ഏറ്റവും കൂടുതൽ സ്വപ്നങ്ങൾ ഉണ്ടാകുന്നത് ഒരു പക്ഷെ എല്ലാപേരുടേയും കോളേജ് വിദ്യാഭ്യാസ കാലത്തായിരിക്കും. ചിലർ എത്രയും പെട്ടെന്നു ഒരു ജോലി കിട്ടുക എന്ന ആശയക്കാരായിരിക്കും പക്ഷെ മറ്റുചിലറ് അങ്ങനെയല്ല. അവർ ആരുടേയും കീഴിൽ ജോലി ചെയ്യാൻ താല്പര്യം കാണിക്കില്ല, സ്വന്തം താല്പര്യത്തിൽ സ്വന്തം തലയിൽ നിന്നും ഉത്ഭവിക്കുന്ന ബുദ്ധിയിൽ നിന്നും രൂപപ്പെടുത്തിയെടുക്കുന്ന ബിസിനസ്സുകളിൽക്കൂടി ജീവിത വിജയം നേടാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. ഒരുപാട് സ്വപനങ്ങളിൽ ജീവിക്കുന്ന ഒരു വിനീതനായ ഈ ഞാനും ഇങ്ങനെയുള്ള അശയങ്ങളെ സഹറ്ഷം സ്വഗതം ചെയ്യുന്ന ഒരു വ്യക്തിയാണ്. പക്ഷെ ഇപ്പോൾ പറയാൻ പൊകുന്നത് എന്നെക്കുറിച്ചല്ല എന്റെ ഒരു പ്രിയ സുഹൃത്തിനെക്കുറിച്ചാണ്. അദ്ധേഹം തന്റെ വിജയകരമായ ബിക്കോം പഠനത്തിനു ശേഷം ഇതുപോലെ ഒരു വമ്പൻ ആശയം നടപ്പിലാക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ ഈ സുഹൃത്തിനു അതിനുള്ള ചേതൊവികാരം വളരെ നിസാരമാണ്. പഠിച്ചത് ബിസിനസ്സ്, അപ്പൊ പിന്നെ അതില് തന്നെ കൈ വച്ചില്ലെങ്കില് ഇനി നാട്ടുകാറ് എന്ത് കരുതും. അതുമാത്രമല്ല പഠിക്കുന്ന കാലത്ത് ഈ സുഹൃത്ത് ഒരു പ്രഖ്യാപനവും അങ്ങ് നടത്തിക്കളഞ്ഞു ‘’ ഡിഗ്രി കഴിഞ്ഞാല് ഞാന് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങും’‘. പഠിക്കുന്ന കാലത്ത് തന്നെ നമ്മുടെ ഫ്രീറ്റൈമുകൾ മുഴുവൻ ഈ സുഹൃത്ത് തന്റെ ബിസിനസ്സ് ആശയങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയുള്ള വേദിയാക്കിമാറ്റുകയായിരുന്നു. അതുമാത്രമല്ല ഈ ദേഹം സകലമാന മുറുക്കാന് കടകളിലും കയറി ഇറങ്ങും ബിസിനസ്സിനെ കുറിച്ച് പഠിക്കാന്. അവസാനം ഒരുപാട് പഠനങ്ങള്ക്കു ശേഷം പ്രിയ സുഹൃത്ത് ഒരു വമ്പന് ബിസിനസ്സ് പ്ലാന് തന്നെ തയാറാക്കി തന്റെ ഡിഗ്രി പഠനത്തിനു ശേഷം ‘’കൊപ്ര കച്ചവടം‘’. കേരളത്തില് കൊപ്രയ്ക്കു എന്താ ഇത്ര ക്ഷാമം. തെങ്ങില്ലെ?. തേങ്ങയില്ലെ ? തെങ്ങുകയറ്റക്കരില്ലെ സറ്വോപരി പിതാശ്രി ഗള്ഫില് നിന്നും പണം അയക്കുന്നില്ലെ( ? ) പിന്നെ എന്താ അങ്ങു തുടങ്ങിയാല്. പിന്നെ നേരെ തന്റെ ഒരു സുഹൃത്തിന്റെ അടുത്ത് ചെന്നു തന്റെ മാസ്റ്ററ്പ്ലാന് അങ്ങു അവതരിപ്പിച്ചു.

‘’ അളിയാ നല്ല ഐഡിയ. പക്ഷെ നീ ഈ ബിസിനസ്സിനെ കുറിച്ച് എന്റെ അടുത്ത് ചോദിക്കുന്നതിലും നല്ലത്. നമ്മുടെ പ്രൊഫസ്സറ് ഇസ്മായിലിനോട് ചോദിച്ചാല് മതി. അദ്ധേഹം ഈ അടുത്ത് ഒരു തിസീസ് തയാറാക്കിയിട്ടുണ്ട് അത് കൊപ്രയെ കുറിച്ചാണ്. അദ്ധേഹത്തിന്റെ കയ്യില് ഇരിക്കുന്നത് ഞാന് കണ്റ്റിട്ടുണ്ട്. എന്നെക്കാളും പ്രൊഫസ്സറ്ക്ക് നിന്നെ സഹായിക്കന് പറ്റും’‘. സുഹൃത്ത് നല്ല ഒരു ഉപദേശിയായി.

എന്തായലും നമ്മുടെ സുഹൃത്ത് പ്രൊഫസ്സറിനെ കാണാൻ തന്നെ തീരുമാനിച്ചു അദ്ധേഹം വരുന്ന വഴിയിൽ കാത്ത് നില്പായി. ആ നില്പ്പിൽ തന്നെ കുറെ സ്വപ്നങ്ങള് ഒക്കെ അങ്ങ് നെയ്ത് കൂട്ടി. വീടിന്റെ മുന്നിൽ നിറയെ കൊപ്ര, അതു പല സ്ഥലങ്ങളിലേക്കും കൊണ്ട് പോകാന് നൂറുകണക്കിനു വാഹനങ്ങള്. താൻ ഒക്കെ നോക്കി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, തൊഴിലാളികളോട് അജ്ഞാപിക്കുന്നു, അവരൊക്കെ കാണുമ്പൊത്തന്നെ ‘’മുതലാളി മുതലാളി’‘ എന്നു വിളിച്ച് ഭവ്യതയോടെ നിൽക്കുന്നു. തിരക്കു പിടിച്ച് നടക്കുന്ന തെന്റെ പിന്നാലെ ഒരു ഒപ്പിനു വേണ്ടി നടക്കുന്ന പി എ. ‘’ഹൊ മലയാള സിനിമ കാണുന്നത് കൊണ്ടുള്ള ഒരു ഗുണമെ, സ്വപ്നം കാണുമ്പൊ നല്ല മെനക്കു കാണാം‘’.

നമ്മുടെ സുഹൃത്ത് സ്വപ്നം മതിയാക്കി നൊക്കിയപ്പൊഴുണ്ട് ദാ വരുന്നു. ഐശ്വര്യത്തിന്റെ മാലാഖ കയ്യില് ഒരു പുസ്തകവും പിടിച്ചു കൊണ്ട് അടിവച്ചടിവച്ച് നടന്നു വരുന്നു, നമ്മുടെ പ്രൊഫസ്സർ. കയ്യിലിരിക്കുന്ന ആ പുസ്തകം നിറയെ തന്നെ വലിയൊരു കൊപ്രമുതലാളിയാക്കാൻ വേണ്ടി എഴുതിക്കൂട്ടിയ അശയങ്ങളാണ്. ഹൊ! ദൈവമെ, ഇതിനൊക്കെ പകരം ഈ പാവത്തിനു എന്താ താന് കൊടുക്കുക?. എല്ലാ മാസവും ഒരു അഞ്ച്കിലോ വെളിച്ചെണ്ണ കൊടുത്തേക്കാം സ്വന്തം കൈ കൊണ്ട്, എന്നിട്ട് പ്രൊഫസ്സറോട് കണ്ണീരോടേ പറയുകയും ചെയ്യാം ‘’ സാർ, എന്റെ ജീവിതവിജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും സാറിനാണ്. അന്ന് സാറ് എനിക്കു കൊപ്രയെ കുറിച്ചും അതിന്റ്റെ അനന്ത സാധ്യതകളെക്കുറിച്ചും എനിക്കു അറിവു നൽകിയില്ലായിരുന്നുവെങ്കിൽ ഞാൻ ഒന്നും ആകില്ലായിരുന്നു സാർ. ഒക്കെ സാറിന്റെ നല്ല മനസ്സ്’‘. ഇതൊക്കെ കേൾക്കുമ്പൊൾ പ്രൊഫസ്സർ വിനയാന്വിതനായി പറയും ‘’ ഇതൊന്നും എന്റെ മിടുക്കല്ല കുട്ടി, ഒക്കെ നിന്റെ കഠിനദ്ധ്വാനത്തിന്റെ ഫലമാണ്‘’. ഹൊ എന്തൊരു സുന്ദര മുഹൂർത്തമായിരിക്കും. ഒരു പക്ഷെ തന്റെ ഒരു കഠിനാദ്ധ്വാനവും അർപ്പണമനോഭാവവും ഒക്കെ കണ്ട് സാറിന്റെ ഒരെ ഒരു മകളെ തനിക്കു കെട്ടിച്ചു തന്നാലും ആയി.

എന്തായാലും സ്വപ്നം കണ്ട് ഒരുപാട് വൃത്തികേടാക്കേണ്ടി വന്നില്ല പ്രൊഫസ്സറ് നടന്നു നമ്മുടെ പ്രിയസുഹൃത്തിന്റെ മുന്നിലെത്തി. പക്ഷെ പ്രൊഫസ്സർ അടുത്തു വന്നപ്പൊ നമ്മുടെ പ്രിയസുഹൃത്തിനു ആകെ ടെൻഷനായി, എന്തു പറഞ്ഞാ തുടങ്ങുക !. എന്തായാലും കയറിമുട്ടുക തന്നെ എന്നു കരുതി പ്രൊഫസ്സറിന്റെ അടുത്തേക്ക് നടന്നു ചെന്നു.

‘’ ഗുഡ് ഈവനിംഗ് സാറ്’‘. നമ്മുടെ പ്രിയസുഹൃത്ത് അടുക്കാൻ ഉള്ള ആദ്യത്തെ സ്റ്റെപ്പിൽ നിന്നു.

‘’ ഗുഡ് ഈവനിംഗ് ‘’ പ്രൊഫസ്സറ് പ്രത്യഭിവാദ്യം നൽകി വന്ന അതെ ഗൌരവത്തിൽ നടന്നു. നമ്മുടെ പ്രിയ സുഹൃത്തിന്റെ സകല മൂഡും പൊയി. നട്ട് പോയ സ്ക്ക്യൂറലിനെ പോലെ ഒരു സെക്കന്റ് നിന്നു പോയി. ശ്ശെട! എല്ലാ മാസവും ഫ്രീയായിട്ട് അഞ്ച് കിലൊ വെളിച്ചെണ്ണ കിട്ടാനുള്ള വഴിയുമായി ഈയുള്ളവൻ ഈ കണ്ട നേരമൊക്കെയും നിന്നിട്ട് പുള്ളിക്കാരൻ പോണ പോക്കുകണ്ടില്ലെ. പുള്ളിക്കാരനു വേണ്ടെങ്കിൽ വേണ്ട കൊപ്ര മുതലാളി ആകാൻ പോകുന്നത് പ്രൊഫസ്സറല്ലല്ലൊ. പ്രിയ സുഹൃത്ത് വീണ്ടും ഒട്ടാനുള്ള ഫെവിക്കോളും വാരി പൂശി പ്രൊഫസ്സറു പിന്നാലെ കൂടി.

‘’ സാറ് എന്നും ഇതു വഴിയാണൊ പോകുന്നത് ?’‘ സുഹൃത്ത് ചോദിച്ചു. പക്ഷെ ചോദിച്ചു കഴിഞ്ഞപ്പൊ പ്രൊഫസ്സറ് നമ്മുടെ സുഹൃത്തിനെ ഒന്നു നോക്കി. കാരണം പ്രൊഫസ്സറുടെ എന്നല്ല ആ നാട്ടിലെ ആരുടെ വീട്ടിലും പോകാനുള്ള വഴി അതുമാത്രമാണ് കാരണം ആകപ്പടേ ഉള്ള ഒരു റോഡ് അതുമാത്രമാണ്. എങ്കിലും പ്രൊഫസ്സറ് ഉത്തരം നൽകി, അതെ എന്ന അർഥത്തിൽ ഒന്നു മൂളി.

പക്ഷെ കൊപ്രമുതലാളിയാകാനുള്ള തന്റെ ആത്യന്തികമായ ലക്ഷ്യത്തില് ഇതൊന്നും ഒരു പ്രശ്നമല്ല എന്ന വിചാരത്തില് പിന്നെയും നമ്മുടെ പ്രിയസുഹൃത്ത് ഒരോന്നു പറഞ്ഞു പ്രൊഫസ്സറുടെ പിന്നാലെ തന്നെ കൂടി. പ്രൊഫസ്സറ് തയാറാക്കിയ കൊപ്രയെ കുറിച്ചുള്ള തിസീസിൽ നിന്നും തനിക്കു കിട്ടേണ്ട കാര്യങ്ങൾ കിട്ടുന്നത് വരെ തനിക്കു വിശ്രമമില്ല എന്നു തന്നെ നമ്മുടെ സുഹൃത്ത് ഉറപ്പിച്ചു. അതുകൊണ്ട് സുഹൃത്ത് പലകാര്യങ്ങളും സംസരിക്കാന് തുടങ്ങി. പക്ഷെ എന്തു സംസാരിച്ചിട്ടും പ്രൊഫസ്സർ പഴയപടിതന്നെ. കോളേജിൽ നിന്നും വൈകുന്നേരം തൊടുത്തി വിടുന്ന റൊക്കറ്റ് നേരെ വീട്ടിൽ ചെന്നേ നിൽക്കാറുള്ളു. അതിനിടക്കാ ഈ ധൂമകേതു.

നടന്നു നടന്നു പ്രൊഫസ്സറുടെ വീട് അടുക്കും തോറും നമ്മുടെ പ്രിയസുഹൃത്തിന്റെ ചങ്കിടിപ്പു കൂടിക്കൂടി വന്നു. ഉദ്ധേശിച്ചു വന്ന കാര്യം ഇതു വരെ അവതരിപ്പിച്ചില്ല. രണ്ടുപേരും നടന്നു പ്രൊഫസ്സറുടെ വീടിന്റെ ഗേറ്റിനു അടുത്തെത്തി. പ്രൊഫസ്സർ ഗേറ്റിനു അരികിൽ എത്തി എന്നിട്ട് നമ്മുടെ പ്രിയസുഹൃത്തിനെ ഒന്നു നോക്കി, ഇനിയെങ്കിലും ഒന്നു പൊയ്ക്കൂടേ എന്ന ഭാവത്തിൽ.

എന്തായാലും നമ്മുടെ പ്രിയസുഹൃത്ത് രണ്ടും കല്പിച്ച് പ്രൊഫസ്സറൊട് ചോദിച്ചു. ‘’ അല്ല സാറ് ഞാൻ കേട്ടല്ലൊ, സാറു കുറെ കാലാമായി ഒരു തിസീസ് തയാറാക്കുന്നു എന്നു. കൊപ്രയെക്കുറിച്ചല്ലെ സാറിന്റെ തിസീസ്. എനിക്കു വളരെ ഇഷ്ടമുള്ള ഒരു വിഷയമാണത്.‘’

അതു കേട്ടപ്പോൾ പ്രൊഫസ്സറുടെ മുഖം ഒന്നു പ്രസന്നമായി. സന്തോഷത്തിൽ തന്നെ പ്രൊഫസ്സർ മറുപടി നൽകി. ‘’ അതെ ഞാൻ കൊപ്രയെക്കുറിച്ചു തന്നെയാണ് തിസീസ് തയാറാക്കുന്നത്. കുറെ കാലമായി, ഏകദേശം ഒരു ആറേഴുമാസത്തൊളമായി. പൂർത്തിയായി വരുന്നു.’‘

പ്രിയസുഹൃത്തും കൂടുതൽ ഉണ്മേഷവാനായി. എന്തായാലും വള്ളി കാലിൽ ചുറ്റി ഇനി എടുത്ത് കഴുത്തിൽ ഇട്ടാമതി. ‘’ എനിക്കു കൊപ്രയെ കുറിച്ച് പരിമിതമായ അറിവുമാത്രമെ ഉള്ളു. ഞാനിപ്പൊ ഡിഗ്രി കഴിഞ്ഞു സാർ. ഇനി സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു തന്നെയാണ് എന്റെ പ്ലാൻ’‘.

‘’ വളരെ നല്ലകാര്യമാണ്. ഒരു ബിസിനസ്സ് തുടങ്ങാൻ പോകുന്ന വ്യക്തി എന്നനിലയിൽ തീർച്ചയായും കൊപ്രയെക്കുറിച്ച് അറിയുന്നത് നല്ലതാണ്. ആട്ടെ എന്ത് ബിസിനസ്സാ ഉദ്ധേശിക്കുന്നത്?. പ്രൊഫസ്സർ ഒരു പുഞ്ചിരിയോടെ നമ്മുടെ പ്രിയസുഹൃത്തിനെ പ്രോത്സാഹിപ്പിച്ചു.

‘’ കൊപ്ര ബിസിനസ്സു തന്നെ ‘’. സുഹൃത്തും കൂടുതൽ ഉത്സാഹിതനായി.

‘’ കൊപ്ര ബിസിനസ്സൊ? ‘’ പ്രൊഫസ്സർ നെറ്റിചുളിച്ചു.

‘’ അതെ കൊപ്ര ബിസിനസ്സ് തന്നെ. സാറ് എനിക്കു വിശദമായി പറഞ്ഞു തരണം. കേരളത്തിൽ എവിടെയൊക്കെയാണ് നല്ലയിനം കൊപ്ര കിട്ടുന്നത് എന്നും, പിന്നെ ആ കൊപ്ര എങ്ങനെ സൂക്ഷിക്കണം എന്നതിനെയൊക്കെ കുറിച്ച്. സാറ് കൊപ്രയെക്കുറിച്ചൊക്കെ ഗവേഷണം നടത്തുന്നതല്ലെ. അപ്പൊ എന്തായാലും ഇതിനെയൊക്കെ പറ്റി നല്ല ഗ്രാഹ്യം കാണും.’‘ നമ്മുടെ സുഹൃത്ത് നല്ല പ്രതീക്ഷയോടെ ചോദിച്ചു. പക്ഷെ പ്രിയസുഹൃത്തിന്റെ സംസാരം കേട്ടതും പ്രൊഫസ്സറുടെ മുഖം ആകെ വിവർണ്ണമായി. അദ്ധേഹത്തിന്റെ കവിളുകൾ വിറക്കാൻ തുടങ്ങി, പുരികക്കൊടികൾ വളഞ്ഞു എന്നിട്ട് പ്രൊഫസർ ദേഷ്യത്തിൽ ഗേറ്റ് വലിച്ച് തുറന്ന് അകത്ത് കയറിപ്പൊയി. ഇതു കണ്ട് നമ്മുടെ പ്രിയ സുഹൃത്ത് വടി വിഴുങ്ങിയ മാതിരിയായി. ഇതെന്തായിപ്പൊ കഥ !.

പ്രൊഫസ്സർ പോയ അതേ സ്പീഡിൽ തിരിച്ചു വന്നു പക്ഷെ കയ്യിൽ ഒരു വലിയ പുസ്തകവുമായിട്ടാണ് അദ്ധേഹം വന്നത്. പുസ്തകം പ്രൊഫസ്സർ അന്തം വിട്ടു നിന്ന നമ്മുടെ സുഹൃത്തിന്റെ കയ്യിലേക്കു വച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു. ‘’ നോക്ക്, ഇതാണ് എന്റെ തിസീസ്.’‘

നമ്മുടെ സുഹൃത്തിന്റെ കണ്ണുകൾ പതിയെ പുസ്തകത്തിന്റെ പുറം ചട്ടയിലേക്കു പോയി. അതില് നല്ല വെള്ളക്ക വലിപ്പത്തിൽ എഴുതി വച്ചിട്ടുണ്ട് ‘’ COPRA’’ അതിന്റെ അടിയില് തന്നെ അതിന്റെ പൂർണ്ണ രൂപവും ഉണ്ട് ‘’ CONSUMER PROTECTION ACT – ഉപഭോക്തൃ സരക്ഷണ നിയമം ‘’. വായിച്ചു തീർന്നതും നമ്മുടെ സുഹൃത്ത് ആകെ വിയർത്തു.

‘’ ഇത് നീ കരുതുന്ന പോലെ ഒണക്ക തേങ്ങയെക്കുറിച്ചല്ല. Consumer Protection Act നെ ക്കുറിച്ചാണ് ഞാൻ എഴുതുന്നത്‘’ ഇത്രയും പറഞ്ഞു പ്രൊഫസ്സർ പുസ്തകവും പിടിച്ചു വാങ്ങി ഗേറ്റും തുറന്നു കയറി പോയി. നമ്മുടെ പ്രിയസുഹൃത്ത് നിന്ന നിൽപ്പിൽ ആലോചിച്ചു പോയി. ‘മാസങ്ങളായി ഒരുപാട് പഠനങ്ങളൊക്കെ നടത്തി അദ്ധേഹം എഴുതിക്കൊണ്ടിരിക്കുന്ന ഉപഭോത്ര സംരക്ഷണ നിയമത്തെയാണല്ലൊ താൻ വെറുമൊരു ഉണക്കതേങ്ങയാക്കിയത്! അടി കൂടെ തരാഞ്ഞത് ഭാഗ്യം‘.