‘ ടാ അപ്പീ എന്തരടെയ് ലവന്‍ കാണിക്കണത് ?.’


‘ അയ്യൊ ! ആരണ്ണ ?.’‘


‘ നമ്മടെ ശ്രീശാന്തില്ലെ, ലവന്‍ തന്നെ. എന്തരു അഹങ്കാരമാടെയ് ലവന്?’‘


‘ അയ്യൊ ആരു പറഞ്ഞണ്ണാ ?. ഇപ്പൊ ശ്രീ കളിക്കുന്നുണ്ടല്ലൊ ഒരു കുഴപ്പവും ഇല്ല.’


‘ എന്തരു കൊഴപ്പം ഇല്ലാന്നു. ലവനെയൊക്കെ ആറ്ക്കാടേയ് അറിഞ്ഞൂടാത്തത്. ഒന്നുമില്ലങ്കിലും ലവനൊക്കെ മലയാളിതന്നല്ലേടെയ്. അപ്പീ ഒന്നാലോചിച്ച് നോക്ക്. വല്ല സായിപ്പന്മാരോടും ഒക്കെ മസില്‍ പെരുപ്പിച്ച് കാണിക്കാന്‍ എവനാരടെയ്. നമ്മള്‍ മൊത്തം മലയാളികള്ക്കും ആകെ നാണക്കേടായില്ലെ. അപ്പീ എന്തുമാത്രം സായിപ്പന്മാരാ നമ്മടെ കോവളത്തൊക്കെ വന്നെറങ്ങുന്നത്. എവന്മാ‍ക്കെ ഇങ്ങനെ വലിയ ആളുകളിച്ചല്‍ പിന്നെ ആരെങ്കിലും ഇങ്ങോട്ടു തിരിഞ്ഞു നോക്കുമോടെയ്. ?.’


‘ അയ്യൊ അണ്ണാ അതിപ്പൊ കളിയല്ലെ. എതിറ് ടീമിനെ പ്രകോപിപ്പിക്കാന്‍ വേണ്ടി എല്ലരും ഇങ്ങനെ ഒക്കെ കാണിക്കും. അതിപ്പൊ ആസ്ടേലിയക്കാർ ഇങ്ങോട്ടും കാണിക്കില്ലെ. അത്രെ ഉള്ളു. ‘


‘ എന്തരു പൊളപ്പിക്കനായാലും എന്റെ ചോദ്യമതല്ല. ആസ്ട്രേലിയകാറ്ക്കു കാണിക്കാം. അതുപോലെ ആണൊടെ ഈ പീറ കാണിക്കുന്നത്. ഒന്നുമില്ലെങ്കിലും അവന്‍ ഒരു മലയാളിയല്ലെ ? അന്തസ്സ് നോക്കണ്ടെ ? എവന്മാരെപോലത്തെ ആള്ക്കാാരാ നമ്മളെ പോലയുള്ളവരുടെ വെലയും കളേണത്.


‘ എന്നാലും കളിയല്ലെ ഇതൊക്കെ സാധാരണ അല്ലെ അണ്ണ.’


‘ എന്തരു കളിയല്ലേന്ന്. ടെയ് അപ്പീ നീയും ഞാനും ഒക്കെ കളിച്ചിട്ടൊണ്ട്. ഇപ്പ പ്രായമായി എന്നാലും പന്നിമലത്തെങ്കിലും ഇപ്പളും കളിക്കുന്നൊണ്ടെ. കളീടെ കാര്യം പറഞ്ഞപ്പി നമ്മളെ ഇരുത്തണ്ട. അതിന്റെ ഒക്കെ മാന്യത നല്ലോണം അറിയാമെടേയ്. ‘


‘ എന്നാലും അതൊക്കെ കഴിഞ്ഞ കാര്യമല്ലെ. ഇപ്പൊ ശ്രീ എന്ത് മാറിപ്പോയി. അതു മാത്രമല്ല ശ്രീയെ എനിക്കു പണ്ടെ ഇഷ്ടമാ. നല്ല സുപ്പറ് ബൌളറാ ഒരു സംശയവും വേണ്ട. ആട്ടെ അണ്ണന്റെ ഇഷ്ടകളിക്കാരന്‍ ആരാ ?’‘


‘ നെനക്കിതെന്തരിന്റ പെടപ്പെടെയ്. എവനെ ഒക്കെ ആറ്ക്കെങ്കിലും ഇഷ്ടമാവുമൊ. നമ്മക്കു അന്നും ഇന്നും മറഡോണ. പുള്ളിക്കരനെയാ ഇഷ്ടം. അവന്റെ ഒക്കെ ഏഴയലത്തു വരുമോടെയ് ഈ ശ്രീശാന്തൊക്കെ .’


‘ എന്റെ പൊന്നണ്ണ അതിനു മറഡോണ ക്രിക്കറ്റ് കളിക്കാരന്‍ അല്ലല്ലൊ. ഫുഡ്ബാള്‍ കളിക്കരന്‍ അല്ലെ ?.’


‘ അപ്പീ നമ്മക്കന്നും ഇന്നും ഫുഡ്ബാളു കളിയെ അറിയത്തൊള്ളു. ബുദ്ധിയൊള്ള എതെങ്കിലും പൈലുകള്‍ ക്രിക്കറ്റ് കാണുമോടെയ്. ചുമ്മ ഒരു ദെവസം മൊത്തം മെനക്കെടുത്താന്‍. എന്റെ ജീവിതത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടും ഇല്ല കണ്ടിട്ടും ഇല്ല.


‘ആഹ അങ്ങനെയാണൊ. അപ്പൊ പിന്നെ ശ്രീശാന്തിന്റെ കാര്യം ഒക്കെ ആരു പറഞ്ഞു. ‘


‘ എടെയ് അപ്പീ അതൊക്കെ ആരെങ്കിലും പറയണൊ ?. പത്രങ്ങളൊന്നും അപ്പി വായിക്കൂല്ലെ?. ഇന്നലെ നമ്മടെ എളയ പൊടിയന്‍ കടേന്നു അരി പൊതിഞ്ഞു കൊണ്ട് വന്ന പേപ്പറില്‍ നല്ല വെള്ളക്ക അക്ഷരത്തില് എഴുതി വച്ചേക്കുന്നു ശ്രീശാന്ത് ഏതൊ സായിപ്പിനെ കൊഞ്ഞനം കുത്തി കാണിച്ചെന്നു. പടവും ഉണ്ട്. ഇത് കണ്ട ഒരു മലയാളിയായ ഞാന്‍ പ്രതികരിക്കണ്ടെ അപ്പീ ?.”