നമ്മുടെ ഹൈക്കോടതി കൊച്ചിന്‍ ദേവസ്വം ബോറ്ഡിനോട് ഒരു ചോദ്യം ചോദിച്ചു ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിവഴിപാടില്‍ ചെറിയ ചില പരിഷ്കാരങ്ങള്‍ അങ്ങ് വരുത്തിക്കൂടെയെന്നു. അതായത് ‘വെടിയൊച്ച എന്ത് കൊണ്ട് റെക്കോര്ഡ് ചെയ്തു കേള്പ്പിച്ചു കൂടാ’, എന്നാണ് കോടതിയുടെ ചോദ്യം. ഒറിജിനല്‍ വെടിയായാലും റെക്കോറ്ഡ് ആയാലും വരുന്നത് രണ്ടും ഒച്ചയല്ലേ ?. ഭഗവാന് ഒച്ചമാത്രം കേട്ടാപ്പൊരെ ഇനിയിപ്പൊ ദേവലോകത്തു നിന്നും സി ബി ഐ യെയൊന്നും അയക്കില്ലല്ലൊ പൊട്ടിച്ചത് ഒറിജിനല്‍ ആണൊ അതൊ ഡ്യുപ്പ്ലിക്കറ്റ് ആണൊ എന്നൊക്കെ അന്വേഷിക്കാന്‍. കാലം പുരോഗമിച്ചിട്ടും ഇപ്പൊഴും നമ്മുടെ ചില കാര്യങ്ങളില്‍ നാം മോഡേണ്‍ ആയിട്ടില്ല. മിമിക്രിക്കരൊക്കെ ഹൈടെക് പൂജകള്‍ ഒക്കെ സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ട് അതു പോലെ എന്ത് കൊണ്ട് വെടിവഴിപാടിലും ഒരു മാറ്റം വരുത്തിക്കൂടാ ?. പക്ഷെ ഇതെഴുതുന്നത് കൊണ്ട് ആരുംവിചാരിക്കണ്ട ഇനി ഉട്ടോപ്പ്യന്‍ കോടതിയെ കളിയാക്കാന്‍ വേണ്ടിയാണ് ഇതെഴുതുന്നതെന്നു. ഇതു വായിച്ചപ്പൊ ഈ ചെറിയ മനസ്സില് വലിയ ചില വിചാരങ്ങള്‍ അങ്ങ് കടന്നു പോയി. അതു നിങ്ങളുമായിട്ട് ഒന്നു പങ്കു വച്ചില്ലേങ്കില്‍ ഇനി ഉറക്കം കിട്ടിയില്ലെങ്കിലോ !.

എന്തായാലും ലോകം മാറിക്കൊണ്ടിരിക്കുന്നു അപ്പൊ അതിനൊത്ത പരിഷ്കരണങ്ങള്ള് എല്ലാ മേഖലയിലും വരട്ടെ. വെടി വഴിപാട് ചില സുപ്രധാന ക്ഷേത്രങ്ങളില്‍ നിറുത്തിയത് ശബ്ദമലിനീകരണവും പിന്നെ ഒരുപാട് ഭക്തജനങ്ങള്‍ വരുന്ന ക്ഷേത്രങ്ങളില്‍ വെടിമരുന്നു കൊണ്ട് ഇനി എന്തെങ്കിലും അപകടം ഉണ്ടായാലൊ എന്നൊക്കെ പേടിച്ച് ആവണം. അതൊക്കെ എന്തായാലും നല്ലതു തന്നെ. എന്നിരിക്കിലും, ദേവസ്വം ബോറ്ഡ് ഇതു വരെ ഇതിനു ഒരു മറുപടി നല്‍കിയതായി പത്രങ്ങളിലൊന്നും കണ്ടില്ല. (ഇനി അഥവാ ആരങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ സവിനയം അറിയിക്കുക). എന്തായാലും അതിനെക്കുറിച്ച് ഒരു അറിവ് ലഭിക്കുന്നത് വരെ ഞാന്‍ ആകെ ഒരു സ്വപ്ന ലോകത്താണ് ഇപ്പോള്‍. കാരണം ഒരുപാട് അമ്പലങ്ങള്‍ ഒക്കെയുള്ള ഒരു നാട്ടിന്‍പുറത്തുകാരനാണ് ഈ ഞാനും. അപ്പൊ ഭാവിയില്‍ അവിടെ വരുന്ന മാറ്റങ്ങളില്‍ നമുക്കും പങ്കുണ്ടാവുമല്ലൊ. നമുക്കും നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം.

ഉട്ടൊപ്പ്യന്റെയും താരത്തിന്റെ അഭിപ്രായത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഈ കാര്യങ്ങളില്‍ നടപ്പിലാക്കാവുന്നതാണ്. അതു മാത്രവുമല്ല റേക്കോഡ് ആവുമ്പോള്‍ അതിനു ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. ‘’ വലിയ വീട്ടില്‍ ഭാറ്ഗവന്‍ പിള്ള ചെറിയ വെടി നാലു, വലിയ വെടി നാല്. ‘’ എന്നു പറയുമ്പോള്‍ തന്നെ വോളിയം കൂട്ടിയും കുറച്ചും വെടിയുടെ വലിപ്പം അഡ്ജസ്റ്റ് ചെയ്യാം. അതു കൂടാതെ ചെറിയ വെടിയുടെ കൂടെ ഇനി മീഡിയം വെടി വേണമെങ്കില്‍ അതിനും റെക്കോഡ് ആണെങ്കില്‍ സ്കോപ്പുണ്ട്.
അല്ലെങ്കില്‍ തന്നെ എത്രകാലമായി പണക്കരെന്നൊ പാവപ്പെട്ടാവരെന്നോ ഭേദമില്ലതെ വേടി വഴിപാടിനും ഒറ്റ റേറ്റ്. ഇനി അതിലും ഒരു മാറ്റം ഒക്കെ വേണ്ടെ ?. അതിനു വേണമെങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താം . ഒന്നു ആലോച്ചിച്ചു നോക്കു. കാശ് കുറഞ്ഞ രീതിയില്‍ വഴിപാട് നടത്തുന്നവറ്ക്കു വേണ്ടി സാധാരണ കാസറ്റില്‍ റെക്കോഡ് ചെയ്തു വച്ച വെടി കെള്‍പ്പിക്കാം. ഇനി കുറച്ചുകൂടി കാശ് ഉള്ളവറ്ക്കു സീഡിയിലൊ ഡി വി ഡിയിലൊ ഒക്കെ നല്ല എഫക്റ്റോടുകൂടി അങ്ങു കേള്‍പ്പിച്ചൂടെ ?. അതു കൂടാതെ കേള്‍പ്പിക്കാന്‍ പോകുന്ന സൌണ്ട് സിസ്റ്റം തന്നെ ഡിജിറ്റല്‍, ഡൊള്‍ബി  സറൌണ്ട് എന്നീ വകഭേദങ്ങളില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. അമ്പലങ്ങളില്‍ വിളിച്ചു പറയുന്നതു തന്നെ കേള്‍ക്കാന്‍ എന്ത് രസമായിരിക്കും. ‘’ വലിയ വീട്ടില്‍ ഭാറ്ഗവന്‍ പിള്ള ഡിജിറ്റല്‍ വെടി മൂന്നു, ഡോള്‍ബി വെടി അഞ്ച് , ലൌഡ് സ്പീക്കറ് വെടി രണ്ട് ‘’ .. ഹയ്യമാ എന്ത് നല്ല രസം.

നമ്മുടെ നാട്ടില്‍ കല്യാണ മമാങ്കം നടത്തുന്ന ധൂര്‍ത്തന്മാര്‍ക്ക് ഈ വെടിവഴിപാടില്‍ കൂടെ എന്തെല്ലാം അവസരങ്ങളാണ് വന്നു ചാടുന്നതെന്നു നോക്കു. അവര്‍ക്ക് ഇനി ഒരു വെടിവഴിപാട് മഹോത്സവം തന്നെ അങ്ങ് ആഘോഷിക്കാം. അവര് നടത്താന്‍ ഉദ്ധേശിക്കുന്ന വെടി വഴിപാട് അവര്‍ക്ക് അവരവരുടെ ഇഷ്ടത്തിനു നടത്താന്‍ ഉള്ള സ്വാതന്ത്ര്യം അനുവദിക്കുക. അങ്ങനെ വരുമ്പോള്‍ വെടിശബ്ദത്തോടൊപ്പം തന്നെ ബാക്ഗ്രൌണ്ടില്‍ പഞ്ചാരി മേളമൊ അതു പോരെങ്കില്‍ നല്ല വെസ്റ്റേണ്‍ മ്യൂസിക്കോ കേള്‍പ്പിക്കാം. ഇനി കുറച്ചു കൂടുതല്‍ കാശൊക്കെ ചെലവാക്കാമെങ്കില്‍ അമ്പലത്തിന്റെ മുന്നില്‍ തന്നെ ഒരു വലിയ സ്ക്രീന്‍ വച്ച് അതില്‍ പ്രൊജക്റ്ററില്‍ കൂടെ വെടിപൊട്ടുന്ന സീനുകള്‍ കാണിക്കാം. ശബ്ദത്തോടൊപ്പം തന്നെ മാനത്തു പൊട്ടി വിടരുന്ന അമിട്ടിന്റെ സീനുകള്‍ കണ്ട് ഭക്ത ജനങ്ങള്‍ക്കു ആനന്ദിക്കാം.

നാട്ടിലെ തന്നെ വലിയ പ്രമാണിമാര്‍ക്ക് തങ്ങളുടെ അന്തസ്സിനു യോജിച്ച രീതിയില്‍ വേണമെങ്കില്‍ ഈ സീനുകളില്‍ നല്ല ഒരു റിയാലിറ്റിക്കു വേണ്ടി ചില മാറ്റങ്ങള്‍ ഒക്കെ നടത്താം. വെടിവഴിപാടിനൊപ്പം തന്നെ അനുഗ്രഹം ചൊരിയുന്ന ദേവന്മാരുടെ സീനുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. ഇതിനായി വേണമെങ്കില്‍ ടി.വി സീരിയലുകളില്‍ ദൈവവേഷം അഭിനയിക്കുന്ന നടീ നടന്മാരെ ഉപയോഗിക്കാം. ഇനി ഇതും ശബ്ദ മലിനീകരണം ആയി മാറുകയാണെങ്കില്‍ അതിനും ഒരു മാര്‍ഗം ഉണ്ട്. എത്രയൊ ചാനലുകല്‍ ഉണ്ട് നമുക്ക് അവയിലൂടെ ഈ വെടിവഴിപാട് ലൈവ് ആയി നടത്തിയാല്‍ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകില്ല. രാവിലെ മുതല്‍ എല്ലാ ചാനലുകളും അമ്പലങ്ങളില്‍ നിന്നും ലൈവ് പരിപാടി തുടങ്ങട്ടെ. ആവശ്യക്കാര്‍ ചാനലിലേക്ക് ആവശ്യത്തിനനുസരിച്ചുള്ള വെടി വഴിപാടിനു വേണ്ടി എസ്.എം.എസ് ചെയ്യട്ടെ. സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് ആ വഴിപാട് കാണാം.

ക്ഷമിക്കണം ഇത്രയും വരെ ആയപ്പൊ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു പോയി. അതു കൊണ്ട് സ്വപ്നത്തിന്റെ ബാക്കി കാണാൻ പറ്റിയില്ല. ഇനി അഥവാ ഇതിന്റെ ബാക്കി ഭാഗം ആരെങ്കിലും കണ്ടിട്ടുണ്ടേങ്കിൽ എനിക്കു എസ്.എം.എസ് ചെയ്യുക.. ചെയ്യേണ്ട ഫോർമാറ്റ് ‘’ ഐ.ഒ എന്നെ തല്ലല്ലെ സ്പസ് ഇനി ഞാൻ നന്നായിക്കോളാം’‘..