ലോകത്ത് നാടകം എന്ന സംഗതി കാണാതെയും അതെന്താണെന്ന് അറിയാതെയും നാടകത്തിനു കഥ എഴുതിയ വ്യക്തി ആരാണെന്നു ഏതെങ്കിലും പരീക്ഷയ്ക്ക് ചോദിച്ചാല്‍ ധൈര്യമായിട്ട് എന്റെ പേരു പറയുക.  കാരണം ഈ സംഗതി നടപ്പില്‍ വരുത്തിയ ആദ്യത്തെ വ്യക്തി   നിങ്ങളുടെ സ്വന്തം ഈ ഞാന്‍ തന്നെയാണ്.  സംഗതിടക്കുന്നത് എന്റെ വിജയകരമായ അഞ്ചാം ക്ലാസ് ജീവിതത്തിലാണ്.  സ്കൂള്‍ ആനിവേഴ്സറിക്ക് ഒരു നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു.  പക്ഷെ തീരുമാനിച്ച ഞങ്ങള്‍ ഒറ്റ ഒരാളുപോലും നാടകം എന്ന ആഹാരം തിന്നിട്ടേയില്ലായിരുന്നു.  അത് കിട്ടുന്ന ഹോട്ടല്‍ ഞങ്ങള്‍ക്കാര്‍ക്കും അറിഞ്ഞു കൂടായിരുന്നു.  പിന്നെ വലിയ അണ്ണന്മാരോടൊക്കെ ചോദിച്ച് നോക്കിയപ്പൊ നാടകം എന്നു വച്ചാല്‍ സിനിമ പോലത്തെ ഒരു സംഭവം ആണെന്നു  പിടികിട്ടി.  അതില്‍ ആള്‍ക്കാര്‍ അഭിനയിക്കണം എന്നൊക്കെ മനസിലാക്കി.  ആഹാ, ഇതായിരുന്നൊ നാടകം !.  എന്നാപ്പിന്നെ എഴുതിക്കളയാം എന്നു ഞാനും എന്റെ  സുഹൃത്ത് ജാനിയും തീരുമാനിച്ചു.  കഥ എഴുതുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ കാസ്റ്റിംഗ് അങ്ങു നടത്തി.  ഒരുപക്ഷെ നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ ഇന്നത്തെ സിനിമകളില്‍ കഥയ്ക്കു മുന്‍പ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന പരിപാ‍ടി ഞങ്ങളെ കണ്ട് പഠിച്ചതാവും ഇന്നത്തെ സിനിമാക്കാര്‍.  കഥാപാത്രങ്ങള്‍ ഇങ്ങനെ; ഞാന്‍ എസ്.ഐ,  ജാനി പാവപ്പെട്ട നായകന്‍ (അന്ന് ഞാന്‍ കണ്ട സിനിമകളിലൊന്നും പണക്കാര്‍ നായകരായി വന്നിട്ടില്ല)  പിന്നെ അഫ്സല്‍ എന്നൊരു സുഹൃത്ത് പണക്കാരനായ വില്ലന്‍ (കണ്ടാ ! കഥ പോണ പോക്കുകണ്ടാ !)  പിന്നെ ഒരു ജഡ്ജി.   ഇങ്ങനെ കുറെ കഥാപാത്രങ്ങളെ  തീരുമാനിച്ചു അങ്ങ് കഥ എഴുതാന്‍ തുടങ്ങി.
            ഒരു പണക്കാരനായ വില്ലനെ കൊന്നു എന്ന കുറ്റത്തിനു അയാളുടെ വീട്ടിലെ പാവപ്പെട്ടവ്നായ ജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.  കോടതി അയാളെ കുറ്റവാളി എന്നു കരുതി തൂക്കികൊല്ലാന്‍ വിധിക്കുമ്പോള്‍ അതാ വരുന്നു നായകന്‍.  ബഹുമാനപ്പെട്ട കോടതി മുന്‍പാകെ  ഈ പാവപ്പെട്ട നായകന്‍ പറയുന്നു അയാളുടെ പാവപ്പെട്ട അനിയനെ പണക്കാരനായ വില്ലന്‍ കൊന്നു കളഞ്ഞു അതിനു പ്രതികാരമായി ആ പണക്കാരനായ വില്ലനെ പാവപ്പെട്ടവനും സര്‍വോപരി നായകനുമായ അയാള്‍ കൊന്നതാ‍ണ് എന്നു.  ഇതു കേട്ട് ജഡ്ജി കോടതിയില്‍ നില്‍ക്കുന്ന എസ്.ഐ യോടു നായകനെ അറസ്റ്റ് ചെയ്യു എന്നു പറയുന്നിടത്ത് നാടകം തീരുന്നു.  എങ്ങനെയുണ്ട് ? സമ്മതിക്കണം അല്ലെ.  ആ കാലഘട്ടത്തില്‍ മമ്മൂക്കയുടെയും റഹ് മാന്റെയും സിനിമയിലെ കഥ ഇതൊക്കെ തന്നെയായിരുന്നു.  മമ്മൂക്ക ചേട്ടന്‍, റഹ്മാന്‍ അനിയന്‍ റഹ്മാനെ ആരൊ തട്ടുന്നു മമ്മൂക്ക പകരം ചോദിക്കുന്നു.  അത്രമാത്രമെ ഞങ്ങളും നാടകം ആക്കിയുള്ളു. നാടകത്തിനു പേരും ഇട്ടു ‘’സിംഹാസനം’‘.  ഈ സിംഹാസനം എന്നു പറയുന്ന സാധനം രാജക്കന്മാറ് ഇരിക്കുന്ന കസേരയാണ് എന്നു ഞങ്ങള്‍ക്ക് മനസിലായത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്.  പേരിനു ഒരു ഗാംഭീര്യം കിട്ടട്ടെ എന്നു കരുതി അന്നു വായില്‍ വന്നത് നാടകത്തിന്റെ പേരാക്കി.      
            നാടകം ഞങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് എഴുതി തീര്‍ത്തു.  പക്ഷെ എഴുതി തീര്‍ന്നു നോക്കിയപ്പൊ നാടകത്തിന്റെ നീളം ആകെ ഒന്നര പേജ്.  ആ നാടകം എങ്ങ്നനെ ഒക്കെ അവതരിപ്പിച്ചാലും അഞ്ച് മിനിറ്റ് പോലും കാണില്ല.  പക്ഷെ എന്ത് ചെയ്യാം കഥ തീര്‍ന്നില്ലെ !.. തീര്‍ന്ന് പോയ കഥയില്‍ ഇനി എന്തോന്നിട്ട് എഴുതാന്‍.  അപ്പൊ ദേണ്ടെ വരുന്നു ദൈവത്തെ പോലെ ഒരു അവതാരം, ഞങ്ങളെ സഹായിക്കനായി.  ആ അവതാരത്തെ ഞങ്ങള്‍ മയ്യനാട് ഷെഫീക്ക് എന്നു വിളിക്കും.  അദ്ദേഹം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനാണ് പിന്നെ ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുമുണ്ട്.  പുള്ളിക്കാരന്‍ ഞങ്ങളുടെ നാടകത്തിന്റെ ദൌത്യം അങ്ങ് ഏറ്റെടുത്തു.  ഞങ്ങള്‍ എഴുതിയ ആ നാടകം അദ്ദേഹം ഒന്നു കൂടി വലുതാക്കി 6 പേജില്‍ എത്തിച്ചു.  പക്ഷെ കഥ നേരത്തെ പറഞ്ഞത് തന്നെ.  അതില്‍ ചെറിയ മിനുക്ക് പണികള്‍ വന്നപ്പോള്‍ സംഗതിയുടെ പേജിന്റെ എണ്ണം അങ്ങ് കൂടി.  അങ്ങനെ ഞങ്ങള്‍ ജീവിത്തതില്‍ ആദ്യമായിട്ട് നാടകം അഭിനയിക്കാന്‍ സ്റ്റേജില്‍ കയറി. 
            ഞങ്ങളുടെ സ്കൂള്‍ ഊട്ടിയിലെ അറിയപ്പെടുന്ന പണക്കാരുടെ ഒരു സ്കൂള്‍ ആയത് കൊണ്ട് കര്‍ട്ടനായി ഇട്ടിരുന്നത് എന്റെയും എന്റെ സുഹൃത്തുക്കളുടേയും അമ്മമാരുടെ സാരികള്‍ ആയിരുന്നു.  സാരികള്‍ ചേര്‍ത്ത് വച്ച് പിന്നുകള്‍ കൊണ്ട് ജോയിന്റ് ചെയ്താണ് കര്‍ട്ടന്‍ ആക്കിയത്.  നാടക ദിവസവും ഞങ്ങളെ സഹായിക്കാ‍ന്‍ വേറെ ഒരു ദൈവം കൂടി എത്തി    ( ഈ ദൈവത്തിനു പേരില്ല ).  കര്‍ട്ടന്‍ കെട്ടാനും പിന്നെ മൊത്തം പരിപാടികള്‍ അനൌന്‍സ് ചെയ്യാനും ഒക്കെയായി അദ്ദേഹം ആ ദിവസം മൊത്തത്തില്‍ അങ്ങ് വിലയ്ക്കെടുത്തു.  പക്ഷെ ഈ ദൈവത്തിനു ഒരു ചെറിയ നിര്‍ബന്ധമുണ്ടായിരുന്നു.  ഏത് പരിപാടി തുടങ്ങിയാലും പുള്ളിക്കാരന്‍ സ്റ്റേജിന്റെ നടുക്ക് കാണും. കര്‍ട്ടന്‍ പൊങ്ങിയാല്‍ അദ്ദേഹം ഓടി സ്റ്റേജിന്റെ സൈഡിലേക്കു പോകുന്നതാണ് കാണികള്‍ ആദ്യം കാണുക.  എന്തായാലും ഞങ്ങളൊക്കെ ആദ്യനാടകാഭിനയത്റ്റിന്റെ ത്രില്ലില്‍ ആയിരുന്നു.  നാടകം തുടങ്ങി. 
            ഞങ്ങളുടെ നാടകത്തിനു കര്‍ട്ടന്‍ വലിക്കാന്‍ വേണ്ടി ഇരുന്നവനു നല്ല പണിയായിരുന്നു.  നാടകം ആകെ ആറ് പേജ് മാത്രമെയുള്ളു പക്ഷെ ഞങ്ങളുടെ നാടകത്തിന്റെ ഓരൊ പേജും നാടകത്തിന്റെ ഓരൊ രംഗങ്ങളായിരുന്നു.  എനിക്കാണെങ്കില്‍ കൂളിംഗ് ഗ്ലാസും ഒരു തോക്കും നിര്‍ബന്ധമായിരുന്നു.  കര്‍ട്ടന്‍ പൊങ്ങിയപ്പൊ മുതല്‍ കണ്ണടയും ഫിറ്റ് ചെയ്ത് തോക്കും പൊക്കിപ്പിടിച്ചാണ് അഭിനയം.  അങ്ങനെ പാവപ്പെട്ട അനിയനെ വില്ലന്‍ കൊല്ലുന്ന രംഗം എത്തി.  അനിയന്‍ കുത്തു കൊണ്ട് തറയില്‍ വീഴുന്നതും കര്‍ട്ടന്‍ വീഴണം.  അനിയന്‍ മരിച്ചു വീണതും ദാണ്ടെ കിടക്കുന്നു കര്‍ട്ടനുംകൂടി.  അതും പൊട്ടി താഴെ വീണു.  ചത്തു കിടന്ന പാവപ്പെട്ട അനിയന്‍ ഒക്കെ ചാടി എഴുന്നേറ്റ് ഓടി.  ആള്‍ക്കാര്‍ ചിരിക്കാന്‍ തുടങ്ങി.  ഉടനെ തന്നെ നേരത്തെ കര്‍ട്ടന്‍ കെട്ടാന്‍ വന്ന ദൈവം രംഗത്തെത്തി വീണ്ടും ചടപടാ കര്‍ട്ടന്‍ കെട്ടാന്‍ തുടങ്ങി.  ഇതിനിടയ്ക്ക് ചത്ത് കിടന്ന അനിയനെ എല്ലാരും വഴക്കു പറയാന്‍ തുടങ്ങി.  എന്തിനാ എഴുന്നേറ്റ് ഓടിയത് എന്ന് പറഞ്ഞു കൊണ്ട് .  അവന്‍ ചോദിച്ചവരോടൊക്കെ മറുപടി പറഞ്ഞു.  ‘’ ഞാന്‍ എത്രനേരം എന്നും പറഞ്ഞാ മരിച്ച പോലെ സ്റ്റേജില്‍ തന്നെ കിടക്കുക ?’‘  എന്തായാലും ആ ചോദ്യത്തിനു ആരും മറുപടി കൊടുത്തില്ല. 
            കര്‍ട്ടന്‍ കെട്ടിക്കഴിഞ്ഞു നമ്മുടെ ദൈവം എല്ലാപേരെയും ബാക്കി ഭാഗം അഭിനയിക്കാന്‍ വിളിച്ചു.  ഞങ്ങള്‍ ചെന്നു കക്ഷി അനൌന്‍സ് ചെയ്തു ‘’നാടകത്തിനിടയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, നാടകം തുടരുന്നു സിംഹാസനം’‘. എന്നിട്ട് കറ്ട്ടന്‍ വലിക്കുന്നവനെ നോക്കി വണ്‍. ടു ത്രി പറഞ്ഞതും പുള്ളിക്കാരന്‍ കര്‍ട്ടന്‍ വലിച്ചു.  പക്ഷെ  കര്‍ട്ടന്‍ കെട്ടുന്നതിന്റെ ഇടയ്ക്ക് ഏതൊ സാമദ്രോഹികള്‍ ഒരു പണിഒപ്പിച്ചു വച്ചിരുന്നു സാരിയുടെ ഒപ്പം നമ്മുടെ ദൈവത്തിന്റെ മുണ്ടും കൂടെ പിന്‍ ചെയ്തു വച്ചു കളഞ്ഞു.  പൊങ്ങിയ കര്‍ട്ടന്റെ ഒപ്പം നമ്മുടെ ദൈവത്തിന്റെ മുണ്ടും മേലോട്ട് പോയി.കര്‍ട്ടന്‍ പൊങ്ങിയപ്പൊള്‍  നാട്ടുകാരു കണ്ടത് നമ്മുടെ അനൌന്‍സ്മെന്റ് ദൈവം തുണി ഇല്ലാതെ ഓടിപ്പോകുന്നതാണ് .  അങ്ങനെ നമ്മുടെ നാടകത്തിന്റെ പേരും  അന്വര്‍ഥമായി    ‘’സിംഹ-ആസനം’‘