മോനായിക്കു ഭയങ്കര സംശയം കണക്കില്‍.  ഹരിക്കാന്‍ ( DIVISION) എത്ര പഠിപ്പിച്ചിട്ടും അങ്ങോട്ട് ശരിയാകുന്നില്ല.  അല്ല ആരാ ഈ മോനായി ?. നമ്മുടെ ഉട്ടോപ്പ്യന്റെ മകന്‍, കൊച്ചു കുട്ടിയാണ് ഒന്നാം ക്ലാസ്സിലെ ആയിട്ടുള്ളു.  നല്ല രസമാണ് ആ കൂട്ടി,  ആരൊടെങ്കിലും സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അയാള്‍ടെ പതിനാറടിയന്തിരം കഴിഞ്ഞെ സംസാരം നിറുത്തു. ട്യുഷന്‍ എടുക്കാന്‍ വന്ന സാറന്മാരൊക്കെ ആദ്യത്തെ ദിവസം തന്നെ സലാം പറഞ്ഞു പോയി. അവസാനം നമ്മുടെ പാവം ഉട്ടൊപ്പ്യന്‍ തന്നെ സാറിന്റെ കുപ്പായം എടുത്തണിഞ്ഞു പഠിപ്പിക്കന്‍ തീരുമാനിച്ചു.  ഉട്ടൊപ്പ്യന്‍ തന്റെ സകല അടവുകളും പുറത്തെടുത്തു.  ചോദ്യം ഇത്രയെ ഉള്ളു 4 നെ 3 കൊണ്ട് ഹരിച്ചാല്‍ ഹരണഫലം (QUOTIENT) എത്ര ശിഷ്ടം (REMAINDER) എത്ര.


ഉട്ടോപ്പ്യന്‍ പല വഴികളിലും ചോദിച്ചു നോക്കി.  നാലില്‍ എത്ര മൂന്ന് ഉണ്ട് എന്നു ഉട്ടോപ്പ്യന്‍, നാലില്‍ എത്ര 3 കാണും എന്ന സംശയത്തില്‍ തന്നെ പാവം കുട്ടിയും ഇരുന്നു. നാലില്‍ നിന്നും എത്ര മൂന്നു മാറ്റാം എന്നു ഉട്ടോപ്പ്യന്‍, നാലില്ല് നിന്നും പപ്പാക്കു ഇഷ്ടമുള്ള അത്രേം മൂന്നു മാറ്റിക്കൊ എന്ന ഭാവത്തില്‍ കുട്ടിയും ഇരുന്നു. അടവുകള്‍ പലരീതിയില്‍ നോക്കിയിട്ടും രക്ഷയില്ല. അവസാനം ഉട്ടൊപ്പ്യനു ഒരു ബുദ്ധി തോന്നി.


‘’ എടാ നിന്റെ കയ്യില്‍ നാലു രൂപയുണ്ട്. അതു നീ കൊണ്ട് ചെന്നു കടയില് നിന്നും മിഠായി മേടിക്കുന്നു. കടയില്‍ നീ നോക്കിയപ്പൊ മൂന്നു രൂപ വിലയുള്ള മിഠായി കണ്ടു, നിനക്കു ഇഷ്ടമായി. നീ അതു തന്നെ മേടിക്കാന് തീരുമാനിച്ചു. പക്ഷെ നിന്റെ കയ്യില് ആകെ നാലു രൂപയെ ഉള്ളു. അപ്പൊ ആ നാലു രൂപ വച്ചു നിനക്കു എത്ര മിഠായി മേടിക്കാം ?’‘ ഉട്ടൊപ്പ്യന് ചോദിച്ചു.


പക്ഷെ ഈ ചോദ്യത്തില് കുട്ടിക്കു ഒരു സംശയവുമില്ലായിരുന്നു. ഉത്തരം അപ്പോഴെ തന്നെ പറഞ്ഞു ‘’ ഒരെണ്ണം മേടിക്കാം ‘’.


ഉട്ടോപ്പ്യനും ഒന്നു ഉഷാറായി. ‘’ ശരി, ബാക്കി എത്ര രൂപ കിട്ടും.’‘


ഇതിലിപ്പൊ എന്തായിത്ര സംശയം എന്ന ഭാവത്തില് കുട്ടി പറഞ്ഞു ‘’ ഒരു രൂപ ‘’.


ഉട്ടോപ്പ്യന് അമൃത് കുടിച്ച മാതിരിയായി. എന്നിട്ട് അവനു വിശദീകരിച്ചു കൊടുത്തു. ‘’ അതായത് നാലിനീ നമ്മള് മൂന്നു കൊണ്ട് ഹരിച്ചാല് ഹരണഫലം ഒന്നു കിട്ടും. അതുപൊലെ ബാക്കി വരുന്ന ഒന്നിനെ ശിഷടം എന്നു പറയും. മനസ്സിലായോ ?.


പക്ഷെ ഇതു കേട്ടിട്ടും കുട്ടി ഇരുന്നു ആലോചിക്കുകയാണ്. അവന്റെ മുഖത്ത് വീണ്ടും സംശയത്തിന്റെ ഭാവം.  അതു മാത്രമല്ല ഉട്ടോപ്പ്യനോട് ചോദിക്കാ‍ന്‍ ചെറിയ ഒരു ഭയവൂം ഉള്ള പോലെ തോന്നി.  ഇതു കണ്ടപ്പൊ ഉട്ടോപ്പ്യന്ന് പറഞ്ഞു. ‘’ എന്താ സംശയം ഉണ്ടൊ ?. ചോദിച്ചൊളു.. ചോദിച്ചൊളു. ധൈര്യമയിട്ട് ചോദിച്ചൊളു ‘’.


ഇതു കേട്ടപ്പൊ കുട്ടി വളരെ നിഷ്കളങ്കതയോടെ, അല്പം കൊഞ്ചലോടെ ഉട്ടോപ്പ്യനോട് ചോദിച്ചു.


‘’ പപ്പ.. ബാക്കി ഒരു രൂപയില്ലെ, ആ ഒരു രൂപയ്ക്കും കൂടെ ഞാന് മിഠായി മേടിക്കട്ടൊ ? ‘’