എന്റെ ജീവിതത്തിലേക്ക് അവള്‍ കടന്നു വരുന്നത് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പൊഴായിരുന്നു, അവള്‍ കൊച്ചമ്മിണി. എന്ത് ഭംഗിയാണെന്നൊ അവളെ കാണാന്‍. നല്ല വെള്ളാരം കല്ലുകള്‍ പൊലത്തെ കണ്ണുകള്‍, നല്ല തൂവെള്ള നിറം, എപ്പൊഴും നല്ല സ്മാറ്ട്ടായിട്ട് ഓടി നടക്കും. എന്നെ കാണുമ്പൊള്‍ അവള്‍ ഇങ്ങനെ നോക്കി നില്‍ക്കും. . കൊച്ചമ്മിണിക്ക് റൊസാപ്പൂക്കള്‍ വല്യ ഇഷ്ടമായിരുന്നു. എന്റെ അമ്മ വീട്ടുമുറ്റത്ത് വളര്‍ത്തിയിരുന്ന റൊസാച്ചെടിയില്‍ നിന്നും ദിവസവും റൊസാപ്പൂക്കള്‍ അവള്‍ ആരും കാണാതെ പറിച്ചെടുക്കുമായിരുന്നു. പിന്നീട് ആരും കാണാതെ ഞാന്‍ പിച്ചിയെടുത്ത് അവള്‍ക്ക് കൊടുക്കും. പക്ഷെ അമ്മ ഒരു ദിവസം ഈ കളി പൊക്കി അതൊടെ റൊസാപ്പു പരിപാടി നിന്നു. കൊച്ചമ്മിണിയെ എന്റെ വീട്ടിന്റെ മുറ്റത്ത് കയരുന്നതില്‍ നിന്നും അവളുടെ വീട്ടുകാര്‍ വിലക്കി. പക്ഷെ ഞങ്ങള്‍ പറമ്പിലുള്ള ഒരു കിണറിന്റെ അരികില്‍ വച്ച് എന്നും കാണും. വീട്ടില്‍ നിന്നും എന്തെങ്കിലും ഒക്കെ കഴിക്കാനായി എടുത്ത് കൊണ്ട് പോയി ഞങ്ങള്‍ ഒരുമിച്ച് കിണറ്റിന്റെ അരികില്‍ വച്ച് കഴിക്കും. അങ്ങനെയിരിക്കെ എന്റെ ജന്മദിനം വന്നു. ഞാന്‍ ആകെ ത്രില്ലിലായി. എന്റെ ജന്മദിന ദിവസം കൊച്ചമ്മിണിക്ക് എന്തെങ്കിലും ഒരു സാധനം മേടിച്ച് കൊടുക്കണം, ഞാന്‍ തീരുമാനിച്ചു. എല്ലാവരും എനിക്ക് ഗിഫ്റ്റ് തരുമ്പോള്‍ ഞാന്‍ തിരിച്ച് അങ്ങോട്ട് ഒരു ഗിഫ്റ്റ്. എന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നു ഞാന്‍ മുഴുവന്‍ കാശും എടുത്ത സ്‌കൂളില്‍ നിന്നും വരുന്ന വഴി നേരെ മാര്‍ക്കറ്റില്‍ കയറി അവള്‍ക്ക് ഇഷ്ടമുള്ള് എന്തെങ്കിലും മേടിക്കാനായി നടന്നു. അവസാനം എന്റെ കണ്ണില്‍ ഒരു സാധനം ഉടക്കി. അതെ, ഇത് അവള്‍ക്ക് ഇഷ്ടമാകും. ഇത് മതി. ഞാന്‍ അവള്‍ക്കായി അത് തന്നെ ഗിഫ്റ്റായി തെരഞ്ഞെടുത്തു. അതും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഞാന്‍ വീട്ടിലെത്തി. അമ്മ മുറ്റത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ കയ്യില്‍ കൊച്ചമ്മിണിക്കായി മേടിച്ച ഗിഫ്റ്റ് അമ്മ കണ്ടു. എന്നെ അമ്മ തുറിച്ച് നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു. അപ്പോള്‍ അമ്മ പറഞ്ഞു 'നീ അറിഞ്ഞൊ? അപ്പുറത്തെ വീട്ടിലെ കൊച്ചമ്മിണിയാടിനെ അവരു അറവുകാരനു വിറ്റു. നാളെ അയാള്‍ അതിനെ അറുക്കും. ഒരു കിലൊ ഇറച്ചിക്ക് ഞാനും പറഞ്ഞിട്ടുണ്ട് ''. 

ഇത് കേട്ട് ഞാന്‍ ഞെട്ടി. എന്റെ കയ്യില്‍ നിന്നും കൊച്ചമ്മിണിക്കായി മേടിച്ച ആ ഒരു കെട്ട് പ്ലാവില നിലത്ത് വീണു. ഒന്നും മിണ്ടാതെ ഞാന്‍ വീട്ടിനകത്തെ കയറി പോയി. പിറ്റെന്ന് രാവിലെ അയല്‍ വക്കത്തെ എല്ലാ വീട്ടില്‍ നിന്നും കൊച്ചമ്മിണിയുടെ മൃതദേഹം നല്ല മസാല പുരട്ടി ദഹനം ചെയ്യുമ്പോള്‍ ഞാന്‍ അവളുമായി സല്ലപിച്ചിരുന്ന കിണറ്റില്‍ നിന്നും വെള്ളം കോരി കോരി എന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.