പ്രിയപ്പെട്ട മോഡി സാര്‍,

               സാറിന്റെ പേരിലുള്ള പഴയ ആ മോടി ഇപ്പൊ ഉണ്ടൊ എന്നെനിക്കറിയില്ല.  അതെന്ത് കുന്തമായാലും എന്റെ മോടി മൊത്തം പോയിക്കിട്ടി. ഞാന്‍ താങ്കളുടെ ഒരു ആരാധകനായിരുന്നു. ആരാധന മൂത്തു മൂത്തു  താങ്കള്‍ ചെയ്യുന്ന പൊലെയൊക്കെ ചെയ്തു  അവസാനം താങ്കളെപ്പോലെതന്നെ ആയി തീര്‍ന്ന ഒരു മഹത് വ്യക്തിയാണ് ഞാനും. താങ്കളെപ്പോലെ തന്നെ  ഇന്ത്യയില്‍ വിനോദ ബിസിനസ്സിനു മാത്രമെ സാധ്യതയുള്ളു എന്നു മനസിലാക്കിയ ഒരു വ്യക്തിയാണ് ഈ ഞാനും. അങ്ങനെ പാവപ്പെട്ടവരുടെ വിനോദത്തിനായി ഞാന്‍ കള്ളു കച്ചവടം തുടങ്ങി. കൊടുക്കുന്ന  സാധനത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താനായും കസ്റ്റമേഴ്സിന്റെ സാറ്റിസ്ഫാക്ഷന്‍  നിലനിര്‍ത്താനും വേണ്ടി സാധനം ഞാന്‍ തന്നെ വാറ്റാന്‍ തുടങ്ങി. പക്ഷെ നാട്ടിലെ ഒരു പഞ്ചായത്ത്  മെമ്പര്‍ ബാബുവും വേറെ ചില കുബുദ്ധികളും ചേര്‍ന്ന് എന്നെ ഒറ്റികൊടുത്തു. വിനോദത്തിനായി വാറ്റുചാരായം വില്‍ക്കുന്നത് നിയമവിരുദ്ധമാണത്രെ !  എന്ത് വൃത്തികെട്ട നിയമങ്ങളാണ് സാര്‍ നമ്മുടെ നാട്ടില്‍ എഴുതി വച്ചിരിക്കുന്നത് ?.. പക്ഷെ ഞാന്‍  കുലുങ്ങിയില്ല എന്റെ തന്നെ പോലീസിലുള്ള ചില കസ്റ്റമേഴ്സിനെ ചാക്കിട്ട് ഞാന് ജയിലില്‍ നിന്നും പുറത്ത് ചാടി.

              വീണ്ടും വാറ്റാന് പോകാതെ വേറെ ചില പരിപാടികളുമായി അങ്ങ് കൂടി. അദ്രമാനിക്കാടെ  റേഷന്‍ കടയിലെ കസ്റ്റമറ് സാറ്റിസ്ഫാക്ഷന് ആന്റ് വേയിംഗ് മെഷിന്‍ കണ്ടോളറായി  ജോലി നൊക്കി.  പക്ഷെ അതില്‍ എനിക്കു വലിയ സാറ്റിസ്ഫാക്ഷ തോന്നിയില്ല. അതു കഴിഞ്ഞു മുക്കണാംകുഴി ഫിഷ്  മാര്‍ക്കറ്റില്‍ ഫിഷ് സെയിത്സ് ആന്റ് പ്രൊമോഷന് വിങിലും പണി നോക്കി. പക്ഷെ എന്റെ മനസില്‍  വിനോദം കിടന്നു തിളച്ചിരുന്നത് കൊണ്ട് അതിലും ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവസാനം വീട്ടില്‍ തന്നെ  കുത്തിയിരിപ്പായി.  ഭാര്യ മറ്റുവീടുകളുടെ ഹൌസ് കീപ്പിങ് അന്റ് ക്ലീനിംഗ് സെക്ഷന്റെ  ചീഫ് ആയതു  കൊണ്ട് കഞ്ഞി കുടിമുട്ടിയില്ല.

                   അങ്ങനെയിരിക്കെ താങ്കള്‍ ഐ.പി.എല്‍ എന്ന വിനോദം ഇറക്കി എന്റെ മനസ്സിനെ വീണ്ടും ഇളക്കി. ഞാനും താങ്കളുടെ പാത പിന്തുടര്‍ന്ന് ഞങ്ങളുടെ പഞ്ചായത്തിലും ഒരു എം.പി.എല് (മുക്കണാംകുഴി പഞ്ചായത്ത് ലീഗ്) അങ്ങ് തുടങ്ങി. താങ്കളുടെ അതെ മാതൃകയില്‍ തന്നെയാണ് ഞാനും കളികള്‍ രൂപീകരിച്ചത്. എന്നെപ്പോലെ വിനോദത്തില്‍ വിശ്വസിച്ചിരുന്ന കഞ്ഞിക്കുഴി തോമ, ഇടിവെട്ട് വേലായുധന്‍, റൌഡി ഭാര്‍ഗവന്‍, റിപ്പര്‍ മൊയ്തു, തുടങ്ങിയ  സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തികള്‍ ടീമുകള്‍ രൂപീകരിച്ചു മുന്നോട്ടു വന്നു. ഈ മഹാന്മാരെ എന്റെ എം പി എല്ലിലേക്ക്  ആകര്‍ഷിച്ചത് കളിയോടനുബന്ധിച്ച് നടത്തി വന്ന മറ്റു പരിപാടികളായിരുന്നു. താങ്കളുടെ ഐ പി എല്‍ പോലെ തന്നെ
 ആയിരുന്നു ഇതും. ചിയര്‍ ലീഡേഴ്സായി മുക്കണാംകുഴി ശാന്ത, ചാല മറിയ, കൂത്താട്ടുകുളം ലീലാമണി, ഓട്ടൊസ്റ്റാന്റ് സബിയ എന്നീ സുന്ദരികളെ അറേഞ്ച് ചെയ്തു. അവര്‍ക്ക് പുറമെ ഓരൊ ടീമും  അവരുടെ നാട്ടിലെ അറിയപ്പെടുന്ന ചിയര്‍ ലീഡേഴ്സിനെയും കൊണ്ട് വരും. കൂടാതെ കളികഴിഞ്ഞാല്‍ ഞാന്‍ തന്നെ തയാറാക്കുന്ന വാറ്റും അതിനോടൊപ്പം കപ്പ,മത്തി തുടങ്ങിയ വിശിഷ്ട വിഭവങ്ങള്‍ അടങ്ങിയ സല്‍ക്കാരവും നടത്താന്‍ തുടങ്ങി. കളി നടത്താന്‍ വേണ്ടി  തിരഞ്ഞെടുത്തത് നമ്മുടെ നാട്ടിലെ തന്നെ പൂട്ടിക്കിടക്കുന്ന സര്‍ക്കാര്‍ സ്കൂളിന്റെ ഗ്രൌണ്ടായിരുന്നു. കാലങ്ങളായി പൂട്ടിക്കിടക്കുന്നതിനാല്‍   എന്നെപ്പോലെയുള്ള സാമൂഹിക പരിഷ്-കര്‍ത്താക്കളുടെ     കേളീവിഹാരമായി മാറിയ ആ സ്കൂള്‍ കെട്ടിടം എന്റെ പഞ്ചായത്ത് ലീഗിനു പറ്റിയ സ്ഥലമായിരുന്നു. കളിയോടനുബന്ധിച്ച് തന്നെ പന്നിമലത്ത്, കുലുക്കി കുത്ത് തുടങ്ങിയ വിനോദ പരിപാടികളും നടത്തുന്നുണ്ടായിരുന്നു.

               തുടങ്ങിയ കാലം തൊട്ടു എന്റെ എം.പി.എല്ലിനു നല്ല  ചാകരയായിരുന്നു. വീടുകളില്‍ ഭാര്യമാരുടെ പീഡനങ്ങളില്‍പ്പെട്ട്  
  നട്ടം തിരിഞ്ഞിരുന്ന പാവം ഭര്‍ത്താക്കന്മാര്‍ എം പി എല്‍ കാണാന്‍ കൂട്ടത്തോടെ വന്നു തുടങ്ങി. ക്രിക്കറ്റ് കളിയെക്കാളും അതു കഴിഞ്ഞുള്ള കളികള്‍ക്കായിരുന്നു കൂടുതല്‍ ആള്‍ക്കാറ്ക്കും പ്രിയം. പിള്ളേരു കിടന്നു ക്രിക്കറ്റ് കളിക്കും. നമ്മള്‍ അതിന്റെ ഭാഗമായി മറ്റു പരിപാടികളും നടത്തും. വരുമാനം കുമിഞ്ഞു കൂടാന്‍ തുടങ്ങി. പ്രധാന വരുമാന മാര്‍ഗം കളി കഴിഞ്ഞുള്ള സല്‍ക്കാരവും പിന്നെ ചിയര്‍ ലീഡേഴ്സിന്റെ വരുമാനവുമായിരുന്നു.  ചിയര്‍ ലീഡേഴ്സ്  അവരുടെ ഡെയിലി വരുമാനത്തിന്റെ  25% വും, അതു കൂടാതെ പന്നിമലത്ത് കുലുക്കി കുത്ത് തുടങ്ങിയ ഇനങ്ങള് അവതരിപ്പിക്കാനായി തറവാടകയിനത്തില്‍ ഒരു സംഖ്യയും
 എം പി എല് ന്റെ ഫണ്ടിലേക്ക് അടയ്ക്കണം എന്നായിരുന്നു വ്യവസ്ഥ.    മാമാ പണിയായി ആള്‍ക്കാര്‍ക്ക് തോന്നുമെങ്കിലും എന്നെ
സംബന്ധിച്ച് കിട്ടിയിരുന്ന വരുമാനത്തെ ഞാന്‍ വിളിക്കുന്നത് സ്വെറ്റ് ഷെയര്‍ എന്നാണ്.  

                 എന്റെ എം പി എല്ലിന്റെ വിജയം കണ്ടിട്ട് പല പഞ്ചായത്തുകളില്‍ നിന്നും പുതിയ പുതിയ ടീമുകളെ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഉയര്‍ന്ന് വന്നു. താങ്കളെപ്പോലെ ഞാനും അങ്ങനെ പുതുതായി രണ്ട്  ടീമുകളെക്കൂടി ഉള്‍പ്പെടുത്താന്‍  തീരുമാനിച്ചു. എന്റെ കഷ്ടകാലത്തിനു (താങ്കള്‍ക്ക് പറ്റിയ പോലെ)  നമ്മുടെ  നാട്ടിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുടെ ടീം  പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ബന്ധപ്രകാരം എന്റെ എം പി  എല്ലില്‍ ചേര്‍ക്കേണ്ടി വന്നു. ഇതിനു പിന്നില്‍ കളിച്ചത് എന്റെ ആജന്മ ശത്രുവായ മെമ്പര്‍ ബാബുവായിരുന്നു. അവരുടെ ടീം വന്നാല്‍ എന്റെ ബിസിനസ്സ് പൊളിച്ചടുക്കും എന്നെനിക്കറിയാമായിരുന്നു. അതു   കൊണ്ട് പഞ്ചായത്ത് മെമ്പര്‍ ബാബുവിനെതിരെ ഞാന് പോസ്റ്റര്‍  ആക്രമണം ആരംഭിച്ചു (പഞ്ചായത്തില്‍ ട്വീറ്റര്‍ ചെലവാകത്തില്ല).
 ആ സ്കൂളിലെ തൂപ്പുകാരി ജാനുവും മെമ്പര്‍ ബാബുവും തമ്മില്‍  അവിഹിത ബന്ധമുണ്ടെന്നു നാടു മൊത്തം പോസ്റ്റര്‍ എഴുതി ഒട്ടിച്ചു.  കൂടാതെ ബാബുവിന് സ്കൂള്ടീമില്‍ ഓഹരി ഉണ്ടെന്നും വച്ചു കാച്ചി.  മുക്കണാം കുഴി പഞ്ചായത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കിട്ടിയ ആയുധം എടുത്ത് അലക്കി. അതോടെ മെമ്പര്‍ ബാബു രാജി വച്ചു.  പക്ഷെ ആ തെണ്ടി രാജി വച്ചെങ്കിലും സംഗതി അവിടെ തീര്‍ന്നില്ല.  ക്രിക്കറ്റ് കഴിഞ്ഞുള്ള കലാപരിപാടികളെ കുറിച്ച് എതൊ മഹാപാപികള്‍ ബാബുവിന് പറഞ്ഞു കൊടുത്തു. ബാബു  രജിവച്ചിട്ട്  പിറ്റെ ദിവസം കവലയില്‍ ഇറങ്ങി മൈക്കും പിടിച്ച് എന്റെ എം പി എല്ലിനെതിരെ പ്രസംഗിച്ചു. ഇതു കേട്ടതും ഞാനും താങ്കളെപ്പോലെ വിളിച്ചു പറഞ്ഞു ‘’ ഐ വില്‍ ഫിനിഷ് ഹിസ് അജണ്ട ‘’. പക്ഷെ  നാട്ടിലെ വിവരദോഷികള്‍ ഈ അജണ്ട എന്ന വാക്കു എന്തൊ തെറിയായിട്ട് വ്യഖ്യാനിച്ചു. ബാബുവിന്റെ എന്തൊ  ഒരു സംഭവം  ഞാന്‍ വെട്ടിയെടുക്കും എന്നു വെല്ലു വിളിച്ചു എന്നാക്കി ഞാന്‍  പറഞ്ഞതിനെ ആള്‍ക്കാര്‍ മാറ്റി.

                 ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു എന്നെ എം പി എല്ലില്‍ നിന്നും  ഒഴിവാക്കണം എന്ന്.   ഞാന്‍ തിരിച്ചു  അങ്ങേരോട് ചോദിച്ചു വൈകുന്നേരം ഒഴിക്കാനുള്ള സാധനം തന്റെ  അപ്പന്‍  ഉണ്ടാക്കുമൊ എന്ന്. ഞാനില്ലെങ്കില്‍ എം പി എല്‍ ഇല്ല എന്നു ഓട്ടൊസ്റ്റാന്റ് സബിയയും  കൂത്താട്ടുകുളം ലീലാമണിയും പറഞ്ഞു കഴിഞ്ഞു. കൂടാതെ റിപ്പര്‍ മൊയ്തു റൌഡി ഭാര്‍ഗവന്‍ തുടങ്ങിയ  പ്രമുഖര്‍ എനിക്കു പിന്തുണയുമായി മുന്നില്‍ തന്നെയുണ്ട്. പക്ഷെ  വൃത്തികെട്ട പോലീസ് മൊത്തം കൊളമാക്കി. അവരു റെയ്ഡ് തുടങ്ങി. വാറ്റിനായി ഉപയോഗിച്ചിരുന്ന കലം ചട്ടി കൂടാതെ  പന്നിമലത്തിനായിട്ടുള്ള ഉപകരണങ്ങള്‍ എല്ലാം പോലീസ് കൊണ്ട് പോയി. മുക്കണാം കുഴി ശാന്തയുടെ ബുദ്ധിപരമായ ഇടപെടല്‍
 കൊണ്ട് വാറ്റിനായി വച്ചിരുന്ന സ്പിരിറ്റ് പോലീസ് വരുന്നതിനു മുന്പ് സ്ഥലം മാറ്റി. അതൊടെ നാട്ടുകാരു മൊത്തം ഞാന്‍ മാറണം എന്നു പറയാന്‍ തുടങ്ങി. ചില കുബുദ്ധികള്‍ പറയുന്നു ഞാന്‍ തൃശൂര്‍ പൂരം നടക്കുന്ന സ്ഥലത്ത് ബോംബ് വച്ചു എന്ന്. അതിനായി അവര്‍  പറയുന്ന ന്യായം തൃശൂര്‍ പൂരം തൃശൂരില്‍ നിന്നുമാറ്റി              മുക്കണാംകുഴിയില്‍ വച്ചു നടത്തണം എന്നു ഞാന്‍ ഇടയ്ക്കിടയ്ക്ക്  
 പറയുമായിരുന്നു എന്നാണ്.  യഥാര്‍‍ത്ഥത്തില്‍ തൃശൂര്‍പൂരം 
  കാണാനായി മുക്കണാംകുഴി ശാന്തയും ചാല മറിയയുമായി ഞാന്‍  പോയി എന്നതു സത്യമാണ്. ബാക്കി നാട്ടുകാരു പറയുന്നത് തികച്ചും  അസത്യം മാത്രമാണ്. വരുന്ന തിങ്കളാഴ്ച ഞാന്‍ എം പി എല്ലില്‍  വേണമൊ വേണ്ടയൊ എന്നതിന്റെ മീറ്റിംഗ് പഞ്ചായത്തില്‍ നടക്കുന്നുണ്ട്. ഇനി ഞാന്‍ എന്താണ് ചെയ്യുക ?. ഈ മീറ്റിംഗിനു എന്തെങ്കിലും നിയമ സാധുത ഉണ്ടൊ ?. ഞാന്‍ തുടങ്ങിയ എം പി  എല്ലില്‍ നിന്നും എന്നെ മാറ്റാന്‍ പഞ്ചായത്ത് പ്രസിഡന്റിനു അധികരമുണ്ടൊ ?. ഇനി അഥവാ മാറ്റിയാലും പഞ്ചായത്ത്  പ്രസിഡന്റിന്റെ കസേര തെറിപ്പിക്കാന്‍ ഞാന്‍ എന്ത് പ്രമേയമാണ് പാസ്സാക്കേണ്ടത് ? തുടങ്ങിയ വിവരങ്ങളെക്കുറിച്ച് താങ്കള്‍ എനിക്ക്  എഴുതുക. ഞാന്‍ ഈ കത്ത് എഴുതുന്നത് എന്റെ തന്നെ സ്വന്തം  ആഡംബര ഹൌസ് ബോട്ടില്‍ രണ്ട് സീരിയല്‍ നടിമാരുടെ ഇടയില്‍  കിടന്നു കൊണ്ടാണ്. അതുകൊണ്ടാവും കത്ത് കുറച്ച് നീണ്ടു  പോയത്.  ക്ഷമിക്കുക..



എന്നു സന്തം

ആനമയക്കി വാസു മോടി.