‘’ നമസ്കാരം .. ന്യൂസ് മിനിറ്റിലേക്ക് സ്വാഗതം.. ഈ മിനിറ്റിലെ ചൂടന്‍വാര്‍ത്തകളുമായി നിങ്ങളൊടൊപ്പം സാബു  കൊഞ്ഞനം കുത്തി…. കുട്ടിക്കാനത്ത് ‘’ആത്മഹത്യ’‘ എന്ന സിനിമയുടെ  ലൊക്കേഷനില്‍ അണുബോംബ് സ്ഫോടനം.(വേള്‍ഡ് ട്രേഡ് സെന്റര്‍ കത്തുന്ന സീന്‍ കാണിക്കുന്നു) …. സ്ഫോടനത്തിനു പിന്നില് ലഷ്കറെ ത്വയ്ബ എന്നു സംശയം.(താടി നീട്ടി വളര്‍ത്തിയ ഒരു അപ്പൂപ്പന്റെ പടം കാണിക്കുന്നു) …. ആളപായം എത്രയെന്നു അറിവായിട്ടില്ല (ഏതൊ ഒരു ലാത്തി ചാര്‍ജിന്റെ സീന്‍ കാണിക്കുന്നു)….. നൂറുകണക്കിനു കാറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നതായി റിപ്പൊര്‍ട്ട് (തകര്‍ന്നുകിടക്കുന്ന കുറെ കാറുകളുടെ സീന്‍ കാണിക്കുന്നു…. സൂപ്പര്‍സ്റ്റാര്‍ തളത്തില്‍ ദിനേശന്‍ നായകാനായി അഭിനയിക്കുന്ന ചിത്രമാണ് ‘’ആത്മഹത്യ’‘(തളത്തില്‍ ദിനേശന്റെ പടം കാണിക്കുന്നു). ദിവസങ്ങള്‍ക്ക് മുന്പ് തളത്തില്‍ ദിനേശനും സൂപ്പര്‍ താരം സര്‍വം ഗോപിയും തമ്മില്‍ സിനിമാ താരങ്ങള്‍ ടീവിയില്‍ വരുന്നതിനെക്കുറിച്ച് വാക്കേറ്റം നടന്നിരുന്നു (തളത്തില്‍ ദിനേശനും സറ്വം ഗോപിയും തമ്മിലുള്ള സിനിമയിലെ ഒരു സംഘട്ടന രംഗം കാണിക്കുന്നു) 



‘’ വിശദമായ വാര്‍ത്തലഭിക്കുന്നതിനായി… കുട്ടിക്കാനത്ത് സംഭവം നടന്ന സ്ഥലത്ത് നിന്നും നമ്മുടെ റിപ്പോര്‍ട്ടര്‍ ബിജു കൂട്ടത്തി ചവിട്ടി ലൈനിലുണ്ട് നമുക്ക് ബിജുവിനോട് തന്നെ സംഭവത്തെ കുറിച്ച് ചോദിക്കാം…. ബിജു.. കേള്‍ക്കുന്നുണ്ടൊ…(ചെറിയ സ്ക്രീനില്‍ ബിജുവിനെ കാണിക്കുന്നു. എന്തൊ ഭയങ്കര സംഭവം പറയാന്‍ പോകുന്ന ആക്രാന്തം മുഖത്ത് വരുത്തി വച്ചിരിക്കുന്നു. പറഞ്ഞു കഴിഞ്ഞിട്ട് വേണം കക്കൂസില്‍ പോകാന്‍ എന്ന ഭാവം ശരീര ചലനങ്ങളില്‍ നിന്നു മനസിലാക്കാം).


ബിജു : സാബു .. കേള്‍ക്കാം കേള്‍ക്കാം..



സാബു : ബിജു പറയു ബിജു നമ്മുടെ പ്രേക്ഷകര്‍ ആകാംഷയിലാണ് .. എന്താണവിടെ നടക്കുന്നത്.. പറയു ബിജു പറയു..



ബിജു : സാബു ഇവിടെ ആരും നടക്കുന്നതായി കാണുന്നില്ല.. കുറച്ചു പേര് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നത് കാണാം. കുറച്ച് പേര്‍ മാറിനിന്നു സംസാരിക്കുന്നുണ്ട്. ആല്ലാതെ ആരും നടക്കുന്നായി കാണുന്നില്ല..



സാബു : ബിജു..അതിരാവിലെ തന്നെ എന്നെ കൊണ്ട് താങ്കളുടെ പിതാമഹനു പറയിക്കരുത്. കുട്ടിക്കാനത്ത് നടന്ന അണുബോംബ് സ്ഫോടനത്തിനെ കുറിച്ച് റിപ്പൊര്‍ട്ട് തരൂ.. പ്രേക്ഷകരും സര്‍വോപരി ഞാനും ആകാംഷയുടെ മുള്‍മുനയിലാണ്.



ബിജു : അണുബോംബാ !..കര്‍ത്താവെ ഇതാരാ പറഞ്ഞത് ?.. ഇവിടെ പൊട്ടിയത് ഒരു നാടന്‍ ബോംബാണ്.. പൊട്ടിത്തെറിയില്‍ രണ്ട് കാറിനു സാരമായ കേടുപാടുകളും പറ്റിയിട്ടുണ്ട്…



സാബു : ബിജു ഇതാരും പറഞ്ഞതല്ല പൊട്ടിത്തെറിക്ക് ഒരു ശക്തി കിട്ടാന്‍ വേണ്ടി ഞാന്‍ തന്നെ പറഞ്ഞതാണ്. അപ്പൊ ബിജു ആകെ രണ്ട് കാറുകള്‍ക്ക് മാത്രമെ കേടുപാടുകള്‍ ഉള്ളൊ ?. അവിടെ കൂടിയിരുന്ന ആള്‍ക്കാര്‍ക്ക് ഒന്നും പറ്റിയില്ലെ?..അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തരൂ..



ബിജു : സാബു അങ്ങനെ ആള്‍ക്കാര്‍ക്കൊന്നും പരിക്കു പറ്റിയതായി അറിവില്ല..



സാബു : ഒക്കെ ബിജു.. ഈ ബോംബാക്രമണം എങ്ങനെ നടന്നു എന്നാണ് ബിജുവിനെ നിഗമനം.



ബിജു : സാബു.. ഇന്ന് കൃത്യം വെളുപ്പിനു നാലുമണിക്കാകണം ഈ ബോംബ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാറുകള്‍ക്കിടയില്‍ വച്ചിരിക്കുക.. കൃത്യം ആറുമണിക്കു തന്നെ പൊട്ടുക എന്ന രീതിയില്‍ ആണ് ടൈം സെറ്റ് ചെയ്തിരിക്കുക. അങ്ങനെയാവണം ആറുമണിക്കു തന്നെ പൊട്ടിയിരിക്കുന്നത്. ബോംബ് വയ്ക്കുമ്പോള്‍ പത്തിരുപത് കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് പൊട്ടുമ്പോള്‍ ആകെ രണ്ട് മൂന്നു കാറുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു..



സാബു : മതി ബിജു വിശദീകരിച്ചത് .. ഇങ്ങനെ വിശദീകരിച്ചാല്‍ ബോംബ് വച്ച കേസിനു ബിജുവിനെ പോലീസ് പിടിച്ച് അകത്തിടും. ഞാന്‍ ചോദിച്ചത് അതല്ല..ഇതിന്റെ പിന്നില്‍ കളിച്ചു കൊണ്ടിരിക്കുന്നത് ആരാണ് എന്നാണ്..



ബിജു : സാബു ഇപ്പൊ എന്റെ പിന്നില്‍ കളിച്ചു കൊണ്ടിരിക്കുന്നത് കുറച്ച് കുട്ടികളാണ്. സാബുവിനും കാണാം അവര് പിന്നിലെ വയലില്‍ നിന്നും ക്രിക്കറ്റ് കളിക്കുന്നത്. ബോംബ് സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ ഇന്നു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.



സാബു : ബിജു ഇങ്ങനെ പോയാല്‍ ഞാന്‍ സത്യാമായും ബിജുവിന്റെ തന്തയ്ക്കു വിളിക്കും..ബോംബ് വച്ചതിന്റെ പിന്നില്‍ ആരെയെങ്കിലും സംശയം ഉണ്ടോ എന്നാണ് എന്റെ ചോദ്യം..



ബിജു : സാബു .. ‘’പോക്കാ‘’ എന്ന സിനിമാ സംഘടനയുടെ പ്രസിഡന്റ് മണ്ണുണ്ണി ചേട്ടന്‍ ഇപ്പൊ നമ്മുടെ കൂടെയുണ്ട്. അദ്ദേഹം ഇപ്പൊ നമ്മോട് സംസാരിക്കും..



(ആര്‍ക്കൊ പണികൊടുക്കാന്‍ വേണ്ടി തന്നെ പല്ലുപോലും തേയ്ക്കതെ കണ്ണടയും വച്ച് മണ്ണുണ്ണി തൊഴുകയ്യോടെ ക്യാമറയുടെ മുന്നില്‍ വരുന്നു)



ബിജു : താങ്കള്‍ക്ക് ഇന്നത്തെ ബൊംബാക്രമണത്തില്‍ ആരെയെങ്കിലും സംശയം ഉണ്ടൊ ?.



മണ്ണുണ്ണി : തീര്ച്ചയായും എനിക്കു ‘’ഓട്ട‘’ എന്ന സംഘടനയെ സംശയം ഉണ്ട്. കുറച്ച് കാലമായി അവര്‍ എല്ലാ സിനിമാ സെറ്റിലും ചെന്നു പ്രശ്നം ഉണ്ടാക്കുന്നുണ്ട്. പണി കൊടുത്തില്ലെങ്കിലും അവര്‍ക്ക് നോക്കു കൂലി കൃത്യമായി കൊടുക്കണം എന്നാണ് അവരുടെ ഡിമാന്റ്. ആ സംഘടനയില്‍ ഉള്ള എല്ലാരും ഇപ്പൊ തീവ്രവാദികള്‍ ആയി മാറി എന്നതു തന്നെയാണ് എന്റെ സംശയം. കേരളത്തെ ഭയപ്പെടുത്തുക എന്നതു തന്നെയാണ് ആ സംഘടനയുടെ ലക്ഷ്യം. ക്യാമറ കാണുന്ന സ്ഥലത്തൊക്കെ അവരുടെ ആക്രമണം ഉണ്ടാകും. ഇനിയിപ്പൊ കല്യാണത്തിനു ക്യാമറ എടുക്കുന്ന സ്ഥലങ്ങളില്‍ പോലും ഇവരുടെ തീവ്രവാദി ആക്രമണം പ്രതീക്ഷിക്കാം.



സാബു : നന്ദി.. മണ്ണുണ്ണി ചേട്ടാ.. ‘’ പോക്ക’‘ യുടെ പ്രസിഡന്റ് മണ്ണുണ്ണി ചേട്ടന് പറയുന്നത് ഇതിന്റെ പിന്നില്‍ ‘’ഓട്ട’‘ യുടെ പ്രവര്‍ത്തകരാണ് എന്നാണ്. ബിജു ഇതിനെ കുറിച്ച് ‘ഓട്ട’‘യുടെ പ്രസിഡന്റ് രൌദ്രന്‍ സാറിന് എന്താണ് പറയാനുള്ളത് ..



ബിജു : സാബു ഇപ്പൊ രൌദ്രന്‍ സാര്‍ നമ്മോടൊപ്പം ഉണ്ട് .. രൌദ്രന്‍ സാര്‍ താങ്കള്‍ക്ക് എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്. താങ്കളുടെ സംഘടനായാണ് ഇതിന്റെ പിന്നില്‍ എന്നാണ് മണ്ണുണ്ണി ചേട്ടന്‍ പറയുന്നത്.



രൌദ്രന്‍ : അവന്റെ അപ്പനാ ഇതിന്റെ പിന്നില്‍. പിള്ളേരു ദീപാവലിക്കു പടക്കം പൊട്ടിച്ചാലും അതിന്റെ പിന്നില്‍ ഓട്ടയും  ഞാനും ആണെന്നാണ് അവന്റെയും അവന്റെ സംഘടനയുടെയും പരാതി. അല്ല നിങ്ങള്‍ തന്നെ ഒന്നു ആലോചിച്ച് നോക്ക്. സൂപ്പര്‍സ്റ്റാറുകളും   ഈ പറയുന്ന പോക്കാ എന്ന സംഘടനയും  പടച്ചിറക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ ഇതിനേക്കാള്‍ ഉച്ചത്തിലല്ലെ പൊട്ടുന്നത്. അതിനെതിരെ ആരും എന്താ ഒന്നും പറയാത്തത്.  അങ്ങനെ  പടം പിടിക്കുന്നവര്ക്കെതിരെയും അതില്‍ അഭിനയിക്കുന്ന  സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെയും സ്ഫോടനത്തിനു കേസ് എടുക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇവിടെ ഇന്നു നടന്ന  പൊട്ടിത്തെറി ഇതിന്റെ നിര്‍മാതാവിനുള്ള ഒരു മുന്നറിയിപ്പായി കണ്ടാല്‍ മതി. തിയേറ്ററില്‍ എത്തിയാലും ഈ ചിത്രത്തിന്റെ അവസ്ഥ ഇതു തന്നെയായിരിക്കും.



സാബു : നന്ദി രൌദ്രന്‍ സാര്‍.. കുട്ടിക്കാനത്ത് നടന്ന നാടന്‍ ബോബ് സ്ഫോടനം കേരളത്തെ നടുക്കിയിരിക്കുകയാണ്.. ഇതിന്റെ പിന്നില്‍    അല് ഖ്വയിദയ്ക്ക് പങ്കുണ്ടൊ എന്നു അന്വേഷിക്കാന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കാം….



ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.. കുട്ടിക്കാനത്ത് സ്ഫോടനവുമായി ബന്ധപ്പെട്ട്  ഓട്ട പ്രസിഡന്റ് രൌദ്രനെ ഇന്റര്‍വ്യൂ നടത്തിയ റിപ്പോര്‍ട്ടര്‍  ബിജുവിനും ന്യൂസ് റീഡര്‍ സാബുവിനും താരസംഘടനായായ  ‘’അമ്മായി‘’യും സിനിമ സംഘടനയായ ‘’പോക്ക‘’ യും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.. ന്യൂസ് വായിക്കാനും  അവതരിപ്പിക്കാനും ക്യാമറയുടെ മുന്നില്‍ വരുന്നതില്‍ നിന്നാണ് ഈ വിലക്ക്. ക്യാമറയുടെ മുന്നില്‍ വച്ചുള്ളതെല്ലാം അഭിനയത്തിന്റെ പരിധിയില്‍ വരുന്നു എന്നതാണ് ഇവരുടെ വാദം.. .. എന്റെ കര്‍ത്താവെ…………..



(ചെറിയ സ്ക്രീനില്‍ ബിജുവും വലിയ സ്ക്രീനില്‍ സാബുവും ബോധം കെട്ടു വീഴുന്നിടത്ത് വാര്‍ത്ത പൂര്‍ണ്ണമാവുന്നു …..)