കേരളത്തിനു ഐ.പി.എല് ടീം കിട്ടി എന്നറിയുമ്പോള്‍ ഞാന്‍ ഡല്‍യില്‍ പുതിയ ഐ.പി.എല്‍ ടീമിനുവേണ്ട സംഘടനയുടെ രൂപീകരണ ചര്‍ച്ചയിലായിരുന്നു. എന്തായാലും അത് സാധിച്ചു. ആ വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.

കേരളത്തിന്റെ സംസ്കാരത്തിനു നിരക്കാത്ത രീതിയില്‍ ഒരു ഐ.പി.എല്‍ കാരും ഇവിടെ കൊച്ചിയില്‍ കാലു കുത്തില്ല. ഗള്‍ഫില്‍ കിടന്നു ബിസിനസ്സ് ചെയ്യുന്ന വിവേക് സാറിനും പിന്നെ ആന്ധ്രയില്‍ കിടക്കുന്ന ഗെയ്ക്ക്വാദ് അണ്ണനുമൊന്നും നമ്മുടെ കേരളത്തിന്റെ സെറ്റപ്പ് അറിയത്തില്ല. എന്തായാലും നമ്മള്‍ ടീമിനു പേരിടുന്നതിനു മുന്‍പെ തന്നെ ടീമില്‍ കളിക്കുന്ന എല്ലാ കളിക്കാരുടെയും ഉന്നമനത്തിനായി ഒരു സംഘടന അങ്ങ് രൂപീകരിച്ചു. ‘ ആള്‍ കേരളാ ഐ.പി.എല്‍ ടീം തൊഴിലാളി സംഘടന ’. ഈ സംഘടനയുടെ ലക്ഷ്യം ഇതില്‍ കളിക്കുന്ന ഓരൊ കളിക്കാരുടെയും ഉന്നമനം മാത്രമാണ്. ക്ഷമിക്കണം, ഈ സംഘടനിലെ നിയമ പ്രകാരം ഇതിന്റെ അംഗങ്ങളെ കളിക്കാര്‍ എന്നല്ല പറയുക പകരം തൊഴിലാളികള്‍ എന്നാണ് വിളിക്കുക. നാലു മണിക്കൂറും പാടത്ത്..ക്ഷമിക്കണം ഗ്രൌണ്ടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍. ഈ പാവപ്പെട്ട തൊഴിലാളികളെ ഒരു കുത്തക മുതലാളിമാരും പീഡിപ്പിക്കാന്‍ ഞങ്ങളുടെ സംഘടന അനുവദിക്കില്ല.

എന്തായാലും ഈ സംഘടനയുടെ ചെയര്‍മാനായ വിനീതനായ ഞാന്‍ വളരെ ചെറുപ്പം മുതലെ ക്രിക്കറ്റ് കളിയില്‍ ഒരു അഗ്രഗണ്യന്‍ ആണെന്നുള്ള പരമാര്‍ഥം ഞാന്‍ ഇവിടെ അദ്യം തന്നെ പ്രഖ്യാപിക്കട്ടെ. നല്ല ഒന്നാന്തരം കവുളി മടലുമായി കണ്ട പടത്തും പറാമ്പിലും ഒക്കെ സ്കൂളില്‍ പോലും പോകാതെ ക്രിക്കറ്റ് കളിച്ചു നടന്ന ഒരു മഹാനാണ് ഈ ഞാന്‍. കളിക്കാന്‍ പോയത് കൊണ്ട് സമയത്ത് പത്താം ക്ലാസ്സ് പരീക്ഷ പോലും എഴുതാന്‍ കഴിഞ്ഞില്ല (അല്ലെങ്കില്‍ തന്നെ നേതാക്കന്മര്‍ക്ക് അമിത വിദ്യാഭ്യാസം പാടില്ല) എന്ന പരമാര്‍ഥം കേവലം ഒരു സത്യം മാത്രമാണ്. അന്നത്തെ ക്രിക്കറ്റ് മൂരാച്ചികളായ കേരള ക്രിക്കറ്റ് സംഘടകര്‍ എന്റെ കഴിവിനെ കാണാന്‍ മിനക്കെട്ടില്ല. ആ വാശി ഞാന്‍ ഈ സംഘടനയിലൂടെ അങ്ങ് തീര്‍ക്കും.

ഞങ്ങളുടെ സംഘടനയുടെ നിയമാവലി എല്ലാ കളിക്കാരുടെയും ടീമിന്റെമുതലാളിമാരുടെയും സകല നാട്ടുകാരുടേയും ശ്രദ്ധയ്ക്കായി ഇവിടെ കാണിക്കുന്നു. ഇനി കണ്ടില്ല കേട്ടില്ല എന്നൊന്നും ആരും പറഞ്ഞേക്കരുത്.

1. ആദ്യമെ തന്നെ എല്ലാ ഐ.പി.എല്‍ ടീമിന്റെയും മുഖ്യ ആകര്‍ഷണമായ ചിയര്‍ ലീഡേഴ്സിന്റെ കാര്യം തന്നെ പറയാം. മറ്റു ടീമുകളിലെ പോലെ സംസ്കാരത്തിനു യോചിക്കാത്ത രീതിയില്‍ ജെട്ടിയും ബ്രായുമിട്ടു വെളിച്ചപ്പട് തുള്ളുന്ന പെണ്ണുങ്ങളെയൊന്നും ടീമിന്റെ ഏഴയലത്തും അടുപ്പിക്കാന്‍ പാടില്ല. പകരം കേരള സംസ്കാരത്തിനു യോചിച്ച രീതിയില്‍ ചിയറ് ലീഡേഴ്സിനെ അവതരിപ്പിച്ചാല്‍ മതി. നമ്മുടെ ഉത്സവപ്പറമ്പുകളില്‍ മയിലാട്ടം നടത്തുന്ന മയിലാട്ട തൊഴിലാളികളെ ഇതിനായി വിനിയോഗിക്കാം. ഓരൊ സിക്സറും അടിക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴും കാതടപ്പിക്കുന്ന ചെണ്ടമേളത്തിനൊപ്പം മയിലാട്ടക്കാര്‍ നൃത്തം ചെയ്യും. ഇതു കണ്ടാല്‍ മതി ക്രിക്കറ്റ് പോലും മറന്നു നമ്മുടെ ആരാധകറ് അവരുടെ കൂടെ തുള്ളൂം. ഇനി അഥവാ ചിയര്‍ ലീഡ്ഴ്സ് തന്നെ വേണം എന്നു നിര്‍ബന്ധമാണെങ്കില്‍ പുറത്തു നിന്നും (മദാമ്മമാരെ) ആള്‍ക്കരെ കൊണ്ട് വരാന്‍ പാടില്ല. നമ്മുടെ സിനിമാ നടിമാരായ ഷക്കീല, മറിയ, രേഷ്മ തുടങ്ങിയ സുന്ദരികളെ ഇതിനായി വിനിയോഗിക്കാം. അവര്‍ കൊച്ച്നിക്കറിട്ട് അഴിഞ്ഞാടി ചടങ്ങ് ഗംഭീരമാക്കും.

2. കേരളത്തില്‍ നടത്തുന്ന ഒരു കളി വളരെ വ്യത്യസ്തമായ രീതിയില്‍ നടത്തണം. എല്ലാ കളികളും സ്റ്റേഡിയങ്ങളില്‍ നടത്തി ആരാധകരായ ഞങ്ങള്‍ ഒക്കെ ആകെ നിരാശരാണ്. അതുകൊണ്ട് കേരളത്തിന്റെ ഒരു കളിയെങ്കിലും കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന കുട്ടനാടന്‍ പുഞ്ചപ്പാടത്ത് നടത്തണം എന്നു സംഘടന ആവശ്യപ്പെടുന്നു. ഇതിലൂടെ കേരളത്തിന്റെ ടൂറിസം മേഖലയെ പരിഭോഷിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

3. തരൂര് സാറ് പറഞ്ഞത് ആറ് കേരള കളിക്കാരെ കളിപ്പിക്കും എന്നാണ്. അങ്ങനെയെങ്കില് ചുമ്മാ ആറ് പെരെയല്ല സംഘടന ഉദ്ധേശിക്കുന്നത്. ഈ ആറു പേരെ തെരഞ്ഞെടുക്കുന്നതും സംവരണ അടിസ്ഥാനത്തില് മതി. എസ്.സി/എസ്.റ്റി വിഭഗത്തില് നിന്നും കുറഞ്ഞത് മൂന്നും മറ്റ് പിന്നോക്ക വിഭാഗത്തില് നിന്നും രണ്ടും പിന്നെ മിച്ചം ഉള്ളത് മുന്നോക്ക വിഭാഗത്തിനായും മാറ്റി വയ്ക്കാം. നമുക്കു കളിയല്ല പ്രധാനം സമൂഹത്തിന്റെ അടിത്തട്ടില് കിടന്നു കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉന്നമനം മാത്രമാണ്.

4. കളിക്കിടയില് പരിക്ക് പറ്റുന്ന കളിക്കാരെ ചികിത്സിക്കാനായി ഒരു ആയുര്‍വേദ ഡോക്ടറെയൊ നാട്ടു വൈദ്യനെയൊ നിയമ്മിക്കേണ്ടതാണ്.

5. കളിക്കാരാരും കൊക്കകോള, പെപ്സി എന്നീ ശീതളപാനീയങ്ങള്‍ കുടിക്കാന് പാടുള്ളതല്ല. പകരം കളിക്കിടയില്‍ നല്ല കരിങ്ങാലി വെള്ളമൊ, തെങ്ങു രോഗമില്ലാത്ത സീസണിലാണെങ്കില്‍ നല്ല കരിക്കിന്‍ വെള്ളമൊ കുടിക്കാം.

6. ക്രിക്കറ്റ് നിയമപ്രകാരം പതിനൊന്നു കളിക്കാരാണ് ഗ്രൌണ്ടില്‍ ഇറങ്ങി കളിക്കേണ്ടത്. ഇതിലൊക്കെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് സംഘടനയ്ക്കുള്ളത്. സംഘടനയില്‍ നിന്നുള്ള ഒരു നേതാവിനെക്കുടി പന്ത്രണ്ടാമനായി കളിപ്പിക്കേണ്ടതാണ്. ഈ കളിക്കാരന്‍ ഗ്രൌണ്ടില്‍ ഇറങ്ങി കളിക്കില്ല പകരം മറ്റു കളിക്കാരുടേയൊപ്പം സൈഡ് ബെഞ്ചില് ഇരിക്കും. മറ്റ് പതിനൊന്നു കളിക്കാരും അടിച്ചെടുക്കുന്ന റണ്സിന്റെയും വിക്കറ്റുകളുടേയും ക്യാചുകളുടേയും പത്ത് ശതമാനം പന്ത്രണ്ടാമനായ ഈ കളിക്കാരന്റെ പേരില് നല്കേണ്ടതാണ്. കൂടാതെ ടീം ജയിക്കുന്ന എല്ലാ കളികളിലും മാന് ഒഫ് ദ മാച്ച് ആയി ഈ കളിക്കാരനെ തെരഞ്ഞെടുക്കേണ്ടതാണ്. മറ്റ് സംഘടനപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ചെയര്മാനായ ഈ ഞാന്‍ തന്നെ പന്ത്രണ്ടാമനായി കളിക്കുന്നതാണ്.

7. കളിക്കാരുടെ ഫീസിനത്തില് ലഭിക്കുന്ന തുകയില് നിന്നും 90% ഓരൊ കളിക്കാരും സംഘടനയുടെ ഫണ്ടിലേക്കായി സംഭാവന നല്കേണ്ടതാണ്. ഓര്‍ക്കുക ! സംഘടനയുടെ ലക്ഷ്യം സമസ്ത സുന്ദരമായ ഒരു കേരളടീമാണ്.

8. ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴും വിക്കറ്റ് വീഴുമ്പോഴും എല്ലാകളിക്കാരും പാര്‍ട്ടിയുടെ മുദ്രാവക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുക. ടീം ജയിച്ചാല്‍ ഉടനെ സംഘടന ചെയര്‍മാന് ജെയ് വിളിക്കുന്നതോടൊപ്പം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെയര്‍മാന്‍ നടത്തുന്ന പരിഷ്കാരങ്ങളെക്കുറിച്ചും വരും കാലങ്ങളില്‍ സംഘടന ക്രിക്കറ്റില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായി എല്ലാ കളിക്കാരും ചാനലുകളിലും പത്രങ്ങളിലും പ്രസ്ഥാവന നടത്തേണ്ടതാണ്.

9. കളിക്കുന്ന എല്ലാ കളിക്കാര്ക്കും ബാറ്റിങിനും ബൌളിങിനും അവസരം ഉണ്ടാക്കാന് ഓരൊ കളിക്കാരും ശ്രദ്ധിക്കുക. രണ്ട് ഓവറില് കൂടുതല് ഒരു ബാറ്റ്സ്മാനും ബാറ്റ് ചെയ്യാന് പാടില്ല. (ഇനി അഥവാ ഔട്ട് ആകതെ നില്ക്കുന്ന എമ്പോക്കികളെ കൂടോത്രം ചെയ്ത് ഔട്ടാക്കാന് ഒരു മന്ത്രവാദിയെ പാറ്ട്ടി തന്നെ ഏറ്പ്പാടാക്കും). ഫീല്ഡ് ചെയ്യുന്ന ബാള് ഓരൊ കളീക്കാരുടെയും കൈകളില് എത്തിച്ച ശേഷം മാത്രമെ കീപറുടേയൊ ബൌളറുടെയൊ കൈകളില് എത്താന് പാടുള്ളു.

10. ടീമിന്റെ പേരിനായി ഇനി ആരും ഓടി നടക്കേണ്ടതില്ല. ‘’ ചെല്ലപ്പനാശാന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബ്ബ് ‘’. ഞാന് പണ്ട് കളിക്കാന് പോകുമ്പോള്‍ ചെല്ലപ്പനാശാന്റെ പുരയിടത്തിലാണ് ക്രിക്കറ്റ് കളിച്ചിരുന്നത്. കളിക്കുന്ന സമത്ത് ഞങ്ങളെയൊക്കെ തെറി വിളിക്കുമായിരുന്നെങ്കിലും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ചെല്ലപ്പനാശാന്‍ നല്കിയ സംഭാവന അനവധിയാണ്. അതു കൊണ്ട് ആ മഹാന്റെ ഓറ്മയ്ക്കയി മതി നമ്മുടെ ഐ.പി.എല് ടീമും.

പണം മുടക്കി ടീം ഉണ്ടാക്കുന്ന മുതലാളിമാരുടെ പണി കഴിഞ്ഞു. ഇനി ടീം എങ്ങനെ പ്രവര്ത്തിക്കും എങ്ങനെ കളിക്കും എന്നൊക്കെ നമ്മള് പാറ്ട്ടിക്കാരു തീരുമാനിക്കും. പറയുന്ന കാര്യത്തില് എന്തെങ്കിലും മാറ്റം വന്നാല്‍ അമ്മച്ച്യാണെ മിന്നല്‍ പണിമുടക്ക് കളിനടക്കുന്ന ഗ്രൌണ്ടില്‍ നടത്തും പറഞ്ഞേക്കാം.

ചെയര്‍മാന്‍

ഒപ്പ്. (കുറെ ഒപ്പിക്കും)