സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം ഒരു പുതിയ സൃഷ്ടി നടത്തി ക്രിക്കറ്റ് ലോകത്തില്‍. ഡബിള്‍ സെഞ്ചറി, അതും ഏകദിനത്തില്‍. ഈ അടുത്തകാലം വരെ ഡബിള്‍ സെഞ്ചറി എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു ഏകദിന ക്രിക്കറ്റില്‍. എന്നാല്‍ അദ്ദേഹം ആ സ്വപ്നം യാഥാര്‍ഥ്യമാക്കി മാറ്റിയിരിക്കുന്നു.   പക്ഷെ ആദ്യമായി ഏകദിനത്തില്‍ സെഞ്ചറി അടിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത് സേവാഗ് ആണ്. പക്ഷെ അദ്ദേഹത്തിന്റെ ആ അഗ്രഹപ്രകടനം ജനങ്ങള്‍ ഒരു അഹങ്കാരമായി കണ്ടതെയുള്ളു. കാരണം ഏകദിനത്തില്‍ അങ്ങനെ ഒരു സംഭവത്തെക്കുറിച്ചു ചിന്തിക്കുന്നത് തന്നെ മനുഷ്യന്‍ സൂര്യനില്‍ പോകുന്നത് പോലെയാണ് എന്നായിരുന്നു ആള്‍ക്കരുടെ വിചാരം. എന്നാല്ല് ട്വന്റി ട്വന്റിയുടെ വരവ് ക്രിക്കറ്റ് ചിന്തകളെ മാറ്റിമറിച്ചു. ഏകദിനം കുറച്ചുകൂടി വേഗം കൈവരിച്ചു. അപ്പോള്‍ തന്നെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചറിയുടെ പിറവിക്കായി ക്രിക്കറ്റ് പ്രേമികല്‍ കാത്തിരിപ്പായി. ഒരുപക്ഷെ ക്രിക്കറ്റ് ദൈവവും അതിനുള്ള തയാറെടുപ്പിലായിരുന്നിരിക്കണം. എന്തായാലും ക്രിക്കറ്റ് പ്രേമികളില്‍ ആവേശത്തിന്റെ കൊടുംകാറ്റ് ഉയറ്ത്തിക്കൊണ്ട് ഏകദിനത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ചറി പിറന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിലൂ‍ടെ.

ലോകത്താകമാനമുള്ള ക്രിക്കറ്റ് പ്രേമികളും ക്രിക്കറ്റ് പണ്ഡിതന്മാരും സച്ചില്‍ എന്ന മഹാ വിസ്മയത്തെ വാനോളം പുകഴ്ത്തി. എല്ലാപേരും ഒരെ സ്വരത്തില്‍ തന്നെ പറഞ്ഞു സച്ചിന്‍ അല്ലാതെ ഈ ഒരു നേട്ടത്തില്‍ എത്താന്‍ യോഗ്യനായ മറ്റൊരു വ്യക്തി ഇന്നില്ല. ശരിയാണ് അദ്ദേഹത്തിന്റെ റെക്കോറ്ഡ് പരിശോധിച്ചാല്‍ തന്നെ അതു മനസിലാകും. ഇന്ത്യയില്‍ ക്രിക്കറ്റിനു ഇത്രയും പ്രചാരം വെറും സാധാരണ ജനങ്ങളില്‍ പോലും എത്തിച്ചതില്‍ പ്രധാന പങ്ക് സച്ചിനാണ് എന്നതില്‍ ഒരു സംശയവും ഇല്ല. എന്റെ കുട്ടിക്കാലത്തൊക്കെ ടി.വിയില്‍ കളികാണാന്‍ എത്തുന്ന പ്രായം ചെന്ന ആള്‍കാരൊക്കെ ചോദിക്കുന്നത് ‘’ ആ കുട്ടി ഔട്ട് ആയൊ ?’‘ എന്നാണ്. സച്ചിന്‍ ഔട്ടാകുന്നതോടെ തീരുന്ന ക്രിക്കറ്റ് പ്രേമം ആയിരുന്നു ആ കാലഘട്ടത്തില്‍. അതില്‍ നിന്നും ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ക്രിക്കറ്റ് കമ്പോളവും ക്രിക്കറ്റിന്റെ ധനാഢ്യന്മാരുമാക്കുന്നതില്‍ സച്ചിന്‍ വഹിച്ച പങ്ക് അനിര്‍വചനീയമാണ്. ഇന്ത്യക്കു സച്ചിന്‍ ക്രിക്കറ്റ് ദൈവമാകുന്നത് അങ്ങനെയൊക്കെയാണ്. ഇനി ഒരു പക്ഷെ നിരീശ്വരവാദികള്‍ ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് ‘’ദൈവം‘’ എന്ന പ്രയോഗം ഇഷ്ടമാകുന്നില്ലെങ്കില്‍ ‘’ ക്രിക്കറ്റ് ശാസ്ത്രജ്ഞന്‍‘’ എന്ന് പ്രയോഗിച്ചു കൊള്‍ക. ക്രിക്കറ്റ് ശാസ്ത്രജ്ഞന്‍ ഏകദിനക്രിക്കറ്റില്‍ ഒരു പുതിയ കണ്ടുപിടുത്തം‍ നടത്തി എന്നു തിരുത്തി വായിച്ചാല്‍ മതി.

പക്ഷെ ഞാന്‍ ഇത്രയും പറഞ്ഞതില്‍ എന്താ ഇത്ര പുതുമ എന്നാവും നിങ്ങളുടെ ചോദ്യം. ഇന്ത്യയിലും വിദേശത്തും ഉള്ള എല്ലാ പത്രങ്ങളിലും വാരികകളിലും അദ്ദേഹത്തെ വാഴ്ത്തുന്നത് ആനന്ദ നിര്‍വൃതിയോടെ നാം കണ്ടു അടുത്ത കുറെ ദിവസങ്ങളില്‍. പക്ഷെ അതിനേക്കാളൊക്കെ മുകളില്‍ നമ്മുടെ ഒരു പാര്‍ട്ടി  ഒരു മഹത്തായ ഒരു പ്രഖ്യാപനം നടത്തി നമ്മുടെ വായയുടെ സകല ജോയിന്റുകളൂം കീറിക്കളഞ്ഞു.  ‘സച്ചിന്‍ ടെണ്ടുള്‍ക്കറ്ക്കു ഭാരതരത്നം നല്‍കണം ‘. അതായിരുന്നു ഈ പാര്‍ട്ടിക്കാരുടെ പ്രസ്ഥാവന.  സച്ചിന്‍ എന്നെ വ്യക്തിയോട് ഇത്രയേറെ സ്നേഹം ഉള്ള വേറെ ആരും ഒരുപക്ഷെ ഇന്ത്യയില്‍ കാണില്ല. സച്ചിന്‍ മഹത്തായ ഒരു തെറ്റു പറഞ്ഞപ്പോള്‍ ശാസിക്കാന്‍ ഈ ഒരു പാര്‍ട്ടി മാത്രമെ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളു എന്നു സച്ചിന്‍ മനസ്സിലാക്കണം. രാജ്യസ്നേഹം ഒട്ടുമില്ലാതെ നടന്നിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിനു യഥാര്‍ത്ഥ രജ്യസ്നേഹം എന്തെന്നു കാട്ടിക്കൊടുത്തതും ഈ പാര്‍ട്ടിക്കാരു തന്നെയാണ്. അതിനു സച്ചിന്‍ ഇവരോടൊക്കെ നന്ദി പറയണം.

സച്ചിനു എന്തു രാജ്യസ്നേഹമിരുന്നിട്ടാണ് മണ്ണിന്റെ മക്കള്‍ വാദത്തെ എതിര്‍ത്തു സംസരിച്ചത്. അപ്പോഴാണ് സച്ചിന്റെ കപട രാജ്യസ്നേഹത്തെ ഇതേ പാര്‍ട്ടിക്കാറ് ജനങ്ങളുടെ മുന്നില്‍ കൊണ്ട് വന്നത്. സച്ചിന്‍ പറഞ്ഞത് എന്തായിരുന്നു ‘’ മഹാരാഷ്ട്ര എന്നാല്‍ എല്ലാ ഇന്ത്യക്കാറ്ക്കും അവകാശപ്പെട്ടാതാണ് ‘’. നാണമുണ്ടൊ സച്ചിന്‍ ഇങ്ങനെ പറയാന്‍ ?. താങ്കള്‍ക്ക് ഇന്ത്യ എന്നു വച്ചാല്‍ എന്തറിയാം ?. താങ്കളള്‍ ഗൂഗിള്‍ ചൈനയും ഗൂഗിള്‍ പാക്കിസ്ഥാനും കണ്ടിട്ടുണ്ടൊ ?. അതു പോലെ പല രാജ്യങ്ങളുടെയും ഗൂഗിള്‍ സൈറ്റ് എടുത്തു നോക്കിയാല്‍ മനസ്സിലാവും യഥാര്‍ത്ഥ ഇന്ത്യ എന്താണെന്ന്. ഇന്ത്യ എന്നു വച്ചാല്‍   മഹാരാഷ്ട്ര.  അതു മാത്രമാണ് നമ്മുടെ രാഷ്ട്രം മറാത്തി ഹമാരാ രാഷ്ട്ര ഭാഷാ ഹൈ. അതു കൊണ്ട് കേരളമാണ് തമിഴ്നാടാണ് എന്നൊക്കെ പറഞ്ഞു എതെങ്കിലും കൂതറകള്‍ ഇന്ത്യയില്‍ കാലു കുത്തിയാല്‍ ആ കാലു രാജ്യസ്നേഹികളായ നമ്മുടെ പാര്‍ട്ടിക്കാര്‍ വെട്ടും. അല്ലെങ്കില്‍ തന്നെ ഈ തെലുങ്കന്മാര്‍ക്കും ബംഗാളീസിനുമൊക്കെ ഇന്ത്യയില്‍ എന്തു കാര്യം ?. അതുകൊണ്ട് രാജ്യത്തെക്കുറിച്ച് സച്ചിന്‍ എന്തെങ്കിലും സംസാരിക്കുന്നെങ്കില്‍ അതു ഇന്ത്യയെക്കുറിച്ചു പഠിച്ചിട്ടുമതി. അതു മാത്രമല്ല അന്നു പാര്‍ട്ടിക്കാര്‍ സച്ചിനു ഒരു മുന്നറിയിപ്പ് നൽകാനും മറന്നില്ല ‘’ സച്ചിന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതി. ആല്ലാതെ കളിച്ചു നടക്കുന്ന  പ്രായത്തില്‍ ഭാരിച്ച രാഷ്ട്രീയ കാര്യം ഒന്നും ചര്‍ച്ച ചെയ്യണ്ട ‘’. കൂടാതെ ഒരുപാടു ന്യായവാദങ്ങളും അന്നു നിരത്തി. ‘’ സച്ചിന്‍ ഇന്ത്യക്കു വേണ്ടിയല്ല കളിക്കുന്നത് ബി.സി.സി. ഐക്കുവേണ്ടിയാണ് ''. ഈ ബി.സി.സി. ഐ എവിടുന്നു വന്നതാണ് എന്നു ഇതു വായിക്കുന്ന ആർക്കെങ്കിലും അറിയാമോ ?  പണ്ട് നീല്‍ ആംസ്ടൊംഗ് ചന്ദ്രനില്‍ പോയപ്പൊ അവിടെ നിന്നും എടുത്തു കൊണ്ട് വന്നതാണു ബി.സി.സി.ഐ. അതിനു ഒരുപാട് പരിണാമങ്ങള്‍ വന്നു ഇന്നത്തെ ബി.സി.സി.ഐ ആയി. അങ്ങനെയുള്ളാ ആ ബി.സി.സി.ഐയ്ക്കു വേണ്ടിയാണ് സച്ചിന്‍ കളിക്കുന്നത് അല്ലാതെ ഇന്ത്യക്കു വേണ്ടിയല്ല. സച്ചിന്‍ രാജ്യത്തിനു വേണ്ടി എന്ത് ത്യാഗമാണ് ചെയ്തത് ? ലോകമാന്യ തിലകനൊപ്പം ഒന്നും സച്ചിന്‍ വരില്ല. ഒരു മറാത്തി വിപ്ലവകാരിക്കും തുല്യനല്ല സച്ചിന്‍. റെക്കോഡ് പുസ്തകത്തില്‍ മാത്രമാണ് സച്ചിന്റെ നേട്ടം. ഇതൊക്കെ കേട്ടതും സച്ചിന്‍ റണ്ണൌട്ടായി.

എന്തായാലും പിന്നീട് ഒരു വിവാദത്തിനും അദ്ദേഹം പോയില്ല. പതിവു പോലെ അദ്ദേഹം അതിനുള്ള ചുട്ട മറുപടി വാക്കിലൂടെ നല്‍കാതെ പ്രവര്‍ത്തിച്ചു തന്നെ കാണിച്ചു. നിസ്സാരകാര്യങ്ങള്‍ക്കു പോലും വളരെ വികാരവിക്ഷോഭം പ്രകടിപ്പിക്കുന്ന അല്‍പ്പന്മാരുടെ മുന്നില്‍ ശാന്തതയുടെ പ്രതിരൂപമായി മാറുകയായിരുന്നു അദ്ദേഹം തന്റെ ഇരട്ടസെഞ്ചറി നേട്ടത്തിനു ശേഷം. ദൈവവുമയി അല്പസമയം ഒരു ആശയവിനിമയം, പിന്നീട് ആര്‍ത്തലയ്ക്കുന്ന ജനലക്ഷങ്ങളെ തന്റെ കിരീടവും ചെങ്കോലും ഉയറ്ത്തി ഒരു അഭിവാദനം, കഴിഞ്ഞു അദ്ദേഹത്തിന്റെ ആഹ്ലാദ പ്രകടനം. ഒരു മനുഷ്യന്‍ എങ്ങേനെയാണു മഹാന്‍ അവുന്നതെന്നും, ത്യാഗി അവുന്നതെന്നും ആ ഒരൊറ്റ നിമിഷത്തിലൂടെ അദ്ദേഹം തന്നെ വാഗ്ശരങ്ങള്‍ കൊണ്ട് നേരിട്ടവറ്ക്ക് കാണിച്ചു കൊടുത്തു.

കഥ വീണ്ടും തുടരുകായാണ്. ഇതറിഞ്ഞതും പാര്‍ട്ടിക്കാര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു ‘’ എവന്‍ സത്യത്തില്‍ ഏതു നാട്ടുകാരന്‍ ? ‘’ ഉത്തരം ഉടനെ വന്നു ‘’ സാറന്മാരെ ഈ മനുഷ്യനും മഹാരാഷ്ട്രക്കാരനാ ‘’. ആഹാ ! മഹാരാഷ്ട്രയാണൊ എന്നാല്‍ ഇത്രയും വലിയ ഒരു സംഭവം ഒക്കെ നടത്തിയ ഈ മഹാരാഷ്ട്രക്കാരനു തക്കതായ അംഗീകാരവും കൊടുത്തെ മതിയാവു. നേരെ കേന്ദ്രസര്‍ക്കാരിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും വിളിച്ചങ്ങു പറഞ്ഞു ‘’ സച്ചിന്‍ മഹാരാഷ്ട്രയുടെ അഭിമാനം ഉയര്‍ത്തിയതാണ്. അതുകൊണ്ട് ഭാരത രത്നം കൊടുക്കണം ‘’. ഇതു കേട്ട ഞാന്‍ ഉള്‍പ്പെടുന്ന മഹാജനങ്ങള്‍ മൊത്തം ചിരിച്ചു ചിരിച്ചു മണ്ണു കപ്പി പാവങ്ങളുടെ ഗതികേടു കണ്ടിട്ട്. ഇന്ത്യയിലെ സകലര്‍ക്കും അറിയാം ഈ പറയുന്ന ആള്‍ക്കാര്‍ നിസ്സാരക്കാരല്ല എന്നു. ആടിനെ ആനയാക്കുന്ന ആള്‍ക്കാരാണു. ‘’മൈ നെയിം ഈസ് ഖാന്‍‘’ എന്ന ചിത്രത്തെ ബഹിഷ്കരിക്കാന്‍ ജനങ്ങളോട് ഇതേ പാര്‍ട്ടിക്കാര്‍ ആഹ്വാനം ചെയ്തപ്പൊ ജനങ്ങള്‍ അതു അക്ഷരം പ്രതി അനുസരിച്ചു ഇപ്പൊ കേള്‍ക്കുന്നത് ആ സിനിമ എടുത്ത നിര്‍മാതാവ് മിക്കവാറും ഈ ഒറ്റച്ചിത്രം കൊണ്ട് തന്നെ ബില്‍ ഗേറ്റ്സിക്കാള്‍ വലിയ പണക്കാരന്‍ ആവും എന്നാണ്. എന്തായാലും അപ്പക്കഷണത്തിനു വേണ്ടി കടിപിടി കൂടുന്ന രാഷ്ടീയ പാര്‍ട്ടി‍ക്കാരെല്ലാം സച്ചിനിസം ഒന്നു പഠിക്കുന്നതു നല്ലതാണ്.  സഹിഷ്ണുതയും ത്യാഗസന്നദ്ധതയും അങ്ങനെയെങ്കിലും നമ്മുടെ രാഷ്ടീയ കോമരങ്ങള്‍ക്കു വരട്ടെ..... 

അല്ലയൊ സച്ചിന്‍ അങ്ങ് വാക്കുകള്‍ക്ക് അതീതനാണ്. മഹാനായ അങ്ങ് ഭാരത്തതിന്റെ അമൂല്യമായ രത്നം തന്നെയാണ് ഇനിയും അങ്ങയുടെ സൃഷ്ടികള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു….