കൊപ്ര മുതലാളി.


ഏറ്റവും കൂടുതൽ സ്വപ്നങ്ങൾ ഉണ്ടാകുന്നത് ഒരു പക്ഷെ എല്ലാപേരുടേയും കോളേജ് വിദ്യാഭ്യാസ കാലത്തായിരിക്കും. ചിലർ എത്രയും പെട്ടെന്നു ഒരു ജോലി കിട്ടുക എന്ന ആശയക്കാരായിരിക്കും പക്ഷെ മറ്റുചിലറ് അങ്ങനെയല്ല. അവർ ആരുടേയും കീഴിൽ ജോലി ചെയ്യാൻ താല്പര്യം കാണിക്കില്ല, സ്വന്തം താല്പര്യത്തിൽ സ്വന്തം തലയിൽ നിന്നും ഉത്ഭവിക്കുന്ന ബുദ്ധിയിൽ നിന്നും രൂപപ്പെടുത്തിയെടുക്കുന്ന ബിസിനസ്സുകളിൽക്കൂടി ജീവിത വിജയം നേടാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. ഒരുപാട് സ്വപനങ്ങളിൽ ജീവിക്കുന്ന ഒരു വിനീതനായ ഈ ഞാനും ഇങ്ങനെയുള്ള അശയങ്ങളെ സഹറ്ഷം സ്വഗതം ചെയ്യുന്ന ഒരു വ്യക്തിയാണ്. പക്ഷെ ഇപ്പോൾ പറയാൻ പൊകുന്നത് എന്നെക്കുറിച്ചല്ല എന്റെ ഒരു പ്രിയ സുഹൃത്തിനെക്കുറിച്ചാണ്. അദ്ധേഹം തന്റെ വിജയകരമായ ബിക്കോം പഠനത്തിനു ശേഷം ഇതുപോലെ ഒരു വമ്പൻ ആശയം നടപ്പിലാക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ ഈ സുഹൃത്തിനു അതിനുള്ള ചേതൊവികാരം വളരെ നിസാരമാണ്. പഠിച്ചത് ബിസിനസ്സ്, അപ്പൊ പിന്നെ അതില് തന്നെ കൈ വച്ചില്ലെങ്കില് ഇനി നാട്ടുകാറ് എന്ത് കരുതും. അതുമാത്രമല്ല പഠിക്കുന്ന കാലത്ത് ഈ സുഹൃത്ത് ഒരു പ്രഖ്യാപനവും അങ്ങ് നടത്തിക്കളഞ്ഞു ‘’ ഡിഗ്രി കഴിഞ്ഞാല് ഞാന് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങും’‘. പഠിക്കുന്ന കാലത്ത് തന്നെ നമ്മുടെ ഫ്രീറ്റൈമുകൾ മുഴുവൻ ഈ സുഹൃത്ത് തന്റെ ബിസിനസ്സ് ആശയങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയുള്ള വേദിയാക്കിമാറ്റുകയായിരുന്നു. അതുമാത്രമല്ല ഈ ദേഹം സകലമാന മുറുക്കാന് കടകളിലും കയറി ഇറങ്ങും ബിസിനസ്സിനെ കുറിച്ച് പഠിക്കാന്. അവസാനം ഒരുപാട് പഠനങ്ങള്ക്കു ശേഷം പ്രിയ സുഹൃത്ത് ഒരു വമ്പന് ബിസിനസ്സ് പ്ലാന് തന്നെ തയാറാക്കി തന്റെ ഡിഗ്രി പഠനത്തിനു ശേഷം ‘’കൊപ്ര കച്ചവടം‘’. കേരളത്തില് കൊപ്രയ്ക്കു എന്താ ഇത്ര ക്ഷാമം. തെങ്ങില്ലെ?. തേങ്ങയില്ലെ ? തെങ്ങുകയറ്റക്കരില്ലെ സറ്വോപരി പിതാശ്രി ഗള്ഫില് നിന്നും പണം അയക്കുന്നില്ലെ( ? ) പിന്നെ എന്താ അങ്ങു തുടങ്ങിയാല്. പിന്നെ നേരെ തന്റെ ഒരു സുഹൃത്തിന്റെ അടുത്ത് ചെന്നു തന്റെ മാസ്റ്ററ്പ്ലാന് അങ്ങു അവതരിപ്പിച്ചു.

‘’ അളിയാ നല്ല ഐഡിയ. പക്ഷെ നീ ഈ ബിസിനസ്സിനെ കുറിച്ച് എന്റെ അടുത്ത് ചോദിക്കുന്നതിലും നല്ലത്. നമ്മുടെ പ്രൊഫസ്സറ് ഇസ്മായിലിനോട് ചോദിച്ചാല് മതി. അദ്ധേഹം ഈ അടുത്ത് ഒരു തിസീസ് തയാറാക്കിയിട്ടുണ്ട് അത് കൊപ്രയെ കുറിച്ചാണ്. അദ്ധേഹത്തിന്റെ കയ്യില് ഇരിക്കുന്നത് ഞാന് കണ്റ്റിട്ടുണ്ട്. എന്നെക്കാളും പ്രൊഫസ്സറ്ക്ക് നിന്നെ സഹായിക്കന് പറ്റും’‘. സുഹൃത്ത് നല്ല ഒരു ഉപദേശിയായി.

എന്തായലും നമ്മുടെ സുഹൃത്ത് പ്രൊഫസ്സറിനെ കാണാൻ തന്നെ തീരുമാനിച്ചു അദ്ധേഹം വരുന്ന വഴിയിൽ കാത്ത് നില്പായി. ആ നില്പ്പിൽ തന്നെ കുറെ സ്വപ്നങ്ങള് ഒക്കെ അങ്ങ് നെയ്ത് കൂട്ടി. വീടിന്റെ മുന്നിൽ നിറയെ കൊപ്ര, അതു പല സ്ഥലങ്ങളിലേക്കും കൊണ്ട് പോകാന് നൂറുകണക്കിനു വാഹനങ്ങള്. താൻ ഒക്കെ നോക്കി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, തൊഴിലാളികളോട് അജ്ഞാപിക്കുന്നു, അവരൊക്കെ കാണുമ്പൊത്തന്നെ ‘’മുതലാളി മുതലാളി’‘ എന്നു വിളിച്ച് ഭവ്യതയോടെ നിൽക്കുന്നു. തിരക്കു പിടിച്ച് നടക്കുന്ന തെന്റെ പിന്നാലെ ഒരു ഒപ്പിനു വേണ്ടി നടക്കുന്ന പി എ. ‘’ഹൊ മലയാള സിനിമ കാണുന്നത് കൊണ്ടുള്ള ഒരു ഗുണമെ, സ്വപ്നം കാണുമ്പൊ നല്ല മെനക്കു കാണാം‘’.

നമ്മുടെ സുഹൃത്ത് സ്വപ്നം മതിയാക്കി നൊക്കിയപ്പൊഴുണ്ട് ദാ വരുന്നു. ഐശ്വര്യത്തിന്റെ മാലാഖ കയ്യില് ഒരു പുസ്തകവും പിടിച്ചു കൊണ്ട് അടിവച്ചടിവച്ച് നടന്നു വരുന്നു, നമ്മുടെ പ്രൊഫസ്സർ. കയ്യിലിരിക്കുന്ന ആ പുസ്തകം നിറയെ തന്നെ വലിയൊരു കൊപ്രമുതലാളിയാക്കാൻ വേണ്ടി എഴുതിക്കൂട്ടിയ അശയങ്ങളാണ്. ഹൊ! ദൈവമെ, ഇതിനൊക്കെ പകരം ഈ പാവത്തിനു എന്താ താന് കൊടുക്കുക?. എല്ലാ മാസവും ഒരു അഞ്ച്കിലോ വെളിച്ചെണ്ണ കൊടുത്തേക്കാം സ്വന്തം കൈ കൊണ്ട്, എന്നിട്ട് പ്രൊഫസ്സറോട് കണ്ണീരോടേ പറയുകയും ചെയ്യാം ‘’ സാർ, എന്റെ ജീവിതവിജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും സാറിനാണ്. അന്ന് സാറ് എനിക്കു കൊപ്രയെ കുറിച്ചും അതിന്റ്റെ അനന്ത സാധ്യതകളെക്കുറിച്ചും എനിക്കു അറിവു നൽകിയില്ലായിരുന്നുവെങ്കിൽ ഞാൻ ഒന്നും ആകില്ലായിരുന്നു സാർ. ഒക്കെ സാറിന്റെ നല്ല മനസ്സ്’‘. ഇതൊക്കെ കേൾക്കുമ്പൊൾ പ്രൊഫസ്സർ വിനയാന്വിതനായി പറയും ‘’ ഇതൊന്നും എന്റെ മിടുക്കല്ല കുട്ടി, ഒക്കെ നിന്റെ കഠിനദ്ധ്വാനത്തിന്റെ ഫലമാണ്‘’. ഹൊ എന്തൊരു സുന്ദര മുഹൂർത്തമായിരിക്കും. ഒരു പക്ഷെ തന്റെ ഒരു കഠിനാദ്ധ്വാനവും അർപ്പണമനോഭാവവും ഒക്കെ കണ്ട് സാറിന്റെ ഒരെ ഒരു മകളെ തനിക്കു കെട്ടിച്ചു തന്നാലും ആയി.

എന്തായാലും സ്വപ്നം കണ്ട് ഒരുപാട് വൃത്തികേടാക്കേണ്ടി വന്നില്ല പ്രൊഫസ്സറ് നടന്നു നമ്മുടെ പ്രിയസുഹൃത്തിന്റെ മുന്നിലെത്തി. പക്ഷെ പ്രൊഫസ്സർ അടുത്തു വന്നപ്പൊ നമ്മുടെ പ്രിയസുഹൃത്തിനു ആകെ ടെൻഷനായി, എന്തു പറഞ്ഞാ തുടങ്ങുക !. എന്തായാലും കയറിമുട്ടുക തന്നെ എന്നു കരുതി പ്രൊഫസ്സറിന്റെ അടുത്തേക്ക് നടന്നു ചെന്നു.

‘’ ഗുഡ് ഈവനിംഗ് സാറ്’‘. നമ്മുടെ പ്രിയസുഹൃത്ത് അടുക്കാൻ ഉള്ള ആദ്യത്തെ സ്റ്റെപ്പിൽ നിന്നു.

‘’ ഗുഡ് ഈവനിംഗ് ‘’ പ്രൊഫസ്സറ് പ്രത്യഭിവാദ്യം നൽകി വന്ന അതെ ഗൌരവത്തിൽ നടന്നു. നമ്മുടെ പ്രിയ സുഹൃത്തിന്റെ സകല മൂഡും പൊയി. നട്ട് പോയ സ്ക്ക്യൂറലിനെ പോലെ ഒരു സെക്കന്റ് നിന്നു പോയി. ശ്ശെട! എല്ലാ മാസവും ഫ്രീയായിട്ട് അഞ്ച് കിലൊ വെളിച്ചെണ്ണ കിട്ടാനുള്ള വഴിയുമായി ഈയുള്ളവൻ ഈ കണ്ട നേരമൊക്കെയും നിന്നിട്ട് പുള്ളിക്കാരൻ പോണ പോക്കുകണ്ടില്ലെ. പുള്ളിക്കാരനു വേണ്ടെങ്കിൽ വേണ്ട കൊപ്ര മുതലാളി ആകാൻ പോകുന്നത് പ്രൊഫസ്സറല്ലല്ലൊ. പ്രിയ സുഹൃത്ത് വീണ്ടും ഒട്ടാനുള്ള ഫെവിക്കോളും വാരി പൂശി പ്രൊഫസ്സറു പിന്നാലെ കൂടി.

‘’ സാറ് എന്നും ഇതു വഴിയാണൊ പോകുന്നത് ?’‘ സുഹൃത്ത് ചോദിച്ചു. പക്ഷെ ചോദിച്ചു കഴിഞ്ഞപ്പൊ പ്രൊഫസ്സറ് നമ്മുടെ സുഹൃത്തിനെ ഒന്നു നോക്കി. കാരണം പ്രൊഫസ്സറുടെ എന്നല്ല ആ നാട്ടിലെ ആരുടെ വീട്ടിലും പോകാനുള്ള വഴി അതുമാത്രമാണ് കാരണം ആകപ്പടേ ഉള്ള ഒരു റോഡ് അതുമാത്രമാണ്. എങ്കിലും പ്രൊഫസ്സറ് ഉത്തരം നൽകി, അതെ എന്ന അർഥത്തിൽ ഒന്നു മൂളി.

പക്ഷെ കൊപ്രമുതലാളിയാകാനുള്ള തന്റെ ആത്യന്തികമായ ലക്ഷ്യത്തില് ഇതൊന്നും ഒരു പ്രശ്നമല്ല എന്ന വിചാരത്തില് പിന്നെയും നമ്മുടെ പ്രിയസുഹൃത്ത് ഒരോന്നു പറഞ്ഞു പ്രൊഫസ്സറുടെ പിന്നാലെ തന്നെ കൂടി. പ്രൊഫസ്സറ് തയാറാക്കിയ കൊപ്രയെ കുറിച്ചുള്ള തിസീസിൽ നിന്നും തനിക്കു കിട്ടേണ്ട കാര്യങ്ങൾ കിട്ടുന്നത് വരെ തനിക്കു വിശ്രമമില്ല എന്നു തന്നെ നമ്മുടെ സുഹൃത്ത് ഉറപ്പിച്ചു. അതുകൊണ്ട് സുഹൃത്ത് പലകാര്യങ്ങളും സംസരിക്കാന് തുടങ്ങി. പക്ഷെ എന്തു സംസാരിച്ചിട്ടും പ്രൊഫസ്സർ പഴയപടിതന്നെ. കോളേജിൽ നിന്നും വൈകുന്നേരം തൊടുത്തി വിടുന്ന റൊക്കറ്റ് നേരെ വീട്ടിൽ ചെന്നേ നിൽക്കാറുള്ളു. അതിനിടക്കാ ഈ ധൂമകേതു.

നടന്നു നടന്നു പ്രൊഫസ്സറുടെ വീട് അടുക്കും തോറും നമ്മുടെ പ്രിയസുഹൃത്തിന്റെ ചങ്കിടിപ്പു കൂടിക്കൂടി വന്നു. ഉദ്ധേശിച്ചു വന്ന കാര്യം ഇതു വരെ അവതരിപ്പിച്ചില്ല. രണ്ടുപേരും നടന്നു പ്രൊഫസ്സറുടെ വീടിന്റെ ഗേറ്റിനു അടുത്തെത്തി. പ്രൊഫസ്സർ ഗേറ്റിനു അരികിൽ എത്തി എന്നിട്ട് നമ്മുടെ പ്രിയസുഹൃത്തിനെ ഒന്നു നോക്കി, ഇനിയെങ്കിലും ഒന്നു പൊയ്ക്കൂടേ എന്ന ഭാവത്തിൽ.

എന്തായാലും നമ്മുടെ പ്രിയസുഹൃത്ത് രണ്ടും കല്പിച്ച് പ്രൊഫസ്സറൊട് ചോദിച്ചു. ‘’ അല്ല സാറ് ഞാൻ കേട്ടല്ലൊ, സാറു കുറെ കാലാമായി ഒരു തിസീസ് തയാറാക്കുന്നു എന്നു. കൊപ്രയെക്കുറിച്ചല്ലെ സാറിന്റെ തിസീസ്. എനിക്കു വളരെ ഇഷ്ടമുള്ള ഒരു വിഷയമാണത്.‘’

അതു കേട്ടപ്പോൾ പ്രൊഫസ്സറുടെ മുഖം ഒന്നു പ്രസന്നമായി. സന്തോഷത്തിൽ തന്നെ പ്രൊഫസ്സർ മറുപടി നൽകി. ‘’ അതെ ഞാൻ കൊപ്രയെക്കുറിച്ചു തന്നെയാണ് തിസീസ് തയാറാക്കുന്നത്. കുറെ കാലമായി, ഏകദേശം ഒരു ആറേഴുമാസത്തൊളമായി. പൂർത്തിയായി വരുന്നു.’‘

പ്രിയസുഹൃത്തും കൂടുതൽ ഉണ്മേഷവാനായി. എന്തായാലും വള്ളി കാലിൽ ചുറ്റി ഇനി എടുത്ത് കഴുത്തിൽ ഇട്ടാമതി. ‘’ എനിക്കു കൊപ്രയെ കുറിച്ച് പരിമിതമായ അറിവുമാത്രമെ ഉള്ളു. ഞാനിപ്പൊ ഡിഗ്രി കഴിഞ്ഞു സാർ. ഇനി സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു തന്നെയാണ് എന്റെ പ്ലാൻ’‘.

‘’ വളരെ നല്ലകാര്യമാണ്. ഒരു ബിസിനസ്സ് തുടങ്ങാൻ പോകുന്ന വ്യക്തി എന്നനിലയിൽ തീർച്ചയായും കൊപ്രയെക്കുറിച്ച് അറിയുന്നത് നല്ലതാണ്. ആട്ടെ എന്ത് ബിസിനസ്സാ ഉദ്ധേശിക്കുന്നത്?. പ്രൊഫസ്സർ ഒരു പുഞ്ചിരിയോടെ നമ്മുടെ പ്രിയസുഹൃത്തിനെ പ്രോത്സാഹിപ്പിച്ചു.

‘’ കൊപ്ര ബിസിനസ്സു തന്നെ ‘’. സുഹൃത്തും കൂടുതൽ ഉത്സാഹിതനായി.

‘’ കൊപ്ര ബിസിനസ്സൊ? ‘’ പ്രൊഫസ്സർ നെറ്റിചുളിച്ചു.

‘’ അതെ കൊപ്ര ബിസിനസ്സ് തന്നെ. സാറ് എനിക്കു വിശദമായി പറഞ്ഞു തരണം. കേരളത്തിൽ എവിടെയൊക്കെയാണ് നല്ലയിനം കൊപ്ര കിട്ടുന്നത് എന്നും, പിന്നെ ആ കൊപ്ര എങ്ങനെ സൂക്ഷിക്കണം എന്നതിനെയൊക്കെ കുറിച്ച്. സാറ് കൊപ്രയെക്കുറിച്ചൊക്കെ ഗവേഷണം നടത്തുന്നതല്ലെ. അപ്പൊ എന്തായാലും ഇതിനെയൊക്കെ പറ്റി നല്ല ഗ്രാഹ്യം കാണും.’‘ നമ്മുടെ സുഹൃത്ത് നല്ല പ്രതീക്ഷയോടെ ചോദിച്ചു. പക്ഷെ പ്രിയസുഹൃത്തിന്റെ സംസാരം കേട്ടതും പ്രൊഫസ്സറുടെ മുഖം ആകെ വിവർണ്ണമായി. അദ്ധേഹത്തിന്റെ കവിളുകൾ വിറക്കാൻ തുടങ്ങി, പുരികക്കൊടികൾ വളഞ്ഞു എന്നിട്ട് പ്രൊഫസർ ദേഷ്യത്തിൽ ഗേറ്റ് വലിച്ച് തുറന്ന് അകത്ത് കയറിപ്പൊയി. ഇതു കണ്ട് നമ്മുടെ പ്രിയ സുഹൃത്ത് വടി വിഴുങ്ങിയ മാതിരിയായി. ഇതെന്തായിപ്പൊ കഥ !.

പ്രൊഫസ്സർ പോയ അതേ സ്പീഡിൽ തിരിച്ചു വന്നു പക്ഷെ കയ്യിൽ ഒരു വലിയ പുസ്തകവുമായിട്ടാണ് അദ്ധേഹം വന്നത്. പുസ്തകം പ്രൊഫസ്സർ അന്തം വിട്ടു നിന്ന നമ്മുടെ സുഹൃത്തിന്റെ കയ്യിലേക്കു വച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു. ‘’ നോക്ക്, ഇതാണ് എന്റെ തിസീസ്.’‘

നമ്മുടെ സുഹൃത്തിന്റെ കണ്ണുകൾ പതിയെ പുസ്തകത്തിന്റെ പുറം ചട്ടയിലേക്കു പോയി. അതില് നല്ല വെള്ളക്ക വലിപ്പത്തിൽ എഴുതി വച്ചിട്ടുണ്ട് ‘’ COPRA’’ അതിന്റെ അടിയില് തന്നെ അതിന്റെ പൂർണ്ണ രൂപവും ഉണ്ട് ‘’ CONSUMER PROTECTION ACT – ഉപഭോക്തൃ സരക്ഷണ നിയമം ‘’. വായിച്ചു തീർന്നതും നമ്മുടെ സുഹൃത്ത് ആകെ വിയർത്തു.

‘’ ഇത് നീ കരുതുന്ന പോലെ ഒണക്ക തേങ്ങയെക്കുറിച്ചല്ല. Consumer Protection Act നെ ക്കുറിച്ചാണ് ഞാൻ എഴുതുന്നത്‘’ ഇത്രയും പറഞ്ഞു പ്രൊഫസ്സർ പുസ്തകവും പിടിച്ചു വാങ്ങി ഗേറ്റും തുറന്നു കയറി പോയി. നമ്മുടെ പ്രിയസുഹൃത്ത് നിന്ന നിൽപ്പിൽ ആലോചിച്ചു പോയി. ‘മാസങ്ങളായി ഒരുപാട് പഠനങ്ങളൊക്കെ നടത്തി അദ്ധേഹം എഴുതിക്കൊണ്ടിരിക്കുന്ന ഉപഭോത്ര സംരക്ഷണ നിയമത്തെയാണല്ലൊ താൻ വെറുമൊരു ഉണക്കതേങ്ങയാക്കിയത്! അടി കൂടെ തരാഞ്ഞത് ഭാഗ്യം‘.

എങ്കിലും ലവനതു കൊള്ളാമോടെയ് ?..

‘ ടാ അപ്പീ എന്തരടെയ് ലവന്‍ കാണിക്കണത് ?.’


‘ അയ്യൊ ! ആരണ്ണ ?.’‘


‘ നമ്മടെ ശ്രീശാന്തില്ലെ, ലവന്‍ തന്നെ. എന്തരു അഹങ്കാരമാടെയ് ലവന്?’‘


‘ അയ്യൊ ആരു പറഞ്ഞണ്ണാ ?. ഇപ്പൊ ശ്രീ കളിക്കുന്നുണ്ടല്ലൊ ഒരു കുഴപ്പവും ഇല്ല.’


‘ എന്തരു കൊഴപ്പം ഇല്ലാന്നു. ലവനെയൊക്കെ ആറ്ക്കാടേയ് അറിഞ്ഞൂടാത്തത്. ഒന്നുമില്ലങ്കിലും ലവനൊക്കെ മലയാളിതന്നല്ലേടെയ്. അപ്പീ ഒന്നാലോചിച്ച് നോക്ക്. വല്ല സായിപ്പന്മാരോടും ഒക്കെ മസില്‍ പെരുപ്പിച്ച് കാണിക്കാന്‍ എവനാരടെയ്. നമ്മള്‍ മൊത്തം മലയാളികള്ക്കും ആകെ നാണക്കേടായില്ലെ. അപ്പീ എന്തുമാത്രം സായിപ്പന്മാരാ നമ്മടെ കോവളത്തൊക്കെ വന്നെറങ്ങുന്നത്. എവന്മാ‍ക്കെ ഇങ്ങനെ വലിയ ആളുകളിച്ചല്‍ പിന്നെ ആരെങ്കിലും ഇങ്ങോട്ടു തിരിഞ്ഞു നോക്കുമോടെയ്. ?.’


‘ അയ്യൊ അണ്ണാ അതിപ്പൊ കളിയല്ലെ. എതിറ് ടീമിനെ പ്രകോപിപ്പിക്കാന്‍ വേണ്ടി എല്ലരും ഇങ്ങനെ ഒക്കെ കാണിക്കും. അതിപ്പൊ ആസ്ടേലിയക്കാർ ഇങ്ങോട്ടും കാണിക്കില്ലെ. അത്രെ ഉള്ളു. ‘


‘ എന്തരു പൊളപ്പിക്കനായാലും എന്റെ ചോദ്യമതല്ല. ആസ്ട്രേലിയകാറ്ക്കു കാണിക്കാം. അതുപോലെ ആണൊടെ ഈ പീറ കാണിക്കുന്നത്. ഒന്നുമില്ലെങ്കിലും അവന്‍ ഒരു മലയാളിയല്ലെ ? അന്തസ്സ് നോക്കണ്ടെ ? എവന്മാരെപോലത്തെ ആള്ക്കാാരാ നമ്മളെ പോലയുള്ളവരുടെ വെലയും കളേണത്.


‘ എന്നാലും കളിയല്ലെ ഇതൊക്കെ സാധാരണ അല്ലെ അണ്ണ.’


‘ എന്തരു കളിയല്ലേന്ന്. ടെയ് അപ്പീ നീയും ഞാനും ഒക്കെ കളിച്ചിട്ടൊണ്ട്. ഇപ്പ പ്രായമായി എന്നാലും പന്നിമലത്തെങ്കിലും ഇപ്പളും കളിക്കുന്നൊണ്ടെ. കളീടെ കാര്യം പറഞ്ഞപ്പി നമ്മളെ ഇരുത്തണ്ട. അതിന്റെ ഒക്കെ മാന്യത നല്ലോണം അറിയാമെടേയ്. ‘


‘ എന്നാലും അതൊക്കെ കഴിഞ്ഞ കാര്യമല്ലെ. ഇപ്പൊ ശ്രീ എന്ത് മാറിപ്പോയി. അതു മാത്രമല്ല ശ്രീയെ എനിക്കു പണ്ടെ ഇഷ്ടമാ. നല്ല സുപ്പറ് ബൌളറാ ഒരു സംശയവും വേണ്ട. ആട്ടെ അണ്ണന്റെ ഇഷ്ടകളിക്കാരന്‍ ആരാ ?’‘


‘ നെനക്കിതെന്തരിന്റ പെടപ്പെടെയ്. എവനെ ഒക്കെ ആറ്ക്കെങ്കിലും ഇഷ്ടമാവുമൊ. നമ്മക്കു അന്നും ഇന്നും മറഡോണ. പുള്ളിക്കരനെയാ ഇഷ്ടം. അവന്റെ ഒക്കെ ഏഴയലത്തു വരുമോടെയ് ഈ ശ്രീശാന്തൊക്കെ .’


‘ എന്റെ പൊന്നണ്ണ അതിനു മറഡോണ ക്രിക്കറ്റ് കളിക്കാരന്‍ അല്ലല്ലൊ. ഫുഡ്ബാള്‍ കളിക്കരന്‍ അല്ലെ ?.’


‘ അപ്പീ നമ്മക്കന്നും ഇന്നും ഫുഡ്ബാളു കളിയെ അറിയത്തൊള്ളു. ബുദ്ധിയൊള്ള എതെങ്കിലും പൈലുകള്‍ ക്രിക്കറ്റ് കാണുമോടെയ്. ചുമ്മ ഒരു ദെവസം മൊത്തം മെനക്കെടുത്താന്‍. എന്റെ ജീവിതത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടും ഇല്ല കണ്ടിട്ടും ഇല്ല.


‘ആഹ അങ്ങനെയാണൊ. അപ്പൊ പിന്നെ ശ്രീശാന്തിന്റെ കാര്യം ഒക്കെ ആരു പറഞ്ഞു. ‘


‘ എടെയ് അപ്പീ അതൊക്കെ ആരെങ്കിലും പറയണൊ ?. പത്രങ്ങളൊന്നും അപ്പി വായിക്കൂല്ലെ?. ഇന്നലെ നമ്മടെ എളയ പൊടിയന്‍ കടേന്നു അരി പൊതിഞ്ഞു കൊണ്ട് വന്ന പേപ്പറില്‍ നല്ല വെള്ളക്ക അക്ഷരത്തില് എഴുതി വച്ചേക്കുന്നു ശ്രീശാന്ത് ഏതൊ സായിപ്പിനെ കൊഞ്ഞനം കുത്തി കാണിച്ചെന്നു. പടവും ഉണ്ട്. ഇത് കണ്ട ഒരു മലയാളിയായ ഞാന്‍ പ്രതികരിക്കണ്ടെ അപ്പീ ?.”

ജീവിക്കാൻ സമ്മതിക്കത്തില്ല .......!



‘ ഹലോ അണ്ണാ എങ്ങോട്ടാ കത്തിച്ച് വിട്ട്?’



‘ ഓ! എന്തരപ്പീ പറയാൻ, ലവന്മാരു തമ്മേക്കൂല്ല കേട്ട ജീവിക്കാൻ ‘


‘ അയ്യൊ! ആരണ്ണാ ?. ഇന്നണ്ണൻ ആകെ ദേഷ്യത്തിലാണല്ലൊ ? എന്താ കാര്യം എന്നു പറ’.


‘ അല്ലടേപ്പീ, നീ ഒന്ന് ആലോചിച്ച് നോക്ക്, നമ്മളീ പ്രതികൂല കാലാവസ്തേലും മറ്റും ഇവിടെ കെടന്നു പണിയെടുക്കുന്നു. എന്തരു കാര്യത്തിന് ?.’


‘അയ്യൊ അണ്ണാ അതിപ്പൊ, വീട്ടിലെ പ്രശ്നങ്ങളും മറ്റും… ‘

‘ടെയ് … അതല്ല ചോയ്ച്ചത്. നമ്മളീ കൂതറ അറബികൾക്കു വേണ്ടി എന്തരിനടേയ് കെടന്നു പണിയെടുക്കണത്. ലവന്മാർക്കു വല്ല ചിന്തേം ഒണ്ടാ നമ്മളെ കുറിച്ച്.?. നാട്ടീക്കിട്ടണ എന്തരങ്കിലും ഫക്ഷണം ലവമ്മാരു നമ്മക്കു ഒണ്ടാക്കി തരുന്നൊണ്ടാ. ഒരൊണക്ക കുബ്ബൂസും അതിന്റെ കൂടേ വയറ്റിലു കാറ്റ് കേറ്റാനായിട്ട് കൊറെ പരിപ്പും. ലവന്മാർ എന്തരടേയ് വിചാരിച്ചിരിക്കണത് വയറ്റിൽ കാറ്റ് കേറ്റി നമ്മളെ മേലോട്ട് പറത്തി വിട്ട് എയറൊപ്ലയിൻ കളിക്കാനൊ മറ്റൊ ആണോന്നാ ?..’


‘അതിപ്പൊ അണ്ണാ. അങ്ങനെ ഒക്കെ ചോദിച്ചാൽ …’


‘ അപ്പീ നിനക്കു എന്തരുപുല്ലറിയാം. നീ വന്നേല്ലെ ഒള്ളു, നിനക്ക് പറഞ്ഞാ മനസിലാവൂല്ല. കൊറെ കാലമായില്ലെ നമ്മക്കിതൊക്കെ അങ്ങ് ശീലമായ്. ഫക്ഷണത്തിന്റെ കാര്യം അവിടേ നിക്കട്ട്. താമസത്തിന്റെ കാര്യം നൊക്കെടെയ്. പത്തിരുപത് കൊല്ലമായിട്ട് ഞാൻ താമസിക്കണ മുറിയാണ്. ലവന്മാർ എന്ത് കന്നം തിരിവാണെടേയ് ഈ കാണിക്കാൻ പോണത്.’

‘അതെന്താ അണ്ണനെ ആ റൂമിന്നു മാറാൻ പറഞ്ഞൊ?.’

‘ങും അതൊന്നുമല്ല. അപ്പീ അപ്പി കാണുന്നിലെ നമ്മടേ ക്യമ്പുകള് മൊത്തം പെയിന്റടിക്കുന്നത്.’

‘കണ്ടു കണ്ടു . എന്തായലും നല്ലകാര്യം ആയി. അണ്ണന്റെ റൂമും പെയിന്റടിച്ചൊ ?.’


‘ അതുതന്നപ്പീ പറയാൻ പോണത്. ലവന്മാര് ഇതു വരെ കെട്ടിയെടുത്തില്ല ’


‘ അഹാ ഇതാണൊ കാര്യം. അണ്ണ അതു സമയം എടുക്കില്ലെ. ഒരോ റൂമും തീറ്ന്നു വരണ്ടെ ? അണ്ണന്റെ റൂമിലും വരും.’


‘എന്തരു വരാൻ. ലവന്മാരടുത്ത് അങ്ങോട്ട് കെട്ടിയെടുക്കണ്ടാന്നു പറയാനാ പോവാമ്പോണെ. അപ്പി കണ്ടില്ലെ ഓരൊ മുറികളും ആകെ വൃത്തികേടാക്കി ഇട്ടിരിക്കണത്.’


‘ അയ്യൊ അണ്ണ അതിപ്പൊ ഒന്നൊ രണ്ടോ ദിവസത്തെ പ്രശ്നം അല്ലെ കാണു. ഈ പെയിന്റിന്റെ മണാമൊക്കെ അങ്ങു പോവും. അതു കഴിയുമ്പൊ ശരിയാവൂല്ലെ. ?’


‘ അപ്പി ഇതെന്തരറിഞ്ഞിട്ടാണ് പറേണത്. ഞാനിവിടെ പത്തിരുവത് കൊല്ലമായി. ഇത്രേം കാലമായിട്ടൊള്ള പാറ്റയും പല്ലിയും ഒക്കെ എന്റെ മുറിയിലൊണ്ട്. ചെവരുമൊത്തം പാറ്റകളു കാട്ടിച്ച് നല്ല ഡിസൈനിൽ വച്ചിട്ടൊണ്ട്, കട്ടിലിലാണേൽ മൂട്ടകളും. അതിനെയൊക്കെയാ ലവന്മാരു പെയിന്റടിച്ച് കൊല്ലാൻ പോണത്. അപ്പീ ഇതിന്റെ ഒക്കെ കടി കൊള്ളാതെ ഞാൻ എങ്ങനെ കെടന്നൊറങ്ങുമെടേയ്. പത്തിരുപതു കൊല്ലമായിട്ടൊള്ള ശീലമാ ലവന്മാർ വെട്ടിപ്പൊളക്കാൻ പോണത്. ഈ കൂതറ അറബികൾക്ക് നമ്മടെ കാര്യത്തില് എന്തരെങ്കിലും ശ്രദ്ധ ഒണ്ടാ. അപ്പീ നീ തന്നെ പറ.’







ബാപ്പയെ പോലെ തന്നെ……….


‘’ടാ ഇജ്ജ് എബ്ടെ?.. ഇജ്ജ് ഓന്റെ കൊച്ചിന്റെ ഫോട്ടം കണ്ടാ ?‘. സദാബാണു. രാവിലെ ഫോണിൽക്കൂടെ ചോദ്യശരങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

‘’ആഹ അവൻ അയച്ചില്ലല്ലൊ. ഞങ്ങളൊക്കെ പ്രതീക്ഷിച്ച് ഇരിക്കുന്നു അവനോട് അയക്കാൻ പറ.’‘

അതെയ് നിങ്ങൾ ഞെട്ടണ്ട നിങ്ങൾക്കാർക്കും ഈ സദാബിനെയൊ അവൻ പറഞ്ഞ ഈ ‘’ഓനെ’‘ യൊ അറിയാൻ ഒരു വഴിയും ഇല്ല. കാരണം അവരാരും സിനിമാ നടന്മാരൊ ടീവി താരങ്ങളൊ അല്ല. എന്റെ സുഹ്രുത്തുക്കളാണ്. അതിപ്പൊ ഈ പറഞ്ഞ രണ്ട്പേരും മാത്രമല്ല വേറെം താരങ്ങൾ അണിയറയിൽ ഉണ്ട്. അവർക്കൊന്നും ഈ കഥയിൽ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് അവരൊക്കെ തിരശീലക്കു പിറകിൽ തന്നെ നിൽക്കട്ടെ. എന്തായാലും നമ്മൾ എല്ലാ സുഹൃത്തുക്കൾക്കു ഒരുകാര്യത്തിൽ ഐക്യമുണ്ട്. ഗ്യാങ്ങിലുള്ള ഒരാളിനെ എങ്കിലും ദിവസവും അങ്ങ് കളിയാക്കി കൊല്ലുക. കളിയാക്കലിന്റെ കാഠിന്യത്തിൽ മരണവെപ്രാളം കൊണ്ട് പിടയുന്ന സുഹൃത്തിനെ നോക്കി ആനന്ദസായൂജ്യം അടയാൻ വലിയ സന്തോഷമാണ് ഞങ്ങൾ എല്ലാർക്കും. ആ ഒരുകാര്യത്തിൽ നല്ല ഐക്യമാണ് എല്ലാർക്കും. ലോകത്ത് കളിയാക്കൽ 302 ശിക്ഷാപരിധിയിൽ കൊണ്ട് വന്നിരുന്നെങ്കിൽ ഒരുപക്ഷെ എന്റെ പ്രിയസുഹൃത്തുക്കൾ എല്ലാം എന്നേ യമപുരിയിൽ എത്തിയെനെ.

അതൊക്കെ അവിടെനിൽക്കട്ടെ പറഞ്ഞു വന്ന കാര്യം സൈക്കിളിൽ കേറി അതിന്റെ വഴിക്കു പോയി. നേരത്തെ പറഞ്ഞ ‘’ഓൻ’‘, (അമ്മച്ച്യാണെ പേര് ഞാൻ പറയില്ല എന്നെ കൊന്നാലും പറായില്ല) പിന്നെ നിങ്ങൾ എന്നോട് പിണങ്ങാതെ ഇരിക്കാൻ വേണ്ടി മാത്രം ഓന്റെ ഒരു രൂപം പറയാം. ഓനും നമ്മുടെ പക്രുവും സമ പൊക്കക്കാരാണ്. പിന്നെ ദോഷം പറയരുതല്ലൊ നല്ല നിറമാണ്. നിറം എന്നു വച്ചാൽ നല്ല കറുത്ത നിറം. പിന്നെ കുറച്ച് കഷ്ടപ്പെട്ട് ഇപ്പൊ ഇത്തിരി വയറൊക്കെ ഉണ്ടാക്കി എടുക്കുന്നുണ്ട്. ആകെ മൊത്തത്തിൽ ഒരാനച്ചന്തം (കുഴിയാന). പുള്ളീക്കാരൻ ഇപ്പൊ നാട്ടിൽ പോയിട്ട് വന്നു. ഓന്റെ നിരന്തര പീഢനം സഹിക്ക വയ്യതെ ഓന്റെ ഭാര്യ ഓനൊട് പ്രതികാരം ചെയ്തു. ഓളങ്ങു പ്രസവിച്ചു, ഒരു പെൺകുഞ്ഞിനെ. അപ്പൊ ഈ കുഞ്ഞിന്റെ ഫോട്ടൊയാണ് നമ്മടെ കഥാപുരുഷൻ ചോദിക്കുന്നത് കണ്ടൊയെന്ന്.

എന്തായാലും അധികം കാത്തിരിക്കെണ്ടി വന്നില്ല കുഞ്ഞിന്റെ പടം മെയിൽ ചെയ്തു നമ്മുടെ ‘’ഓൻ‘’. കുഞ്ഞിനെ കുറിച്ചുള്ള കമന്റ് പറയാൻ വേണ്ടി ഞാൻ സദാബിനെ വിളിച്ചു.

‘’അളിയാ ഇത് അവൻ തന്നെ ഒരു വ്യത്യാസവും ഇല്ല. അല്ലെ?’‘

‘’അനക്കും തോന്നിയാ?. ഫോട്ടം കണ്ടപ്പൊളെ എനിക്കു തോന്നി. പശേങ്കി ഓനതൊരു ബെഷമാവണ്ടാന്നു കരുതി ഞാൻ ഓനോട് പറഞ്ഞില്ല. കുഞ്ഞ് ഓനെ പോലെ തന്നെ ഉണ്ടെന്ന്.’‘
--------------------------------------------------------------------------

അവതാരം എന്ന അപരാധം


അങ്ങനെ ഒരു അവതാരം കൂടി ഭൂമിയില്‍ അവതരിച്ചു. കേട്ടിട്ട് ആരും ഞെട്ടണ്ട. ഇതു നിങ്ങള്‍ കരുതുന്ന പോലെ ഉള്ള അവതരം അല്ല. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങളെ പോലെയുള്ള ദൈവ അവതാരങ്ങളും അല്ല. ഇതു നമ്മുടെ സാ‍ക്ഷാല്‍ ജെയിംസ് കാമറൂണിന്റെ 3ഡി അവതാരം.

‘’ആരടെ ഈ കാമറൂണ്‍ ചേട്ടന്‍?‘’.

ദാണ്ടെ കിടക്കുന്നു കഞ്ഞീം കലോം. ആ ചേട്ടനെ അറിയത്തതായിട്ട് ഈ ഭൂമിയില്‍ ആരാ ഉള്ളത്. നമ്മടെ പഴയ ടൈറ്റാനിക് കപ്പലില്ലെ, ഐസ് മലയില്‍ കൊണ്ട് ചാമ്പിയിട്ട് വെള്ളത്തില്‍ മുങ്ങിപ്പോയ സാധനം. അതിനെ വീണ്ടും പൊക്കി കൊണ്ട് വന്ന് അവതരിപ്പിച്ച് നമ്മളെ ഒക്കെ അമ്പരപ്പിച്ച അതേ ചേട്ടന്‍. പക്ഷെ ഈ ചേട്ടന്‍ ഇപ്പൊ അവതരിക്കുന്നത് നമ്മുടെ ഇന്ത്യന്‍ പേരിലാണ്. അവതാര്‍ എന്നു വച്ചാല്‍ മലയാളീകരിച്ച് പറഞ്ഞാല്‍ അവതാരം. എന്തായാലും പുള്ളിക്കാരന്‍ അവതരിക്കാന്‍ 12 വറ്ഷത്തോളം വേണ്ടിവന്നു. ഈ അവതാരം നമ്മടെ ടൈറ്റാനിക് അവതാരം പോലെ ചെറിയ സംഭവം ഒന്നും അല്ല. ഇതൊരു മഹാ അവതാരമാണ് നമ്മുടെ നഗ്ന നേത്രം കൊണ്ട് കണ്ടാല്‍ ഈ അവതാരത്തിന്റെ യഥാര്‍ത്ത രൂപം നമുക്കു ദര്‍ശിക്കന്‍ കഴിയില്ല. ഈ സംഗതി അവതരിച്ചിരിക്കുന്നത് ഐമാക് 3ഡി രൂപത്തില്‍ ആണ്ണെന്നാ പറയുന്നത്.

‘’ഓ നമ്മടെ മൈഡിയറ് കുട്ടിച്ചാത്തന്‍ പോലെ അല്ലെ അണ്ണാ?.’‘

അല്ല! കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മക്കു അന്നും ഇന്നും അറിയാവുന്നത് നമ്മുടെ കുട്ടിച്ചാത്തന്‍ 3ഡി ആണ്. അന്ന് കുട്ടിയായിരുന്ന ഈ വിനീതനായ ഞാനും തീയേറ്ററില്‍ ഇരുന്നു എട്ടു നിലയില്‍ ഞെട്ടിയിട്ടുണ്ട്. കണ്ണിനു നേരെ തീയ് വരുന്നു, കല്ല് ചീറിപ്പാഞ്ഞു വരുന്നു, ഐസ്ക്രീം മഴയായ് പെയ്തിറങ്ങുന്നു. ഹൊ! ഒരു മേളം തന്നെ. പ്രേക്ഷകരായ് നമ്മള്‍ അന്നു തീയേറ്ററില്‍ എന്തായിരുന്നു കാട്ടിക്കൂട്ടിയത്. എന്റെ അനിയന്‍ ആണെങ്കില്‍ അന്ന് വീട്ടില്‍ ചെന്നു പരാതി പറഞ്ഞു കളഞ്ഞു അവനു സ്ക്രീനില്‍ നിന്നും വാരി എറിഞ്ഞ മിഠായികളില്‍ ഒന്നു പോലും ഞാന്‍ കൊടുത്തില്ല എന്നു. ശരിയാണ് അവന്‍ പറഞ്ഞതിലും കാര്യമുണ്ട് അവന്‍ നോക്കിയപ്പൊ ഞാന്‍ സീറ്റിനു അടിയില്‍ ഉണ്ട്. പക്ഷെ അതു മിഠായി പറക്കാന്‍ അല്ല സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നു ആരോട് പറയാന്‍. ആദ്യത്തെ തീ വന്നപ്പൊളെ നമ്മള്‍ സേഫ് പ്ലേസ് പിടിച്ചു. പക്ഷെ ഈ ഐമാക്സ് സംഗതി അതിനെയെല്ലാം കടത്തിവെട്ടും എന്നാ കേള്‍ക്കുന്നത്.

എന്തായാലും ഈ സംഭവം നമ്മുടെ ഓഫീസില്‍ പാട്ടാവാ‍ന്‍ വലിയ താമസം ഉണ്ടായില്ല. അവതാരത്തെ കുറിച്ച് വലിയ ഒരു റിസര്‍ച്ച് തന്നെ നടത്തിയ ഒരു സുഹൃത്ത് നമ്മുടെ ഓഫീസില്‍ ഉണ്ട്. പത്രത്തില്‍ വല്ല അവതാറ് വാര്‍ത്തയും വന്നാല്‍ പിന്നെ പുള്ളി അങ്ങു വാചാലനാകും. ഇതു വന്നാല്‍ കാണാന്‍ വേണ്ടി കണ്ണില്‍ എണ്ണയും ഒഴിച്ച് കത്തിരുക്കുന്ന ഈ വ്യക്തിയുടെ ആത്മാര്‍ഥത കണ്ടാല്‍ ഒരു പക്ഷെ നമ്മടെ കാമറൂണ്‍ അണ്ണന്‍ അമേരിക്കയില്‍ കൊണ്ട് പോയി കാണിച്ചേനെ. കാരണം ആ സിനിമയിലെ നാവികളും അവരുടെ ഗ്രഹമായ പണ്ടോറയും ഒക്കെ പുള്ളിക്കരനു തിരുവന്തൊരത്തെ അംബലമുക്കും ഉള്ളൂരും പോലെ സുപരിചിതം. ഒരു ചാന്‍സ് കിട്ടിയാല്‍ ആ ഗ്രഹത്തില്‍ പോയി ഒരു നാവിപ്പെണ്ണിനെ വരെ കെട്ടാന്‍ പുള്ളിക്കാരന്‍ തയാര്‍. എന്തായാലും പുള്ളിക്കാരന്റെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് അവതാരം യു.എ.ഇയില്‍ അവതരിച്ചു. പക്ഷെ നമ്മുടെ പ്രിയ സുഹൃത്തിന്റെ സകലപ്രതീക്ഷകളെയും അസ്തമിപ്പിച്ചു കൊണ്ട് വന്ന ആദ്യ വാര്‍ത്ത യു.എ.യിലെ എല്ല തീയേറ്ററുകളിലും 3ഡി ഇല്ല എന്നു. പാവം നമ്മുടെ പ്രിയ സുഹൃത്ത് കെട്ട് നടക്കുന്നതിനു മുന്‍പെ കല്യാണം മുടങ്ങിയ വരന്റെ അവസ്ഥയായി. കുറെ ദിവസം പുള്ളിക്കരനു മിണ്ടാട്ടമില്ല. പക്ഷെ ഒത്തു കിട്ടിയ അസുലഭ മുഹൂര്‍ത്തം മുതലെടുത്ത് ചില ചേട്ടന്മാര്‍ പുള്ളിക്കരന്റെ മനോവ്യഥയെ കുത്തിനോവിച്ചു കൊണ്ട് ആനന്ദസായൂജ്യമടഞ്ഞു. ചില ദുഷ്ടന്മാര്‍ എന്നും രാവിലെ പുള്ളിക്കരന്‍ വന്നാല്‍ നേരെ ചെന്നു ചോദിച്ചു കളയും അവതാറിന്റെ കഥ. അപ്പോഴൊക്കെ ഒരു സൂപ്പര്‍മാനെ പോലെ പുള്ളിക്കരനെ ഞനങ്ങു രക്ഷിച്ചു കളയും. ‘’നിങ്ങളൊക്കെ എന്തു മണ്ടമാരാഹെ. 3ഡി പടത്തില്‍ എന്ത് കഥ കേള്‍ക്കാ‍ന്‍ അതൊക്കെ കണ്ടുതന്നെ അറിയണം.’‘

അങ്ങനെയിരിക്കെ നമ്മുടെ ഓഫീസിലെ തന്നെ വെറെ ഒരു മഹാന്‍ അവതാര്‍ അങ്ങു കണ്ടുകളഞ്ഞു. എന്നിട്ടു വെറുതെ ഇരിക്കുമൊ. ഒടുക്കത്തെ അഭിപ്രായം. ആ മഹാന്റെ അഭിപ്രായം ‘’സാധാരണ ഇംഗ്ലീഷ് പടം പോലെ കാണാനാണെങ്കില്‍ 3ഡി വേണമെന്നില്ല. എന്നാല്‍ ഇത്തിരി ഒക്കെ ധൈര്യം ഉള്ള ആള്‍ക്കാറ് ആണെങ്കില്‍ മാത്രമെ 3ഡി യില്‍ ഒക്കെ പോയി കാണാവു’‘. എന്താ എന്നു ചോദിച്ചാല്‍ അതൊക്കെ നിങ്ങള്‍ കണ്ടുതനെ മനസിലാക്കണം എന്നു പറഞ്ഞു കളയും. സിനിമയെ കുറിച്ച് വേറെ നൊ കമന്റ്സ്. എന്തായലും ഈ മഹാന്റെ നാവില്‍ നിന്നും അറിയാന്‍ കഴിഞ്ഞു അബുദാബി ഖാലിദിയാ മാളില്‍ സംഗതി ഉണ്ട് 3ഡി. അതോടെ നമ്മുടെ പുള്ളിക്കാരന്‍ അമൃത് കുടിച്ച പോലെ ആയി. പിന്നെ ഫോണെടുക്കലും ടിക്കറ്റ് ബുക്കുചെയ്യലും ഒരു ബഹളം തന്നെ. പക്ഷെ ഇതിനിടക്കു പുള്ളിക്കാരന്‍ ഒരു മഹാചതി ചെയ്തു കളഞ്ഞു. 3ഡിയിലും അവതാറിലും ഒന്നും ഒരു താല്പര്യവുമില്ലാത്ത എനിക്കും കൂടെ പുള്ളിക്കാരന്‍ ടിക്കറ്റ് എടുത്തു കളഞ്ഞു. ചങ്കുതകരാന്‍ വേറെ എന്തെങ്കിലും വേണൊ. ഒന്നാമത് 3ഡിയും ഞാനും ആയി അത്ര നല്ല രസത്തിലല്ല. പിന്നീട് നമ്മുടെ മഹാന്റെ അവതാര അവതരണം കേട്ടാല്‍ ഒരുമാതിരി ലോലഹൃദയരൊന്നും അതു പൊയി കാണില്ല. പക്ഷെ പുള്ളിക്കാരന്‍ വിടുന്നില്ല, ചെന്നെ പറ്റു. അവസാനം ഗത്യന്തരമില്ലാതെ വരാമെന്നു സമ്മതിച്ചു.

വൈകുന്നെരത്തെ സൈറണ്‍ അടിച്ചത് എന്റെ മരണമണി മുഴങ്ങിയതു പോലെ ആണുഎനിക്കു തോന്നിയത്. പുള്ളിക്കാരന്‍ ആകട്ടെ മുടിഞ്ഞ സന്തോഷം. കുറെകാലമായി കാത്തിരിക്കുന്നതല്ലെ. പക്ഷെ ഈയുള്ളവന്‍ അങ്ങനെയല്ലല്ലൊ. എന്തായാലും ഇറങ്ങാന്‍ നേരം ഞാന്‍ എന്റെ സുഹൃത്തുക്കളെയെല്ലാം ഒന്നു നോക്കി. ഇനി അഥവാ നാളെ കാണാന്‍ പറ്റിയില്ലെങ്കിലൊ. പണ്ടൊറ ഗ്രഹത്തിലെ ഏതെങ്കിലും ഒരു ഭീകരജീവി സ്ക്രീനില്‍ നിന്നും ഇറങ്ങി വന്നെ എന്നെ പിടിച്ച് തിന്നാല്‍, അതുമല്ലെങ്കില്‍ സ്ക്രീനില്‍ നിന്നും പഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ എന്റെ മഹത്തയ ജീവിതം അവസാനിക്കും. ഞാന്‍ നമ്മുടെ മഹാനായ സുഹൃത്തിനെ നോക്കി. മഹാനാവട്ടെ ഒരു കൂസലുമില്ല, വീണ്ടും മഹാന്റെ തിരുമോഴി ‘’അളിയാ കണ്ടിട്ട് നാളെ നമ്മള്‍ തമ്മില്‍ കാണുകയാണെങ്കില്‍ അഭിപ്രായം പറയണം’‘. അതോടെ നെഞ്ചില്‍ ആകെ ഉണ്ടാ‍യിരുന്ന ഇത്തിരി കാറ്റും അന്തരീക്ഷത്തില്‍ ലയിച്ചു.

അവസാനം തിയറ്ററില്‍ എത്തി. രാത്രി 9.30 ഉളള ഷോ ആയിരുന്നു. കൌണ്ടറില്‍ നിന്നും ടിക്കറ്റൊക്കെ എടുത്ത് അകത്ത് കയറിപ്പറ്റി. അകത്ത് കയറിയപ്പൊ നല്ല കാഴ്ച കുറെ അറബികള്‍ അവറ്ക്കു കണ്ണുതട്ടാതെ ഇരിക്കന്‍ വേണ്ടി മാത്രം ഞങ്ങല്‍ രണ്ട് മലയാളികള്‍ ആ തിയറ്ററില്‍. പക്ഷെ എല്ലാരും ഹോട്ടലില്‍ ഒക്കെ ഇരുന്നു കഴിക്കുന്ന പോലെ തട്ടിവിടുന്നുണ്ട്. കുട്ടികളുടെ ഒക്കെ മുന്നില്‍ ബക്കറ്റ് കണക്കിനു പോപ്കോണ്‍. അവരുടെ ഒക്കെ തീറ്റ കണ്ടാല്‍ അറിയാം ഇതൊന്നും ഇനി നാളെ കഴിക്കാന്‍ പറ്റില്ല എന്ന്. ഞാന്‍ നമ്മുടെ പുള്ളിക്കാരനോട് ചോദിച്ചു ‘’നമുക്ക് കുടിക്കാന്‍ എന്തെങ്കിലും മേടിച്ചാലൊ?’‘. പുള്ളിക്കാരന്‍ സമ്മതിച്ചു. വീണ്ടും അതിനകത്ത് തന്നെ ഉള്ള ഷോപ്പില്‍ നിന്നും വെള്ളമൊക്കെ മേടിച്ച് വീണ്ടും അകത്തു കയറി. എനിക്കും ആശ്വാസം, ഇനി എന്തായാലും മരിക്കാന്‍ നേരം വെള്ളമിറങ്ങാതെ മരിച്ചു എന്നു ആള്‍ക്കാരു പറയില്ല. നോക്കിനില്‍ക്കെ കണ്മുന്നില്‍ ഇരുള്‍ നിറഞ്ഞു സ്ക്രീനില്‍ അക്ഷരങ്ങള്‍ തെളിയാന്‍ തുടങ്ങി. എല്ലാരും കണ്ണടയൊക്കെ വച്ചു തയാറായി ഇരിക്കുന്നു. അവസാനം ഞാനും ധൈര്യം സംഭരിച്ച് കണ്ണട എടുത്തു വച്ചു. ചീറിപ്പാഞ്ഞു വരാന്‍ പോകുന്ന വേടിയുണ്ടകള്‍ക്കും അലറിപാഞ്ഞു വരാന്‍ പോകുന്ന ഭീകര ജീവികള്‍ക്കും എന്റെ ആത്മവീര്യത്തെ ചെറുക്കാ‍നാവില്ല എന്ന വിശ്വാസത്തൊടെ.

സ്ക്രീനില്‍ പാണ്ടൊറ ഗ്രഹവും നാവികളും മിന്നിമായുന്നു. നായകന്‍ ജാക് സള്ളി നാവിയായി അവതരിക്കുന്നു. പാണ്ടോറയിലെ വനാന്തരങ്ങളിലെ ഭീകരജീവികളുമായ് കൊമ്പുകോര്‍ക്കുന്നു. മനുഷ്യരുടെ അത്യാര്‍ത്തിയെ നാവികളുടെ മനോധൈര്യവും പ്രകൃതിയും നേരിടുന്നതും എല്ലം കണ്മുന്നില്‍. അതിനെക്കാള്‍ ഒക്കെ നമ്മുടെ കാമറൂണ്‍ അണ്ണനു കയ്യടി കിട്ടുന്നത് പാണ്ടൊറ ഗ്രഹതിന്റെ പ്രകൃതി ഭംഗി ഇത്രയും മനോഹരമായ് ഉണ്ടാക്കിയെടുത്തിനു തന്നെയാണ്. എന്തായാലും ചിത്രം കഴിഞ്ഞു. പാണ്ടൊറ ഗ്രഹത്തില്‍ നിന്നും ഞങ്ങളും പുറത്തിറങ്ങി.

‘’കുറച്ചു താമസിച്ചു അല്ലെ’‘. ഞാന്‍ പുള്ളിക്കാരനോട് ചോദിച്ചു.

‘’അതെ. ഇനി റൂമില്‍ എത്തുമ്പൊ ഒരു നേരമാവും’‘. പുള്ളിക്കാരന്‍ പറഞ്ഞു.

‘’എന്തായാലും സംഗതി കുഴപ്പമില്ല അല്ലെ. രസമുണ്ടായിരുന്നു.’‘ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.

‘’എന്ത് കൊള്ളാമെന്നു. ഒരുമാതിരി പറ്റിപ്പായി പൊയി. ഇതിനാണൊ അങ്ങേരു 1200 കോടി ഒക്കെ ചെലവാക്കിയത്. മനുഷ്യനെ ചുമ്മാ വടിയാക്കാന്‍‍. കുറെ നീല പെയിന്റ് അടിച്ച് കുറെ എണ്ണത്തെ വെറുതെ കാണിക്കുന്നു. അതുമാത്രമല്ല, 3ഡി എന്നു പറഞ്ഞിട്ട് ഒരു സീന്‍ എങ്കിലും ഒന്നു പേടിയായൊ?.’‘ എന്നെ അതിശയിപ്പിച്ചു കൊണ്ട് പുള്ളിക്കാരന്‍ വയലന്റയി. ഞാന്‍ എന്റെ മനസില്‍ അറിയാതെ പറഞ്ഞു പോയി ആ ടിക്കറ്റിന്റെ കാശ് എനിക്കു നേരത്തെ തന്നിരുന്നെങ്കില്‍ പുള്ളിക്കരനെ ഞാന്‍ ഒന്നു പേടിയാക്കിയെനെ. പിറകെ ചെന്നു വല്ല പടക്കം പൊട്ടിച്ചൊ ഒക്കെ.

പക്ഷെ വീണ്ടും പുള്ളിക്കാരന്‍ തകര്‍ക്കുകയാണ് ‘’ഇതിനെക്കാള്‍ എന്ത് നല്ല ചിത്രമായിരുന്നു ടൈറ്റാനിക്. അതിന്റെ ഏഴയലത്ത് ഉണ്ടൊ ഇത്. അതിലാണെങ്കില്‍ ആ പടം വരക്കുന്ന ഒറ്റ സീന്‍ മതി മുടക്കിയ കാശ് മുതലാവാന്‍. ഇതില്‍ എന്ത് തേങ്ങ ഉണ്ടെന്ന നീ പറയുന്നത്?’‘.

ദൈവമെ ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോയി.

എന്റെ പൊന്നു കാമറൂണ്‍ ചേട്ടൊയ് നിങ്ങള്‍ ഇറക്കിയ അവതാരം ഒന്നുമല്ല യഥാര്‍ത്തത്തിലെ അവതാരം. സാക്ഷാല്‍ അവതാരം ദാ എന്റെ കണ്മുന്നില്‍ തന്നെ ഉണ്ട്.
------------------------------------------------------------------------------------

പുതുവത്സരാഘോഷം ഒരു റിവ്യു.

‘’അങ്ങനെ 2010 ഉം വന്നു അല്ലെ അണ്ണ.‘’

‘’ഓ തന്നെ തന്നെ അല്ല ഇനി ഇപ്പൊ പുതുതായ് എന്തരടെയ് ഒരു വിശേഷം ?.

‘’ഏയ് ഒന്നൂ‍ല്ല ചുമ്മാ പറഞ്ഞെന്നെ ഉള്ളു അണ്ണ. എന്നാലും പറയുമ്പോള്‍ എല്ലാം പറയണല്ലോ. ഒരുമാതിരി ചളുങ്ങിയ കഞ്ഞിക്കലം പോലെ ആയി പൊയി 2009.‘’

‘’അതിപ്പൊ എല്ലാ വര്‍ഷവും അങ്ങനെ തന്നെ അല്ലെ? 2009 നു എന്തരപ്പി കുഴപ്പം. നല്ല വൃത്തിയായ് സുനാമി അടിച്ച പോലെ ആയിരുന്നില്ലെ ആഗോളമാന്ദ്യം. ദുബായില്‍ നിന്നും യുദ്ധം വരുമ്പൊ ഒഴിയുന്ന പൊലെ അല്ലെ ആള്‍‍ക്കാര്‍ ഒഴിഞ്ഞു പോയത് ?. കാലങ്ങളായി കാത്തിരുന്ന പഴശിരാജ വന്നില്ലെ ?. ബഡ്ജറ്റില്‍ കേരളത്തിനു എന്തെല്ലാം പ്രാധാന്യം കിട്ടി. ഇന്ത്യയുടെ ചന്ദ്രയാന്‍ ചന്ദ്രനില്‍ വെള്ളം ഉണ്ടെന്നു കണ്ടെത്തിയില്ലെ ?. ഇങ്ങനെ ഉള്ള 2009 മോശം എന്നാണൊടെ അപ്പീ നീ പറയണത് ?. ‘’

എന്റെ പൊന്നണ്ണാ ഞാന്‍ പറയാന്‍ വന്നത് അതല്ല. നമ്മല്‍ ഒരു നല്ല കലം ഉണ്ടാക്കി, കച്ചവടത്തിനു കടയില്‍ കൊണ്ട് പോകുന്നതിനു മുന്നെ അതു ചവിട്ടി ഞണുക്കിയാല്‍ (ലോക്കല്‍ ഭാഷയാണ്‍ സദയം ക്ഷമിക്കുക) എങ്ങനെ ഇരിക്കും അത് മാത്രമെ ഉള്ളു ഞാന്‍ ഉദ്ധേശിച്ചുള്ളു.

‘’ഓ എന്തപ്പി ഇപ്പൊ അങ്ങനെ തൊന്നാന്‍‘’.

‘’അല്ല ഞാന്‍ നമ്മടെ ന്യൂഇയര്‍ ആഘോഷങ്ങളെ കുറിച്ചാ ഉദ്ധേശിച്ചത്‘’.

‘’ഓ അതിനിപ്പൊ എന്തരുപറ്റി. വേഷാ ആഘോഷിച്ചില്ലെ ?’‘.

‘’ഓ പിന്നെ എന്തായിരുന്നു ആഘോഷം. അതിനെ കുറിച്ച പറഞ്ഞു വരുന്നത്. ആഘോഷം എന്നു വച്ചാല്‍ ഇങ്ങനെയും ഉണ്ടോ, നാട്ടില്‍ ആയിരുന്നെങ്കില്‍ പോട്ടെ. ഇതു രാജ്യം വേറെ, പലദേശക്കാര്‍, പലഭാഷക്കാര്‍ ഒക്കെ ഉള്ള സ്ഥലം അവിടെ കിടന്നു നമ്മടെ കൊച്ചു കേരളത്തിന്റെ യശസ്സ് ഇങ്ങനെ പൊക്കികാണിക്കണമായിരുന്നൊ?.. ‘’

‘’അല്ലടെ ഒള്ളതാണാടെയ് അപ്പീ. പൊക്കികാണിച്ച. ഛെ നാറ്റക്കേസയല്ലെ.’‘

‘’പൊക്കികാണിച്ചു എന്നു മാത്രമല്ല. കാണിക്കതെ നിന്നവരുടെത് കൂടെ ഉള്ളവരു വലിച്ചു കീറിയും ഉരിഞ്ഞും ഒക്കെ കാണിച്ചു.’‘

‘’ഓ അല്ലെങ്കിലും ഇവറ്റകള്‍ ഇങ്ങനെ തന്ന അപ്പീ. വെള്ളം അടിച്ചാല്‍ പിന്നെ പരിസരം മറക്കും. ജീവിക്കന്‍ വേണ്ടി അന്യനാട്ടില്‍ കിടക്കുന്ന കാര്യം പോലും അങ്ങു മറക്കും. ‘’

‘’എന്റെ പൊന്നണ്ണാ ക്യംബിലെ വേയ്സ്റ്റ് ബിന്‍ മൊത്തം അണ്ണന്മാര്‍ ചെണ്ടയടിച്ച് പൊട്ടിച്ചു. ക്യാംബിലെ ടൊയിലറ്റ്കല്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തന്‍ വച്ചിരുന്ന സാമഗ്രികള്‍ ഒക്കെ പല അണ്ണന്മാര്‍ക്കും ചെണ്ടയായിരുന്നു. അതും പോട്ടെ ഒക്കെ അടിച്ച് പൊട്ടിച്ചിട്ട് ആല്‍ക്കരുടെ തലയായി പിന്നെ ചെണ്ട. എന്തായാലും അണ്ണ അബുദാബി പോലിസിന്റെ കൂമ്പിനിടികിട്ടാതെ അണ്ണന്മാര്‍ രക്ഷപെട്ടത് നാട്ടില്‍ ഉള്ളവരുടെ പ്രാര്‍ഥന അത്രെ ഉള്ളു.’‘

‘’തന്നപ്പീ നമ്മുടെ നാട് അല്ലെങ്കിലും നശിച്ചു പോയി. എന്ത് ആഘോഷം വന്നാലും മലയാളികള്‍ക്ക് കുടിക്കണം. ഇനി നമ്മുടെ നാടിനെ രക്ഷിക്കണമെങ്കില്‍ പരശുരാമന്‍ വീണ്ടും മഴു എടുത്ത് തിരിച്ചെറിയണം.’‘

‘’അണ്ണാ പല അണ്ണന്മാരും ജോലിക്കു പോകണമെങ്കില്‍ ഒരു 3 ദിവസം എങ്കിലും പിടിക്കും. ഒക്കെ പാച്ച് വര്‍ക്ക് ആയി പൊയി.’‘

‘’ഓ പഠിക്കട്ടെടെയ് ലവന്മാര്‍. അപ്പീ ഞായ് ഇത്തിരി തെരക്കിലാ പിന്നെ കാണാം.’‘

‘’അല്ലണ്ണ എന്തയിത്ര തെരക്ക് ?’‘

‘’അല്ലടെയ് ലവന്മാര്‍ക്ക് നീ പറഞ്ഞ പോലെ നാണമില്ലടെയ്. ന്യുഇയറ് ആഘോഷിക്കന്‍ സാധനം മേടിച്ചടിക്കും. എന്നാ കാശ് സമയത്ത് തരുമൊ അതും ഇല്ല. അത് മേടീച്ചെടുക്കാന്‍ പിന്നെ നമ്മള്‍ പൊറകെ നടക്കണം. ചുമ്മതല്ലടെയ് നമ്മടെ കേരളം നന്നാവാ‍ത്തത്....