Showing posts with label ഉട്ടോപ്പ്യന്‍. Show all posts
Showing posts with label ഉട്ടോപ്പ്യന്‍. Show all posts
ഒരു പേനയുടെ വിലാപം.
10:35 AM
Posted by Sirjan
നിങ്ങള്‍ക്കെന്നെ അറിയാമൊ ?. എന്നെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?. എത്രയൊ തവണ നിങ്ങളുടെ ഹൃദയത്തോട് ഞാന്‍ സല്ലപിച്ചിരിക്കുന്നു. നിങ്ങളുടെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ എനിക്കു തോന്നിയിരുന്നത് ഞാന്‍ നിങ്ങള്‍ തന്നെ ആയിരുന്നു എന്നാണ്. അതിന്റെ ഗര്‍വ് എപ്പോഴും എനിക്കുണ്ടായിരുന്നു. നെഞ്ചു വിരിച്ച് സമൂഹത്തില്‍ നിങ്ങള്‍ നടക്കുമ്പോഴും സമൂഹം എന്റെ പേരു ചേര്‍ത്ത് നിങ്ങളിലെ വിപ്ലവ വീര്യത്തെ അഭിനന്ദിക്കുമ്പോഴും നിങ്ങളുടെ പടവാളായി മാറിയതില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു. ജീവിതത്തിലേക്കു പിച്ച വയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, അവരുടെ കണ്ണുകളില്‍ ഞാന്‍ എന്നും ഒരു അദ്ഭുത വസ്തുവായിരുന്നവല്ലൊ. അവരുടെ കുഞ്ഞു മനസ്സിലെ ചിന്തകള്‍ വെറും വരകളായും പൊട്ടുകളായും തുണ്ടു പേപ്പറുകളിലും വീടിന്റെ ഭിത്തികളിലും പതിക്കുമ്പോഴും, നഷ്ടമാകുന്ന എന്റെ ജീവനെയോര്‍ത്ത് ഞാന്‍ തേങ്ങിയിരുന്നില്ല. പകരം വരും കാലത്ത് സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ എന്റെ തലമുറയിലെതന്നെ ഒരുവനെ ആയുധമാക്കി ഇറങ്ങാന്‍ പോകുന്ന വിപ്ലവകാരികളെ ഞാന്‍ ആ കുട്ടികളില് കണ്ടിരുന്നു. ജീവന്റെ അവസാന കണ്ണി എന്നില്‍ നിന്നും അറ്റു പോകുമ്പോഴും ചവറ്റു കുട്ടയില് എന്റെ ഭൌതിക ശരീരം വലിച്ചെറിയുമ്പോഴും എന്റെ സ്വപ്നവും അതായിരുന്നു, ‘നല്ലൊരു നാളെ’….
സിംഹാസനം എന്ന ആസനം
8:37 PM
Posted by Sirjan
ലോകത്ത് നാടകം എന്ന സംഗതി കാണാതെയും അതെന്താണെന്ന് അറിയാതെയും നാടകത്തിനു കഥ എഴുതിയ വ്യക്തി ആരാണെന്നു ഏതെങ്കിലും പരീക്ഷയ്ക്ക് ചോദിച്ചാല്‍ ധൈര്യമായിട്ട് എന്റെ പേരു പറയുക. കാരണം ഈ സംഗതി നടപ്പില്‍ വരുത്തിയ ആദ്യത്തെ വ്യക്തി നിങ്ങളുടെ സ്വന്തം ഈ ഞാന്‍ തന്നെയാണ്. സംഗതി നടക്കുന്നത് എന്റെ വിജയകരമായ അഞ്ചാം ക്ലാസ് ജീവിതത്തിലാണ്. സ്കൂള്‍ ആനിവേഴ്സറിക്ക് ഒരു നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു. പക്ഷെ തീരുമാനിച്ച ഞങ്ങള്‍ ഒറ്റ ഒരാളുപോലും നാടകം എന്ന ആഹാരം തിന്നിട്ടേയില്ലായിരുന്നു. അത് കിട്ടുന്ന ഹോട്ടല്‍ ഞങ്ങള്‍ക്കാര്‍ക്കും അറിഞ്ഞു കൂടായിരുന്നു. പിന്നെ വലിയ അണ്ണന്മാരോടൊക്കെ ചോദിച്ച് നോക്കിയപ്പൊ നാടകം എന്നു വച്ചാല്‍ സിനിമ പോലത്തെ ഒരു സംഭവം ആണെന്നു പിടികിട്ടി. അതില്‍ ആള്‍ക്കാര്‍ അഭിനയിക്കണം എന്നൊക്കെ മനസിലാക്കി. ആഹാ, ഇതായിരുന്നൊ നാടകം !. എന്നാപ്പിന്നെ എഴുതിക്കളയാം എന്നു ഞാനും എന്റെ സുഹൃത്ത് ജാനിയും തീരുമാനിച്ചു. കഥ എഴുതുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ കാസ്റ്റിംഗ് അങ്ങു നടത്തി. ഒരുപക്ഷെ നമ്മുടെ സൂപ്പര്‍സ്റ്റാറുകളുടെ ഇന്നത്തെ സിനിമകളില്‍ കഥയ്ക്കു മുന്‍പ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന പരിപാടി ഞങ്ങളെ കണ്ട് പഠിച്ചതാവും ഇന്നത്തെ സിനിമാക്കാര്‍. കഥാപാത്രങ്ങള്‍ ഇങ്ങനെ; ഞാന്‍ എസ്.ഐ, ജാനി പാവപ്പെട്ട നായകന്‍ (അന്ന് ഞാന്‍ കണ്ട സിനിമകളിലൊന്നും പണക്കാര്‍ നായകരായി വന്നിട്ടില്ല) പിന്നെ അഫ്സല്‍ എന്നൊരു സുഹൃത്ത് പണക്കാരനായ വില്ലന്‍ (കണ്ടാ ! കഥ പോണ പോക്കുകണ്ടാ !) പിന്നെ ഒരു ജഡ്ജി. ഇങ്ങനെ കുറെ കഥാപാത്രങ്ങളെ തീരുമാനിച്ചു അങ്ങ് കഥ എഴുതാന്‍ തുടങ്ങി. ഒരു പണക്കാരനായ വില്ലനെ കൊന്നു എന്ന കുറ്റത്തിനു അയാളുടെ വീട്ടിലെ പാവപ്പെട്ടവ്നായ ജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. കോടതി അയാളെ കുറ്റവാളി എന്നു കരുതി തൂക്കികൊല്ലാന്‍ വിധിക്കുമ്പോള്‍ അതാ വരുന്നു നായകന്‍. ബഹുമാനപ്പെട്ട കോടതി മുന്‍പാകെ ഈ പാവപ്പെട്ട നായകന്‍ പറയുന്നു അയാളുടെ പാവപ്പെട്ട അനിയനെ പണക്കാരനായ വില്ലന്‍ കൊന്നു കളഞ്ഞു അതിനു പ്രതികാരമായി ആ പണക്കാരനായ വില്ലനെ പാവപ്പെട്ടവനും സര്‍വോപരി നായകനുമായ അയാള്‍ കൊന്നതാണ് എന്നു. ഇതു കേട്ട് ജഡ്ജി കോടതിയില്‍ നില്‍ക്കുന്ന എസ്.ഐ യോടു നായകനെ അറസ്റ്റ് ചെയ്യു എന്നു പറയുന്നിടത്ത് നാടകം തീരുന്നു. എങ്ങനെയുണ്ട് ? സമ്മതിക്കണം അല്ലെ. ആ കാലഘട്ടത്തില്‍ മമ്മൂക്കയുടെയും റഹ് മാന്റെയും സിനിമയിലെ കഥ ഇതൊക്കെ തന്നെയായിരുന്നു. മമ്മൂക്ക ചേട്ടന്‍, റഹ്മാന്‍ അനിയന്‍ റഹ്മാനെ ആരൊ തട്ടുന്നു മമ്മൂക്ക പകരം ചോദിക്കുന്നു. അത്രമാത്രമെ ഞങ്ങളും നാടകം ആക്കിയുള്ളു. നാടകത്തിനു പേരും ഇട്ടു ‘’സിംഹാസനം’‘. ഈ സിംഹാസനം എന്നു പറയുന്ന സാധനം രാജക്കന്മാറ് ഇരിക്കുന്ന കസേരയാണ് എന്നു ഞങ്ങള്‍ക്ക് മനസിലായത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്. പേരിനു ഒരു ഗാംഭീര്യം കിട്ടട്ടെ എന്നു കരുതി അന്നു വായില്‍ വന്നത് നാടകത്തിന്റെ പേരാക്കി.
നാടകം ഞങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് എഴുതി തീര്‍ത്തു. പക്ഷെ എഴുതി തീര്‍ന്നു നോക്കിയപ്പൊ നാടകത്തിന്റെ നീളം ആകെ ഒന്നര പേജ്. ആ നാടകം എങ്ങ്നനെ ഒക്കെ അവതരിപ്പിച്ചാലും അഞ്ച് മിനിറ്റ് പോലും കാണില്ല. പക്ഷെ എന്ത് ചെയ്യാം കഥ തീര്‍ന്നില്ലെ !.. തീര്‍ന്ന് പോയ കഥയില്‍ ഇനി എന്തോന്നിട്ട് എഴുതാന്‍. അപ്പൊ ദേണ്ടെ വരുന്നു ദൈവത്തെ പോലെ ഒരു അവതാരം, ഞങ്ങളെ സഹായിക്കനായി. ആ അവതാരത്തെ ഞങ്ങള്‍ മയ്യനാട് ഷെഫീക്ക് എന്നു വിളിക്കും. അദ്ദേഹം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനാണ് പിന്നെ ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുമുണ്ട്. പുള്ളിക്കാരന്‍ ഞങ്ങളുടെ നാടകത്തിന്റെ ദൌത്യം അങ്ങ് ഏറ്റെടുത്തു. ഞങ്ങള്‍ എഴുതിയ ആ നാടകം അദ്ദേഹം ഒന്നു കൂടി വലുതാക്കി 6 പേജില്‍ എത്തിച്ചു. പക്ഷെ കഥ നേരത്തെ പറഞ്ഞത് തന്നെ. അതില്‍ ചെറിയ മിനുക്ക് പണികള്‍ വന്നപ്പോള്‍ സംഗതിയുടെ പേജിന്റെ എണ്ണം അങ്ങ് കൂടി. അങ്ങനെ ഞങ്ങള്‍ ജീവിത്തതില്‍ ആദ്യമായിട്ട് നാടകം അഭിനയിക്കാന്‍ സ്റ്റേജില്‍ കയറി.
ഞങ്ങളുടെ സ്കൂള്‍ ഊട്ടിയിലെ അറിയപ്പെടുന്ന പണക്കാരുടെ ഒരു സ്കൂള്‍ ആയത് കൊണ്ട് കര്‍ട്ടനായി ഇട്ടിരുന്നത് എന്റെയും എന്റെ സുഹൃത്തുക്കളുടേയും അമ്മമാരുടെ സാരികള്‍ ആയിരുന്നു. സാരികള്‍ ചേര്‍ത്ത് വച്ച് പിന്നുകള്‍ കൊണ്ട് ജോയിന്റ് ചെയ്താണ് കര്‍ട്ടന്‍ ആക്കിയത്. നാടക ദിവസവും ഞങ്ങളെ സഹായിക്കാന്‍ വേറെ ഒരു ദൈവം കൂടി എത്തി ( ഈ ദൈവത്തിനു പേരില്ല ). കര്‍ട്ടന്‍ കെട്ടാനും പിന്നെ മൊത്തം പരിപാടികള്‍ അനൌന്‍സ് ചെയ്യാനും ഒക്കെയായി അദ്ദേഹം ആ ദിവസം മൊത്തത്തില്‍ അങ്ങ് വിലയ്ക്കെടുത്തു. പക്ഷെ ഈ ദൈവത്തിനു ഒരു ചെറിയ നിര്‍ബന്ധമുണ്ടായിരുന്നു. ഏത് പരിപാടി തുടങ്ങിയാലും പുള്ളിക്കാരന്‍ സ്റ്റേജിന്റെ നടുക്ക് കാണും. കര്‍ട്ടന്‍ പൊങ്ങിയാല്‍ അദ്ദേഹം ഓടി സ്റ്റേജിന്റെ സൈഡിലേക്കു പോകുന്നതാണ് കാണികള്‍ ആദ്യം കാണുക. എന്തായാലും ഞങ്ങളൊക്കെ ആദ്യനാടകാഭിനയത്റ്റിന്റെ ത്രില്ലില്‍ ആയിരുന്നു. നാടകം തുടങ്ങി.
ഞങ്ങളുടെ നാടകത്തിനു കര്‍ട്ടന്‍ വലിക്കാന്‍ വേണ്ടി ഇരുന്നവനു നല്ല പണിയായിരുന്നു. നാടകം ആകെ ആറ് പേജ് മാത്രമെയുള്ളു പക്ഷെ ഞങ്ങളുടെ നാടകത്തിന്റെ ഓരൊ പേജും നാടകത്തിന്റെ ഓരൊ രംഗങ്ങളായിരുന്നു. എനിക്കാണെങ്കില്‍ കൂളിംഗ് ഗ്ലാസും ഒരു തോക്കും നിര്‍ബന്ധമായിരുന്നു. കര്‍ട്ടന്‍ പൊങ്ങിയപ്പൊ മുതല്‍ കണ്ണടയും ഫിറ്റ് ചെയ്ത് തോക്കും പൊക്കിപ്പിടിച്ചാണ് അഭിനയം. അങ്ങനെ പാവപ്പെട്ട അനിയനെ വില്ലന്‍ കൊല്ലുന്ന രംഗം എത്തി. അനിയന്‍ കുത്തു കൊണ്ട് തറയില്‍ വീഴുന്നതും കര്‍ട്ടന്‍ വീഴണം. അനിയന്‍ മരിച്ചു വീണതും ദാണ്ടെ കിടക്കുന്നു കര്‍ട്ടനുംകൂടി. അതും പൊട്ടി താഴെ വീണു. ചത്തു കിടന്ന പാവപ്പെട്ട അനിയന്‍ ഒക്കെ ചാടി എഴുന്നേറ്റ് ഓടി. ആള്‍ക്കാര്‍ ചിരിക്കാന്‍ തുടങ്ങി. ഉടനെ തന്നെ നേരത്തെ കര്‍ട്ടന്‍ കെട്ടാന്‍ വന്ന ദൈവം രംഗത്തെത്തി വീണ്ടും ചടപടാ കര്‍ട്ടന്‍ കെട്ടാന്‍ തുടങ്ങി. ഇതിനിടയ്ക്ക് ചത്ത് കിടന്ന അനിയനെ എല്ലാരും വഴക്കു പറയാന്‍ തുടങ്ങി. എന്തിനാ എഴുന്നേറ്റ് ഓടിയത് എന്ന് പറഞ്ഞു കൊണ്ട് . അവന്‍ ചോദിച്ചവരോടൊക്കെ മറുപടി പറഞ്ഞു. ‘’ ഞാന്‍ എത്രനേരം എന്നും പറഞ്ഞാ മരിച്ച പോലെ സ്റ്റേജില്‍ തന്നെ കിടക്കുക ?’‘ എന്തായാലും ആ ചോദ്യത്തിനു ആരും മറുപടി കൊടുത്തില്ല.
കര്‍ട്ടന്‍ കെട്ടിക്കഴിഞ്ഞു നമ്മുടെ ദൈവം എല്ലാപേരെയും ബാക്കി ഭാഗം അഭിനയിക്കാന്‍ വിളിച്ചു. ഞങ്ങള്‍ ചെന്നു കക്ഷി അനൌന്‍സ് ചെയ്തു ‘’നാടകത്തിനിടയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, നാടകം തുടരുന്നു സിംഹാസനം’‘. എന്നിട്ട് കറ്ട്ടന്‍ വലിക്കുന്നവനെ നോക്കി വണ്‍. ടു ത്രി പറഞ്ഞതും പുള്ളിക്കാരന്‍ കര്‍ട്ടന്‍ വലിച്ചു. പക്ഷെ കര്‍ട്ടന്‍ കെട്ടുന്നതിന്റെ ഇടയ്ക്ക് ഏതൊ സാമദ്രോഹികള്‍ ഒരു പണിഒപ്പിച്ചു വച്ചിരുന്നു സാരിയുടെ ഒപ്പം നമ്മുടെ ദൈവത്തിന്റെ മുണ്ടും കൂടെ പിന്‍ ചെയ്തു വച്ചു കളഞ്ഞു. പൊങ്ങിയ കര്‍ട്ടന്റെ ഒപ്പം നമ്മുടെ ദൈവത്തിന്റെ മുണ്ടും മേലോട്ട് പോയി.കര്‍ട്ടന്‍ പൊങ്ങിയപ്പൊള്‍ നാട്ടുകാരു കണ്ടത് നമ്മുടെ അനൌന്‍സ്മെന്റ് ദൈവം തുണി ഇല്ലാതെ ഓടിപ്പോകുന്നതാണ് . അങ്ങനെ നമ്മുടെ നാടകത്തിന്റെ പേരും അന്വര്‍ഥമായി ‘’സിംഹ-ആസനം’‘
ചരിത്ര സ്രഷ്ടാക്കള്‍
9:10 PM
Posted by Sirjan
‘’എടോ താനല്ലെ ഉട്ടൊപ്പ്യന്‍ താരം എന്ന പേരില്‍ ബ്ലോഗ് എഴുതുന്നത് ?. ‘’
‘’ അതെ. ഞാന്‍ തന്നെയാ ‘’. ചോദ്യം കേട്ടു ഞാന്‍ ഒന്നന്തം വിട്ടു. ദൈവമെ ഇത്രപെട്ടെന്നു ഫേമസ് ആയൊ ! പക്ഷെ ചോദിച്ചയാള്‍ നമ്മുടെ കമ്പനിയില്‍ തന്നെ ആയതു കൊണ്ട് അറിയാന്‍ വഴിയുണ്ട്. കാരണം ഇന്റേണല്‍ മെയിലില്‍ എന്റെ മഹത്തായ സൃഷ്ടികള്‍ കിടന്നു കറങ്ങുന്നതു കൊണ്ട് അറിയാന്‍ വഴിയുണ്ട്.
‘’ എടോ താന്‍ ഭഗത് സിംഗിന്റെ ചരമദിനം വാലന്റയിന്‍സ് ദിനത്തിന്റെ അതേ ദിവസമാണ് എന്നു പറഞ്ഞു കൊണ്ടിറങ്ങിയ മെയിലിനെക്കുറിച്ച് എഴുതിയ ബ്ലോഗില്ലെ, അതു സംഗതി കൊള്ളാം. കാരണം ഇങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന ഒരുപാട് മെയിലുകള്‍ ഇറങ്ങുന്നുണ്ട്. എന്തായാലും താന്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയത് നന്നായി.’‘ പുള്ളിക്കാരന്‍ അഭിനന്ദനങ്ങള്‍ അങ്ങ് വാരിച്ചോരിയാന്‍ തുടങ്ങി. ഞാന്‍ എന്താ ചെയ്ക ഒക്കെ അങ്ങ് കേട്ടുകോണ്ട് നിന്നു. അല്ലേങ്കിലും ഞാന്‍ ഒരു പാവമാണല്ലൊ !.
പുള്ളിക്കാരന്‍ ഇതൊക്കെ പറഞ്ഞ് അങ്ങ് പോയി. പക്ഷെ എന്റെ കൂടെ നമ്മുടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. കക്ഷി ഇതൊക്കെ കേട്ടുകോണ്ടു നിള്‍ക്കുകയായിരുന്നു. അഭിനന്ദകന്‍ പോയതും നമ്മുടെ സുഹൃത്ത് ചോദിച്ചു ‘’ അല്ല എന്താ സംഗതി ?’‘
ഞാന്‍ പറഞ്ഞു ‘’ ഭഗത് സിംഗിനെ കുറിച്ചു ഒരു മെയില്‍ വന്നില്ലേ?, വലന്റൈന്‍സ് ദിനത്തിന്റെ അന്ന്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയ ബ്ലോഗിനെക്കുറിച്ചു പറഞ്ഞതാ പുള്ളിക്കാരന്‍.’‘
‘’ ഓ.. അതായിരുന്നോ ?. ശരിയാ ആ മെയില്‍ ഞാനും കണ്ടിരുന്നു. അല്ല എനിക്ക് ഒരു സംശയം. ആരാ ഈ ഭഗത് സിംഗ് ?.. പുള്ളിക്കാരനു എന്താ പറ്റിയത് ? ‘’. നമ്മുടെ സുഹൃത്ത് വളരെ കാര്യമായി തന്നെ എന്നോട് ചോദിച്ചു.
പക്ഷെ ഇതു കേട്ടാതും ഞാന്‍ അമ്പരന്നു. ഇതെന്തു മനുഷ്യന്‍ ! ഭഗത് സിംഗിനെ അറിയാത്ത ഇന്ത്യാക്കാരനോ ?. ജനിച്ചതും പഠിച്ചതും ഒക്കെ കേരളത്തില്‍, എന്നിട്ടും ഭഗത് സിംഗിനെ അറിയില്ല എന്നു വച്ചാല്‍ ! ചില ഗള്‍ഫ് കുട്ടികള്‍ക്ക് ഒരുപക്ഷെ അറിയില്ല എന്നു പറഞ്ഞാല്‍ നമുക്കങ്ങ് ക്ഷമിക്കാം, അവരു പഠിക്കുന്നതൊക്കെ ഗള്‍ഫില്‍ അല്ലെ. എന്നിരുന്നാലും ആ കുട്ടികള്‍ക്ക് നമ്മുടെ ചരിത്രത്തില്‍ ഒക്കെ നല്ല പിടിയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ കൂടുതലും ഇന്ത്യന്‍ സ്കൂളൂകള്‍ ആയതു കൊണ്ട് അവര്‍ കുറച്ചെങ്കിലും നമ്മുടെ ചരിത്രം മനസ്സിലാക്കുന്നു. പക്ഷെ ഇതു അങ്ങനെയല്ലല്ലൊ, എങ്കിലും വലിയ ഭാവ വ്യത്യാസം കൊടുക്കാതെ ഞാന്‍ പറഞ്ഞു ‘’ ഭഗത് സിംഗ് നമുടെ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അല്ല നീ സ്കൂള്‍ ക്ലാസ്സില്‍ ഒന്നും പഠിച്ചിട്ടില്ലെ ഭഗത് സിംഗിനെക്കുറിച്ച് ? ‘’.
‘’ ഓ.. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നൊ ?. ഞാന്‍ വേറെ എന്തൊ കരുതി.. ചിലപ്പൊ സ്കൂളില്‍ പഠിപ്പിച്ചു കാണും. ഇനി ചിലപ്പൊ ഞാന്‍ സ്കൂളില്‍ ചെല്ലാത്ത ദിവസം വല്ലതുമാവും പഠിപ്പിച്ചത് ‘’. സുഹൃത്ത് അല്പം ചമ്മലോടെ പറഞ്ഞു. ഇതു കേട്ടിട്ട് എനിക്കു ചിരിക്കാതെയിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഈ സംഭവം അവിടെ കഴിഞ്ഞെങ്കിലും ഇതിന്റെ രണ്ടാം ഭാഗം അരങ്ങേറുന്നത് നമ്മുടെ ഓഫീസ്സില്‍ പിറ്റെദിവസം ആയിരുന്നു.
എന്നും വൈകുന്നേരം നമ്മുടെ ഓഫീസില്‍ ഒരു അതിഥി വരും. അതിഥി വന്നാല്‍ കുറച്ചു നേരം എന്തെങ്കിലും ഒക്കെ പറഞ്ഞു സമയം കളയും. പുള്ളിക്കാരനെ ഞങ്ങള്‍ക്കും ഇഷ്ടമാണ്. കക്ഷി എന്തെങ്കിലും ഒക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. കക്ഷി വന്നതും തലേന്നു നടന്ന സംഭവം ഞാന്‍ എടുത്തിട്ടു. പുള്ളിക്കാരന്‍ ഇതു കേട്ടു ചിരിച്ചു ചിരിച്ചു ആകെ വശം കെട്ടു. എന്നിട്ട് നമ്മുടെ സുഹൃത്തിനെ വിളിച്ചു വരുത്തി കളിയാക്കാന്‍ തുടങ്ങി. നമ്മുടെ സുഹൃത്ത് എന്നെ ഒന്നു നോക്കി എടാ ദുഷ്ടാ ഈ ചതി എന്നോടു തന്നെ വേണമായിരുന്നൊ എന്ന ഭാവത്തില്‍. പക്ഷെ തന്നെ കളിയാക്കുനത് സഹിക്ക വയ്യതെ പുള്ളിക്കാരന്‍ തിരിച്ചു ഒരു നമ്പറിട്ടു. ‘’ ഓക്കെ എനിക്കു അറിഞ്ഞു കൂട ആരാ ഭഗത് സിംഗ് എന്നു. എന്നാല്‍ നീ പറ ആരാ ഈ ഭഗത് സിംഗ് ?’‘..
ഇതു കേട്ടപ്പൊ നമ്മുടെ അതിഥി ഒരു വിഞ്ജാന കോശമായിട്ട് പറഞ്ഞു. ‘’ എടോ, മണ്ടശ്ശിരോമണീ ആരെങ്കിലും ചോദിച്ചാല്‍ ഇനിയെങ്കിലും ശരിയായിട്ടു പറയണം. ചുമ്മാ പഠിക്കുന്ന സമയത്ത് പാഠപുസ്തകം മാത്രം വായിച്ചാല്‍ പോര. പുസ്തകം വായിക്കണം, ടി.വി കാണണം. ഭഗത് സിംഗ് ആണു രാമായണം സീരിയലില്‍ ഹനുമാന്റെ വേഷം ചെയ്തത് . മനസിലായാ ?’‘
എന്തായാലും എനിക്കു അപ്പോള്‍ തന്നെ മനസ്സിലായി. ഇനി ഇതു വായിക്കുന്ന നിങ്ങള്‍ക്കോ ?
ഈ മഹാന്മാരെയൊക്കെ ചില്ലു കൂട്ടില്‍ തന്നെ ഇട്ടു വയ്ക്കണം. കാരണം ഇവരൊക്കെയാണു ശരിയായ ചരിത്ര സ്രഷ്ടാക്കള്‍.
അഥിതി ദേവോ ഭവ:
7:34 AM
Posted by Sirjan
ഒരു ദിവസം കുറെ അഥിതികള്‍ ഉട്ടോപ്പ്യനെ കാണാനെത്തി. വകയിലെ ഒരു അമ്മാവനും പിന്നെ അദ്ധേഹത്തിന്റെ മകളും ഭര്‍ത്താവും. നമ്മുടെ അമ്മാവനാണെങ്കില്‍ അല്‍പ്പം പൊങ്ങച്ചത്തിന്റെ ആളാണ്. ഇപ്പോഴും താന്‍ ഒരു സൂപ്പര്‍മാനാണ് എന്നാണു ഭാവം. അതുകൊണ്ട് പുള്ളിക്കാരന്‍ഇടയ്ക്കിടയ്ക്ക് പുതിയ തലമുറയെ അങ്ങ് കളിയാക്കും. പുള്ളിക്കാരന്റെ അഭിപ്രായത്തില്‍ പുതിയ തലമുറയിലെ ആള്‍ക്കാരൊക്കെ ‘’ബ്രൊയ്ലറ് ചിക്കന്സ്’‘ ആണ്. ഉട്ടൊപ്പ്യന് അഥിതികളെ സ്വീകരിച്ചിരുത്തി. ഉട്ടൊപ്പ്യന്റെ മകന് സ്വികരണമുറിയില് ഇരുന്നു കളിക്കുന്നുണ്ടായിരുന്നു അപ്പോള്‍. പക്ഷെ അഥിതികള്‍ വന്നിട്ടൊന്നും ചെക്കനു ഒരു മൈന്‍ഡുമില്ല. സാധാരണ ആരെങ്കിലും ഒക്കെ വന്നാല്‍ അവര്‍ക്ക് ഒരു സ്വൈര്യവും കൊടുക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചു കൊണ്ട് അവരുടെ പിറകെ കാണും. ഇത്തവണ ഒരു അനക്കവുമില്ല. അവരാകട്ടെ കുട്ടിക്കായി ചോക്കളേറ്റ് ഒക്കെ മേടിച്ചു കൊണ്ടു വന്നിരുന്നു അതൊക്കെ കൊടുത്തിട്ടും ഒരു അനക്കവുമില്ല. അവസാനം ഉട്ടോപ്പ്യന് കുട്ടിയോട് ചോദിച്ചു ‘’ ടാ മോനായി, നീ എന്താടാ അങ്കിളിനോട് ഒന്നും മിണ്ടാത്തത് ?’‘.
അപ്പൊ തന്നെ കുട്ടി നല്ല സത്യസന്ധമായി ഉത്തരം കൊടുത്തു ‘’ ങും എന്നിട്ടു വേണം ഇവരെല്ലാം പോയതിനു ശേഷം, കൊച്ചു വായിലാണോടാ വലിയ വറ്ത്തമാനം പറയുന്നത് എന്നു ചോദിച്ച് പപ്പ എന്നെ വഴക്കു പറയാന് ‘’
ഉത്തരം കേട്ടപ്പൊ മൂപ്പിലാനു ഭയങ്കര സന്തോഷം. ‘’ എടാ മിടുക്കാ. നീ കൊള്ളാമല്ലൊ. ഇങ്ങോട്ട് വന്നെ അങ്കിള് വിശേഷങ്ങളൊക്കെ ചോദിക്കട്ടെ ‘’. എന്നു പറഞ്ഞു കൊണ്ട് കുട്ടിയെ അടുത്തു വിളിച്ചിരുത്തി. പിന്നെ കുട്ടിയുടെ കൂടെ വേറെ ഒരു കുട്ടിയായി തമാശയും ചിരിയുമൊക്കെ ആയി അങ്ങ് കൂടി. കുറച്ചു സമയം കഴിഞ്ഞ് എല്ലാരും ഭക്ഷണം കഴിക്കാനായിട്ട് ഇരുന്നു. നമ്മുടെ ഉട്ടോപ്പ്യന്‍ നല്ല വിഭവാമൃദ്ദമായ ഭക്ഷണം തന്നെ ഒരുക്കിയിരുന്നു അതിഥികള്‍ക്ക് വേണ്ടി. പ്രധാന വിഭവം ചിക്കനായിരുന്നു. ഉട്ടോപ്പ്യന്‍ ചിക്കന്‍ കഴിക്കില്ല, എങ്കിലും അതിഥികള്‍ക്കായിട്ട് നല്ല ചിക്കന്‍ ഫ്രൈ ഒക്കെ ഉണ്ടാക്കി വച്ചു. പക്ഷെ വന്ന അതിഥികളില്‍ നമ്മുടെ മൂപ്പിലാന്റെ മരുമകന്‍ ചിക്കന്‍ കഴിക്കില്ല, പുള്ളിക്കാരനു ചെറിയ പൈത്സിന്റെ അസ്കിത ഉണ്ടെന്ന്. പിന്നെ മകളാവട്ടെ വറുത്തതും പൊരിച്ചതും ഒന്നു കഴിക്കില്ല ഡയറ്റിങിലാണ് പോലും, ദേഹം തടിച്ചു പോയാല്‍ പിന്നെ ലോകസൌന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലോ ?.
ഇതൊക്കെ കണ്ടതും നമ്മുടെ അമ്മവന്റെയുള്ളിലെ സൂപ്പര്‍മാന്‍ സടകുടഞ്ഞെഴുന്നേറ്റു. മൂപ്പിലാന്‍ എല്ലാരും കേള്‍ക്കെ തന്നെ അങ്ങ് വിളിച്ചു പറഞ്ഞു. ‘’ ഇന്നത്തെ തലമുറയെ എന്തിനു കൊള്ളാം ? എന്തൊക്കെ നിയന്ത്രണങ്ങളാ ?. അതൊക്കെ നമ്മുടെ തലമുറ. എന്നെ നോക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളാരും ചിക്കന്‍ കഴിക്കണ്ട. ഇതു മൊത്തം ഞാന്‍ തന്നെ തിന്നു തീര്‍ത്തോളാം. എന്റെ ശരീരമെ അങ്ങനെയിങ്ങനെ ഉള്ളതല്ല ഉരുക്കാ ഉരുക്ക്‘’. ഇത്രയും പറഞ്ഞ് മൂപ്പിലാന് പാത്രം നീക്കിവച്ച് ഓരൊ കഷണങ്ങളായി എടുത്ത് തീറ്റയും തുടങ്ങി. മറ്റുള്ളവരും ആ തമാശയില് പങ്കു ചേര്‍ന്നു.
പക്ഷെ ഇതെല്ലാം കണ്ടുകോണ്ട് ഒരാള്‍ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു, നമ്മുടെ ഉട്ടൊപ്പ്യന്റെ കുട്ടി. അവന്‍ അല്പ നേരം അന്തം വിട്ട് അമ്മവന്റെ തീറ്റ നോക്കി ഇരുന്നു. എന്നിട്ട് അടുക്കളയില്‍ നിന്ന അമ്മയോട് വിളിച്ചു പറഞ്ഞു.
‘’ മമ്മി……, മമ്മിക്കു കഴിക്കാന്‍ മാറ്റി വച്ചിരിക്കുന്ന ചിക്കന്‍ വേഗം എടുത്തു കഴിച്ചൊ, അല്ലെങ്കില്‍ ഈ അമ്മവന്‍ അതും കൂടെ എടുത്തു തിന്നു കളയും. ‘’
ഇത്തിരി വലിയ കണക്കു കാര്യം.
9:00 PM
Posted by Sirjan
മോനായിക്കു ഭയങ്കര സംശയം കണക്കില്‍. ഹരിക്കാന്‍ ( DIVISION) എത്ര പഠിപ്പിച്ചിട്ടും അങ്ങോട്ട് ശരിയാകുന്നില്ല. അല്ല ആരാ ഈ മോനായി ?. നമ്മുടെ ഉട്ടോപ്പ്യന്റെ മകന്‍, കൊച്ചു കുട്ടിയാണ് ഒന്നാം ക്ലാസ്സിലെ ആയിട്ടുള്ളു. നല്ല രസമാണ് ആ കൂട്ടി, ആരൊടെങ്കിലും സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ അയാള്‍ടെ പതിനാറടിയന്തിരം കഴിഞ്ഞെ സംസാരം നിറുത്തു. ട്യുഷന്‍ എടുക്കാന്‍ വന്ന സാറന്മാരൊക്കെ ആദ്യത്തെ ദിവസം തന്നെ സലാം പറഞ്ഞു പോയി. അവസാനം നമ്മുടെ പാവം ഉട്ടൊപ്പ്യന്‍ തന്നെ സാറിന്റെ കുപ്പായം എടുത്തണിഞ്ഞു പഠിപ്പിക്കന്‍ തീരുമാനിച്ചു. ഉട്ടൊപ്പ്യന്‍ തന്റെ സകല അടവുകളും പുറത്തെടുത്തു. ചോദ്യം ഇത്രയെ ഉള്ളു 4 നെ 3 കൊണ്ട് ഹരിച്ചാല് ഹരണഫലം (QUOTIENT) എത്ര ശിഷ്ടം (REMAINDER) എത്ര.
ഉട്ടോപ്പ്യന്‍ പല വഴികളിലും ചോദിച്ചു നോക്കി. നാലില്‍ എത്ര മൂന്ന് ഉണ്ട് എന്നു ഉട്ടോപ്പ്യന്‍, നാലില്‍ എത്ര 3 കാണും എന്ന സംശയത്തില്‍ തന്നെ പാവം കുട്ടിയും ഇരുന്നു. നാലില്‍ നിന്നും എത്ര മൂന്നു മാറ്റാം എന്നു ഉട്ടോപ്പ്യന്‍, നാലില്ല് നിന്നും പപ്പാക്കു ഇഷ്ടമുള്ള അത്രേം മൂന്നു മാറ്റിക്കൊ എന്ന ഭാവത്തില്‍ കുട്ടിയും ഇരുന്നു. അടവുകള്‍ പലരീതിയില്‍ നോക്കിയിട്ടും രക്ഷയില്ല. അവസാനം ഉട്ടൊപ്പ്യനു ഒരു ബുദ്ധി തോന്നി.
‘’ എടാ നിന്റെ കയ്യില്‍ നാലു രൂപയുണ്ട്. അതു നീ കൊണ്ട് ചെന്നു കടയില് നിന്നും മിഠായി മേടിക്കുന്നു. കടയില്‍ നീ നോക്കിയപ്പൊ മൂന്നു രൂപ വിലയുള്ള മിഠായി കണ്ടു, നിനക്കു ഇഷ്ടമായി. നീ അതു തന്നെ മേടിക്കാന് തീരുമാനിച്ചു. പക്ഷെ നിന്റെ കയ്യില് ആകെ നാലു രൂപയെ ഉള്ളു. അപ്പൊ ആ നാലു രൂപ വച്ചു നിനക്കു എത്ര മിഠായി മേടിക്കാം ?’‘ ഉട്ടൊപ്പ്യന് ചോദിച്ചു.
പക്ഷെ ഈ ചോദ്യത്തില് കുട്ടിക്കു ഒരു സംശയവുമില്ലായിരുന്നു. ഉത്തരം അപ്പോഴെ തന്നെ പറഞ്ഞു ‘’ ഒരെണ്ണം മേടിക്കാം ‘’.
ഉട്ടോപ്പ്യനും ഒന്നു ഉഷാറായി. ‘’ ശരി, ബാക്കി എത്ര രൂപ കിട്ടും.’‘
ഇതിലിപ്പൊ എന്തായിത്ര സംശയം എന്ന ഭാവത്തില് കുട്ടി പറഞ്ഞു ‘’ ഒരു രൂപ ‘’.
ഉട്ടോപ്പ്യന് അമൃത് കുടിച്ച മാതിരിയായി. എന്നിട്ട് അവനു വിശദീകരിച്ചു കൊടുത്തു. ‘’ അതായത് നാലിനീ നമ്മള് മൂന്നു കൊണ്ട് ഹരിച്ചാല് ഹരണഫലം ഒന്നു കിട്ടും. അതുപൊലെ ബാക്കി വരുന്ന ഒന്നിനെ ശിഷടം എന്നു പറയും. മനസ്സിലായോ ?.
പക്ഷെ ഇതു കേട്ടിട്ടും കുട്ടി ഇരുന്നു ആലോചിക്കുകയാണ്. അവന്റെ മുഖത്ത് വീണ്ടും സംശയത്തിന്റെ ഭാവം. അതു മാത്രമല്ല ഉട്ടോപ്പ്യനോട് ചോദിക്കാന്‍ ചെറിയ ഒരു ഭയവൂം ഉള്ള പോലെ തോന്നി. ഇതു കണ്ടപ്പൊ ഉട്ടോപ്പ്യന്ന് പറഞ്ഞു. ‘’ എന്താ സംശയം ഉണ്ടൊ ?. ചോദിച്ചൊളു.. ചോദിച്ചൊളു. ധൈര്യമയിട്ട് ചോദിച്ചൊളു ‘’.
ഇതു കേട്ടപ്പൊ കുട്ടി വളരെ നിഷ്കളങ്കതയോടെ, അല്പം കൊഞ്ചലോടെ ഉട്ടോപ്പ്യനോട് ചോദിച്ചു.
‘’ പപ്പ.. ബാക്കി ഒരു രൂപയില്ലെ, ആ ഒരു രൂപയ്ക്കും കൂടെ ഞാന് മിഠായി മേടിക്കട്ടൊ ? ‘’
Subscribe to:
Posts
(
Atom
)


