്ലാം പോയതിനു ശേഷം, കൊച്ചു വായിലാണോടാ വലിയ വറ്ത്തമാനം പറയുന്നത് എന്നു ചോദിച്ച് പപ്പ എന്നെ വഴക്കു പറയാന് ‘’
                              
       ഉത്തരം കേട്ടപ്പൊ മൂപ്പിലാനു ഭയങ്കര സന്തോഷം. ‘’ എടാ മിടുക്കാ. നീ കൊള്ളാമല്ലൊ. ഇങ്ങോട്ട് വന്നെ അങ്കിള് വിശേഷങ്ങളൊക്കെ ചോദിക്കട്ടെ ‘’. എന്നു പറഞ്ഞു കൊണ്ട് കുട്ടിയെ അടുത്തു വിളിച്ചിരുത്തി. പിന്നെ കുട്ടിയുടെ കൂടെ വേറെ ഒരു കുട്ടിയായി തമാശയും ചിരിയുമൊക്കെ ആയി അങ്ങ് കൂടി. കുറച്ചു സമയം കഴിഞ്ഞ് എല്ലാരും ഭക്ഷണം കഴിക്കാനായിട്ട് ഇരുന്നു. നമ്മുടെ ഉട്ടോപ്പ്യന്‍ നല്ല വിഭവാമൃദ്ദമായ ഭക്ഷണം തന്നെ ഒരുക്കിയിരുന്നു അതിഥികള്‍ക്ക് വേണ്ടി. പ്രധാന വിഭവം ചിക്കനായിരുന്നു. ഉട്ടോപ്പ്യന്‍ ചിക്കന്‍ കഴിക്കില്ല, എങ്കിലും അതിഥികള്‍ക്കായിട്ട് നല്ല ചിക്കന്‍ ഫ്രൈ ഒക്കെ ഉണ്ടാക്കി വച്ചു. പക്ഷെ വന്ന അതിഥികളില്‍ നമ്മുടെ മൂപ്പിലാന്റെ മരുമകന്‍ ചിക്കന്‍ കഴിക്കില്ല, പുള്ളിക്കാരനു ചെറിയ പൈത്സിന്റെ അസ്കിത ഉണ്ടെന്ന്. പിന്നെ മകളാവട്ടെ വറുത്തതും പൊരിച്ചതും ഒന്നു കഴിക്കില്ല ഡയറ്റിങിലാണ് പോലും, ദേഹം തടിച്ചു പോയാല്‍ പിന്നെ ലോ‍കസൌന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലോ ?.

                   ഇതൊക്കെ കണ്ടതും നമ്മുടെ അമ്മവന്റെയുള്ളിലെ  സൂപ്പര്‍മാന്‍ സടകുടഞ്ഞെഴുന്നേറ്റു. മൂപ്പിലാന്‍ എല്ലാരും കേള്‍ക്കെ തന്നെ അങ്ങ് വിളിച്ചു പറഞ്ഞു. ‘’ ഇന്നത്തെ തലമുറയെ എന്തിനു കൊള്ളാം ?  എന്തൊക്കെ നിയന്ത്രണങ്ങളാ ?. അതൊക്കെ നമ്മുടെ തലമുറ. എന്നെ നോക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളാരും ചിക്കന്‍ കഴിക്കണ്ട. ഇതു മൊത്തം ഞാന്‍ തന്നെ തിന്നു തീര്‍ത്തോളാം. എന്റെ ശരീരമെ അങ്ങനെയിങ്ങനെ ഉള്ളതല്ല ഉരുക്കാ ഉരുക്ക്‘’. ഇത്രയും പറഞ്ഞ് മൂപ്പിലാന് പാത്രം നീക്കിവച്ച് ഓരൊ കഷണങ്ങളായി എടുത്ത് തീറ്റയും തുടങ്ങി. മറ്റുള്ളവരും ആ തമാശയില് പങ്കു ചേര്‍ന്നു.

           പക്ഷെ ഇതെല്ലാം കണ്ടുകോണ്ട് ഒരാള്‍ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു, നമ്മുടെ ഉട്ടൊപ്പ്യന്റെ കുട്ടി. അവന്‍ അല്പ നേരം അന്തം വിട്ട് അമ്മവന്റെ തീറ്റ നോക്കി ഇരുന്നു. എന്നിട്ട് അടുക്കളയില്‍ നിന്ന അമ്മയോട് വിളിച്ചു പറഞ്ഞു.

‘’ മമ്മി……, മമ്മിക്കു കഴിക്കാന്‍ മാറ്റി വച്ചിരിക്കുന്ന ചിക്കന്‍ വേഗം എടുത്തു കഴിച്ചൊ, അല്ലെങ്കില്‍ ഈ അമ്മവന്‍ അതും കൂടെ എടുത്തു തിന്നു കളയും. ‘’


അതോടെ ആ അന്തരീക്ഷം അവാര്‍ഡ് പടം പോലെയായി.