‘’എടോ താനല്ലെ ഉട്ടൊപ്പ്യന്‍ താരം എന്ന പേരില്‍ ബ്ലോഗ് എഴുതുന്നത് ?. ‘’
‘’ അതെ. ഞാന്‍ തന്നെയാ ‘’. ചോദ്യം കേട്ടു ഞാന്‍ ഒന്നന്തം വിട്ടു. ദൈവമെ ഇത്രപെട്ടെന്നു ഫേമസ് ആയൊ ! പക്ഷെ ചോദിച്ചയാള്‍ നമ്മുടെ കമ്പനിയില്‍ തന്നെ ആയതു കൊണ്ട് അറിയാന്‍ വഴിയുണ്ട്. കാരണം ഇന്റേണല്‍ മെയിലില്‍ എന്റെ മഹത്തായ സൃഷ്ടികള്‍ കിടന്നു കറങ്ങുന്നതു കൊണ്ട് അറിയാന്‍ വഴിയുണ്ട്.

‘’ എടോ താന്‍ ഭഗത് സിംഗിന്റെ ചരമദിനം വാലന്റയിന്‍സ് ദിനത്തിന്റെ അതേ ദിവസമാണ് എന്നു പറഞ്ഞു കൊണ്ടിറങ്ങിയ മെയിലിനെക്കുറിച്ച് എഴുതിയ ബ്ലോഗില്ലെ, അതു സംഗതി കൊള്ളാം. കാരണം ഇങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന ഒരുപാട് മെയിലുകള്‍ ഇറങ്ങുന്നുണ്ട്. എന്തായാലും താന്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയത് നന്നായി.’‘ പുള്ളിക്കാരന്‍ അഭിനന്ദനങ്ങള്‍ അങ്ങ് വാരിച്ചോരിയാന്‍ തുടങ്ങി. ഞാന്‍ എന്താ ചെയ്ക ഒക്കെ അങ്ങ് കേട്ടുകോണ്ട് നിന്നു. അല്ലേങ്കിലും ഞാന്‍ ഒരു പാവമാണല്ലൊ !.

പുള്ളിക്കാരന്‍ ഇതൊക്കെ പറഞ്ഞ് അങ്ങ് പോയി. പക്ഷെ എന്റെ കൂടെ നമ്മുടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. കക്ഷി ഇതൊക്കെ കേട്ടുകോണ്ടു നിള്‍ക്കുകയായിരുന്നു. അഭിനന്ദകന്‍ പോയതും നമ്മുടെ സുഹൃത്ത് ചോദിച്ചു ‘’ അല്ല എന്താ സംഗതി ?’‘
ഞാന്‍ പറഞ്ഞു ‘’ ഭഗത് സിംഗിനെ കുറിച്ചു ഒരു മെയില്‍ വന്നില്ലേ?, വലന്റൈന്‍സ് ദിനത്തിന്റെ അന്ന്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയ ബ്ലോഗിനെക്കുറിച്ചു പറഞ്ഞതാ പുള്ളിക്കാരന്‍.’‘
‘’ ഓ.. അതായിരുന്നോ ?. ശരിയാ ആ മെയില്‍ ഞാനും കണ്ടിരുന്നു. അല്ല എനിക്ക് ഒരു സംശയം. ആരാ ഈ ഭഗത് സിംഗ് ?.. പുള്ളിക്കാരനു എന്താ പറ്റിയത് ? ‘’. നമ്മുടെ സുഹൃത്ത് വളരെ കാര്യമായി തന്നെ എന്നോട് ചോദിച്ചു.

പക്ഷെ ഇതു കേട്ടാതും ഞാന്‍ അമ്പരന്നു. ഇതെന്തു മനുഷ്യന്‍ ! ഭഗത് സിംഗിനെ അറിയാത്ത ഇന്ത്യാ‍ക്കാരനോ ?. ജനിച്ചതും പഠിച്ചതും ഒക്കെ കേരളത്തില്‍, എന്നിട്ടും ഭഗത് സിംഗിനെ അറിയില്ല എന്നു വച്ചാല്‍ ! ചില ഗള്‍ഫ് കുട്ടികള്‍ക്ക് ഒരുപക്ഷെ അറിയില്ല എന്നു പറഞ്ഞാല്‍ നമുക്കങ്ങ് ക്ഷമിക്കാം, അവരു പഠിക്കുന്നതൊക്കെ ഗള്‍ഫില്‍ അല്ലെ. എന്നിരുന്നാലും ആ കുട്ടികള്‍ക്ക് നമ്മുടെ ചരിത്രത്തില്‍ ഒക്കെ നല്ല പിടിയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ കൂടുതലും ഇന്ത്യന്‍ സ്കൂളൂകള്‍ ആയതു കൊണ്ട് അവര്‍ കുറച്ചെങ്കിലും നമ്മുടെ ചരിത്രം മനസ്സിലാക്കുന്നു. പക്ഷെ ഇതു അങ്ങനെയല്ലല്ലൊ, എങ്കിലും വലിയ ഭാവ വ്യത്യാസം കൊടുക്കാതെ ഞാന്‍ പറഞ്ഞു ‘’ ഭഗത് സിംഗ് നമുടെ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അല്ല നീ സ്കൂള്‍ ക്ലാസ്സില്‍ ഒന്നും പഠിച്ചിട്ടില്ലെ ഭഗത് സിംഗിനെക്കുറിച്ച് ? ‘’.‘’ ഓ.. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നൊ ?. ഞാന്‍ വേറെ എന്തൊ കരുതി.. ചിലപ്പൊ സ്കൂളില്‍ പഠിപ്പിച്ചു കാണും. ഇനി ചിലപ്പൊ ഞാന്‍ സ്കൂളില്‍ ചെല്ലാത്ത ദിവസം വല്ലതുമാവും പഠിപ്പിച്ചത് ‘’. സുഹൃത്ത് അല്പം ചമ്മലോടെ പറഞ്ഞു. ഇതു കേട്ടിട്ട് എനിക്കു ചിരിക്കാതെയിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഈ സംഭവം അവിടെ കഴിഞ്ഞെങ്കിലും ഇതിന്റെ രണ്ടാം ഭാഗം അരങ്ങേറുന്നത് നമ്മുടെ ഓഫീസ്സില്‍ പിറ്റെദിവസം ആയിരുന്നു.എന്നും വൈകുന്നേരം നമ്മുടെ ഓഫീസില്‍ ഒരു അതിഥി വരും. അതിഥി വന്നാല്‍ കുറച്ചു നേരം എന്തെങ്കിലും ഒക്കെ പറഞ്ഞു സമയം കളയും. പുള്ളിക്കാരനെ ഞങ്ങള്‍ക്കും ഇഷ്ടമാണ്. കക്ഷി എന്തെങ്കിലും ഒക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. കക്ഷി വന്നതും തലേന്നു നടന്ന സംഭവം ഞാന്‍ എടുത്തിട്ടു. പുള്ളിക്കാരന്‍ ഇതു കേട്ടു ചിരിച്ചു ചിരിച്ചു ആകെ വശം കെട്ടു. എന്നിട്ട് നമ്മുടെ സുഹൃത്തിനെ വിളിച്ചു വരുത്തി കളിയാക്കാന്‍ തുടങ്ങി. നമ്മുടെ സുഹൃത്ത് എന്നെ ഒന്നു നോക്കി എടാ ദുഷ്ടാ ഈ ചതി എന്നോടു തന്നെ വേണമായിരുന്നൊ എന്ന ഭാവത്തില്‍. പക്ഷെ തന്നെ കളിയാക്കുനത് സഹിക്ക വയ്യതെ പുള്ളിക്കാരന്‍ തിരിച്ചു ഒരു നമ്പറിട്ടു. ‘’ ഓക്കെ എനിക്കു അറിഞ്ഞു കൂട ആരാ ഭഗത് സിംഗ് എന്നു. എന്നാല്‍ നീ പറ ആരാ ഈ ഭഗത് സിംഗ് ?’‘..ഇതു കേട്ടപ്പൊ നമ്മുടെ അതിഥി ഒരു വിഞ്ജാന കോശമായിട്ട് പറഞ്ഞു. ‘’ എടോ, മണ്ടശ്ശിരോമണീ ആരെങ്കിലും ചോദിച്ചാല്‍ ഇനിയെങ്കിലും ശരിയായിട്ടു പറയണം. ചുമ്മാ പഠിക്കുന്ന സമയത്ത് പാഠപുസ്തകം മാത്രം വായിച്ചാല്‍ പോര. പുസ്തകം വായിക്കണം, ടി.വി കാണണം. ഭഗത് സിംഗ് ആണു രാമായണം സീരിയലില്‍ ഹനുമാന്റെ വേഷം ചെയ്തത് . മനസിലായാ ?’‘

എന്തായാലും എനിക്കു അപ്പോള്‍ തന്നെ മനസ്സിലായി. ഇനി ഇതു വായിക്കുന്ന നിങ്ങള്‍ക്കോ ?

ഈ മഹാന്മാരെയൊക്കെ ചില്ലു കൂട്ടില്‍ തന്നെ ഇട്ടു വയ്ക്കണം. കാരണം ഇവരൊക്കെയാണു ശരിയായ ചരിത്ര സ്രഷ്ടാക്കള്‍.