‘’ നമസ്കാരം .. ന്യൂസ് മിനിറ്റിലേക്ക് സ്വാഗതം.. ഈ മിനിറ്റിലെ ചൂടന്‍വാര്‍ത്തകളുമായി നിങ്ങളൊടൊപ്പം സാബു  കൊഞ്ഞനം കുത്തി…. കുട്ടിക്കാനത്ത് ‘’ആത്മഹത്യ’‘ എന്ന സിനിമയുടെ  ലൊക്കേഷനില്‍ അണുബോംബ് സ്ഫോടനം.(വേള്‍ഡ് ട്രേഡ് സെന്റര്‍ കത്തുന്ന സീന്‍ കാണിക്കുന്നു) …. സ്ഫോടനത്തിനു പിന്നില് ലഷ്കറെ ത്വയ്ബ എന്നു സംശയം.(താടി നീട്ടി വളര്‍ത്തിയ ഒരു അപ്പൂപ്പന്റെ പടം കാണിക്കുന്നു) …. ആളപായം എത്രയെന്നു അറിവായിട്ടില്ല (ഏതൊ ഒരു ലാത്തി ചാര്‍ജിന്റെ സീന്‍ കാണിക്കുന്നു)….. നൂറുകണക്കിനു കാറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നതായി റിപ്പൊര്‍ട്ട് (തകര്‍ന്നുകിടക്കുന്ന കുറെ കാറുകളുടെ സീന്‍ കാണിക്കുന്നു…. സൂപ്പര്‍സ്റ്റാര്‍ തളത്തില്‍ ദിനേശന്‍ നായകാനായി അഭിനയിക്കുന്ന ചിത്രമാണ് ‘’ആത്മഹത്യ’‘(തളത്തില്‍ ദിനേശന്റെ പടം കാണിക്കുന്നു). ദിവസങ്ങള്‍ക്ക് മുന്പ് തളത്തില്‍ ദിനേശനും സൂപ്പര്‍ താരം സര്‍വം ഗോപിയും തമ്മില്‍ സിനിമാ താരങ്ങള്‍ ടീവിയില്‍ വരുന്നതിനെക്കുറിച്ച് വാക്കേറ്റം നടന്നിരുന്നു (തളത്തില്‍ ദിനേശനും സറ്വം ഗോപിയും തമ്മിലുള്ള സിനിമയിലെ ഒരു സംഘട്ടന രംഗം കാണിക്കുന്നു) ‘’ വിശദമായ വാര്‍ത്തലഭിക്കുന്നതിനായി… കുട്ടിക്കാനത്ത് സംഭവം നടന്ന സ്ഥലത്ത് നിന്നും നമ്മുടെ റിപ്പോര്‍ട്ടര്‍ ബിജു കൂട്ടത്തി ചവിട്ടി ലൈനിലുണ്ട് നമുക്ക് ബിജുവിനോട് തന്നെ സംഭവത്തെ കുറിച്ച് ചോദിക്കാം…. ബിജു.. കേള്‍ക്കുന്നുണ്ടൊ…(ചെറിയ സ്ക്രീനില്‍ ബിജുവിനെ കാണിക്കുന്നു. എന്തൊ ഭയങ്കര സംഭവം പറയാന്‍ പോകുന്ന ആക്രാന്തം മുഖത്ത് വരുത്തി വച്ചിരിക്കുന്നു. പറഞ്ഞു കഴിഞ്ഞിട്ട് വേണം കക്കൂസില്‍ പോകാന്‍ എന്ന ഭാവം ശരീര ചലനങ്ങളില്‍ നിന്നു മനസിലാക്കാം).