നിങ്ങള്‍ക്കെന്നെ അറിയാമൊ ?. എന്നെ നിങ്ങള്‍                  ഓര്‍ക്കുന്നുണ്ടോ?. എത്രയൊ തവണ നിങ്ങളുടെ   ഹൃദയത്തോട് ഞാന്‍ സല്ലപിച്ചിരിക്കുന്നു. നിങ്ങളുടെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ എനിക്കു  തോന്നിയിരുന്നത് ഞാന്‍  നിങ്ങള്‍ തന്നെ ആയിരുന്നു എന്നാണ്. അതിന്റെ ഗര്‍വ് എപ്പോഴും  എനിക്കുണ്ടായിരുന്നു. നെഞ്ചു വിരിച്ച് സമൂഹത്തില്‍ നിങ്ങള്‍ നടക്കുമ്പോഴും സമൂഹം എന്റെ പേരു  ചേര്‍ത്ത് നിങ്ങളിലെ വിപ്ലവ വീര്യത്തെ അഭിനന്ദിക്കുമ്പോഴും നിങ്ങളുടെ പടവാളായി മാറിയതില്‍ ഞാന്‍  അഹങ്കരിച്ചിരുന്നു.     ജീവിതത്തിലേക്കു പിച്ച വയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, അവരുടെ കണ്ണുകളില്‍ ഞാന്‍  എന്നും ഒരു അദ്ഭുത വസ്തുവായിരുന്നവല്ലൊ. അവരുടെ കുഞ്ഞു മനസ്സിലെ ചിന്തകള്‍ വെറും  വരകളായും പൊട്ടുകളായും തുണ്ടു പേപ്പറുകളിലും വീടിന്റെ ഭിത്തികളിലും പതിക്കുമ്പോഴും,   നഷ്ടമാകുന്ന എന്റെ ജീവനെയോര്‍ത്ത് ഞാന്‍ തേങ്ങിയിരുന്നില്ല. പകരം വരും കാലത്ത് സമൂഹത്തില്‍  വിപ്ലവം സൃഷ്ടിക്കാന്‍ എന്റെ തലമുറയിലെതന്നെ ഒരുവനെ ആയുധമാക്കി ഇറങ്ങാന്‍ പോകുന്ന  വിപ്ലവകാരികളെ ഞാന്‍ ആ കുട്ടികളില് കണ്ടിരുന്നു.  ജീവന്റെ അവസാന കണ്ണി എന്നില്‍ നിന്നും അറ്റു  പോകുമ്പോഴും ചവറ്റു കുട്ടയില് എന്റെ ഭൌതിക ശരീരം വലിച്ചെറിയുമ്പോഴും എന്റെ   സ്വപ്നവും  അതായിരുന്നു, ‘നല്ലൊരു നാളെ’….


                  കുട്ടിക്കാലത്ത് സുഹൃത്തുക്കളുമായി നടന്നിരുന്ന അടിപിടികളില്‍ എന്നെ നിങ്ങള്‍ നിങ്ങളുടെ  ആയുധമാക്കിയിരുന്നു. നിങ്ങളുടെ പ്രിയസുഹൃത്തിന്റെ നിണം എന്റെ നാവില്‍ ഭയത്തിന്റെ വിത്തുകള്‍  പാകിയിരുന്നു. അപ്പോഴൊക്കെ നിങ്ങളുടെ ഭാവിയെക്കുറിച്ച് ഞാന്‍  ആശങ്കാകുലനായിരുന്നു.  ഭാവനകളുടെയും പുരോഗമനത്തിന്റെയും ലോകം തുറക്കാനുള്ള താക്കോലായി എന്നെ മാറ്റുന്നതിനു  പകരം അക്രമത്തിന്റെ ബാലപാഠങ്ങള്‍ നിങ്ങളില്‍ നിറയ്ക്കുന്ന ഒരുപാധിയായി മാത്രമാണൊ എന്നെ  നിങ്ങള്‍ കാണുന്നത് എന്ന വേവലാതിയാണ് എന്നില്‍ നിറഞ്ഞിരുന്നത്. 

              എനിക്കു നിങ്ങളോട് ഒരപേക്ഷ മാത്രമെയുള്ളു. എന്നെ നിങ്ങളുടെ വിഷം വമിക്കുന്ന ഹൃദയത്തിന്റെ നാവാക്കി മാറ്റാതെയിരിക്കുക. അതിലൂടെ നിങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുന്ന നഷ്ടങ്ങളെക്കാള്‍ ഞാന്‍ ഭയക്കുന്നത് എന്നിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ വിഷപങ്കിലമാക്കുന്നതാണ്. ഒരു സമൂഹം മുഴുവന്‍ പരസ്പരം കലഹിച്ച് മരിക്കുന്നതിനു ഞാന്‍ ഒരു കാരണമാകാന്‍ എനിക്ക് ആഗ്രഹമില്ല. ദയവു  ചെയ്ത് നിങ്ങളിലുള്ള നിങ്ങളെ ഞാന്‍ മനസിലാക്കുന്നത് പോലെ എന്നിലുള്ള എന്നെ നിങ്ങളും മനസിലാക്കുക. ചിന്തകള്‍ വാക്കുകളാക്കുവാന്‍ നിങ്ങളുടെ വിരലുകള്‍ എന്നെ പുണരുമ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുന്നതും അത്രമാത്രം, നിങ്ങളുടെ നല്ല ചിന്തകള്‍ മാത്രം എന്നിലൂടെ അക്ഷരങ്ങളായി മാറേണമെ എന്ന്.