സുഹൃത്തുക്കളെ, 

കഴിഞ്ഞ ഒട്ടനവധി വര്‍ഷങ്ങളായി രാക്ഷസ കോളേജിന്റെ അലുംനി യു എ ഇ യില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.  ഇത് വഴി ഇതിലെ അംഗങ്ങളുടെ പൊങ്ങച്ചം പത്ത് പേരെ കാണിക്കാനും, പെമ്പ്രന്നോത്തിമാര്‍ക്ക് ഒരു പരദൂഷണ സഭ നിങ്ങളുടെ ചെലവില്‍ ഒരുക്കാനും  ഞങ്ങള്‍ക്ക് സാധിച്ചു.  ഇപ്പൊ ഉള്ള പാവപ്പെട്ട മെമ്പരന്മാരുടെ മുന്നില്‍ വേഷം കെട്ടി ബോറടിക്കുന്നു എന്ന്‍ നമ്മുടെ പെണ്ണുങ്ങള്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി  .  ആയതിനാല്‍ രാക്ഷസ കോളേജ് അലുംനി പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള കാമ്പയിന്‍ വരുന്ന ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.  രാക്ഷസ കോളേജിന്റെ ആലുംനി അംഗത്വം കിട്ടാനുള്ള മാനദണ്ഡം താഴെ പറയുന്ന പ്രകാരമായിരിക്കും.  


1.  രാക്ഷസ കോളേജിന്റെ മുന്നിലുള്ള റോഡിലൂടെ പോകുന്ന ബസില്‍ ഇരുന്നു കൊണ്ട് രാക്ഷസ കോളെജിലേക്ക്  നോക്കിയിട്ടുള്ള ആര്‍ക്കും ഇതില്‍ അംഗമാവാം.  

2.  ഏതെങ്കിലും കാരണവശാല്‍ രാക്ഷസ കോളേജ് ക്യംപസിനകത്ത്‌ (മഴ പെയ്തത് കൊണ്ടോ, ഏതെങ്കിലും കൂട്ടുകാരെ കാണാനോ) കയറിയിട്ടുള്ള വ്യക്തികള്‍ക്ക്    അംഗത്വ ഫീസ്‌ നല്‍കാതെ തന്നെ രാക്ഷസ കോളേജ് അലുംനിയില്‍ അംഗമാവാം.

3.  ഏറ്റവും കുറഞ്ഞത് ഒരു വര്ഷം രാക്ഷസ കോളേജ് കംപസിനകത്ത് കയറി പഞ്ചാര അടിച്ച്ചവര്‍ക്ക് അലുംനിയുടെ സുപ്പര്‍ മെമ്പര്‍ അംഗത്വം നല്‍കുന്നതായിരിക്കും.  മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പഞ്ചാരയടിച്ചവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നേരിട്ട് തെരഞ്ഞെടുക്കുന്നതായിരിക്കും.  അവര്‍ക്ക് അലുംനിയുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും,   ആലുംനിയുടെ പ്രവര്‍ത്തനങ്ങളെ  കുറിച്ചുള്ള അവരുടെ ആശങ്കകളും ഉത്ഘണ്ടകളും രേഖപ്പെടുത്താനുള്ള  അധികാരം ഉണ്ടായിരിക്കും. 

4.  രാക്ഷസ കോളേജ് അലുംനി യു എ ഇ യില്‍ നടത്തിയിട്ടുള്ള 10 പരിപാടികള്‍ ഒന്നും വിടാതെ പങ്കെടുക്കുകയും ഫോട്ടോ സെക്ഷനില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെ അലുംനിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കും.  ഈ വ്യക്തിക്ക് പത്ര വാര്‍ത്തകളിലൂടെ മാത്രം രാക്ഷസ കോളേജിനെ കുറിച്ചുള്ള അറിവ് മതിയാകും.  കോളേജില്‍ പോവുകയോ അതിനകത്ത് കയറുകയോ ചെയ്യണം എന്ന നിബന്ധന ഈ വ്യക്തിക്ക് ബാധകമായിരിക്കില്ല.   പിന്നീട് അലുംനിയുടെ മുഴുവന്‍ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം ഈ  പ്രസിഡന്‍ടിനു മാത്രം ആയിരിക്കും. 

ഞങ്ങളുടെ ആലുംനിയുടെ വളര്ച്ച കണ്ടു ഇതില്‍ ചേരാന്‍ ഒരുപാട് പേര് കറങ്ങി നടപ്പുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം.  അങ്ങനെ വരുന്നോര്‍ക്കും പോകുന്നവര്‍ക്കും ഇതിനകത്ത് അംഗമാകാന്‍  പറ്റില്ല എന്ന് വിനീതമായി അറിയിക്കുന്നു. അലുംനിയില്‍ അംഗത്വം ലഭിക്കാതെ ഇരിക്കാനുള്ള കാരണങ്ങളും താഴെ പറയുന്നു.  ആയതിനാല്‍ താഴെ പറയുന്ന പ്രകാരം ആയോഗ്യരായ വ്യക്തികള്‍ക്ക് രാക്ഷസ കോളേജ് അലുംനിയെ കുറിച്ച ചിന്തിക്കാനോ,  രാക്ഷസ കോളേജ്  എന്ന വാക്ക് ഉച്ചരിക്കാനോ അവകാശം ഉണ്ടായിരിക്കുന്നതല്ല.  ഇനി അഥവാ സ്വപ്നത്തില്‍ വല്ലതും രാക്ഷസ കോളേജ് കണ്ടാല്‍ അവരെ രാക്ഷസ കോളെജിനെതിരെ പ്രവര്‍ത്തിക്കുന്ന  തീവ്രവാദികളായി കണ്ട്‌ പോലീസ്  കേസേടുക്കുന്നതയിരിക്കും.  

1.  ഏതെങ്കിലും പാരലല്‍ കോളേജില്‍ പഠിച്ചിട്ടു പരീക്ഷ എഴുതാനായി രാക്ഷസ കോളേജില്‍ കയറിയിട്ടുള്ള ഒരു നാറിക്കും ഇതില്‍ അംഗത്വം കിട്ടില്ല. 

2.  രണ്ടോ അതിലധികമോ വര്‍ഷം രാക്ഷസ കോളേജില്‍ പഠിക്കുകയോ, പ്രീഡിഗ്രിയോ, ഡിഗ്രിയോ മറ്റോ രാക്ഷസ കോളേജില്‍ നിന്നും പഠിച്ച് പാസ്   ആവുകയോ ചെയ്ത ഒരുത്തനും അംഗത്വം വേണമെന്ന് പറഞ്ഞു ഈ പരിസരത്ത് വന്നേക്കരുത്.  ഞങ്ങള്‍ അത്തരക്കാരല്ല.    

എന്ന്‍
ഇപ്പോഴത്തെ  പ്രസിഡണ്ട്‌.    
ഒപ്പ്

NB:  എല്ലാ അംഗങ്ങളുടെയും ശ്രദ്ധയ്ക്ക് , നിങ്ങള്‍ ഏതെങ്കിലും മാളിലോ, കടലിന്റെ തീരത്തോ വായും നോക്കി ഇരിക്കുന്നതോ നടക്കുന്നതോ ആയ ചിത്രങ്ങള്‍ എടുത്ത് വയ്ക്കുക  (കക്കൂസില്‍ പോകുന്ന ഫോട്ടോകള്‍ കഴിവതും ഒഴിവാക്കുക) ഈ ചിത്രങ്ങള്‍  വരുന്ന വര്‍ഷത്തെ വാര്‍ഷിക പതിപ്പില്‍ കൊടുക്കാനുള്ളതാണ്.  നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ (കള്ളത്തരം ആണെങ്കിലും) അയവിറക്കുന്ന  കവിതകള്‍, കഥകള്‍ (മിനിമം 500 എണ്ണം)  എഴുതി വച്ചേക്കുക എപ്പോഴാണ് നമ്മുടെ വാര്‍ഷികപ്പതിപ്പ്‌ ഇറക്കുന്നതെന്നു പറയാന്‍ പറ്റില്ല.