‘’ടാ ഇജ്ജ് എബ്ടെ?.. ഇജ്ജ് ഓന്റെ കൊച്ചിന്റെ ഫോട്ടം കണ്ടാ ?‘. സദാബാണു. രാവിലെ ഫോണിൽക്കൂടെ ചോദ്യശരങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

‘’ആഹ അവൻ അയച്ചില്ലല്ലൊ. ഞങ്ങളൊക്കെ പ്രതീക്ഷിച്ച് ഇരിക്കുന്നു അവനോട് അയക്കാൻ പറ.’‘

അതെയ് നിങ്ങൾ ഞെട്ടണ്ട നിങ്ങൾക്കാർക്കും ഈ സദാബിനെയൊ അവൻ പറഞ്ഞ ഈ ‘’ഓനെ’‘ യൊ അറിയാൻ ഒരു വഴിയും ഇല്ല. കാരണം അവരാരും സിനിമാ നടന്മാരൊ ടീവി താരങ്ങളൊ അല്ല. എന്റെ സുഹ്രുത്തുക്കളാണ്. അതിപ്പൊ ഈ പറഞ്ഞ രണ്ട്പേരും മാത്രമല്ല വേറെം താരങ്ങൾ അണിയറയിൽ ഉണ്ട്. അവർക്കൊന്നും ഈ കഥയിൽ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് അവരൊക്കെ തിരശീലക്കു പിറകിൽ തന്നെ നിൽക്കട്ടെ. എന്തായാലും നമ്മൾ എല്ലാ സുഹൃത്തുക്കൾക്കു ഒരുകാര്യത്തിൽ ഐക്യമുണ്ട്. ഗ്യാങ്ങിലുള്ള ഒരാളിനെ എങ്കിലും ദിവസവും അങ്ങ് കളിയാക്കി കൊല്ലുക. കളിയാക്കലിന്റെ കാഠിന്യത്തിൽ മരണവെപ്രാളം കൊണ്ട് പിടയുന്ന സുഹൃത്തിനെ നോക്കി ആനന്ദസായൂജ്യം അടയാൻ വലിയ സന്തോഷമാണ് ഞങ്ങൾ എല്ലാർക്കും. ആ ഒരുകാര്യത്തിൽ നല്ല ഐക്യമാണ് എല്ലാർക്കും. ലോകത്ത് കളിയാക്കൽ 302 ശിക്ഷാപരിധിയിൽ കൊണ്ട് വന്നിരുന്നെങ്കിൽ ഒരുപക്ഷെ എന്റെ പ്രിയസുഹൃത്തുക്കൾ എല്ലാം എന്നേ യമപുരിയിൽ എത്തിയെനെ.

അതൊക്കെ അവിടെനിൽക്കട്ടെ പറഞ്ഞു വന്ന കാര്യം സൈക്കിളിൽ കേറി അതിന്റെ വഴിക്കു പോയി. നേരത്തെ പറഞ്ഞ ‘’ഓൻ’‘, (അമ്മച്ച്യാണെ പേര് ഞാൻ പറയില്ല എന്നെ കൊന്നാലും പറായില്ല) പിന്നെ നിങ്ങൾ എന്നോട് പിണങ്ങാതെ ഇരിക്കാൻ വേണ്ടി മാത്രം ഓന്റെ ഒരു രൂപം പറയാം. ഓനും നമ്മുടെ പക്രുവും സമ പൊക്കക്കാരാണ്. പിന്നെ ദോഷം പറയരുതല്ലൊ നല്ല നിറമാണ്. നിറം എന്നു വച്ചാൽ നല്ല കറുത്ത നിറം. പിന്നെ കുറച്ച് കഷ്ടപ്പെട്ട് ഇപ്പൊ ഇത്തിരി വയറൊക്കെ ഉണ്ടാക്കി എടുക്കുന്നുണ്ട്. ആകെ മൊത്തത്തിൽ ഒരാനച്ചന്തം (കുഴിയാന). പുള്ളീക്കാരൻ ഇപ്പൊ നാട്ടിൽ പോയിട്ട് വന്നു. ഓന്റെ നിരന്തര പീഢനം സഹിക്ക വയ്യതെ ഓന്റെ ഭാര്യ ഓനൊട് പ്രതികാരം ചെയ്തു. ഓളങ്ങു പ്രസവിച്ചു, ഒരു പെൺകുഞ്ഞിനെ. അപ്പൊ ഈ കുഞ്ഞിന്റെ ഫോട്ടൊയാണ് നമ്മടെ കഥാപുരുഷൻ ചോദിക്കുന്നത് കണ്ടൊയെന്ന്.

എന്തായാലും അധികം കാത്തിരിക്കെണ്ടി വന്നില്ല കുഞ്ഞിന്റെ പടം മെയിൽ ചെയ്തു നമ്മുടെ ‘’ഓൻ‘’. കുഞ്ഞിനെ കുറിച്ചുള്ള കമന്റ് പറയാൻ വേണ്ടി ഞാൻ സദാബിനെ വിളിച്ചു.

‘’അളിയാ ഇത് അവൻ തന്നെ ഒരു വ്യത്യാസവും ഇല്ല. അല്ലെ?’‘

‘’അനക്കും തോന്നിയാ?. ഫോട്ടം കണ്ടപ്പൊളെ എനിക്കു തോന്നി. പശേങ്കി ഓനതൊരു ബെഷമാവണ്ടാന്നു കരുതി ഞാൻ ഓനോട് പറഞ്ഞില്ല. കുഞ്ഞ് ഓനെ പോലെ തന്നെ ഉണ്ടെന്ന്.’‘
--------------------------------------------------------------------------