അങ്ങനെ ഒരു അവതാരം കൂടി ഭൂമിയില്‍ അവതരിച്ചു. കേട്ടിട്ട് ആരും ഞെട്ടണ്ട. ഇതു നിങ്ങള്‍ കരുതുന്ന പോലെ ഉള്ള അവതരം അല്ല. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങളെ പോലെയുള്ള ദൈവ അവതാരങ്ങളും അല്ല. ഇതു നമ്മുടെ സാ‍ക്ഷാല്‍ ജെയിംസ് കാമറൂണിന്റെ 3ഡി അവതാരം.

‘’ആരടെ ഈ കാമറൂണ്‍ ചേട്ടന്‍?‘’.

ദാണ്ടെ കിടക്കുന്നു കഞ്ഞീം കലോം. ആ ചേട്ടനെ അറിയത്തതായിട്ട് ഈ ഭൂമിയില്‍ ആരാ ഉള്ളത്. നമ്മടെ പഴയ ടൈറ്റാനിക് കപ്പലില്ലെ, ഐസ് മലയില്‍ കൊണ്ട് ചാമ്പിയിട്ട് വെള്ളത്തില്‍ മുങ്ങിപ്പോയ സാധനം. അതിനെ വീണ്ടും പൊക്കി കൊണ്ട് വന്ന് അവതരിപ്പിച്ച് നമ്മളെ ഒക്കെ അമ്പരപ്പിച്ച അതേ ചേട്ടന്‍. പക്ഷെ ഈ ചേട്ടന്‍ ഇപ്പൊ അവതരിക്കുന്നത് നമ്മുടെ ഇന്ത്യന്‍ പേരിലാണ്. അവതാര്‍ എന്നു വച്ചാല്‍ മലയാളീകരിച്ച് പറഞ്ഞാല്‍ അവതാരം. എന്തായാലും പുള്ളിക്കാരന്‍ അവതരിക്കാന്‍ 12 വറ്ഷത്തോളം വേണ്ടിവന്നു. ഈ അവതാരം നമ്മടെ ടൈറ്റാനിക് അവതാരം പോലെ ചെറിയ സംഭവം ഒന്നും അല്ല. ഇതൊരു മഹാ അവതാരമാണ് നമ്മുടെ നഗ്ന നേത്രം കൊണ്ട് കണ്ടാല്‍ ഈ അവതാരത്തിന്റെ യഥാര്‍ത്ത രൂപം നമുക്കു ദര്‍ശിക്കന്‍ കഴിയില്ല. ഈ സംഗതി അവതരിച്ചിരിക്കുന്നത് ഐമാക് 3ഡി രൂപത്തില്‍ ആണ്ണെന്നാ പറയുന്നത്.

‘’ഓ നമ്മടെ മൈഡിയറ് കുട്ടിച്ചാത്തന്‍ പോലെ അല്ലെ അണ്ണാ?.’‘

അല്ല! കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മക്കു അന്നും ഇന്നും അറിയാവുന്നത് നമ്മുടെ കുട്ടിച്ചാത്തന്‍ 3ഡി ആണ്. അന്ന് കുട്ടിയായിരുന്ന ഈ വിനീതനായ ഞാനും തീയേറ്ററില്‍ ഇരുന്നു എട്ടു നിലയില്‍ ഞെട്ടിയിട്ടുണ്ട്. കണ്ണിനു നേരെ തീയ് വരുന്നു, കല്ല് ചീറിപ്പാഞ്ഞു വരുന്നു, ഐസ്ക്രീം മഴയായ് പെയ്തിറങ്ങുന്നു. ഹൊ! ഒരു മേളം തന്നെ. പ്രേക്ഷകരായ് നമ്മള്‍ അന്നു തീയേറ്ററില്‍ എന്തായിരുന്നു കാട്ടിക്കൂട്ടിയത്. എന്റെ അനിയന്‍ ആണെങ്കില്‍ അന്ന് വീട്ടില്‍ ചെന്നു പരാതി പറഞ്ഞു കളഞ്ഞു അവനു സ്ക്രീനില്‍ നിന്നും വാരി എറിഞ്ഞ മിഠായികളില്‍ ഒന്നു പോലും ഞാന്‍ കൊടുത്തില്ല എന്നു. ശരിയാണ് അവന്‍ പറഞ്ഞതിലും കാര്യമുണ്ട് അവന്‍ നോക്കിയപ്പൊ ഞാന്‍ സീറ്റിനു അടിയില്‍ ഉണ്ട്. പക്ഷെ അതു മിഠായി പറക്കാന്‍ അല്ല സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നു ആരോട് പറയാന്‍. ആദ്യത്തെ തീ വന്നപ്പൊളെ നമ്മള്‍ സേഫ് പ്ലേസ് പിടിച്ചു. പക്ഷെ ഈ ഐമാക്സ് സംഗതി അതിനെയെല്ലാം കടത്തിവെട്ടും എന്നാ കേള്‍ക്കുന്നത്.

എന്തായാലും ഈ സംഭവം നമ്മുടെ ഓഫീസില്‍ പാട്ടാവാ‍ന്‍ വലിയ താമസം ഉണ്ടായില്ല. അവതാരത്തെ കുറിച്ച് വലിയ ഒരു റിസര്‍ച്ച് തന്നെ നടത്തിയ ഒരു സുഹൃത്ത് നമ്മുടെ ഓഫീസില്‍ ഉണ്ട്. പത്രത്തില്‍ വല്ല അവതാറ് വാര്‍ത്തയും വന്നാല്‍ പിന്നെ പുള്ളി അങ്ങു വാചാലനാകും. ഇതു വന്നാല്‍ കാണാന്‍ വേണ്ടി കണ്ണില്‍ എണ്ണയും ഒഴിച്ച് കത്തിരുക്കുന്ന ഈ വ്യക്തിയുടെ ആത്മാര്‍ഥത കണ്ടാല്‍ ഒരു പക്ഷെ നമ്മടെ കാമറൂണ്‍ അണ്ണന്‍ അമേരിക്കയില്‍ കൊണ്ട് പോയി കാണിച്ചേനെ. കാരണം ആ സിനിമയിലെ നാവികളും അവരുടെ ഗ്രഹമായ പണ്ടോറയും ഒക്കെ പുള്ളിക്കരനു തിരുവന്തൊരത്തെ അംബലമുക്കും ഉള്ളൂരും പോലെ സുപരിചിതം. ഒരു ചാന്‍സ് കിട്ടിയാല്‍ ആ ഗ്രഹത്തില്‍ പോയി ഒരു നാവിപ്പെണ്ണിനെ വരെ കെട്ടാന്‍ പുള്ളിക്കാരന്‍ തയാര്‍. എന്തായാലും പുള്ളിക്കാരന്റെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് അവതാരം യു.എ.ഇയില്‍ അവതരിച്ചു. പക്ഷെ നമ്മുടെ പ്രിയ സുഹൃത്തിന്റെ സകലപ്രതീക്ഷകളെയും അസ്തമിപ്പിച്ചു കൊണ്ട് വന്ന ആദ്യ വാര്‍ത്ത യു.എ.യിലെ എല്ല തീയേറ്ററുകളിലും 3ഡി ഇല്ല എന്നു. പാവം നമ്മുടെ പ്രിയ സുഹൃത്ത് കെട്ട് നടക്കുന്നതിനു മുന്‍പെ കല്യാണം മുടങ്ങിയ വരന്റെ അവസ്ഥയായി. കുറെ ദിവസം പുള്ളിക്കരനു മിണ്ടാട്ടമില്ല. പക്ഷെ ഒത്തു കിട്ടിയ അസുലഭ മുഹൂര്‍ത്തം മുതലെടുത്ത് ചില ചേട്ടന്മാര്‍ പുള്ളിക്കരന്റെ മനോവ്യഥയെ കുത്തിനോവിച്ചു കൊണ്ട് ആനന്ദസായൂജ്യമടഞ്ഞു. ചില ദുഷ്ടന്മാര്‍ എന്നും രാവിലെ പുള്ളിക്കരന്‍ വന്നാല്‍ നേരെ ചെന്നു ചോദിച്ചു കളയും അവതാറിന്റെ കഥ. അപ്പോഴൊക്കെ ഒരു സൂപ്പര്‍മാനെ പോലെ പുള്ളിക്കരനെ ഞനങ്ങു രക്ഷിച്ചു കളയും. ‘’നിങ്ങളൊക്കെ എന്തു മണ്ടമാരാഹെ. 3ഡി പടത്തില്‍ എന്ത് കഥ കേള്‍ക്കാ‍ന്‍ അതൊക്കെ കണ്ടുതന്നെ അറിയണം.’‘

അങ്ങനെയിരിക്കെ നമ്മുടെ ഓഫീസിലെ തന്നെ വെറെ ഒരു മഹാന്‍ അവതാര്‍ അങ്ങു കണ്ടുകളഞ്ഞു. എന്നിട്ടു വെറുതെ ഇരിക്കുമൊ. ഒടുക്കത്തെ അഭിപ്രായം. ആ മഹാന്റെ അഭിപ്രായം ‘’സാധാരണ ഇംഗ്ലീഷ് പടം പോലെ കാണാനാണെങ്കില്‍ 3ഡി വേണമെന്നില്ല. എന്നാല്‍ ഇത്തിരി ഒക്കെ ധൈര്യം ഉള്ള ആള്‍ക്കാറ് ആണെങ്കില്‍ മാത്രമെ 3ഡി യില്‍ ഒക്കെ പോയി കാണാവു’‘. എന്താ എന്നു ചോദിച്ചാല്‍ അതൊക്കെ നിങ്ങള്‍ കണ്ടുതനെ മനസിലാക്കണം എന്നു പറഞ്ഞു കളയും. സിനിമയെ കുറിച്ച് വേറെ നൊ കമന്റ്സ്. എന്തായലും ഈ മഹാന്റെ നാവില്‍ നിന്നും അറിയാന്‍ കഴിഞ്ഞു അബുദാബി ഖാലിദിയാ മാളില്‍ സംഗതി ഉണ്ട് 3ഡി. അതോടെ നമ്മുടെ പുള്ളിക്കാരന്‍ അമൃത് കുടിച്ച പോലെ ആയി. പിന്നെ ഫോണെടുക്കലും ടിക്കറ്റ് ബുക്കുചെയ്യലും ഒരു ബഹളം തന്നെ. പക്ഷെ ഇതിനിടക്കു പുള്ളിക്കാരന്‍ ഒരു മഹാചതി ചെയ്തു കളഞ്ഞു. 3ഡിയിലും അവതാറിലും ഒന്നും ഒരു താല്പര്യവുമില്ലാത്ത എനിക്കും കൂടെ പുള്ളിക്കാരന്‍ ടിക്കറ്റ് എടുത്തു കളഞ്ഞു. ചങ്കുതകരാന്‍ വേറെ എന്തെങ്കിലും വേണൊ. ഒന്നാമത് 3ഡിയും ഞാനും ആയി അത്ര നല്ല രസത്തിലല്ല. പിന്നീട് നമ്മുടെ മഹാന്റെ അവതാര അവതരണം കേട്ടാല്‍ ഒരുമാതിരി ലോലഹൃദയരൊന്നും അതു പൊയി കാണില്ല. പക്ഷെ പുള്ളിക്കാരന്‍ വിടുന്നില്ല, ചെന്നെ പറ്റു. അവസാനം ഗത്യന്തരമില്ലാതെ വരാമെന്നു സമ്മതിച്ചു.

വൈകുന്നെരത്തെ സൈറണ്‍ അടിച്ചത് എന്റെ മരണമണി മുഴങ്ങിയതു പോലെ ആണുഎനിക്കു തോന്നിയത്. പുള്ളിക്കാരന്‍ ആകട്ടെ മുടിഞ്ഞ സന്തോഷം. കുറെകാലമായി കാത്തിരിക്കുന്നതല്ലെ. പക്ഷെ ഈയുള്ളവന്‍ അങ്ങനെയല്ലല്ലൊ. എന്തായാലും ഇറങ്ങാന്‍ നേരം ഞാന്‍ എന്റെ സുഹൃത്തുക്കളെയെല്ലാം ഒന്നു നോക്കി. ഇനി അഥവാ നാളെ കാണാന്‍ പറ്റിയില്ലെങ്കിലൊ. പണ്ടൊറ ഗ്രഹത്തിലെ ഏതെങ്കിലും ഒരു ഭീകരജീവി സ്ക്രീനില്‍ നിന്നും ഇറങ്ങി വന്നെ എന്നെ പിടിച്ച് തിന്നാല്‍, അതുമല്ലെങ്കില്‍ സ്ക്രീനില്‍ നിന്നും പഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ എന്റെ മഹത്തയ ജീവിതം അവസാനിക്കും. ഞാന്‍ നമ്മുടെ മഹാനായ സുഹൃത്തിനെ നോക്കി. മഹാനാവട്ടെ ഒരു കൂസലുമില്ല, വീണ്ടും മഹാന്റെ തിരുമോഴി ‘’അളിയാ കണ്ടിട്ട് നാളെ നമ്മള്‍ തമ്മില്‍ കാണുകയാണെങ്കില്‍ അഭിപ്രായം പറയണം’‘. അതോടെ നെഞ്ചില്‍ ആകെ ഉണ്ടാ‍യിരുന്ന ഇത്തിരി കാറ്റും അന്തരീക്ഷത്തില്‍ ലയിച്ചു.

അവസാനം തിയറ്ററില്‍ എത്തി. രാത്രി 9.30 ഉളള ഷോ ആയിരുന്നു. കൌണ്ടറില്‍ നിന്നും ടിക്കറ്റൊക്കെ എടുത്ത് അകത്ത് കയറിപ്പറ്റി. അകത്ത് കയറിയപ്പൊ നല്ല കാഴ്ച കുറെ അറബികള്‍ അവറ്ക്കു കണ്ണുതട്ടാതെ ഇരിക്കന്‍ വേണ്ടി മാത്രം ഞങ്ങല്‍ രണ്ട് മലയാളികള്‍ ആ തിയറ്ററില്‍. പക്ഷെ എല്ലാരും ഹോട്ടലില്‍ ഒക്കെ ഇരുന്നു കഴിക്കുന്ന പോലെ തട്ടിവിടുന്നുണ്ട്. കുട്ടികളുടെ ഒക്കെ മുന്നില്‍ ബക്കറ്റ് കണക്കിനു പോപ്കോണ്‍. അവരുടെ ഒക്കെ തീറ്റ കണ്ടാല്‍ അറിയാം ഇതൊന്നും ഇനി നാളെ കഴിക്കാന്‍ പറ്റില്ല എന്ന്. ഞാന്‍ നമ്മുടെ പുള്ളിക്കാരനോട് ചോദിച്ചു ‘’നമുക്ക് കുടിക്കാന്‍ എന്തെങ്കിലും മേടിച്ചാലൊ?’‘. പുള്ളിക്കാരന്‍ സമ്മതിച്ചു. വീണ്ടും അതിനകത്ത് തന്നെ ഉള്ള ഷോപ്പില്‍ നിന്നും വെള്ളമൊക്കെ മേടിച്ച് വീണ്ടും അകത്തു കയറി. എനിക്കും ആശ്വാസം, ഇനി എന്തായാലും മരിക്കാന്‍ നേരം വെള്ളമിറങ്ങാതെ മരിച്ചു എന്നു ആള്‍ക്കാരു പറയില്ല. നോക്കിനില്‍ക്കെ കണ്മുന്നില്‍ ഇരുള്‍ നിറഞ്ഞു സ്ക്രീനില്‍ അക്ഷരങ്ങള്‍ തെളിയാന്‍ തുടങ്ങി. എല്ലാരും കണ്ണടയൊക്കെ വച്ചു തയാറായി ഇരിക്കുന്നു. അവസാനം ഞാനും ധൈര്യം സംഭരിച്ച് കണ്ണട എടുത്തു വച്ചു. ചീറിപ്പാഞ്ഞു വരാന്‍ പോകുന്ന വേടിയുണ്ടകള്‍ക്കും അലറിപാഞ്ഞു വരാന്‍ പോകുന്ന ഭീകര ജീവികള്‍ക്കും എന്റെ ആത്മവീര്യത്തെ ചെറുക്കാ‍നാവില്ല എന്ന വിശ്വാസത്തൊടെ.

സ്ക്രീനില്‍ പാണ്ടൊറ ഗ്രഹവും നാവികളും മിന്നിമായുന്നു. നായകന്‍ ജാക് സള്ളി നാവിയായി അവതരിക്കുന്നു. പാണ്ടോറയിലെ വനാന്തരങ്ങളിലെ ഭീകരജീവികളുമായ് കൊമ്പുകോര്‍ക്കുന്നു. മനുഷ്യരുടെ അത്യാര്‍ത്തിയെ നാവികളുടെ മനോധൈര്യവും പ്രകൃതിയും നേരിടുന്നതും എല്ലം കണ്മുന്നില്‍. അതിനെക്കാള്‍ ഒക്കെ നമ്മുടെ കാമറൂണ്‍ അണ്ണനു കയ്യടി കിട്ടുന്നത് പാണ്ടൊറ ഗ്രഹതിന്റെ പ്രകൃതി ഭംഗി ഇത്രയും മനോഹരമായ് ഉണ്ടാക്കിയെടുത്തിനു തന്നെയാണ്. എന്തായാലും ചിത്രം കഴിഞ്ഞു. പാണ്ടൊറ ഗ്രഹത്തില്‍ നിന്നും ഞങ്ങളും പുറത്തിറങ്ങി.

‘’കുറച്ചു താമസിച്ചു അല്ലെ’‘. ഞാന്‍ പുള്ളിക്കാരനോട് ചോദിച്ചു.

‘’അതെ. ഇനി റൂമില്‍ എത്തുമ്പൊ ഒരു നേരമാവും’‘. പുള്ളിക്കാരന്‍ പറഞ്ഞു.

‘’എന്തായാലും സംഗതി കുഴപ്പമില്ല അല്ലെ. രസമുണ്ടായിരുന്നു.’‘ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.

‘’എന്ത് കൊള്ളാമെന്നു. ഒരുമാതിരി പറ്റിപ്പായി പൊയി. ഇതിനാണൊ അങ്ങേരു 1200 കോടി ഒക്കെ ചെലവാക്കിയത്. മനുഷ്യനെ ചുമ്മാ വടിയാക്കാന്‍‍. കുറെ നീല പെയിന്റ് അടിച്ച് കുറെ എണ്ണത്തെ വെറുതെ കാണിക്കുന്നു. അതുമാത്രമല്ല, 3ഡി എന്നു പറഞ്ഞിട്ട് ഒരു സീന്‍ എങ്കിലും ഒന്നു പേടിയായൊ?.’‘ എന്നെ അതിശയിപ്പിച്ചു കൊണ്ട് പുള്ളിക്കാരന്‍ വയലന്റയി. ഞാന്‍ എന്റെ മനസില്‍ അറിയാതെ പറഞ്ഞു പോയി ആ ടിക്കറ്റിന്റെ കാശ് എനിക്കു നേരത്തെ തന്നിരുന്നെങ്കില്‍ പുള്ളിക്കരനെ ഞാന്‍ ഒന്നു പേടിയാക്കിയെനെ. പിറകെ ചെന്നു വല്ല പടക്കം പൊട്ടിച്ചൊ ഒക്കെ.

പക്ഷെ വീണ്ടും പുള്ളിക്കാരന്‍ തകര്‍ക്കുകയാണ് ‘’ഇതിനെക്കാള്‍ എന്ത് നല്ല ചിത്രമായിരുന്നു ടൈറ്റാനിക്. അതിന്റെ ഏഴയലത്ത് ഉണ്ടൊ ഇത്. അതിലാണെങ്കില്‍ ആ പടം വരക്കുന്ന ഒറ്റ സീന്‍ മതി മുടക്കിയ കാശ് മുതലാവാന്‍. ഇതില്‍ എന്ത് തേങ്ങ ഉണ്ടെന്ന നീ പറയുന്നത്?’‘.

ദൈവമെ ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോയി.

എന്റെ പൊന്നു കാമറൂണ്‍ ചേട്ടൊയ് നിങ്ങള്‍ ഇറക്കിയ അവതാരം ഒന്നുമല്ല യഥാര്‍ത്തത്തിലെ അവതാരം. സാക്ഷാല്‍ അവതാരം ദാ എന്റെ കണ്മുന്നില്‍ തന്നെ ഉണ്ട്.
------------------------------------------------------------------------------------